മലൈക അറോറയുടെ അമ്മയും മലയാളിയുമായ ജോയിസ് അറോറ തന്റെ ഭക്ഷണ പരീക്ഷണങ്ങളും ടിപ്പുകളും ആരാധകരുമായി പങ്കുവയ്ക്കാന്‍ മറക്കാറില്ല. തന്റെ മക്കള്‍ക്കും ഒപ്പം കരീന കപൂറിനും ഇഷ്ടമുള്ള ഒരു വിഭവമാണ് ജോയിസിന്റെ പുതിയ വീഡിയോ. മറ്റൊന്നുമല്ല, സ്പെഷ്യല്‍ മീന്‍ കറിയാണ് ആ വിഭവം.
'ആളുകള്‍ എന്റെ പാചകം ആസ്വദിക്കുന്നത് കാണാന്‍ എനിക്കു വലിയ ഇഷ്ടമാണ്. മക്കളായ മലൈകക്കും അമൃതയ്ക്കും അവരുടെ അടുത്ത സുഹൃത്തായ കരീനയ്ക്കും ഏറെ ഇഷ്ടമുള്ള മീന്‍ കറിയാണ് ഇന്നത്തെ വിഭവം. ഇതിന്റെ രുചിക്കൂട്ട് നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.' എന്ന ക്യാപ്ഷനോടെ റസിപ്പിയും ജോയിസ് പങ്കുവച്ചിട്ടുണ്ട്.
ചേരുവകള്‍
- ആവോലി, വലുത്- ഒന്ന്
- തേങ്ങ- ഒരു കപ്പ്
- കാശ്മീരി ചില്ലി- ആറ്
- വറ്റല്‍മുളക്- നാല്
- സവാള- ഒന്ന്
- മല്ലി
- ജീരകം
- വെളുത്തുള്ളി- 6 അല്ലി
- കുരുമുളക്- രണ്ട് ടീസ്പൂണ്‍
- പച്ചമാങ്ങ- ഒന്ന്
- മുരിങ്ങക്കായ്
- വെണ്ടക്കായ്
- ത്രിഫല
- പുളി
- ഉപ്പ്- പാകത്തിന്
- എണ്ണ
താളിക്കാന്‍
- കടുക്
- കറിവേപ്പില
- പച്ചമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കുക. വെളുത്തുള്ളി, മുളകുകള്‍, മല്ലി, ജീരകം, കുരുമുളക്, സവാള കഷണങ്ങളാക്കിയത്, തേങ്ങ, പുളി എന്നിവ നന്നായി അരച്ചെടുക്കുക. പച്ച മാങ്ങ കഷണങ്ങളാക്കി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് താളിക്കാനുള്ള ചേരുവകളിട്ട് വഴറ്റി മാറ്റി വയ്ക്കാം. ഈ പാനിലേക്ക് തയ്യാറാക്കിയ പേസ്റ്റ് ചേര്‍ത്ത് അതിലേക്ക് മുരിങ്ങക്കായ് കഷണങ്ങളാക്കിയതും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ത്രിഫല ചേര്‍ക്കാം. ഇനി പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ മാങ്ങ ചേര്‍ക്കുക. നന്നായി വെന്തു തുടങ്ങുമ്പോള്‍ കഷണങ്ങളാക്കിയ മീനും വെണ്ടക്കയും ചേര്‍ത്ത് വേവിക്കാം. ഇവ ഗ്രേവിയില്‍ മുങ്ങിക്കിടക്കണം. ഗ്രേവി കുറുകി വരുമ്പോള്‍ ചെറുതായി തീ കൂട്ടി വയ്ക്കാം. മീന്‍ നന്നായി വേവുന്നതുവരെ അങ്ങനെ തന്നെ വച്ച ശേഷം തീയണച്ച് താളിക്കാനായി തയ്യാറാക്കിയ കൂട്ട് മുകളില്‍ ഒഴിക്കാം.
Content Highlights: Malaika Arora’s mother shares recipe for fish curry