ബോളിവുഡിലെ രണ്ടു സുന്ദരിമാര്‍ കേരള സ്റ്റൈലിലുള്ള ചെമ്മീന്‍കറിയില്‍ മതിമറന്നിരിക്കുകയാണ്. കരീന കപൂറും മലൈക അറോറയുമാണ് ആ താരങ്ങള്‍. ചെമ്മീന്‍-മുരിങ്ങക്കായ കറിയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഇരുവരും റെസിപ്പിയുടെ ഉടമയ്ക്കും നന്ദി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മലൈക ചെമ്മീന്‍കറിയുടെ ചിത്രം പങ്കുവച്ചത്. അമ്മ തയ്യാറാക്കിയ ചെമ്മിന്‍ മുരിങ്ങക്കായ കറിയുടെ ചിത്രം പങ്കുവച്ച മലൈക അതിന്റെ റെസിപ്പിയുടെ ഉടമയ്ക്കും നന്ദി പറഞ്ഞു. മലയാളി ഷെഫ് സുരേഷ് പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെമ്മീന്‍ കറിയുടെ റെസിപ്പിയാണ് മലൈകയുടെ അമ്മയും മലയാളിയുമായ ജോയ്‌സ് പരീക്ഷിച്ചത്. സുരേഷ് പിള്ളയുടെ റെസിപ്പി പരീക്ഷിച്ചുവെന്നും രുചികരമാണെന്നും പറഞ്ഞാണ് മലൈക ചിത്രം പങ്കുവച്ചത്.
പിന്നാലെ കരീനയും അതേ കറിയുടെ ചിത്രം പങ്കുവെച്ചു. ഉച്ചഭക്ഷണത്തിന് ജോയ്‌സ് നല്‍കിയ കറിക്ക് നന്ദി പറഞ്ഞാണ് കരീന ചിത്രം പോസ്റ്റ്‌ചെയ്തത്.

സുരേഷ് പിള്ള പങ്കുവച്ച ചെമ്മീന്‍-മുരിങ്ങക്കായ റെസിപ്പി
ചേരുവകള്‍
ഇടത്തരം ചെമ്മീന്‍- 500 ഗ്രാം
തേങ്ങ- 200 ഗ്രാം
ചെറിയ ഉള്ളി- 4
കശ്മീരി മുളകുപൊടി- 15 ഗ്രാം
മല്ലിപ്പൊടി- 10 ഗ്രാം
ഉലുവപ്പൊടി വറുത്തത്- 2 ഗ്രാം
മഞ്ഞള്‍പ്പൊടി- 3 ഗ്രാം
മുരിങ്ങക്കായ-1
പച്ചമാങ്ങ-1
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനില്‍ നിന്ന് തേടും തലയും നീക്കിയതിനു ശേഷം നന്നായി വൃത്തിയാക്കുക. ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് ഈ തോടും തലയും കറിവേപ്പിലയും അല്‍പം മഞ്ഞള്‍പ്പൊടിയും അരലിറ്റര്‍ വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വേവിക്കുക. ശേഷം തോടും തലയും വെള്ളത്തില്‍ നിന്ന് നീക്കുക. ഈ വെള്ളത്തിലേക്ക് മുറിച്ചുവച്ച മുരിങ്ങക്കായയും പച്ചമാങ്ങയും പച്ചമുളകും ചെമ്മീനും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് അഞ്ചുമിനിറ്റ് വേവിക്കുക. ഈ സമയത്ത് തേങ്ങയും ചെറിയ ഉള്ളിയും കശ്മീരി മുളകുപൊടിയും മല്ലിപ്പൊടിയും ഉലുവപ്പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. ചെമ്മീന്‍ പിങ്ക് നിറമായി വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് അഞ്ചു മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. കറി വാങ്ങിവച്ച് അരമണിക്കൂറിനുശേഷം കുറുകിവരുമ്പോള്‍ ചോറിനൊപ്പം കഴിക്കാം.
Content Highlights: malaika arora kareena kapoor praises Special South Indian Curry From Kerala