മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നായിക, അസ്സൽ നർത്തകി.. നടി മാധുരി ദീക്ഷിതിന് വിശേഷണങ്ങൾ ഏറെയാണ്. ലോക്ക്ഡൗൺ കാലത്ത് തന്റെ അഭിരുചികളെക്കുറിച്ചും താരം പങ്കുവച്ചിരുന്നു. മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോയും വ്യായാമത്തെക്കുറിച്ചുമൊക്കെ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു റെസിപ്പി പങ്കുവെക്കുകയാണ് മാധുരി.
മോദകം തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയാണ് പാചക പഠന ക്ലാസ്സിൽ പങ്കെടുത്തത് തനിക്ക് അനുഗ്രഹമായെന്ന് താരം പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ റെസിപ്പികളുടെ വീഡിയോയും പങ്കുവച്ചുതുടങ്ങി.
വിവാഹം വരെ തനിക്ക് പാചകം അറിയുമായിരുന്നില്ലെന്നും മാധുരി വീഡിയോയിൽ പറയുന്നുണ്ട്. ചെറിയ വിഭവങ്ങൾ മാത്രമേ ഉണ്ടാക്കുമായിരുന്നുള്ളു. വിവാഹശേഷമാണ് ചിക്കനുൾപ്പെടെയുള്ള വലിയ വിഭവങ്ങളെല്ലാം പഠിച്ചത്. തന്നേക്കാൾ നന്നായി പാചകം ചെയ്യുന്നത് ഭർത്താവാണെന്നും മാധുരി പറയുന്നു. മാധുരിയുടെ വിഭവം കഴിച്ച് അഭിപ്രായം പറയുന്ന ഭർത്താവും വീഡിയോയിലുണ്ട്.
മോദകം റെസിപ്പി
- ശർക്കര- ഒരു കപ്പ്
- തേങ്ങ ചിരവിയത്- ഒന്നേകാൽ കപ്പ്
- ഏലക്കായപ്പൊടി- അര ടീസ്പൂൺ
- കസ് കസ്- 1 ടീസ്പൂൺ
- അരിപ്പൊടി- രണ്ട് കപ്പ്
- ചൂടുവെള്ളം- ഒന്നരകപ്പ്
- നെയ്യ്
തയ്യാറാക്കുന്ന വിധം
പാൻ വച്ച് ചെറുതീയിൽ ശർക്കര പാനിയാക്കിയെടുക്കുക. ഇതിലേക്ക് ചിരവി വച്ച തേങ്ങ ചേർക്കുക. നന്നായി ഇളക്കിയതിനുശേഷം ഏലക്കായപ്പൊടിയും കസ്കസും ചേർത്തിളക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി ഇട്ടതിനുശേഷം ചൂടാക്കിയ വെള്ളം ചേർത്ത് കുഴയ്ക്കുക. പത്തുമിനിറ്റിനുശേഷം ഈ മാവിലേക്ക് അൽപം നെയ്യ് ചേർത്ത് വീണ്ടും കുഴയ്ക്കുക. ഇനി ഇവ ചെറിയ ഉരുളയാക്കി പരത്തി അകത്ത് ശർക്കരപ്പാവു നിറച്ച് മോദകം തയ്യാറാക്കുന്ന പാത്രത്തിൽ വച്ച് പ്രസ് ചെയ്ത് ആവിയിൽ പുഴുങ്ങിയെടുക്കാം.
Content Highlights: Madhuri Dixit making Modak Viral Video