ഫിറ്റ്‌നെസ് ഫ്രീക്കുകളുടെ ഇഷ്ടതാരമാണ് കിം കര്‍ദാഷിയാന്‍. ആര്‍ത്രൈറ്റിസ് സാധ്യത തെളിഞ്ഞതോടെ കിം പ്ലാന്റ് ബേസ്ഡ് ഡയറ്റിലേയ്ക്ക് തിരിഞ്ഞിരുന്നു. ഇപ്പോള്‍ കിമ്മിന്റെ പുതിയ ഡയറ്റ് പ്ലാന്‍ ട്വിറ്ററില്‍ വൈറലാകുകയാണ്. പ്രഭാത ഭക്ഷണം സീ മോസ്  സ്മൂത്തീസിലാണ് താരം തുടങ്ങുന്നത്. ഒപ്പം ഓട്ട്മീലും വീഗന്‍ സോസേജും. എല്ലാവരും ഈ സീ മോസ് എന്താണെന്ന അന്വേഷണത്തിലാണ്. 

സീ മോസാണ് ഡയറ്റിലെ താരം

ഭക്ഷ്യയോഗ്യമായ ഒരു തരം കടല്‍പായലാണ് സീമോസ് അഥവാ ഐറിഷ് മോസ്. ഉയര്‍ന്ന അളവിലുള്ള അയഡിന്‍ കണ്ടന്റാണ് ഇതിന്റെ ഒരു പ്രത്യേകത. രോഗപ്രതിരോധ ശക്തി കൂട്ടാനും മാനസികാരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഇത് വളരെ നല്ലതാണെന്നാണ് കണ്ടെത്തല്‍. സീമോസ് പൗഡറുകള്‍ എല്ലാ വിപണിയിലും ഓണ്‍ലൈനിലും ലഭ്യമാണ്. ഇതിനെ പലതരം സ്മൂത്തികളില്‍ ചേര്‍ത്ത് കഴിക്കാം. 

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും 

പനി, ജലദോഷം എന്നിവ വിട്ടുമാറാത്തവര്‍ക്ക് പറ്റിയ ആഹാരമായാണ് ഡയറ്റീഷ്യന്‍മാര്‍ സീ മോസിനെ കാണുന്നത്. അമിനോ ആസിഡിന്റെയും ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും കലവറയാണ് ഇത്. 

ചര്‍മസൗന്ദര്യത്തിന് 

ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സീമോസ് ചേര്‍ത്ത സ്മൂത്തികള്‍ നല്ലതാണെന്നാണ് കിം കര്‍ദാഷിയാന്‍ പറയുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളമുള്ളതിനാല്‍ ചര്‍മത്തിന്റെ മൃദുത്വവും ഭംഗിയും നിലനിര്‍ത്താന്‍ ഇത് ശീലമാക്കാം. സോറിയായിസ്, ഡെര്‍മാറ്റൈസിസ്, ഇന്‍ഫഌമേഷന്‍... ഇവയോട് ഒരു പരിധി വരെ ഗുഡ്‌ബൈ പറയാം. 

തൈറോയിഡിന്

അയഡിന്റെ അളവ് കൂടുതലായതിനാല്‍ തൈറോയിഡ് രോഗങ്ങള്‍ കുറയ്ക്കാന്‍ സീ മോസ് കഴിക്കുന്നത് നല്ലതാണ്. മെറ്റബോളിസം വര്‍ധിപ്പിക്കാനും, മൂഡ്‌സ്വിവ്ങ്‌സ് കുറക്കാനും സീമോസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

ദഹനത്തിന്

നാരുകളാല്‍ സമൃദ്ധമാണ് സീ മോസ്. മാത്രമല്ല പൊട്ടാസ്യവും ബി വിറ്റമിനും ധാരാളം. ദഹനശേഷി വര്‍ധിപ്പിക്കാന്‍ പിന്നെന്ത് വേണം. 

വിറ്റാമിനുകള്‍ ധാരാളം

ശരീരത്തിന് ഏറ്റവും ആവശ്യമുള്ള എല്ലാഘടകങ്ങളും ഒറ്റ പായ്ക്കില്‍ കിട്ടും എന്നതാണ് സീ മോസിന്റെ മറ്റൊരു പ്രത്യേകത. ബയോക്കെമിക്കലുകളായ മഗ്നീഷ്യം, സെലിനിയം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം. വിറ്റാമിന്‍ എ, ഇ, സി, കെ ഇവയാല്‍ സമ്പുഷ്ടവും. 

വീഗന്‍ ഡയറ്റിന് ഏറ്റവും ഉത്തമം

വീഗന്‍ഡയറ്റ് ചെയ്യുന്നവര്‍ക്കുള്ള പുഡിംങ്, സ്മൂത്തീസ്, കേക്കുകള്‍... എന്നിവയിലെല്ലാം ചേര്‍ക്കാവുന്ന ഒന്നാണ് സീ മോസ്.

Content Highlights: Kim Kardashian's Sea Moss Smoothie