ബോളിവു‍ഡിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് നടി കത്രീന കൈഫ്. ചിട്ടയോടെയുള്ള ഡയറ്റിങ്ങും വ്യായാമവുമാണ് തന്റെ ആരോ​ഗ്യകരമായ ശരീരത്തിന് പിന്നിലെന്ന്  കത്രീന പറഞ്ഞിരുന്നു. വിക്കി കൗശലുമായുള്ള കത്രീനയുടെ വിവാഹ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ് ആണ് താരം പിന്തുടരുന്നത് എന്നാണ് ബിടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഫിറ്റ്നസ് ഫ്രീക്കായ കത്രീനയെ സംബന്ധിച്ചിടത്തോളം ചിട്ടയായ ഡയറ്റ് അത്ര പ്രശ്നമല്ലെന്ന് പറയുകയാണ് താരത്തിന്റെ അടുത്ത സുഹൃത്ത്. കാർബോഹൈഡ്രേറ്റ്, ​ഗ്ലൂട്ടൻ, ഷു​ഗർ അടങ്ങിയ ഭക്ഷണങ്ങളോട് പൂർണമായും അകലം പാലിച്ചിരിക്കുകയാണ് താരം. പകരം ധാരാളം സൂപ്പുകളും സാലഡും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

കത്രീനയുടെ ഡയറ്റ് സംബന്ധിച്ച് ഇൻഡസ്ട്രിയിൽ പരസ്യമായ തമാശയെക്കുറിച്ചും സുഹൃത്ത് പങ്കുവെക്കുന്നു. പ്രിയപ്പെട്ട ഡാർക് ചോക്കലേറ്റ് ബ്രൗണി കഴിക്കുന്ന അതേ വികാരത്തോടെ പുഴുങ്ങിയ ബ്രോക്കോളിയും കത്രീനയ്ക്ക് ആസ്വദിക്കാനാവും എന്നാണത്. ഇഷ്ടമുള്ള ഭക്ഷണമായാൽ പോലും ഫിറ്റ്നസ് നിലനിർത്താൻ അവ ത്യജിക്കാൻ താരം തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് കത്രീനയുടെ ഡയറ്റ്.

ആരോഗ്യകരമായ ഭക്ഷണം ഒരുജീവിതരീതിയാണ് അല്ലാതെ ഡയറ്റ് മാത്രമല്ലെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടെന്ന് കത്രീന നേരത്തേ പറഞ്ഞിരുന്നു. ലളിതമായി അമിതമാവാതെ കഴിക്കണമെന്നും അരിയാഹാരം കഴിക്കാന്‍ ഭയക്കേണ്ടതില്ലെന്നും ഡോക്ടര്‍ നിർദേശം നൽകിയിട്ടുണ്ടെന്നും കത്രീന പറഞ്ഞിരുന്നു. 

ഇരുവരും ഈ മാസമാണ് വിവാഹിതരാകുന്നത് എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. രാജസ്ഥാനിലെ സിക്‌സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദിയെന്നും റിപ്പോർട്ടുകളുണ്ട്. 

Content Highlights: katrina kaif diet plan, katrina kaif fitness secret, katrina kaif vicky kaushal wedding