ഫിറ്റ്നസിന്റെ കാര്യത്തിൽ തരിമ്പും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി കരീന കപൂർ. എന്നാൽ അസ്സലൊരു ഫൂഡിയുമാണ് താരം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാനുള്ള ഒരവസരവും താരം പാഴാക്കാറില്ല. ഇഷ്ടമുള്ളവ കഴിച്ച് ഇഷ്ടംപോലെ വർക്കൗട്ട് ചെയ്യുക എന്നതാണ് കരീനയുടെ പോളിസി. ഇപ്പോൾ കരീന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും താരത്തിന്റെ ഭക്ഷണപ്രേമം വ്യക്തമാക്കുന്നതാണ്.

ഓസ്ട്രിയൻ പേസ്ട്രിയായ ക്രോയ്സാൻ കഴിക്കുന്ന ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. പുതുവർഷത്തിലെ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്ന ആദ്യത്തെ തിങ്കളാഴ്ചയാണ് ആവേണ്ടിയിരുന്നത് എന്നും എന്നാൽ മുന്നിൽ ക്രോയ്സാൻ ആണ്, അതുകൊണ്ട് അതുകഴിക്കാം എന്നുമാണ് കരീന കുറിച്ചത്. നിങ്ങളുടെ ഹൃദയം എന്താണോ ആ​ഗ്രഹിക്കുന്നത് അത് ചെയ്യൂ എന്നും ഒപ്പം കരീന കുറിച്ചിട്ടുണ്ട്.

നേരത്തേയും തന്റെ ഇഷ്ട ഭക്ഷണങ്ങളെക്കുറിച്ച് കരീന പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. നടി മലൈക അറോറയുടെ അമ്മ തയ്യാറാക്കിയ മീൻകറിയുടെ ചിത്രവും തൂശനിലയിൽ വിളമ്പിയ സദ്യയുടെ ചിത്രവുമൊക്കെ താരം പങ്കുവച്ചിരുന്നു. 'My favourite meal,' എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉൾപ്പെടുത്തിയാണ് വാഴയിലയിൽ വിളമ്പിയ ചോറും സാമ്പാറും അവിയലും ഉൾപ്പെടുന്ന ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചത്.

സെലിബ്രിറ്റി കുക്കിങ് ഷോ സാർ വേഴ്‌സസ് ഫുഡിൽ തന്റെ രണ്ട് ഗർഭകാലത്തും ഇറ്റാലിയൻ ഭക്ഷണത്തോട് തോന്നിയ താൽപര്യം താരം തുറന്നു പറഞ്ഞിരുന്നു. പിസയും പാസ്തയും ആയിരുന്നു ഗർഭകാലത്ത്‌ കരീനയുടെ പ്രിയ ഭക്ഷണങ്ങൾ.

Content Highlights: kareena kapoor favourite food, celebrity cuisine, kareena kapoor news