ബോളിവുഡിലെ സൈസ് സീറോ സുന്ദരി എന്നാണ് കരീന കപൂര്‍ അറിയപ്പെടുന്നത്. പ്രസവത്തോടെ അല്‍പം വണ്ണംവച്ചെങ്കിലും വീണ്ടും വര്‍ക്കൗട്ടുകളിലൂടെ താരം പഴയ ഫിറ്റ്‌നസ് വീണ്ടെടുത്തു. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ ഫിറ്റ്‌നസ് സീക്രട്ട് പങ്കുവെച്ചിരിക്കുകയാണ് താരം. ചിട്ടയോടെയുള്ള ഭക്ഷണശീലം കൂടിയാണ് തന്റെ ആരോഗ്യകരമായ ശരീരപ്രകൃതിക്ക് കാരണമെന്നാണ് കരീന പറയുന്നത്. 

kareena

ജീവിതത്തോടും നല്ല ഭക്ഷണശീലങ്ങളോടും ആരോഗ്യകരമായി സമീപിക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് കരീന പറയുന്നത്. നാരങ്ങാനീരു പിഴിഞ്ഞ ചൂടുവെള്ളത്തോടെയാണ് കരീനയുടെ ഒരുദിനം ആരംഭിക്കുന്നത്. പ്രാതലിന് നിര്‍ബന്ധമായും ഉപ്പുമാവ് ഉണ്ടായിരിക്കും. ശേഷം ബ്രെഡ്ഡോ സോയാമില്‍ക്കോ കഴിക്കും.

ജങ്ക്ഫുഡുകളോട് കര്‍ശനമായും നോ പറയാന്‍ കരീനയ്ക്ക് മടിയില്ല. ഉച്ചയ്ക്കും അത്താഴത്തിനും വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാന്‍ പരമാവധി ശ്രമിക്കും. ചോറ് കരീനയ്ക്ക് പ്രിയപ്പെട്ടതാണ്. ചപ്പാത്തിയും ദാലും സാലഡുമൊക്കെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. സ്‌നാക്‌സിനു പകരം പ്രോട്ടീന്‍ ഷേക്കും പഴങ്ങളുമാണ് കഴിക്കാറുള്ളത്. 

രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്ന ശീലവും കരീനയ്ക്കുണ്ട്. എട്ടുമണിയോടെ കഴിച്ചാല്‍ പിന്നെ മറ്റൊന്നും കഴിക്കില്ല. രാത്രിയിലും ചപ്പാത്തിയും ദാലും വെജിറ്റബിള്‍ സൂപ്പുമൊക്കെയാണ് കഴിക്കാറുള്ളത്. ദിവസവും എട്ടു ഗ്ലാസ്സോളം വെള്ളം കുടിക്കുന്ന കാര്യത്തിലും കരീന വിട്ടുവീഴ്ച ചെയ്യാറില്ല. 

Content Highlights: kareena kapoor diet plan