ലോക്ഡൗണ്‍ നീട്ടുംതോറും വീട്ടിലെ വിരസതയകറ്റാന്‍ പാചക പരീക്ഷണങ്ങളിലും വീട് മോടിപിടിപ്പിക്കലിലുമൊക്കെയാണ് ബോളിവുഡ് താരങ്ങള്‍. പാചകക്കസര്‍ത്തുകള്‍ പങ്കുവെക്കുന്നതില്‍ മുന്നിലാണ് ശില്‍പ ഷെട്ടി, ജാന്‍വി കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരെല്ലാം. ഇപ്പോഴിതാ നടി കരീന കപൂര്‍ ഒരു സ്‌പെഷല്‍ കേക്കിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ്. സംഗതി കരീനയല്ല ഉണ്ടാക്കിയത്. 

സഹോദരി കരിഷ്മ കപൂര്‍ കരീനയ്ക്കായി തയ്യാറാക്കിയ കേക്കിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റ് കേക്ക് ആണിതെന്നാണ് കരീന പറയുന്നത്. ക്ലോസപ്പിലുള്ള ചോക്ലേറ്റ് കേക്ക് ചിത്രത്തിനു പിറകില്‍ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്‍ ഇരിക്കുന്നതും കാണാം.

''ലോകത്തിലെ ഏറ്റവും മികച്ച സഹോദരി നിര്‍മിച്ച ലോകത്തിലെ ഏറ്റവും മികച്ച കേക്ക്'' എന്നു പറഞ്ഞാണ് കരിഷ്മ ചിത്രം പങ്കുവച്ചത്. ചിത്രം ഒന്നു സൂം ചെയ്താല്‍ കേക്കിനു പുറകില്‍ അക്ഷമനായിരിക്കുന്ന സെയ്ഫ് അലി ഖാനെ കാണാം എന്നും കരീന കുറിക്കുന്നു. 

ചിത്രം പങ്കുവച്ച്  അധികമാവും മുമ്പേ ലൈക്കുകളും കമന്റുകളും കൊണ്ടു നിറഞ്ഞു. സഹോദരിക്കായി കേക്കുണ്ടാക്കിയ കരിഷ്മ തന്നെ കമന്റുമായെത്തുകയും ചെയ്തു. ലോക്ക്ഡൗണില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അതുകൊണ്ടാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊക്കെ വേണ്ടി കേക്കുണ്ടാക്കാന്‍ കഴിഞ്ഞതെന്നും കരിഷ്മ കുറിച്ചു. വേണമെങ്കില്‍ ബദല്‍ പ്രൊഫഷനാക്കാം എന്ന കമന്റും കരിഷ്മ കുറിച്ചു. 

Content Highlights: Guess Who Made "The Best Chocolate Cake In The World"