ലോക്ക്ഡൗൺ കാലത്ത് പാചക പരീക്ഷണങ്ങൾ നടത്തി പങ്കുവെക്കുന്നവർ നിരവധിയാണ്. ​ഗായിക റിമി ടോമിയും തന്റെ യൂട്യൂബ് ചാനലിലൂടെ റെസിപ്പികൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ എളുപ്പത്തിൽ ഒരു മുട്ടക്കറി തയ്യാറാക്കുന്ന വിധമാണ് റിമി പങ്കുവെക്കുന്നത്. 

ഉത്തരേന്ത്യൻ ശൈലിയിലുള്ള കറിയാണ് റിമി പരിചയപ്പെടുത്തുന്നത്. അധികം മസാല വേണ്ടാത്ത ആരോ​ഗ്യകരമായ കറിയാണ് എന്നു പറഞ്ഞാണ് റിമി വീഡിയോ പങ്കുവെക്കുന്നത്. 

ചേരുവകൾ

 • ഒലീവ് ഓയിൽ- മൂന്ന് സ്പൂൺ
 • സവാള- രണ്ടെണ്ണം അരച്ചത്
 • പച്ചമുളക്- രണ്ടെണ്ണം അരച്ചത്
 • ​ഗരംമസാല- ഒരു സ്പൂൺ
 • അരസ്പൂൺ- കുരുമുളക് പൊടി
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂൺ
 • മല്ലിയില- ആവശ്യത്തിന്
 • ഉപ്പ്- ആവശ്യത്തിന്
 • പാൽ- 200 മില്ലി
 • മുട്ട പുഴുങ്ങിയത്- മൂന്നണ്ണം
 • ജീരകം വറുത്തു പൊടിച്ചത്- ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പച്ചമുളകും സവാളയും അരച്ചു മിക്സ് ചെയ്തത് ചേർക്കുക. രണ്ടു മിനിറ്റിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പതിനഞ്ചു മിനിറ്റ് ഇളക്കുക. അരപ്പ് നന്നായി മൂത്ത് വരുമ്പോൾ പാൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് അരടീസ്പൂൺ കുരുമുളകുപൊടി ഒരു സ്പൂൺ ജീരകം ഒരു സ്പൂൺ ​ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തിളച്ചു വന്നതിനുശേഷം മുട്ട ഇതിലേക്ക് ചേർത്തു കൊടുക്കാം. ഒന്നുകൂടി തിളച്ചതിനു ശേഷം മല്ലിയിലയും ചേർത്ത് ഇളക്കിയതിനുശേഷം വാങ്ങിവെക്കാം. 

Content Highlights: Egg Malai Curry by Rimi Tomy