കൊറോണ വൈറസ് ലോക്ഡൗണില്‍ പലരും നല്ല പാചകക്കാരായ വാര്‍ത്തകളാണ് എവിടെയും. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍. സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ ലഡു പരീക്ഷണം മുതല്‍ ഡിന്നര്‍ വരെ വൈറലായി. ഇതിനിടയിലാണ് പാചകം റോക്കറ്റ് സയന്‍സല്ല എന്ന സ്വന്തം അനുഭവവുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് എത്തിയിരിക്കുന്നത്. 

ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഹര്‍ഭജന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം മുംബൈയിലെ വീട്ടിലായിരുന്നു. 'ഒരുപാട് കാലത്തിന് ശേഷമാണ് താന്‍ ഇത്രയും കൂടുതല്‍ കാലം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത്. മഹാരാഷ്ട്രയാണെങ്കില്‍ കോവിഡിന്റെ ഹോട്ട് സ്‌പോട്ടും. ഞാന്‍ മുബൈയിലാണെങ്കിലും പഞ്ചാബിലുള്ള അമ്മയും സഹോദരിമാരെയും നിരന്തരം വിളിച്ചിരുന്നു.' `ഹര്‍ഭജന്‍ കൊറോണ ലോക്ഡൗണ്‍ അനുഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ. 

'വീടിനുള്ളില്‍ പെട്ടപ്പോള്‍ ഞാന്‍ ചെയ്തത് രണ്ട് കാര്യങ്ങളാണ്. യോഗയും പാചകവും. ഇത് രണ്ടും ഭാര്യ ഗീതയോടൊപ്പമാണ്. ഞങ്ങള്‍ രണ്ടാളും ഒന്നിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ യോഗ ചെയ്യും. പിന്നെ വീട് ക്ലീന്‍ ചെയ്യുക, മകളുടെ കാര്യങ്ങള്‍ നോക്കുക.. അങ്ങനെ ഓരോന്നും.' ഹര്‍ഭജന്‍ പറയുന്നു. 

'ഭാര്യ പിയാനോ പരിശീലനം നടത്തുമ്പോള്‍ പാചകവും മകളുടെ കാര്യവും എന്റെ ഡ്യൂട്ടിയാവും. ഞാന്‍ ജീവിതത്തില്‍ ഇന്നുവരെ അടുക്കളയില്‍ കയറിയിട്ടില്ല. ഇപ്പോള്‍ മനസിലായി പാചകം റോക്കറ്റ് സയന്‍സല്ല എന്ന്. ആലൂ ബൈന്‍ഗന്‍, ആലൂ ഗോപി, ദാല്‍, പിന്നെ പേരില്ലാത്ത കുറയെ വിഭവങ്ങളും ഉണ്ടാക്കി നോക്കി.' ലോക്ഡൗണ്‍ കഴിയും വരെ പാചക പരീക്ഷണങ്ങള്‍ നടത്താനാണ് ഹര്‍ഭജന്റെ പരിപാടി.

Content Highlights: cooking is not rocket science, writes Harbhajan Singh