ലോക്ഡൗണ്‍ കാലത്ത് പാചകം പഠിച്ചവരിൽ പല സെലിബ്രിറ്റികളുമുണ്ടെങ്കിലും നടൻ ചിരഞ്ജീവി അക്കൂട്ടത്തിൽപ്പെടില്ല. താരത്തിന് മുമ്പുതൊട്ടേ പാചകം പ്രിയമാണ്. അടുത്തിടെ അമ്മയ്ക്കായി സ്പെഷൽ ഭക്ഷണം തയ്യാറാക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ വൈറലായിരുന്നു. അതിനു പിന്നാലെയിതാ അമ്മയുടെ പ്രിയപ്പെട്ട മീൻവിഭവമുണ്ടാക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
അമ്മയുടെ റെസിപ്പി കൊണ്ടുണ്ടാക്കിയ ഭക്ഷണം അമ്മയ്ക്കു തന്നെ വിളമ്പുകയാണ് ചിരഞ്ജീവി. വീക്കെൻഡിൽ അമ്മയ്ക്കായി എന്തെങ്കിലും സ്പെഷൽ ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു ചിരഞ്ജീവി. കുട്ടിക്കാലത്ത് ചെറിയ മീനുകൾ കൊണ്ട് അമ്മ ഉണ്ടാക്കിത്തന്നിരുന്ന അതേ സ്പെഷൽ മീൻകറിയാണ് താൻ ഇപ്പോൾ തിരിച്ച് ഉണ്ടാക്കിക്കൊടുക്കുന്നതെന്നും ചിരഞ്ജീവി പറയുന്നു.
മീനും മസാലകളും പുളിയും സവാളയും പച്ചമുളകും വെളുത്തുള്ളിയും തുടങ്ങി വറുക്കുന്നതിനുള്ള ചേരുവകളെല്ലാം ചിരഞ്ജീവി കാണിക്കുന്നുണ്ട്. മഞ്ഞൾപ്പൊടിയും മുളകുപൊടിയും സവാള-പച്ചമുളക് പേസ്റ്റും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് മീൻ മാരിനേറ്റ് ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം ഇവ വറുത്തെടുക്കുന്നു.
തയ്യാറാക്കിയ മീൻ അമ്മയ്ക്കായി വിളമ്പിക്കൊടുത്ത് അഭിപ്രായത്തിനായി കാത്തിരിക്കുന്നുമുണ്ട് ചിരഞ്ജീവി. ഭക്ഷണം ആദ്യവായ മകനു കൊടുക്കുന്നുണ്ടെങ്കിലും അമ്മ കഴിച്ച് അഭിപ്രായം പറയൂ എന്നായി ചിരഞ്ജീവി. ശേഷം മകൻ വിളമ്പിയ വിഭവം കഴിച്ച് അസ്സലായിട്ടുണ്ട് എന്ന് അമ്മ പറയുന്നതു അതു കേട്ട് ആനന്ദപ്രകടനം നടത്തുന്ന ചിരഞ്ജീവിയും വീഡിയോയിലുണ്ട്. ഒടുവിൽ മകനുവേണ്ടി അമ്മ ഒരുരുള ഊട്ടിയാണ് വീഡിയോ അവസാനിക്കുന്നത്.
Content Highlights: Chiranjeevi Cooks For His Mother Again Viral Video