ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളിയുടം മനംകവര്‍ന്ന നായികയാണ് അനു സിതാര. ലോക്ക്ഡൗണ്‍ കാലത്ത് സിനിമയോട് താല്‍ക്കാലിക ഇടവേള പറഞ്ഞെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളുമായി സജീവമാണ് അനു സിതാര. ഇപ്പോള്‍ താരം യൂട്യൂബില്‍ പങ്കുവച്ചത് ഒരു കിടിലന്‍ റെസിപ്പി വീഡിയോ ആണ്. മറ്റൊന്നുമല്ല ചക്ക കൊണ്ടുള്ള പഴംപൊരിയാണത്. 

സാധാരണ പഴംപൊരിയില്‍ നിന്ന് വ്യത്യസ്തമായാണ് അനു സിതാരയുടെ പഴംപൊരി വീഡിയോ. ഇനി വിഭവം തയ്യാറാക്കുന്നത് താരമാണെന്നു കരുതല്ലേ, നടിയുടെ മേക്അപ്മാനായ മത്തായിയാണ് ചക്കപഴംപൊരിക്കു പിന്നില്‍. മത്തായിച്ചേട്ടന്റെ കുക്കിങ് റെസിപ്പിയും മേക്അപ് ടിപ്‌സും പങ്കുവെക്കുന്നു എന്നു പറഞ്ഞാണ് അനു വീഡിയോ ആരംഭിക്കുന്നത്.

പഴത്തിനു പകരം ചക്കയാണെന്നതും മൈദയ്ക്കും കടലമാവിനും പകരം ഗോതമ്പുപൊടിയാണെന്നതുമാണ് ഈ ചക്കപ്പഴംപൊരിയുടെ പ്രത്യേകത. നല്ല മധുരമുള്ള വരിക്കച്ചക്ക, ഗോതമ്പുപൊടി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള ചേരുവകള്‍. 

തയ്യാറാക്കുന്ന വിധം

രണ്ടുതവി ഗോതമ്പുപൊടിയിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. മധുരം കുറഞ്ഞ ചക്കയാണെങ്കില്‍ അല്‍പം കൂടി മധുരം ചേര്‍ക്കാം. ഈ മിശ്രിതത്തിലേക്ക് അല്‍പം വെള്ളമൊഴിച്ച് ഇളക്കിക്കൊടുക്കാം. കുഴഞ്ഞുപോവാനും കട്ടപിടിച്ചിരിക്കാനും പാടില്ല. നല്ല ലൂസ് പരുവത്തിലുള്ള മാവായി കഴിഞ്ഞാല്‍ ചക്ക മാവിലേക്ക് ഇട്ട് ഇളക്കി വെക്കാം. ഇനി പാനെടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഓരോ മാവില്‍ മുക്കിയ ഓരോ ചക്കച്ചുളയും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. മൂന്നു നാലു മിനിറ്റിനുള്ളില്‍ ചക്ക മറിച്ചിടാം. 

Content Highlights: anu sithara sharing  Chakka Pazham Pori recipe