ലോക്ക്ഡൗൺ സമയത്തെ ബോറടി മാറ്റാൻ പാചക വീഡിയോകളുമായി എത്തിയ സെലിബ്രിറ്റികൾ നിരവധിയാണ്. നടി അനു സിതാരയും തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ റെസിപ്പികളുമായി എത്താറുണ്ട്. ഇക്കുറി കറി വേണ്ടാത്ത കോഫീ പൂരി തയ്യാറാക്കുന്ന വിധമാണ് അനു പങ്കുവച്ചിരിക്കുന്നത്. 

മേക്അപ് ആർട്ടിസ്റ്റ് മത്തായിയുടെ സ്പെഷൽ റെസിപ്പിയാണത്. കഴിഞ്ഞ തവണത്തെ ചക്കപ്പഴംപൊരി റെസിപ്പിയും മത്തായിക്കൊപ്പം ചേർന്ന് തയ്യാറാക്കുന്ന വീഡിയോ അനു സിതാര പങ്കുവച്ചിരുന്നു.  മത്തായിച്ചേട്ടനൊപ്പം പുതിയ റെസിപ്പിയുമായാണ് വന്നിരിക്കുന്നതെന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. കറി ഉണ്ടാക്കാൻ രാവിലെ മിനക്കെടണമെന്നില്ല, കറിയില്ലാതെ തന്നെ കഴിക്കാവുന്ന പൂരിയാണിതെന്നും ഇരുവരും പറയുന്നു.

ചേരുവകൾ

  • പച്ചമുളക്- അഞ്ച്
  • കറിവേപ്പില- ആവശ്യത്തിന്
  • തേങ്ങ- ഒരുകപ്പ് 
  • ഉപ്പ്- ആവശ്യത്തിന്
  • ​ഗോതമ്പുപൊടി

തയ്യാറാക്കുന്ന വിധം

പച്ചമുളകും കറിവേപ്പിലയും തേങ്ങയും അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ കൂട്ടിലേക്ക് ​ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കുക. അരമണിക്കൂർ വച്ചതിനു ശേഷം പരത്തിയെടുക്കുക. കൈ കൊണ്ട് വിരൽ ഉപയോ​ഗിച്ചും പരത്തിയെടുക്കാവുന്നതാണ്. ഇനി തിളച്ച എണ്ണയിലേക്ക് പരത്തി വച്ച പൂരി ഓരോന്നായി ഇടുക. മറിച്ചിട്ടും വേവിച്ച് ഇളം ബ്രൗൺ നിറമാവുമ്പോൾ വാങ്ങുക. കാപ്പിക്കൊപ്പം കറിയില്ലാതെ തന്നെ കഴിക്കാം.

Content Highlights: Anu Sithara Coffee Poori  Recipe