പുതുവര്‍ഷം പിറന്നു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം പാചക പരീക്ഷണങ്ങളുടെ ഒരു കാലം തന്നെയായിരുന്നു. സാധാരണക്കാര്‍ മാത്രമല്ല താരങ്ങളും വ്യത്യസ്ത വിഭവങ്ങളുമായി ആളുകളുടെ മനസ്സും സോഷ്യല്‍മീഡിയയും കീഴടക്കിയിരുന്നു. 

മലയാളികളുടെ പ്രിയതാരം അഞ്ജു അരവിന്ദ് 'ഫുഡ് ബഡി' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്ത വിഭവങ്ങളുമായി എത്തിയിരുന്നു.  താരം പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ വിഭവം ആരും കേട്ടിട്ടില്ലാത്ത ഒന്നാണ്, ചിക്കന്‍ നുഡ്ഡു. പുതുവര്‍ഷത്തിലെ സ്‌പെഷ്യല്‍ സ്നാക്‌സായ ഈ ചിക്കന്‍ നുഡ്ഡു തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം . 

ചേരുവകള്‍

 1. നൂഡില്‍സ്
 2. കടലപ്പൊടി- ഒരു കപ്പ്
 3. സവാള- ഒന്ന്
 4. കാരറ്റ്- രണ്ട്
 5. പച്ചമുളക്- മൂന്ന്
 6. ഇഞ്ചി- ഒരു ചെറിയ കഷണം
 7. കറിവേപ്പില
 8. ഉപ്പ്- പാകത്തിന്
 9. ബേക്കിങ് സോഡ- അര ടീസ്ഫൂണ്‍
 10. ചിക്കന്‍, കഷണങ്ങളാക്കിയത്- ഒരു പിടി
 11. എണ്ണ- വറുക്കാന്‍
 12. നൂഡില്‍സ് മസാല- ഒരു ചെറിയ പായ്ക്കറ്റ്
 13. ബട്ടര്‍- രണ്ട് ടീസ്പൂണ്‍
 14. പെപ്പര്‍ പൗഡര്‍- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങളില്‍ കുരുമുളകുപൊടിയും ഉപ്പും നന്നായി തിരുമ്മിപിടിപ്പിക്കുക. ഒരു പാനില്‍ കുറച്ച് വെള്ളവും ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് നൂഡില്‍സ് ചേര്‍ത്ത് വേവിക്കാം. മുക്കാല്‍ വേവാകുമ്പോള്‍ നൂഡില്‍സ് വെള്ളം വാര്‍ന്നു പോകുന്ന പാത്രത്തിലേക്ക് മാറ്റി അതിന് മുകളില്‍ തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. 

ഇനി കടലപ്പൊടിയിലേക്ക് അരിഞ്ഞ സവാള, കാരറ്റ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഗരം മസാല, നൂഡില്‍സ് മസാല, പാകത്തിന് ഉപ്പ്, ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് നന്നായി മികസ് ചെയ്യുക. ഒരു പാനില്‍ കുറച്ച് എണ്ണയൊഴിച്ച് ചിക്കന്‍ വറുത്തെടുക്കുക. തണുത്തു കഴിയുമ്പോള്‍ ചെറിയ കഷണങ്ങളാക്കുക. ഇനി നൂഡില്‍സും കഷണങ്ങളാക്കുക. ഇത് രണ്ടും തയ്യാറാക്കിയ മാവില്‍ മിക്‌സ് ചെയ്യുക. 

ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രത്തിലാണ് ചിക്കന്‍ നുഡ്ഡു തയ്യാറാക്കുന്നത്. ഈ പാത്രം അടുപ്പില്‍ വച്ച് ഓരോ കുഴിയിലും ചിക്കന്‍ വറുത്ത എണ്ണ അല്‍പം ഒഴിക്കുക. അതിലേക്ക് ബട്ടര്‍ ചേര്‍ക്കുക. അത് തിളച്ചു തുടങ്ങുമ്പോള്‍ ഓരോന്നിലും ചിക്കന്‍ മിശ്രിതം ഒഴിക്കാം. അടച്ചു വച്ച് ചെറുതീയില്‍ വേവിക്കണം. ഇടയ്ക്ക് തിരിച്ചിട്ടു കൊടുക്കണം. നന്നായി മൊരിഞ്ഞുതുടങ്ങിയാല്‍ പാത്രത്തിലേക്ക് മാറ്റാം.  

Content Highlights: Anju Aravind Special cooking Chicken Nuddu new year recipe