കൊച്ചി: ഊത്തപ്പവും ഫ്രൈഡ് റൈസും ചിക്കന്‍ റോസ്റ്റുമുള്‍പ്പെടെ മുപ്പതിലധികം വിഭവങ്ങള്‍ അറുപത് മിനിറ്റിനുള്ളിൽ തയ്യാറാക്കി റെക്കോഡ് ബുക്കുകളിലിടം നേടിയിരിക്കുകയാണ് സാന്‍വി എം. പ്രജിത് എന്ന പത്തുവയസുകാരി. സാന്‍വിയുടെ പാചകവൈദഗ്ധ്യത്തെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും അംഗീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം വിഭവങ്ങള്‍ പാകം ചെയ്ത കുട്ടി എന്ന നിലയിലാണ് സാന്‍വിയുടെ റെക്കോഡ് രേഖപ്പെടുത്തിയിട്ടുള്ളത്. 33 വിവിധ വിഭവങ്ങളാണ് സാന്‍വി ഒരു മണിക്കൂറിനുള്ളില്‍ ഒരുക്കിയത്. ഇഡ്ഡലി. കോണ്‍ഫ്രിറ്റേഴ്സ്, ടിക്ക, ഊത്തപ്പം, പാന്‍ കേക്ക്, അപ്പം സാന്‍ഡ് വിച്ച്, ബുള്‍സ് ഐ...അങ്ങനെ നീളുന്നു തയ്യാറാക്കിയ വിഭവങ്ങള്‍.
ഓഗസ്റ്റ് 29 നായിരുന്നു സാന്‍വിയുടെ റെക്കോഡ് പാചകം. അന്ന് പത്ത് വയസും ആറ് മാസവും 12 ദിവസവുമായിരുന്നു സാന്‍വിയുടെ പ്രായം. വിശാഖപട്ടണത്തിലെ വീട്ടില്‍ സാന്‍വി പാചകം ചെയ്യുന്നത് ഓണ്‍ലൈനിലൂടെയാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതര്‍ വീക്ഷിച്ചത്. കൂടാതെ രണ്ട് ഗസറ്റഡ് ഓഫീസര്‍മാരും പാചകം തത്സമയം കാണുന്നുണ്ടായിരുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡറായ പ്രജിത് ബാബുവും മഞ്ജിമയുമാണ് സാന്‍വിയുടെ മാതാപിതാക്കള്‍. എറണാകുളം സ്വദേശികളാണ് ഇരുവരും. പാചകവിദഗ്ധയും റിയാലിറ്റി കുക്കറി ഷോ ഫൈനലിസ്റ്റുമായ അമ്മയാണ് ഈ മേഖലയില്‍ തന്റെ പ്രചോദനമെന്ന് സാന്‍വി പറഞ്ഞു.

കുഞ്ഞുനാള്‍ മുതല്‍ തന്നെ പാചകത്തില്‍ സാന്‍വി വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി അമ്മ മഞ്ജിമ പറഞ്ഞു. കുട്ടികളുടെ പാചക റിയാലിറ്റി ഷോകളില്‍ സാന്‍വി പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കി തന്റെ വൈദഗ്ധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ലളിതവും രുചികരവുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന സാന്‍വി യൂട്യൂബ് ചാനലിനും ആരാധകരേറെയാണ്.
10 year old girl from Kerala cooks 30 dishes in less than one hour makes record books