ഒരു സ്റ്റാർട്ടപ്പ്‌ വിജയകഥ

ഒറാക്കിൾ, ടി.സി.എസ്., മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്രകമ്പനികളിൽ ജോലിചെയ്തശേഷമാണ് അഭി കൃഷ്ണ എന്ന ചെറുപ്പക്കാരൻ സംരംഭകസ്വപ്നവുമായി നാട്ടിൽ തിരിച്ചെത്തുന്നത്. തിരുവനന്തപുരം ആസ്ഥാനമായി 2013-‘14ൽ സ്വന്തം സ്റ്റാർട്ടപ്പിന് തുടക്കംകുറിച്ചെങ്കിലും ആദ്യനാളുകൾ വെല്ലുവിളി നിറഞ്ഞതായിരുന്നു.

യു.എസിൽനിന്ന് ആദ്യ ഇടപാട് ലഭിച്ചതോടെ അഭിയുടെ ‘കെയർസ്റ്റാക്’ വളർച്ചയുടെ ട്രാക്കിലേക്ക് കയറി. യു.എസിലെ ഡെന്റൽ ക്ലിനിക്കുകളുടെ പ്രവർത്തനം എളുപ്പമാക്കുന്ന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വേർ ആസ് എ സർവീസ് (സാസ്) സംരംഭമാണ് കെയർസ്റ്റാക്. അപ്പോയ്ൻമെന്റ്, ചെക്ക് ഇൻ, പേഷ്യന്റ് കമ്യൂണിക്കേഷൻസ്, പേമെന്റ്‌സ്, റിപ്പോർട്ടിങ്, അനലിറ്റിക്സ് തുടങ്ങി അഞ്ചോ ആറോ കമ്പനികൾ നൽകിയിരുന്ന സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒരുക്കിയതോടെ ഗുണഭോക്താക്കൾ ഹാപ്പി.

ആറുവർഷംകൊണ്ട് ഏതാണ്ട് 450 കോടി രൂപയുടെ മൂലധനഫണ്ടിങ്ങും ഈ സ്റ്റാർട്ടപ്പ് നേടി. 20 പേർക്കെങ്കിലും തൊഴിൽ നൽകാനാകണമെന്നായിരുന്നു തുടക്കത്തിൽ തന്റെ സ്വപ്നമെന്ന് കെയർ സ്റ്റാക്കിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ അഭി കൃഷ്ണ ഓർക്കുന്നു. എന്നാൽ, ഇപ്പോൾ ജീവനക്കാരുടെ എണ്ണം 500 കടന്നിരിക്കുന്നു. ഇതിൽ 430-ഓളം പേരും കേരളത്തിൽ. ബാക്കി യു.എസിലെ ഫ്ളോറിഡയിലും. ഏതാനും മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 700 കടക്കും അഭി പറയുന്നു.

കമ്പനിയിൽ തന്നെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നവർവരെയുണ്ട്. യു.എസിൽ രണ്ടരക്കോടിരൂപവരെയാണ് വാർഷികശമ്പളം. ഇന്ത്യയിലാകട്ടെ, 80 ലക്ഷം രൂപ വരെയും. 

കൃഷിയെ ചേർത്തുപിടിച്ച സംരംഭകൻ

കോർപ്പറേറ്റ് ജോലി നൽകിയ സമ്മർദങ്ങളിൽനിന്ന് രക്ഷനേടാനാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ വി.ആർ. നിഷാദ് 2016-ൽ സ്വന്തം സംരംഭത്തിന് തുടക്കംകുറിച്ചത്. സംരംഭത്തിനായി തിരഞ്ഞെടുത്ത മേഖല കൃഷിയായിരുന്നു. മാരാരിക്കുളത്ത് വെറുതേകിടന്ന ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് പച്ചമുളകുകൃഷി ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആശയം കേട്ട ഭൂവുടമ പാട്ടത്തുകപോലും വേണ്ടെന്നുവെച്ചത് നിഷാദിന് ആശ്വാസമായി. കൃഷി വിജയകരമായി പൂർത്തിയാക്കി വിളവെത്തിയപ്പോഴാണ് വെല്ലുവിളി തുടങ്ങുന്നത്. വിപണനം അത്ര എളുപ്പമല്ല.

നേരിട്ട് ഉപഭോക്താവിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തിക്കുക എന്ന ലക്ഷ്യവുമായി ‘മാരാരി ഫ്രെഷ്’ എന്ന പേരിൽ മൊബൈൽ ആപ്പ് ഇറക്കി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചു. ആദ്യമായിട്ടാവും ഒരു കർഷകൻതന്നെ തന്റെ വിഭവങ്ങൾ വിൽക്കാൻ ആപ്പ് അവതരിപ്പിക്കുന്നത്. അത് വിജയമായതോടെ, കൂടുതൽ കർഷകരെ സഹകരിപ്പിച്ചുകൊണ്ട് കൃഷി വിപുലീകരിച്ചു. ഇന്ന് ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കാസർകോട്‌ എന്നിവിടങ്ങളിലായി 24 ഏക്കറിൽ നിഷാദിന്റെ മാരാരി ഫ്രെഷ് കൃഷി നടത്തുന്നുണ്ട്; മുപ്പതോളം പഴങ്ങളും പച്ചക്കറികളും.

പ്രൊഫഷണൽരീതിയിൽ കൃഷി ചെയ്യാൻ കർഷകരെ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചുവരുകയാണ് ഈ സംരംഭം ഇപ്പോൾ. 150-ഓളം കർഷകർക്ക് കൈത്താങ്ങാകുന്ന സംരംഭം ഏതാനും മാസങ്ങൾക്കുള്ളിൽ 1000 കർഷകരുടെ ശൃംഖലയൊരുക്കാനാണ് ലക്ഷ്യമിടുന്നത്. സംഭരണം, പാക്കിങ്, ഗതാഗതം, വിപണനം എന്നിവയിലേക്കുകൂടി സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് കൃഷിയിടത്തിൽനിന്ന് ഉപഭോക്താക്കളുടെ കൈകളിലേക്ക് നേരിട്ട് വിഭവങ്ങൾ എത്തിക്കാനുള്ള സകല പ്രക്രിയയും നിർവഹിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാരാരി ഫ്രെഷ് സ്ഥാപകനും സി.ഇ.ഒ.യുമായ നിഷാദ് മാരാരിക്കുളം.

തയ്യാറാക്കിയത്:  ആർ. റോഷൻ