‘തണ്ണിമത്തൻപോലെ മധുരംനിറഞ്ഞ സമീപനം, കടലിന്റെ ആഴമുള്ള വിജ്ഞാനം...’

കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ സിനിമകൾ നൽകിയ താരപ്രഭയിൽ ചിരിക്കുമ്പോഴും മാത്യു തോമസ് എന്ന പ്ലസ്ടുകാരൻ തന്റെ അധ്യാപകരെ വരച്ചിടുന്നത് അങ്ങനെയാണ്. ജീവിതത്തിന്റെ വഴികാട്ടികളായി മാറേണ്ട അധ്യാപകരിൽ ഏറ്റവും മികച്ചതുതന്നെ തനിക്ക് കിട്ടിയ സന്തോഷത്തിൽ മാത്യു തോമസ്. ശിഷ്യഗണസമ്പത്തിൽ ഏറ്റവും മികച്ചതുതന്നെ തങ്ങൾക്കുകിട്ടിയ സന്തോഷത്തിൽ അധ്യാപകർ.
എറണാകുളം മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന്റെ മുറ്റത്തേക്ക് അധ്യാപകദിനത്തിന്റെ തലേന്ന് കടന്നുചെല്ലുമ്പോൾ കേട്ട വിശേഷങ്ങളൊക്കെ മധുരതരമായിരുന്നു.

'ടീച്ചേഴ്‌സ് ഡേയ്‌സ് '

നാലുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ മാത്യു തോമസിന്റെ ക്ലാസ് ടീച്ചർമാരായിരുന്ന അധ്യാപികമാർ... അവർക്കൊപ്പം പ്രിൻസിപ്പൽ ജയപ്രഭ പ്രദീപും കായികാധ്യാപികയായ കവിത പോളും. കാന്റീനിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചെത്തുമ്പോൾ മാത്യുവിനൊപ്പം വിശേഷങ്ങളുമായി അവരെല്ലാം കൂടി. നാലിലും ആറിലും ക്ലാസ് ടീച്ചറായിരുന്ന എം.യു. ശ്രീലക്ഷ്മിയും അഞ്ചിലെ ക്ലാസ് ടീച്ചർ സിബി ജോർജും ഏഴിലെ നിമ്മി ആന്റണിയും എട്ടിലെ പ്രതീഷ തോമസും ഒമ്പതിലെ രാജശ്രീ എസ്. മേനോനും പത്തിലെ ബീത സോബനും പതിനൊന്നിലെ റോസ്‌മോൾ സാബുവിനുമൊപ്പം ഇപ്പോഴത്തെ ക്ലാസ് ടീച്ചർ ഐ. രജനിയുമെത്തിയതോടെ മാത്യുവിന് വലിയ സന്തോഷം. ടീച്ചേഴ്‌സ് ഡേയ്‌സ് എന്നാണ് മാത്യു തന്റെ സ്കൂൾ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. അതിന്റെ കാരണവും മാത്യു വ്യക്തമാക്കുന്നു: ‘‘സ്കൂൾജീവിതത്തിൽ ടീച്ചേഴ്‌സാണ് നമ്മളെ മുന്നോട്ടുനയിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സ്കൂൾ ജീവിതം ടീച്ചേഴ്‌സ് ഡേതന്നെയാണ്...’’

വീടും സ്കൂളും ജീവിതവും

മാത്യുവിന്റെ ജീവിതത്തിൽ അധ്യാപകർക്കുള്ള വേഷം എന്താണ്? സിനിമാസ്റ്റൈലിലുള്ള ചോദ്യത്തിന് അതിവേഗത്തിലായിരുന്നു മറുപടിയെത്തിയത്: ‘‘അതൊരു വലിയ കാൻവാസാണ്. വീടാണ് ഒരു കുട്ടിയുടെ ആദ്യത്തെ സ്കൂൾ. സ്കൂളാണ് രണ്ടാമത്തെ വീട്. കുട്ടിക്കാലത്തെ നമ്മുടെ ജീവിതത്തിൽ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ഈ രണ്ടുസ്ഥലത്തായാണ്. വീട്ടിൽ മാതാപിതാക്കൾ ഗുരുക്കൻമാരാകുമ്പോൾ സ്കൂളിൽ അധ്യാപകരാണ് നമ്മുടെ വഴികാട്ടികൾ. മാതാ പിതാ ഗുരു ദൈവം എന്നചൊല്ല് എത്രയോ അർഥവത്താണെന്ന് മനസ്സിലാകുന്നത് സ്കൂൾ ജീവിതകാലത്താണ്. അധ്യാപകരില്ലാതെ ജീവിതം ഒരിക്കലും പൂർണമാകില്ല...’’

ആൾജിബ്രയും കള്ളനും പോലീസും

കീറാമുട്ടിയായ ആൾജിബ്ര പഠിപ്പിക്കുമ്പോൾ ബോറടിച്ച് ഉറക്കംതൂങ്ങിയിരുന്ന കുട്ടികളോട്  ‘വരൂ, നമുക്ക് കള്ളനും പോലീസും കളിക്കാം' എന്നുപറഞ്ഞ അധ്യാപകന്റെ കഥയുണ്ട്. കള്ളനെ കണ്ടുപിടിക്കുന്ന കളിയിലൂടെ ഗണിതപഠനം എളുപ്പമാക്കിയ അധ്യാപകനെപ്പോലെയുള്ളവരെയാണ് ഇന്നത്തെ കുട്ടികൾ ആഗ്രഹിക്കുന്നതെന്ന്‌ മാത്യു. ‘‘നാലാംക്ലാസിൽ പഠിക്കുമ്പോൾ എന്നോടുണ്ടായിരുന്ന അധ്യാപകരുടെ സമീപനമല്ല ഇപ്പോൾ പ്ലസ്ടു ക്ലാസിലുള്ളത്. ചെറിയ ക്ലാസുകളിൽ പഠനത്തിൽ അധ്യാപകർ നമ്മളെ കൂടുതൽ സഹായിക്കുമ്പോൾ വലിയ ക്ലാസുകളിലേക്കെത്തുന്നതോടെ നമ്മുടെ സ്വാശ്രയത്വം കൂട്ടാനാണ് അവർ ശ്രമിക്കുന്നത്. അതുതന്നെയാണ് നല്ല പഠനസമ്പ്രദായമെന്നാണ് ഞാൻ കരുതുന്നത്’’ -മാത്യുവിന്റെ വാക്കുകൾ പൂർത്തീകരിച്ചത് രാജശ്രീയായിരുന്നു. ‘‘എല്ലാം പോസിറ്റീവായി എടുക്കുന്ന മനോഭാവമാണ് മാത്യുവിന്റേത്. ഞങ്ങൾ വഴക്കുപറഞ്ഞാൽപ്പോലും അതിലെ നല്ലവശംമാത്രം കാണുന്നവൻ. ഇത്തരം മനോഭാവമുള്ള കുട്ടികൾ കൂടിവരുന്നതാണ് അധ്യാപകരുടെ ഏറ്റവും വലിയ സന്തോഷം’’ -മറ്റധ്യാപകരും തലകുലുക്കി.

ഗുരുത്വംവേണം, എപ്പോഴും

മാത്യു തോമസിന്റെ സ്കൂൾ വിശേഷങ്ങളും സിനിമാവിശേഷങ്ങളും കേട്ടിരിക്കുമ്പോൾ ഒരു ചോദ്യം ചോദിക്കാതിരിക്കാനായില്ല. ഏറ്റവും ഇഷ്ടപ്പെട്ട വിഷയവും അധ്യാപികയും ഏതാണെന്ന ചോദ്യത്തിന് ഇംഗ്ലീഷും കണക്കുമായിരുന്നു ഉത്തരമായി ആദ്യ രണ്ടുറാങ്കുകളിലെത്തിയത്. പ്രിയപ്പെട്ട അധ്യാപിക ആരെന്ന ചോദ്യത്തിനുള്ള മറുപടി മാത്യു തോമസ് തന്റെ ട്രേഡ്‌മാർക്ക്‌ ചിരിയിൽ ഒതുക്കിയപ്പോൾ എല്ലാ അധ്യാപകരുടെയും മുഖത്ത്‌ നിറഞ്ഞ ചിരി.

യാത്രചോദിച്ച് മടങ്ങുമ്പോൾ അധ്യാപകരോട്‌ ഒരു ചോദ്യംകൂടി ചോദിച്ചു: ‘‘വിദ്യാർഥികളിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ ഗുണം ഏതാണ്?’’ ചോദ്യത്തിന് മറുപടി പറഞ്ഞത് ശ്രീലക്ഷ്മിയായിരുന്നു. ‘‘അധ്യാപകരെ ബഹുമാനിക്കുന്ന വിദ്യാർഥികളെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു കുട്ടി എത്ര മിടുക്കനായാലുംശരി അവന് ഗുരുത്വമില്ലെങ്കിൽ കാര്യമില്ല. ഗുരുത്വമുള്ള മക്കളായി എല്ലാവരും മാറട്ടെയെന്നാണ് ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നത്’’ -ശ്രീലക്ഷ്മിയുടെ വാക്കുകൾക്കുമുന്നിൽ മാത്യു തലകുനിച്ചു, ഗുരുവന്ദനംപോലെ.

Content Highlights: Teachers Day Special; Kumbalangi nights Thanneermathan dinangal actor mathew thomas