കോവിഡ് വെെറസ് വ്യാപനം ശാരീരികമായ പ്രശ്നങ്ങൾ മാത്രമല്ല മാനസികമായും മനുഷ്യരുടെ മനസ്സിനെ പിടിച്ചുലച്ചരിക്കുകയാണ്. ഈ സാഹചര്യത്തിൽ മനുഷ്യത്വവും ഭീതിയും തമ്മിൽ യുദ്ധം ചെയ്യും. ചിലരുടെ മനസ്സിൽ മനുഷ്യത്വം തോൽക്കും ഭീതി ജയിക്കും. അപൂർവ്വം ആളുകളിൽ മാത്രം മനുഷ്യത്വം ഭീതിയെ കീഴ്പ്പെടുത്തും. അങ്ങനെ ഭീതിയെ അടിച്ചമർത്തി മനുഷ്യത്വം ഉയർത്തിപ്പിച്ച കുന്നംകുളം സ്വദേശി കെ.ബി സനീഷിന് രണ്ടാഴ്ചകളിലായി അഭിമുഖീകരിക്കേണ്ടി വന്നത് രണ്ട് വ്യത്യസ്ത അനുഭവങ്ങളാണ്. അതിൽ ആദ്യത്തേത് ആരോരുമില്ലാത്ത ഒരു വൃദ്ധനെ തക്ക സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതായിരുന്നുവെങ്കിൽ രണ്ടാമത്തേത് തൂങ്ങി മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് എത്തിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ഈ യുവാവ് കണ്ടത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരമാണ്. ഇനി സനീഷ് പറയട്ടെ....

''കുന്നംകുളത്തെ പഴയ മാർക്കറ്റിന്റെ സമീപത്ത് ഒറ്റക്ക് താമസിക്കുന്ന ഒരു വൃദ്ധനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മകനും നേരത്തേ മരിച്ചു. ബന്ധുക്കളാരും തന്നെ ഒപ്പമില്ല. ഭക്ഷണം ഉണ്ടാക്കി നൽകാൻ ഒരാൾ വീട്ടിൽ വരാറുണ്ട്. അയാൾക്കാണെങ്കിൽ പരിസരവാസികളെ പരിചയമില്ല. അയാൾ വേറെ ഏതോ നാട്ടിൽ നിന്ന് വന്ന് നിൽക്കുന്ന ആളാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഒരു ദിവസം രാവിലെ അയാൾ റോഡിലൂടെ പോകുന്നവരോട് പറഞ്ഞു, ഈ പ്രായമുള്ള വ്യക്തി തളർന്ന് വയ്യാതെ കിടക്കുന്നു, ബോധമില്ല, മലമൂത്ര വിസർജനമൊക്കെ പോയിട്ടുണ്ടെന്ന്. അവിടെ നിന്നിരുന്ന ഒരു ടാക്സി ഡ്രെെവറാണ് എന്നെ വിവരം വിളിച്ച് അറിയിച്ചത്. ഞാനും ടാക്സി ഡ്രെെവറും കൂടി അവിടേക്ക് ചെന്നു. അവിടെ ആളുകൾ കൂടിയിട്ടുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകാനുള്ള നീക്കമൊന്നും നടന്നിട്ടില്ല. ഈ വ്യക്തിക്ക് നല്ല ശരീരഭാരമുള്ളതിനാൽ എടുക്കാനും ബുദ്ധിമുട്ടായിരുന്നു. ആംബുലൻസ് വിളിച്ചു വരുത്തിയപ്പോൾ ആരും എടുക്കാൻ തയ്യാറാകുന്നില്ല. എല്ലാവർക്കും കോവിഡ് പേടി. താലൂക്ക് ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് വരുത്തി അത് ധരിച്ചു. ഞാൻ അതിന് തയ്യാറായപ്പോൾ എന്റെ സുഹൃത്തുക്കളായ സജു, ജീവൻ യേശുദാസ് എന്നിവർ കൂടി രം​ഗത്ത് വന്നു. ആംബുലൻസ് ഡ്രെെവർ കൂടി അതിന് സഹായിച്ചു. അങ്ങനെ ഞങ്ങൾ നാല് പേരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലാണ് പോയത്. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനാൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. പ്രമേഹ സംബന്ധമായ രോ​ഗം മൂർച്ഛിച്ചതിനാലാണ് അദ്ദേഹത്തിന്റെ ആരോ​ഗ്യനില ​ഗുരുതരമായത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

ആദ്യമായാണ് പി.പി.ഇ കിറ്റ് ധരിച്ചത്. മണിക്കൂറുകളോളം ഇട്ടപ്പോൾ ശ്വാസം മുട്ടി. അപ്പോഴാണ് ആരോ​ഗ്യപ്രവർത്തകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ  തീവ്രത മനസ്സിലായത്''- സനീഷ് പറ‍യുന്നു.

കോവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം താഴെയിറക്കാൻ ആളുകൾ മടിച്ചതും പിന്നീട് നാല്  യുവാക്കൾ മുന്നോട്ട് വന്ന് ആ ദൗത്യം ഏറ്റെടുത്തതുമാണ് രണ്ടാമത്തെ സംഭവം. അഞ്ഞൂർ റോഡിൽ തെക്കേപ്പുറത്ത് തങ്കയെയാണ് ആണ് ശനിയാഴ്‌ച വൈകീട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നഗരസഭാ ജീവനക്കാരിയായ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരും കുടുംബാം​ഗങ്ങളും നിരീക്ഷണത്തിലായിരുന്നു. 

Saneesh KB a man came forward to help to save life of old man Humanity
സനീഷും സുഹൃത്തുക്കളും ആംബുലൻസിൽ

ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു തങ്കയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പോലീസെത്തി നടപടികൾ തുടങ്ങിയെങ്കിലും മൃതദേഹം താഴെയിറക്കാൻ ആരും തയ്യാറായില്ല. തുടർന്നാണ് സനീഷിനൊപ്പം കെ.ബി. ഷിബു, ലിജീഷ്, ഗോകുൽകൃഷ്ണ, പി.കെ. ഷബീർ എന്നിവർ സ്വമേധയാ രം​ഗത്ത് വന്നതും പിപിഇ കിറ്റ് ധരിച്ച് മൃതദേഹം താഴെയിറക്കിയതും.

Saneesh KB a man came forward to help to save life of old man Humanity
​ഗോകുൽ കൃഷ്ണ, സി.കെ ലിജീഷ്, പി.കെ ഷബീർ, കെ.ബി ഷിബു

''വളരെ ദാരുണമായ സംഭവമാണ് നടന്നത്. തൂങ്ങി മരിച്ചയാൾ  മണിക്കൂറുകളോളമാണ് അതെ അവസ്ഥയിൽ തന്നെ നിന്നത്. ആരും സഹായത്തിന് വരാത്തത് കൊണ്ട് തൂങ്ങി മരിച്ച് നിൽക്കുന്ന കാഴ്ച മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. കോവിഡ് ഭീതി എല്ലാവരെയും പോലെ എനിക്കുമുണ്ട്, എന്നിരുന്നാലും ഒന്നും ചെയ്യാതിരിക്കാൻ മനസ്സുവന്നില്ല. രാത്രി എട്ടോടെ മൃതദേഹം താഴെയിറക്കി. മൃതദേഹത്തിൽ സ്പർശിക്കാതെ പ്രത്യേകമായി കൊണ്ടുവന്ന ഒരു കവർ ശരീരത്തിലൂടെ മുകളിലേക്ക് കയറ്റി തൂങ്ങിയ സാരി മുറിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിനായി എത്തിച്ചു. അവർക്ക് കോവിഡ് നെ​ഗറ്റീവ് ഫലമാണ് വന്നത്. ഞങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വരുന്നത് വരെ  ക്വാറന്റെെനിൽ പോയി''- സനീഷ് കൂട്ടിച്ചേർത്തു.

Content Highlights: Story of Saneesh KB and friends, Kunnakulam, Covid Pandemic