rasputin

സയനൈഡ് ഉള്ളിൽച്ചെന്നിട്ടും വെടിയേറ്റിട്ടും മരിക്കാതിരുന്ന അതിമാനുഷൻ! നേവാ നദിയിലെ എല്ലുകിടുക്കുന്ന തണുത്ത വെള്ളത്തിലെറിഞ്ഞുകൊന്നെന്ന് വാമൊഴി. അല്ല, കൊലയാളി ഫെലിക്‌സ് യൂസുപോവിന്റെ ഓർമക്കുറിപ്പുകളിൽ എഴുതിവെച്ചിരിക്കുന്ന ‘വസ്തുത’.

കല്പിതകഥകളുടെ പടുതയ്ക്കുള്ളിൽ ജീവിച്ചുമരിച്ച ആ മനുഷ്യനുപേര് ഗ്രിഗറി എഫിമോവിച്ച് റാസ്പുടിൻ. കൊല്ലപ്പെട്ട് നൂറ്റാണ്ടുകഴിഞ്ഞിട്ടും റാസ്പുടിൻ ‘ജീവിക്കുന്നു’, പാട്ടായി, കഥയായി, ചലച്ചിത്രങ്ങളായി; സർവോപരി ജീവിതാസക്തികൾ കൈവിടാതെ ആത്മീയതയെ ഉപാസിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ വിളയാടുന്നവരുടെ പ്രതീകമായി.

ആരായിരുന്നു റാസ്പുടിൻ? റഷ്യയിലെ അവസാനത്തെ ചക്രവർത്തി നിക്കൊളാസ് രണ്ടാമന്റെ മാനസമിത്രം. ചക്രവർത്തിനി അലക്‌സാൻഡ്രയുടെ വിശ്വസ്തൻ. കഥകളിൽ അവരുടെ പ്രേമഭാജനം. പട്ടം സ്വീകരിക്കാത്ത പാതിരി, വൈദ്യം പഠിക്കാത്ത വൈദ്യൻ, ചക്രവർത്തിയെ വിരൽത്തുമ്പിൽ കറക്കിയ ഉപദേശകൻ, സെയ്ന്റ് പീറ്റേഴ്‌സ്ബർഗിലെ ഗണികകൾമുതൽ മണിമന്ദിരങ്ങളിലെ സുന്ദരികൾവരെ കിടക്കവിരിച്ചുകൊടുത്ത കാമുകൻ, റഷ്യൻ വിപ്ലവത്തിന് സ്വയമറിയാതെ ആക്കംകൂട്ടിയ കുടിലബുദ്ധി, ജീവിച്ചിരുന്നപ്പോൾ ആദരവും അവമതിപ്പും ആവോളമേറ്റുവാങ്ങിയ ഗൂഢസഞ്ചാരി. അങ്ങനെ പലതും പലരുമായിരുന്നു റാസ്പുടിൻ.

സൈബീരിയയിൽനിന്ന്‌ സാറിലേക്ക്‌

യൂറോപ്പ് ഏഷ്യയുമായി സംഗമിക്കുന്ന സൈബീരിയയിലെ യുറാൽ മലനിരകൾ. അവിടെനിന്ന് കിഴക്കോട്ടൊഴുകുന്ന ട്യുറ നദി. അതിന്റെ കരയിലാണ് പൊക്രോവ്‌സ്‌കെ ഗ്രാമം. അവിടെ 1869 ജനുവരി 22-നാണ് (പഴയ റഷ്യൻ കലണ്ടർ പ്രകാരം ജനുവരി 10) റാസ്പുടിൻ ജനിച്ചത്. ജനിക്കുമ്പോൾ അയാൾ റാസ്പുടിനായിരുന്നില്ല. വെറും ഗ്രിഗറി എഫിമോവിച്ച് നോവിഖ്.
കർഷകൻ. പ്രസ്‌കോവ്യ ദുബ്രോവിനയുടെ ഭർത്താവ്. മരിയയുടെയും ദിമിത്രിയുടെയും വാർവരയുടെയും അച്ഛൻ. അതായിരുന്നു അയാളുടെ വിലാസം. പിന്നീട് കുറച്ചുകാലം സെമിനാരിയിൽപ്പോയി. പക്ഷേ, പാതിരിയായില്ല. ഊരുതെണ്ടിയായ ദിവ്യനായി. മതജ്ഞാനവും തീക്ഷ്ണനേത്രങ്ങളും ആകർഷകഭാവവുമുള്ള അയാളെ പുരോഹിതസമൂഹം ശ്രദ്ധിച്ചു. അയാളുടെ ദിവ്യത്വത്തെക്കുറിച്ചുള്ള അപദാനങ്ങൾ സെയ്ന്റ് പീറ്റേഴ്‌സ്ബർഗിലെ കൊട്ടാരത്തിലുമെത്തി. അങ്ങനെ അയാൾ നിക്കൊളാസ് രണ്ടാമന്റെയും അലക്‌സാൻഡ്രയുടെയും ആത്മീയ ഉപദേശകനായി.

രാജവാഴ്ചയ്‌ക്കെതിരേ ജനം മുറവിളികൂട്ടുമ്പോൾ, അധികാരത്തിൽ മുറുകെപ്പിടിച്ചിരിക്കാൻ ചക്രവർത്തിക്ക് ആത്മവിശ്വാസമേകി. ഒന്നാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ രാഷ്ട്രീയ ഉപദേശം നൽകി. യുദ്ധഭൂമിയിൽ റഷ്യക്കാർ മരിച്ചുവീണുകൊണ്ടിരുന്നു. നിക്കൊളാസ്, ദിവ്യന്റെ ഉപദേശം സ്വീകരിച്ചുകൊണ്ടുമിരുന്നു. മന്ത്രിമാരുടെ നിയമനംപോലും അയാളുടെ ശുപാർശപ്രകാരമായി. ചക്രവർത്തിയുടെ അനുചരവൃന്ദം നെറ്റിചുളിച്ചു. അദ്ദേഹം അതൊന്നും കണ്ടില്ല.  

അലക്‌സാൻഡ്രയുടെ ആകുലതകളിൽ ആ ദിവ്യൻ ആശ്വാസമായി. മകൻ അലക്‌സിയുടെ രക്തസ്രാവം സുഖപ്പെടുത്തി. കൊട്ടാരത്തിലും വേശ്യാലയത്തിലും ഒരുപോലെ സന്ദർശകനായ അയാളുടെ ദുർവൃത്തികളെയും മദ്യാസക്തിയെയും കുറിച്ച് കഥകളേറെപ്പരന്നു. അലക്‌സാൻഡ്രയുടെ ജാരനെന്നു പട്ടാളം കുശുകുശുത്തു. അങ്ങനെ റഷ്യക്കാർ അയാൾക്കുപേരിട്ടു; റാസ്പുടിൻ-ദുർമാർഗി.

മരിച്ചിട്ടും മരിക്കാത്ത മനുഷ്യൻ

നിക്കൊളാസ് രണ്ടാമന്റെ ഒരേയൊരു അനന്തരവൾ ഐറിനയുടെ ഭർത്താവായിരുന്നു ഫെലിക്‌സ് യൂസുപോവ്. റഷ്യയിലെ അതിസമ്പന്നരിലൊരാൾ. റാസ്പുടിനെക്കൊന്ന് രാജകൊട്ടാരത്തിന്റെ കീർത്തിയും അഭിമാനവും വീണ്ടെടുക്കാൻ ഫെലിക്‌സും സംഘവും തീരുമാനിച്ചു. 1916 ഡിസംബർ 30-ന് (പഴയ റഷ്യൻ കലണ്ടർ പ്രകാരം ഡിസംബർ 17) തന്റെ വീട്ടിലേക്ക്, സെയ്ന്റ് പീറ്റേഴ്‌സ്ബർഗിലെ മോയിക്ക കൊട്ടാരത്തിലേക്ക് റാസ്പുടിനെ ഫെലിക്‌സ് ക്ഷണിച്ചു. വിരുന്നുനൽകി. ഭക്ഷണപദാർഥങ്ങളിലെല്ലാം പൊട്ടാസ്യം സയനൈഡ് കലർത്തിയിട്ടുണ്ടായിരുന്നു. എല്ലാം കഴിച്ചിട്ടും റാസ്പുടിൻ മരിച്ചില്ല. ഒന്നു ബോധംകെട്ടുപോലുമില്ല. പരിഭ്രാന്തനായ ഫെലിക്‌സ് റാസ്പുടിനെ വെടിവെച്ചു. പലതവണ വെടിയേറ്റിട്ടും അയാൾ മരിച്ചില്ല. പിന്നെ മഞ്ഞുറഞ്ഞ നേവാ നദിയിലെറിഞ്ഞു. ഇങ്ങനെയെല്ലാമാണ് 1928-ൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പിൽ ഫെലിക്‌സ് എഴുതിവെച്ചത്.

പക്ഷേ, റാസ്പുടിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിലേറ്റ ഒരൊറ്റ ബുള്ളറ്റാണ് മരണകാരണമെന്നും പറയുന്നു. ഇതെല്ലാം വിവരിച്ച് റാസ്പുടിന്റെ മകൾ മരിയ 1929-ൽ സ്വന്തം പുസ്തകമെഴുതി. വിപ്ലവാനന്തരം റഷ്യവിട്ട അവർ അച്ഛന്റെ മരണത്തിൽ രണ്ടരക്കോടി ഫ്രാങ്ക് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഫെലിക്‌സ് യൂസുപോവിനെതിരേ പാരീസിലെ കോടതിയിൽ കേസുകൊടുത്തു. മരിയയുടെ അഭിമുഖം ‘ഡിബോച്ചീസ് ഡോട്ടർ’ എന്നപേരിൽ 1928 ജൂലായ് 16-ന് ടൈം വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാട്ടിലെയും പുസ്തകത്തിലെയും റാസ്പുടിൻ

റാസ്പുടിനെ തിരയാൻ മലയാളികളെ പ്രേരിപ്പിച്ച നൃത്തത്തിലെ ‘ബോണി എം’ ഗാനത്തിൽ നിറയുന്നത് കഥകളിലെ റാസ്പുടിനാണ്. രാഷ്ട്രീയവും ലൈംഗിതകയും ആസക്തികളും അധികാരവും നിഗൂഢതയും നിറഞ്ഞ  ‘ദുർമാർഗി'യുടെ ജീവിതം പലകാലങ്ങളിൽ പലഭാഷകളിൽ സിനിമയും നാടകവും ഗാനങ്ങളും നോവലുകളുമായി. 12 കൊല്ലം അലക്‌സാൻഡ്രയുടെയും നിക്കൊളാസിന്റെയും ഉപദേശകനായിരുന്ന റാസ്പുടിൻ റഷ്യൻ രാജഭരണത്തിന്റെ അന്ത്യത്തിന് ആക്കംകൂട്ടിയതെങ്ങനെയെന്നു പരിശോധിക്കുന്ന ചരിത്രപുസ്തകങ്ങൾ വേറെ.

റാസ്പുടിന്റെ വധവും അതിന് ഫെലിക്‌സ് യൂസുപോവ് നിരത്തിയ കാരണങ്ങളും തിന്മയ്ക്കുമേൽ നന്മ ജയംനേടുന്ന കഥയുടെ ഘടനാഭദ്രത ആ ജീവിതത്തിനു നൽകി. ചക്രവർത്തിയിൽ തങ്ങൾക്കുള്ള നിയന്ത്രണം തിരിച്ചുകിട്ടിയെന്നു കരുതി പ്രഭുക്കളും വരേണ്യരും ആ മരണത്തിൽ ആനന്ദിച്ചപ്പോൾ കർഷകർ വിലപിച്ചു. ചക്രവർത്തിയെ നിയന്ത്രിക്കാൻമാത്രം ഉയർന്ന തങ്ങളിലൊരുവനോട് ഉപരിവർഗംചെയ്ത ചതിയായി അവരതിനെക്കണ്ടു. റാസ്പുടിൻ കൊല്ലപ്പെട്ട് ഒരുകൊല്ലത്തിനകം ഒക്ടോബർ വിപ്ലവത്തിലൂടെ ലെനിൻ സോവിയറ്റ് യൂണിയന്റെ ആദ്യ ഭരണാധികാരിയായപ്പോൾ, മറ്റൊരു വിപ്ലവകാരി അലക്‌സാൻഡർ കെറെൻസ്‌കി പറഞ്ഞത്രേ: ‘‘റാസ്പുടിൻ ഇല്ലായിരുന്നെങ്കിൽ ലെനിൻ ഉണ്ടാകുമായിരുന്നില്ല.’’

ബോണി എം

മാർസിയ ബാരെറ്റ്, ലിസ് മിച്ചൽ, മൈസീ വില്യംസ് എന്നീ ഗായികമാർ; ഡിസ്‌കോ താളത്തിൽ തുള്ളിപ്പാടുന്ന ബോബി ഫാരെൽ. ഇവർ നാലുപേരും ചേർന്നാൽ ബോണി എം.  കരീബിയയിൽനിന്നുള്ള ഇവരെച്ചേർത്ത് ജർമൻകാരൻ ഫ്രാങ്ക് ഫാരിയൻ സംഗീതസംഘമുണ്ടാക്കിയപ്പോൾ അത് വർണത്തിനും ദേശത്തിനും അതീതമായ പാട്ടുകൂട്ടമായി. അവർ പാടി അവതരിപ്പിച്ച പാട്ടുകൾ കാലാതീതവും. ഡാഡി കൂൾ, റാസ്പുടിൻ, സണ്ണി, റിവേഴ്‌സ് ഓഫ് ബാബിലോൺ... എല്ലാം ഹിറ്റ്. 

ഓസ്‌ട്രേലിയൻ ഡിറ്റക്ടീവ് ഷോയായ ബോണിയിൽനിന്നാണ് ഫാരിയന് ബോണി എം എന്ന പേരുകിട്ടിയത്.  1970-തുകളിലെ ഒരു പ്രതിഭാസമായിരുന്നു ബോണി എം. പെട്ടെന്നുണ്ടായ പ്രശസ്തിപോലെ പെട്ടെന്നായിരുന്നു ബോണി എം മറഞ്ഞത്. 1986-ൽ അവർ ഔദ്യോഗികമായി വേദിയോടു വിടവാങ്ങി. റാസ്പുടിന്റെ ചരമദിനത്തിൽ അദ്ദേഹം മരിച്ച അതേനഗരത്തിൽ നാൽവർസംഘത്തിലെ ഏകപുരുഷനായ ഫാരെൽ അന്ത്യശ്വാസം വലിച്ചു. മറ്റുള്ളവർ ഇന്നും പാടിക്കൊണ്ടിരിക്കുന്നു.