2020-ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരം ഉന്നതവിദ്യാഭ്യാസരംഗം ഇന്ത്യയിലാകമാനം ഘടനാപരവും ഗുണപരവുമായ ഒരു മാറ്റത്തിന്‌ തയ്യാറെടുക്കുകയാണ്. ഇതോടനുബന്ധിച്ച് ഒട്ടേറെ മാർഗരേഖകൾ കേന്ദ്രവിദ്യാഭ്യാസവകുപ്പും യു.ജി.സി.പോലുള്ള സമിതികളും പുറപ്പെടുവിച്ചുതുടങ്ങിയിട്ടുണ്ട്. അതിൽ  പ്രധാനപ്പെട്ട ഒന്നാണ് യു.ജി.സി. പുറപ്പെടുവിച്ച ബ്ലൻഡഡ് ലേണിങ് സംബന്ധിച്ച മാർഗരേഖ. നിലവിലെ പഠനസമ്പ്രദായങ്ങളെ അടിമുടി മാറ്റിമറിച്ചേക്കാവുന്ന ഈ പഠനരീതി  പ്രതീക്ഷകളും  ആശങ്കകളും ഉയർത്തുന്നുണ്ട്. 

# നിലവിലെ പഠനരീതികളും വിലയിരുത്തലുകളും
നമ്മളോരോരുത്തരും വ്യത്യസ്തരായിരിക്കുന്നതുപോലെത്തന്നെ നമ്മുടെയെല്ലാം പഠനരീതികളും വ്യത്യസ്തമാണ്. ഒരാൾ പഠിക്കാനായി സാധാരണ കേൾവി (auditory), കാഴ്ച (visual), തൊട്ടറിവ് (kinesthetic) എന്നിവയ്ക്കൊപ്പം വായന-എഴുത്ത് (read-write) എന്നീ മാർഗങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണമായി, ചിലർക്ക് വളരെ സാവധാനത്തിൽ പലതവണ കണ്ടും കേട്ടുമേ പഠിക്കാനാവൂ. മറ്റുചിലരാകട്ടെ വളരെപ്പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കും. ഇതിൽ കൈനസ്തെറ്റിക് രീതി ശാസ്ത്ര-സാങ്കേതിക പഠനങ്ങൾക്കൊപ്പം കലാപഠനങ്ങളിലും വളരെ പ്രധാനപ്പെട്ടതാണ്. നിലവിലുള്ള പാഠ്യപദ്ധതികളെല്ലാം മേൽസൂചിപ്പിച്ച മാർഗങ്ങളെ ആശ്രയിക്കുന്നവിധത്തിൽ ശരാശരി പഠനനിലവാരം പുലർത്തുന്നവർക്കുവേണ്ടി തയ്യാറാക്കിയവയാണ്.

# ബ്ലൂംസ് ടാക്സോണമി
1956-ൽ ബഞ്ചമിൻ ബ്ലൂമും പങ്കാളികളും ചേർന്ന്, പഠനലക്ഷ്യങ്ങൾ വിലയിരുത്താനായി ബ്ലൂംസ് ടാക്സോണമി എന്നറിയപ്പെടുന്ന ഒരു ചട്ടക്കൂട് നിർമിക്കുകയുണ്ടായി. പിരമിഡ് ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ ചട്ടക്കൂട് വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി ഏതൊക്കെ കഴിവുകളാർജിക്കണമെന്ന് നിർവചിക്കുന്നു (ചിത്രം കാണുക) പഠിച്ച കാര്യങ്ങൾ ഓർമിക്കുക (remember), അതിന്റെ അന്തഃസത്ത മനസ്സിലാക്കുക (understand), പഠിച്ചവിഷയങ്ങൾ പ്രയോഗിക്കുക (apply), ആർജിച്ച അറിവ് വിശകലനങ്ങൾക്കായി ഉപയോഗിക്കുക (analyse), അവ വിലയിരുത്തലുകൾക്കായി ഉപയോഗപ്പെടുത്തുക (evaluate), പുതിയ അറിവുകൾ നിർമിച്ചെടുക്കുക (create) എന്നിവയാണ് ബ്ലൂംസ് രീതിയിലെ വിവിധതലങ്ങൾ.

1990-കൾക്കുശേഷം ലോകം മുഴുവൻ ഒറ്റക്കമ്പോളമായി മാറിയശേഷം നമുക്ക് വിവിധ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ തുറന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസംനേടുന്ന ഒരാൾക്ക് ലോകത്തെവിടെച്ചെന്നാലും സ്വീകാര്യത ലഭിക്കേണ്ടത് അത്യാവശ്യമായിവരുന്നു. എന്നാൽ, ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം നേടുന്ന ഒരാൾക്ക് പല പാശ്ചാത്യരാജ്യങ്ങളിലും പഠനത്തിനൊത്ത ജോലി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. മെഡിക്കൽ, എൻജിനിയറിങ്, മാനേജ്‌മെന്റ് പോലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസമേഖലകളിൽ ഇത് വളരെ പ്രകടമാണ്. മറുനാടുകളിലേക്ക് പോകുന്ന പ്രൊഫഷണലുകൾ അന്നാട്ടിൽ ജോലിലഭിക്കാനായി വീണ്ടും പഠിക്കേണ്ടിവരിക, തുല്യതാപരീക്ഷകൾ പാസാകാനായി കഷ്ടപ്പെടുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിൽത്തന്നെ വിദ്യാഭ്യാസംകഴിഞ്ഞ് തൊഴിലിൽ ഏർപ്പെടാൻ കഴിവുള്ളവരുടെ എണ്ണം കുറവാണെന്ന വാർത്തകൾ ഇതിനോട്‌ ചേർത്തുവായിക്കണം. ഇത്തരം പ്രശ്നങ്ങൾ മറികടക്കാനായി എൻജിനിയറിങ്പോലുള്ള മേഖലകളിലെ വിദ്യാഭ്യാസരീതികൾ ചില അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പിന്തുടരാമെന്ന് ഉറപ്പുനൽകുന്ന വിധത്തിൽ വാഷിങ്ടൺ അക്കോഡ് പോലുള്ള ചില ഉടമ്പടികൾ ഇന്ത്യ ഒപ്പുെവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങളിൽ ബ്ലൂംസ് ടാക്സോണമിക്ക് ശക്തമായ സ്വാധീനമുണ്ട്.

പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് ഏതൊരു വിദ്യാഭ്യാസപദ്ധതിയുടെയും അടിസ്ഥാന ശിലകളിലൊന്നാണ്. ഒരാൾ പഠനത്തിൽ നടത്തിയ പുരോഗതി വിലയിരുത്താൻ നമ്മുടെ നാട്ടിൽ ഇപ്പോഴും കോഴ്സുകളുടെ അവസാനം നടത്തുന്ന പരീക്ഷകൾ പിന്തുടർന്നുപോരുന്നു. നിലവിലുള്ള പരീക്ഷാസമ്പ്രദായം പ്രധാനമായും പഠിതാവിന്റെ ഓർമശക്തിമാത്രം പരീക്ഷിക്കുന്ന ഒന്നാണ്. സ്വായത്തമാക്കിയ അറിവ് പ്രയോഗത്തിൽ വരുത്താൻ കഴിവുണ്ടോ എന്നത് നിലവിൽ എവിടെയും പരിശോധിക്കപ്പെടുന്നില്ല. ബ്ലൂംസ് രീതിയനുസരിച്ചുള്ള നിരന്തരമായ മൂല്യനിർണയവും പാഠ്യപദ്ധതിയിൽ ഉദ്ദേശിച്ച രീതിയിലുള്ള അറിവിന്റെസ്വാംശീകരണംനടന്നിട്ടുണ്ടോ എന്നുള്ള പരിശോധനകളുമാണ് ലോകത്തെ മികച്ച സ്ഥാപനങ്ങളിൽ മൂല്യനിർണയത്തിനായി ആവിഷ്കരിച്ചിട്ടുള്ളത്.

# ഓൺലൈൻ ലേണിങ്ങും മൂക്കും
ഈ കോവിഡ് കാലത്ത് ഓൺലൈൻ  വിദ്യാഭ്യാസം എല്ലാവർക്കും പരിചിതമാണല്ലോ. 1999-ൽ ടൂബിങ്ങൻ സർവകലാശാല അവരുടെ ലക്ചറുകളുടെ വീഡിയോ ഓൺലൈനായി ലഭ്യമാക്കുന്നതുവഴിയാണ് ഓപ്പൺകോഴ്‌സ് വെയർ മുന്നേറ്റം ആരംഭിക്കുന്നത്. എം.ഐ.ടി., കാർണഗി മെല്ലൺ സർവകലാശാലകൾ ഓപ്പൺ ലേണിങ് സംരംഭങ്ങൾ ആരംഭിച്ചതിനെ പിൻതുടർന്ന് പല സർവകലാശാലകളും ഇത്തരം ഓൺലൈൻ കോഴ്‌സുകൾ പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ തുടങ്ങി. ഇത്തരം വിദ്യാഭ്യാസരീതിക്കുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് പല സർവകലാശാലകളും അവരുടെ ക്ലാസ് റൂമുകളും കോഴ്സുകളും ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് ഓൺലൈനിൽ ലഭ്യമാക്കിയ രീതി മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) എന്നറിയപ്പെടുന്നു. മുൻ യോഗ്യതകളൊന്നുമില്ലാതെ ആർക്കും മൂക്ക്കളിൽ ചേരുന്നതിനും ചെറിയ ഫീസ് നൽകി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നതിനും അവസരമുണ്ട്.
ഹാർവാഡ്, എം.ഐ.ടി., കേംബ്രിജ്‌ പോലുള്ള പ്രശസ്ത സർവകലാശാലകളിൽ ഒരു കോഴ്സ് പഠിക്കുകയെന്നത് ലോകത്തെവിടെയുമുള്ള സാധാരണക്കാർക്ക് പ്രാപ്യമായി എന്നതാണ് മൂക്കുകളുടെ വരവിനുശേഷം ഉന്നതവിദ്യാഭ്യാസത്തിൽ സംഭവിച്ചത്. എഡെക്സ് (edX), കോഴ്‌സെറ (Coursera) എന്നിവയൊക്കെ ഈ മേഖലയിലെ ശ്രദ്ധേയമായ സംരംഭങ്ങളാണ്. ഇന്ത്യയിൽ ഓൺലൈൻ പഠനരംഗത്ത് ഇഗ്‌നോ, എൻ.പി.ടി.എൽ. (NPTEL), സ്വയം (SWAYAM) തുടങ്ങിയവ കുറെക്കാലമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഓൺലൈൻ കോഴ്സുകൾവഴി വൈദഗ്ധ്യം വർധിപ്പിക്കാനോ സർട്ടിഫിക്കേറ്റ്‌ നൽകാനോ കാര്യമായ മറ്റുശ്രമങ്ങൾ ഉണ്ടായിരുന്നില്ല.

# പ്രതീക്ഷകളും പ്രശ്നങ്ങളും 
കോവിഡ് സമൂഹത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വം ഓൺലൈൻ പഠനം വ്യാപകമാക്കിയിട്ടുണ്ട്. എന്നാൽ, വിഷയപഠനത്തിനപ്പുറം സമപ്രായക്കാരുമായുള്ള ഇടപെടലിലൂടെ കുട്ടികൾ ആർജിക്കേണ്ട സാമൂഹികവും വൈകാരികവുമായ വികാസം ഓൺലൈൻപഠനത്തിൽ നിഷേധിക്കപ്പെടുന്നു. കോവിഡ് കാലത്തെ ഓൺലൈൻപഠനം വിദ്യാർഥികളിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഓൺലൈൻ ക്ലാസുകൾക്ക് അനുയോജ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയറുകൾ, ഇന്റർനെറ്റ് േഡറ്റ, വേഗമുള്ള നെറ്റ്‌വർക്ക്, അനുയോജ്യമായ പാഠപുസ്തകങ്ങളുടെയും മൂല്യനിർണയരീതികളുടെയും ലഭ്യത എന്നിവയെല്ലാം ബ്ലൻഡഡ് ലേണിങ്ങിനുമുണ്ടായേക്കാം. പഠനം ഓൺലൈനാകുന്നതിൽ വലിയ പ്രശ്നം നിലനിൽക്കാത്തപ്പോഴും പരീക്ഷകളുടെ നടത്തിപ്പ് ഓൺലൈനാക്കാൻ ഒരു വിമുഖത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വ്യാപകമായി ഓൺലൈൻ പരീക്ഷകൾ നടത്താൻ നമ്മുടെ സർവകലാശാലകൾക്ക് പരിമിതികളുണ്ട്. സാങ്കേതികവിദ്യ, മൂല്യനിർണയത്തിൽ വേണ്ടിവരുന്ന വിപ്ളവകരമായ മാറ്റങ്ങൾ, സർവോപരി ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ വേണ്ടിവരുന്ന നൂതനമായ രീതികൾ ഇവയിലൊക്കെ നമ്മൾ പ്രശ്നം നേരിടുന്നു. തുറന്ന പുസ്തകങ്ങൾവെച്ചുള്ള പരീക്ഷകൾ, ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർഥികൾതന്നെ തയ്യാറാക്കുന്ന രീതി, പ്രോജക്ട് അധിഷ്ഠിതമായ പഠനം എന്നിവയൊക്കെ ഇന്ന് നിലവിലുള്ള അന്താരാഷ്ട്ര സമ്പ്രദായങ്ങളാണ്. എങ്കിലും നമ്മുടെ നിലവിലെ സാഹചര്യത്തിൽ ഇവയെല്ലാം എത്രത്തോളം പ്രായോഗികമായി നടപ്പാക്കാനാവുമെന്ന് കണ്ടറിയണം. 

മുഖ്യധാരാ വിദ്യാഭ്യാസസംവിധാനങ്ങൾ ഗണിത-യുക്തിക്ക്‌ (logic and mathematical= reasoning) പ്രാമുഖ്യം കൊടുക്കുന്നതാണ്. പഠനത്തിലേക്ക് കടന്നുവരുന്ന ഒരു വിദ്യാർഥിയെ സമൂഹത്തിന്‌/വ്യവസായത്തിന് ഉപയോഗപ്പെടുത്താൻപാകത്തിൽ എങ്ങനെ തയ്യാറാക്കാമെന്നതാണ് ഈ സംവിധാനങ്ങളുടെ മുഖ്യലക്ഷ്യം. വിദ്യാർഥിയുടെ മറ്റുകഴിവുകളും (multiple intelligence) വിദ്യാഭ്യാസ സംവിധാനത്തിൽത്തന്നെ പരിപോഷിപ്പിച്ചാൽ അത് വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് ഒരുപോലെ പ്രയോജനപ്പെടുത്താനാവുമോ എന്നതും ചിന്തിക്കാവുന്നതാണ്.

# നമുക്ക് സാധ്യമായതെന്താണ്?
നിലവിൽ അധ്യാപകർ കൂടുതലായും ക്ലാസിൽ സമയംചെലവഴിക്കുന്നത് ലക്ചറുകൾക്കും പാഠവിവരണങ്ങൾക്കുമാണ്. ബ്ലൻഡഡ് പഠനരീതിയിൽ സംശയനിവാരണത്തിനും സർഗാത്മകചർച്ചകൾക്കും കൂടുതൽ സമയം ലഭിക്കുന്നു.  ഇത്തരം ബ്ലൻഡഡ് ലേണിങ്ങിന്‌ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിൽ നമ്മുടെ പാഠ്യപദ്ധതികളെ അടിയന്തരമായി പരിഷ്കരിക്കേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികവും മാനസികവും കായികവുമായ വളർച്ചകളെക്കൂടി ഉൾപ്പെടുത്തുന്ന രീതിയിലാവണം ബ്ലൻഡഡ് ലേണിങ്. 
വലിയതോതിൽ മാനവശേഷി കയറ്റുമതിചെയ്യുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറിവും വൈദഗ്ധ്യവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കേണ്ടത് ഇക്കാര്യത്തിൽ നമുക്കുള്ള മേൽക്കൈ നിലനിർത്താനാവശ്യമാണ്. നിലവിൽ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടത്തിവരുന്ന ബ്ലൻഡഡ് ലേണിങ്പോലുള്ള നിർദേശങ്ങളെ ഒരവസരമായിക്കണ്ട് നാം മുന്നോട്ടിറങ്ങണം.

ലോകമെമ്പാടും സ്വീകരിക്കപ്പെട്ട ബ്ലൂംസ് ടാക്സോണമി സ്കൂൾ വിദ്യാഭ്യാസംമുതൽ ഉന്നതവിദ്യാഭ്യാസമേഖലകളിൽവരെ വ്യത്യസ്തരൂപങ്ങളിൽ ഉപയോഗിക്കപ്പെട്ടുവരുന്നു. നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസമേഖല ഇപ്പോഴും ഊന്നൽ നൽകുന്നതും വിദ്യാർഥികളെ വിലയിരുത്തുന്നതും ഇതിന്റെ അടിസ്ഥാനതലങ്ങളിൽ ഊന്നിമാത്രമാണ്. വസ്തുതകളെ താരതമ്യംചെയ്യുക, വിമർശനാത്മകമായി സ്വയം വിലയിരുത്തുക എന്നീ ഉയർന്നതലങ്ങൾ കടന്ന് അറിവുത്‌പാദിപ്പിക്കുക എന്ന ഏറ്റവും ഉയർന്ന തലത്തിലേക്കെത്താൻ നമുക്കാവാത്തതിനാൽ ഒരു വിജ്ഞാനസമൂഹമായി മാറാൻ നമുക്ക് കഴിയുന്നില്ല. കേവലമായ അറിവിന്റെ സ്വാംശീകരണത്തിൽനിന്ന്‌ പരസ്പരം  അറിവുത്‌പാദനത്തിന്‌ പ്രേരണനൽകുന്ന ഒരു സമൂഹത്തിലേക്ക് മുന്നേറാൻ ബ്ലൻഡഡ് പഠനരീതി ഒരു നിമിത്തമാവട്ടെ. 

എന്താണ് ബ്ലൻഡഡ് ലേണിങ്

പലരും ബ്ലൻഡഡ് ലേണിങ്ങിനെ ഓൺലൈൻ ലേണിങ്മാത്രമായിട്ടാണ് കാണുന്നത്. എന്നാൽ, ക്ലാസ്‌മുറികൾക്കൊപ്പം ഓൺലൈൻ മൾട്ടിമീഡിയ സങ്കേതങ്ങളിൽ ലഭ്യമായ കോഴ്സുകളും ഒരു നിശ്ചിത അനുപാതത്തിൽ ചേർത്ത പഠന രീതിയെയാണ് ബ്ലെൻഡഡ് അഥവാ ഹൈബ്രിഡ് ലേണിങ് എന്ന്‌ വിശേഷിപ്പിക്കുന്നത്. ഓരോ ക്ലാസും മുഖാമുഖപഠനത്തിനൊപ്പം ഡിജിറ്റൽ സങ്കേതങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചൈനയിലെ വൻമതിലിനെക്കുറിച്ച് പഠിപ്പിക്കുമ്പോൾത്തന്നെ അധ്യാപകന് വിദ്യാർഥിയെ വൻമതിലിലൂടെ ഒരു വെർച്വൽടൂറിന് വിടാനാകും. ഓഡിയോ, വീഡിയോ, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങൾ ഓൺലൈൻ പാഠങ്ങൾക്കൊപ്പം ക്ലാസിലേക്ക് സന്നിവേശിപ്പിക്കാനാകും.
സമീപകാലത്ത് ക്ലാസ്റൂം സങ്കേതങ്ങളെയും ഓൺലൈൻ കോഴ്സുകളെയും ശ്രദ്ധാപൂർവം മിശ്രണംചെയ്ത് വിദ്യാർഥികളിലേക്ക് എത്തിക്കുന്ന ഈ പഠനരീതി വിദേശങ്ങളിൽ പ്രചാരത്തിലായിവരുന്നുണ്ട്. ക്ലാസ്‌മുറികളിൽനിന്ന് ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധയും ഓൺലൈൻ വിഷയങ്ങളുടെ വിശാലതയും കൂട്ടിച്ചേർക്കുന്ന ബ്ലൻഡഡ് പനം എല്ലാ പഠനനിലവാരത്തിലുള്ളവർക്കും യോജിച്ചതാണ്. ഓരോരുത്തരുടെയും കഴിവും അഭിരുചിയും അനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനും ആഴത്തിൽ പഠിക്കുന്നതിനും ഇത്തരം ബ്ളൻഡഡ് രീതി ഉപയോഗിക്കാൻപറ്റും.  ഇത്തരം ഡിജിറ്റൽ സംവിധാനങ്ങളെ ഏകീകരിച്ച് വിദ്യാർഥിയുടെ പഠനവഴിയിലൂടെ കൂടെ സഞ്ചരിക്കുന്ന ഒരു ഫെസിലിറ്റേറ്റർ എന്ന നിലയിലേക്ക് അധ്യാപകന്റെ റോൾ മാറും. 
വിദേശത്തും ഇന്ത്യയിൽ ഐ.ഐ.ടി., ഐ.ഐ.എം. പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിലും പഠനത്തിനായി ചേരുന്ന വിദ്യാർഥികൾക്ക് അവർ പഠിക്കാനായി ചേർന്ന വിഷയത്തിൽ  ഏകദേശം നാല്പതുശതമാനം കോഴ്‌സുകളേ (പേപ്പറുകൾ) പഠിക്കേണ്ടതുള്ളൂ.  നാല്പതുശതമാനം അവർക്കിഷ്ടമുള്ള കോഴ്‌സുകൾ പഠിച്ച് ക്രെഡിറ്റുനേടാം. പിന്നീടുള്ള ഇരുപതുശതമാനം ഗവേഷണപ്രോജക്ടുകളും മറ്റും ചെയ്ത് ബിരുദം കരസ്ഥമാക്കാം. ഇതിൽ ഉൾപ്പെടുന്ന കോഴ്സുകളും പ്രോജക്ടുകളും സ്വന്തം സ്ഥാപനത്തിൽത്തന്നെ ചെയ്യണമെന്നില്ല.
ഒരു ബിരുദപ്രോഗ്രാമിനെ ബ്ലൻഡഡ് രീതിയിലേക്ക് പരിവർത്തനംചെയ്യുമ്പോൾ രണ്ടുസാധ്യതകളാണ് മുന്നിലുള്ളത്-പഠിക്കേണ്ട പേപ്പറുകളിൽ മുഖാമുഖ ക്ലാസുകൾക്കൊപ്പം ഓൺലൈൻ സാധ്യതകൾകൂടി ഉൾപ്പെടുത്തി പഠനമേഖല വിപുലമാക്കുന്നതും അനുയോജ്യമായ ചില പേപ്പറുകൾ പൂർണമായും ഓൺലൈനായി പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നതും. ബ്ലൻഡഡ് ലേണിങ് എന്നത് നിലവിലുള്ള സിലബസിന്റെ റെക്കോഡ് ചെയ്ത ക്ലാസുകൾ ഓൺലൈനായി ലഭ്യമാക്കുക എന്നതല്ല. മറിച്ച്, മുഖാമുഖപഠനത്തിന്റെ ൈജവികത നിലനിർത്തിക്കൊണ്ടുതന്നെ, വിദ്യാർഥികൾക്ക് സ്വയം പഠിക്കാനാകുന്ന ചില പാഠഭാഗങ്ങൾ ഓൺലൈൻപഠനത്തിനുവേണ്ടി ക്രമീകരിക്കുന്ന രീതിയിൽ പാഠ്യപദ്ധതി നവീകരിക്കപ്പെടേണ്ടതുണ്ട്.  ബിരുദതലത്തിൽ നാല്പതുശതമാനം ക്ലാസുകൾ ഓൺലൈനാക്കാൻ യു.ജി.സി.യുടെ മാർഗരേഖ നിർദേശിച്ചിരിക്കുന്നു. പാഠ്യപദ്ധതിയുടെ കാര്യക്ഷമത വർധിപ്പിക്കുന്ന രീതിയിൽ മുഖാമുഖ-ഓൺലൈൻ പാഠ്യപദ്ധതിയുടെ ശതമാനം വിഷയാധിഷ്ഠിതമായിട്ടുവേണം നിർണയിക്കേണ്ടത്.

 

( ആറ്റിങ്ങൽ കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌ പ്രിൻസിപ്പലാണ്‌ സുനിൽ തോമസ്‌  കാസർകോട്‌ ഗവ. കോളേജ്‌ അസി. പ്രൊഫസറാണ്‌ ജിജോ പി. ഉലഹന്നാൻ)