tourismഇന്ന്‌  ലോകടൂറിസം ദിനം

ആഗോളതലത്തിൽ ടൂറിസം വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്‌. മഹാമാരി പൂർണമായും തകർത്ത മറ്റൊരു മേഖലയില്ല. തൊഴിലില്ലായ്മയും തകർച്ചയും ബാധിച്ച വിപണിയും മനുഷ്യരും. ടൂറിസം ലോകത്തെ പ്രശ്നങ്ങൾ താമസിയാതെ പരിഹരിക്കപ്പെടുമെന്ന സന്ദേശം നൽകാൻവേണ്ടി ലോക ടൂറിസം സംഘടനയുടെ നിർവഹണസമിതി യോഗം ജോർജിയയുടെ തലസ്ഥാനമായ ടിബിലീസിയിൽ സംഘടിപ്പിക്കപ്പെട്ടു. വ്യത്യസ്തമായ രീതിയിലായിരുന്നു വീഡിയോ കോൺഫറൻസും പ്രതിനിധികൾക്ക് നേരിട്ടുള്ള യോഗപങ്കാളിത്തവും.

 കൊറോണദുരന്തം ആരംഭിച്ചതിനുശേഷം ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര യോഗം. 24 രാജ്യങ്ങളിൽനിന്നായി 170 പ്രതിനിധികൾ. കോവിഡ്‌-19 മഹാമാരി ഏറ്റവും കൂടുതൽ തകർത്തുകളഞ്ഞ സാമ്പത്തിക മേഖലകളിലൊന്നാണ് ടൂറിസമെന്ന് കൗൺസിൽ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

ഹോട്ടലുകളുടെയും ടൂർ കമ്പനികളുടെയും അടച്ചിടലിന്റെ ‘സുനാമി’ ഉണ്ടാകുമെന്ന് എല്ലാവരും ഭയക്കുന്നു. അന്താരാഷ്ട്ര ടൂറിസംമേഖലയിൽ 70 ലക്ഷം കോടി കയറ്റുമതി നഷ്ടം പ്രതീക്ഷിക്കുന്ന അവസ്ഥയിലാണ്‌ നാം. തൊഴിലവസരങ്ങൾ പൂർവസ്ഥിതിപ്രാപിക്കാൻ രണ്ടു വർഷമെങ്കിലും എടുക്കുമെന്നത് മറ്റൊരു അപകടകരമായ പ്രതിസന്ധി.

പല രാജ്യങ്ങളും ടൂറിസത്തെ പിന്തുണയ്ക്കുന്ന ധനപാക്കേജുകൾ കൊണ്ടുവന്നു. സാമ്പത്തികസഹായം നൽകുന്നതിനും വായ്പ തിരിച്ചടയ്ക്കൽ വൈകിപ്പിക്കുന്നതിനും ഊന്നൽനൽകുന്നവ. പലതും വ്യവസായത്തെ പിടിച്ചുനിർത്താൻ ഒരു പരിധിവരെ സഹായിച്ചു. ചില യൂറോപ്യൻ രാജ്യങ്ങളാകട്ടെ, തൊഴിലാളികളുടെ ശമ്പളത്തിന്റെ ഒരു പങ്ക് ഏറ്റെടുത്തു. ചിലർ ഉദാരവ്യവസ്ഥയിൽ താത്കാലിക വായ്പകൾ നൽകി.  ലഭിച്ചില്ല, കേന്ദ്ര പരിഗണന

ഇന്ത്യയിൽ ടൂറിസം രംഗത്തിന്‌ വേണ്ടപരിഗണന ലഭിച്ചില്ല എന്നാണ് വിലയിരുത്തിയിട്ടുള്ളത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവന പാക്കേജുകൾ ടൂറിസം വ്യവസായത്തിന്റെ യഥാർഥപ്രശ്നങ്ങളെ വേണ്ടവിധം പരിഗണിച്ചിട്ടില്ല. റിസർവ് ബാങ്ക് 2020 ജൂലായിലെ സാമ്പത്തികസ്ഥിരത റിപ്പോർട്ടിൽ, ഈ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച അഞ്ച് മേഖലകളുടെ റിസ്‌ക് സർവേ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന മാസങ്ങളിൽ ടൂറിസംമേഖലയുടെ തിരിച്ചുവരവിനുള്ള സാധ്യത തീരെ കുറവാണ് എന്നാണ് സർവേയിൽ പങ്കെടുത്ത 90 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ടൂറിസത്തിലെ വിവിധ വ്യവസായമേഖലയുടെ സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി (FAITH) ഒരു പ്രത്യേക ടൂറിസം വ്യവസായ പാക്കേജിനായി അഭ്യർഥിക്കുകയുണ്ടായി. സഹായധനത്തിനായി കോവിഡ്‌-19 ഫണ്ട് നൽകൽ, നിലവിലെ നികുതി-വായ്പാ ബാധ്യതകൾ ഒഴിവാക്കൽ എന്നീ ആവശ്യങ്ങൾ അവർ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ അഭ്യർഥനകളോട് കേന്ദ്രസർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല.

 കേരളം എന്തുചെയ്യണം
കേരളത്തിലേക്ക്‌ വരാം. പ്രശ്നം അതിരൂക്ഷം തന്നെ, സുപ്രധാന സാമ്പത്തിക പ്രേരകങ്ങളിലൊന്നായ ടൂറിസത്തെ മഹാമാരി തച്ചുടച്ചുകളഞ്ഞു. തൊഴിൽനഷ്ടം, ബിസിനസുകളുടെ അടച്ചിടൽ, വെട്ടിക്കുറച്ച വേതനം എന്നിവയാണ്‌ ഈ മേഖലയിലാകമാനം. ടൂറിസം ഒരു പ്രധാന പങ്കുവഹിക്കുന്ന മറ്റിടങ്ങളിലെന്നപോലെ, കേരളത്തിലെ ടൂറിസംസംരംഭങ്ങൾ നിർത്തലാക്കിയത് യുവാക്കളെയും സ്ത്രീകളെയും ഗ്രാമീണജനതയെയും സാരമായി ബാധിക്കുകയും അവരുടെ ഉപജീവനമാർഗങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇന്നുവരെയുള്ള മൊത്തം നഷ്ടം 14,000 കോടിയിലധികം വരും. എടുത്തുപറയേണ്ട ഒരു കാര്യം, വിനോദസഞ്ചാരമേഖലയ്ക്ക് പിന്തുണയുടെ പാക്കേജ് പ്രഖ്യാപിച്ച ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നതാണ്‌. വലിയ സംരംഭകർക്ക് 25 ലക്ഷം രൂപവരെ വായ്പപ്പദ്ധതിയും ടൂറിസം ജീവനക്കാർക്ക് ഒരു ചെറിയ വായ്പപ്പദ്ധതിയും ചേർന്ന ഒരു പാക്കേജ്. ഹൗസ് ബോട്ട് ഓപ്പറേറ്റർമാർക്കും സാമ്പത്തികസഹായം നൽകിയിട്ടുണ്ട്. ഇത് സ്വാഗതം ചെയ്യേണ്ടതുതന്നെ. എന്നാൽ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ടൂറിസം സംരംഭങ്ങൾക്കും ഉപജീവനമാർഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് അനൗപചാരിക തൊഴിലാളികൾക്കും പ്രത്യക്ഷ, പരോക്ഷ ജീവനക്കാർക്കും ഈ ആനുകൂല്യങ്ങളുടെ പ്രയോജനം ലഭിക്കില്ല എന്നത് മറന്നുകൂടാ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പരാധീനതകൾക്കിടയിൽ കൂടുതൽ സാമ്പത്തിക പാക്കേജുകൾ ടൂറിസം വ്യവസായത്തിനായി പ്രതീക്ഷിക്കുകയെന്നതും അപ്രായോഗികമാണ്.

ഇതിനുള്ള സുപ്രധാനവഴി, സംരംഭങ്ങൾ വീണ്ടും തുറക്കുകയും ജോലിയും വരുമാനവും തിരികെ കൊണ്ടുവരുകയും അതിനായുള്ള സാഹചര്യങ്ങൾ ഒതുക്കുകയും ചെയ്യുക എന്നതാണ്. നമ്മുടെ യാത്രകളും നമ്മൾ ചെലവഴിക്കുന്ന പണവുമാണ് കേരളത്തിലെ ടൂറിസത്തിന്റെ പുനരുജ്ജീവനത്തിന് വഴിതെളിക്കേണ്ടത്. വിനോദസഞ്ചാര പ്രവർത്തനങ്ങൾ വർധിക്കുമ്പോൾ രോഗവും കൂടും. ഈ അപകടം നാം കൂടുതൽ കൃത്യതയോടെ ശ്രദ്ധിക്കയും രോഗവർധനയില്ലാതെ വരുമാനവും തൊഴിലന്തരീക്ഷവും ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി, പ്രവർത്തനങ്ങൾ അനുവദിക്കുന്നമുറയ്ക്ക് എല്ലാ പ്രോട്ടോകോളുകളും സൂക്ഷ്മമായി പാലിക്കണം. ഒരു പടിപടിയായുള്ള കാലിബ്രേറ്റഡ് സമീപനം അത്യന്താപേക്ഷിതം തന്നെ.

  (ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്‌ ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)