ഇന്ന്‌ നവംബർ 21. ലോക ടെലിവിഷൻ ദിനം. ലോകരാഷ്ട്രങ്ങളെല്ലാം നവംബർ 21 ലോകടെലിവിഷൻദിനമായി ആചരിക്കണമെന്ന്‌ 1996 ഡിസംബർ 17-ന്‌ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു.  ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘർഷങ്ങളെക്കുറിച്ച്‌ ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വർധിതസ്വാധീനം ഉപകരിക്കുമെന്ന്‌ മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം.  ഏറ്റവും മികച്ച ആശയവിനിമയ മാധ്യമമെന്നനിലയിൽ, മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതിൽ ടെലിവിഷന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന്‌ സഭ മനസ്സിലാക്കി.  ബന്ധപ്പെട്ട വിഷയങ്ങളിൽ വേറെയും ദിനങ്ങളുള്ളതിനാൽ ടെലിവിഷന്‌ പ്രത്യേകമായി ഒരുദിനം വേണ്ടെന്ന്‌ ജർമനി പ്രമേയത്തെ എതിർത്തു. അക്കൊല്ലം (1996) നവംബർ 21-22 തീയതികളിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽത്തന്നെ വേൾഡ്‌ ടെലിവിഷൻ ഫോറം വളരെ വിശദമായി ടെലിവിഷന്റെ പ്രാധാന്യം ചർച്ചചെയ്തിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ആഗോളവ്യവസ്ഥയിൽ പരസ്പരസഹകരണത്തിന്‌ ടെലിവിഷന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞിരുന്നു. അമ്പത്‌ ലോകരാജ്യങ്ങളിലെ ടെലിവിഷൻ മേഖലയിലെ 150 പ്രമുഖരാണ്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ ഈ ചർച്ചകൾ നടത്തിയത്‌. ജനങ്ങൾക്ക്‌ വിജ്ഞാനം പകരുന്നതിനും ജനവികാരങ്ങളെ സ്വാധീനിച്ച്‌ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിനും ടെലിവിഷന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന്‌ അവർ ബോധ്യപ്പെടുത്തി. ആഗോളവത്കരണത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രതീകമായി ടെലിവിഷൻ എന്ന മാധ്യമത്തെ അവർ കണ്ടത്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.

ഇപ്പോൾ കംപ്യൂട്ടറിലും ലാപ്ടോപ്പിലും ടാബുകളിലും മൊബൈൽ ഫോണുകളിലും ടെലിവിഷൻ പരിപാടികൾ കാണാമെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ ശ്രവ്യ-ദൃശ്യ അവതരണങ്ങൾ സുലഭമാണെങ്കിലും പ്രക്ഷേപണ ടെലിവിഷനുള്ള വിശ്വാസ്യത അവയ്ക്കൊന്നുമില്ല; പ്രത്യേകിച്ചും വ്യാജവാർത്തകളുടെ ബാഹുല്യം അപകടകരമായ അവസ്ഥയിലാണെന്നത്‌ സുവിദിതവുമാണ്‌. ഏതു സന്ദിഗ്ധാവസ്ഥയിലും വാർത്തകൾക്ക്‌ ജനങ്ങൾ കാണുന്നത്‌ ടെലിവിഷൻ ചാനലുകളാണ്‌.
ആഗോളതലത്തിൽ 234 രാജ്യങ്ങളിലായി 80,000-ലേറെ ടെലിവിഷൻ ചാനലുകളാണ്‌ ഇപ്പോൾ പ്രക്ഷേപണം നടത്തുന്നത്‌. ലോകമാകെ 170 കോടി വീടുകളിലാണ്‌ ഒന്നോ അതിലധികമോ ടെലിവിഷനുള്ളത്‌. അഞ്ചുകൊല്ലത്തിനുള്ളിൽ 204 സ്വകാര്യചാനലുകൾ പ്രക്ഷേപണം നിർത്തിയതായാണ്‌ കണക്കുകൾ. 

ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളിൽ മഹാമാരിയുടെ കാലമായ 2020-ൽപ്പോലും 26,200 കോടിയുടെ പരസ്യവരുമാനമുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത്‌ ഒരു ശരാശരി പ്രേക്ഷകൻ നിത്യേന നാലുമണിക്കൂറിലേറെ  ടെലിവിഷൻ കാണുന്നതായാണ്‌ പഠനം. ടെലിവിഷന്റെ വ്യാപ്തിയും പ്രാധാന്യവും ടെലിവിഷൻദിനം ഒരിക്കൽക്കൂടി നമ്മെ ഓർമിപ്പിക്കുന്നു.

(ദൂരദർശൻ മുൻ അഡീഷണൽ  ഡയറക്ടർ ജനറലാണ്‌ ലേഖകൻ)