ഇന്ന്‌ ലോക നദിദിനം

നദി വെറുമൊരു ജലവാഹിനി മാത്രമല്ല. കരയിലെ ജലചാക്രികതയുടെ ജീവനാഡി കൂടിയാണ്. കടലിൽനിന്നും കരയിൽനിന്നും നീരാവിയാവുന്ന ജലം അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്‌ മേഘങ്ങളായി ഘനീഭവിച്ച്‌ മഴയോ മഞ്ഞോ ആയി പെയ്തിറങ്ങി ഭൂമിയുടെ ഉപരിതലത്തിലൂടെയോ ഭൂഗർഭത്തിലൂടെയോ ഒഴുകി കടലിലെത്തി വീണ്ടും യാത്ര
തുടരുന്ന ജീവസന്ധാരണ പ്രക്രിയയാണ് ജലചാക്രികത.

ജലത്തിന്റെയും സൗരോർജത്തിന്റെയും ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഭൂമിയിലെ ജൈവ ആവാസവ്യവസ്ഥകളും ജൈവ വൈവിധ്യവും തീരുമാനിക്കപ്പെടുന്നു. ജലചാക്രികതയുടെ ഗതി തന്നെ തീരുമാനിക്കുന്നത് സൗരോർജത്തിന്റെ ലഭ്യതയാണ്. ഭൂമധ്യരേഖയുടെ തെക്കും വടക്കുമായി 25ഡിഗ്രി അക്ഷാംശത്തിനുള്ളിൽ കിടക്കുന്ന ഉഷ്‌ണമേഖലാപ്രദേശത്താണ് ഭൂമിയിൽ ഏറ്റവും അധികം സൗരോർജം ലഭിക്കുന്നത്. ഇതിൽത്തന്നെ ഭൂവിസ്തൃതിയിൽ വെറും പത്തുശതമാനത്തിൽ താഴെയുള്ള മഴ കൂടുതലുള്ള ആർദ്ര ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്  ഭൂമിയിലെ മൊത്തം ജൈവ വൈവിധ്യത്തിന്റെ 40-50 ശതമാനവും. ഇവിടെത്തന്നെയാണ് ഭൂമിയിലെ 40 ശതമാനം കാടുകളും. ഈ ആർദ്ര ഉഷ്ണമേഖല, കരയിൽ നിന്നുള്ള ബാഷ്പീകരണത്തിന്റെ മുഖ്യസ്രോതസ്സും കടലിലേക്കുള്ള ശുദ്ധജലത്തിന്റെ പ്രധാന ഉറവിടവുമാണ്. അങ്ങനെ ഭൂമിയുടെ ജലചാക്രികതയെയും അന്തരീക്ഷ പരിസഞ്ചരണത്തെയും  നയിക്കുന്നതും നിയന്ത്രിക്കുന്നതും കേരളമുൾപ്പെടുന്ന ഈ ചെറിയ ഭൂവിഭാഗമാണ്.ഈ കാരണങ്ങൾകൊണ്ടുതന്നെ ആർദ്ര ഉഷ്ണമേഖലാപ്രദേശങ്ങളിൽ നിന്നുത്‌ഭവിക്കുന്ന പുഴകൾക്കെല്ലാം ഭൂമിയുടെ കാലാവസ്ഥാ നിയന്ത്രണത്തിൽ വലിയ പ്രസക്തിയാണുള്ളത്.

വായുവിന്റെ ചൂട്‌ ഒരു ഡിഗ്രി കൂടുമ്പോൾ, എട്ട്‌-പത്ത്‌ ശതമാനം അധികം നീരാവി സംഭരിക്കാനുള്ള ശേഷിയാണ് കൂടുന്നത്. ഭൗമ മണ്ഡലത്തിലെ വർധിച്ച ചൂടിന്റെ തൊണ്ണൂറു ശതമാനവും കടലാണ് ഉൾക്കൊണ്ടത്. ഇതുമൂലം കടലിലെ ചൂടും ബാഷ്‌പീകരണത്തിന്റെ തോതും ഉയർന്നു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ വർധിച്ച ജലസാന്നിധ്യം പല വിപത്തുകളുടെയും തുടക്കമാണ്. കടലിന്റെയും കരയുടെയും താപം ആഗിരണം ചെയ്യാനുള്ള കഴിവിലെ വ്യത്യാസം കാറ്റിന്റെ ശക്തിയെ, ദിശയെ സ്വാധീനിക്കുന്നതിനനുസരിച്ച് പേമാരികൾക്കും കൊടുങ്കാറ്റുകൾക്കും വരൾച്ചയ്ക്കും വഴിയൊരുക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ജലചാക്രികതയുടെ വേഗം 24 ശതമാനംവരെ വർധിച്ചതായാണ് പഠനങ്ങൾ പറയുന്നത്. നാം പരിചയിച്ചിട്ടുള്ളതിനെക്കാൾ അനിശ്ചതത്വം കൂടിയതും അപ്രതീക്ഷിത മാറ്റങ്ങളേറെയുമുള്ള കാലങ്ങളാണ് വരാനിരിക്കുന്നത്.

പശ്ചിമഘട്ടനദികളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം

ഒരു പുഴയുടെ ഉദ്‌ഭവവും സ്വഭാവവും ഒഴുകുന്ന വഴിയും അതതു ഭൂപ്രദേശത്തിന്റെ കാലാവസ്ഥ, മഴ, മല, കാട്‌  മണ്ണ് ഇവയുടെ പ്രത്യേകതകൾ, ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു. മഴ നീർച്ചാലായി രൂപം മാറുന്ന പ്രക്രിയ സംഭവിക്കുന്നത് ഒരു നീർമറിത്തടത്തിന്റെ  ചെരിവുകളിലാണ്. ഒരു മലഞ്ചരിവിൽ പതിക്കുന്ന മഴ സസ്യാവരണ ചാർത്തിനിടയിൽക്കൂടെയോ നേരിട്ടോ മണ്ണിൽ പതിക്കുന്നു. മണ്ണിന്റെ അവസ്ഥ അനുസരിച്ച് അത് ഉപരിതലത്തിലൂടെ ഒഴുകിപ്പോവുകയോ ഭാഗികമായോ പൂർണമായോ മണ്ണിൽ ആഗിരണപ്പെടുകയോ ചെയ്യുന്നു. മണ്ണിൽ ആഗിരണം ചെയ്യപ്പെടുന്ന ജലത്തിന് മൂന്നുവഴികൾ സ്വീകരിക്കാം. നേരിട്ടുള്ളതോ സസ്യങ്ങൾ വഴിയുള്ളതോ ആയ ബാഷ്‌പീകരണം വഴി അന്തരീക്ഷത്തിൽ തിരിച്ചെത്താം; ഉപരിതല ഒഴുക്കായി  നീർച്ചാലുകളിലേക്ക് എത്താം; ഭൂഗർഭ ജലമായോ ആഴത്തിലുള്ള ഭൂസംഭരണികളിലോ എത്തിപ്പെടാം. ഈ ഭൂഗർഭ ജലം പിന്നീട്‌ നീർച്ചാലുകളിലേക്ക് തരംപോലെ എത്താം എത്താതിരിക്കാം.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവുകൾ ദേശീയ ശരാശരിയിലും മൂന്നിരട്ടി അധികം മഴ ലഭിക്കുന്ന ഭൂപ്രദേശമാണ്. ഇതിൽ മുഖ്യ പങ്കും തെക്കുപടിഞ്ഞാറൻ കാലവർഷം വഴിയാണ്. ഇതിൽത്തന്നെ പ്രാദേശിക വ്യത്യാസങ്ങൾ 1500 മുതൽ 8000 മില്ലിമീറ്റർ വരെ കാണാം. ഇത്രയും അധികം മഴ കിട്ടിയിരുന്നത് തീവ്രമായ പെയ്ത്തായിട്ടല്ല, മറിച്ച് തുടർച്ചയായ നേർത്ത മഴയായിട്ടായിരുന്നു. സഹ്യാദ്രി മഴക്കാടുകളിലെ മണ്ണിന് ഈ മഴയെ താങ്ങാനും എടുക്കാനും സൂക്ഷിക്കാനും ഉറവകൾവഴി നീർച്ചാലുകളിലേക്ക്‌ ഒഴുക്കാനും ഉള്ള അതിശയകരമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ എത്ര വലിയ മഴയിലും ഉപരിതലത്തിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഈ കാടുകളിൽ സാധാരണ കാണാൻ കഴിയില്ല.

ഭൂമിയുടെ ഉപരിതലത്തിനുതാഴെ കാണപ്പെടുന്ന ഒട്ടേറെ ഉറവകളിലൂടെയാണ് നമ്മുടെ പുഴകൾ ജനിക്കുന്നത്. ഉറവകൾ ഭൂമിക്കടിയിലൂടെ ഒഴുകി ഒന്നുചേർന്ന് ചെറിയ നീർച്ചാലുകളായി പുറത്തേക്ക്‌ ഒഴുകുന്നു. ഈ നീർച്ചാലുകൾ തോടുകളായും ചെറുപുഴകളായും കൈവഴികളായും വളർന്ന് പുഴയായി മാറുന്നു. ഒരു ചെറിയ നീർമറിത്തടത്തിൽ ഒരുദിവസം മാത്രം പെയ്യുന്ന മഴയിൽനിന്ന്‌ നീരൊഴുക്കായി മാറുന്ന ജലം 15 മുതൽ 20 ശതമാനം വരെ ആണെങ്കിൽ നാലുമുതൽ അഞ്ചുദിവസംവരെ നീണ്ടുനിൽക്കുന്ന മഴയിൽ അത് 69 ശതമാനംവരെ ഉയരുന്നതായി കാണാം. അതുകൊണ്ടുതന്നെ പശ്ചിമഘട്ട മലനിരകളിലെ പുഴകളിലെ വെള്ളത്തിന്റെ ഭൂരിഭാഗവും ഭൂഗർഭജലമാണ്. കാലവർഷത്തിനിടയ്ക്ക് ഇടയ്ക്കൊന്നു മഴ മാറിനിന്നാലും അതുകൊണ്ടാണ് പുഴകളിലെ വെള്ളത്തിന്റെ നിരപ്പ് പെട്ടെന്ന് താഴാതിരിക്കുന്നത്. ഭൂഗർഭ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യങ്ങളിൽ തുടർച്ചയായ മഴ വെള്ളപ്പൊക്കങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അതായത് അന്നന്ന് പെയുന്ന മഴയല്ല പശ്ചിമഘട്ട പുഴകളിൽ ഒഴുകുന്നത്. മുൻപേ സംഭരിച്ചുവെച്ച ഭൂഗർഭ ജലമാണ് ഉറവകൾവഴി പുഴകളിലേക്ക് എത്തുന്നത്. നേരത്തേ പെയ്ത മഴയുടെ ഓർമകളാണ് നമ്മുടെ പുഴകൾ.

പുനരുജ്ജീവന പദ്ധതികൾ ആസൂത്രണംചെയ്യുമ്പോൾ

മനുഷ്യന്റെ ഇടപെടൽ മൂലം പുഴയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ പരസ്പരാശ്രിതങ്ങളായ വിഭവങ്ങളുടെ ഉപയോഗവും (ഊർജം, ജലം, ഭൂമി) അതു തമ്മിലുള്ള ബന്ധങ്ങളും ഇതിൽ കാലാവസ്ഥ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ചാലക്കുടിപ്പുഴയുടെ മുകൾഭാഗങ്ങളിൽ പറമ്പിക്കുളം-ആളിയാർ കരാറിന്റെ ഭാഗമായി നാല്‌ അണകൾ കെട്ടി വെള്ളം തിരിച്ചുവിടുന്നതിനാൽ പുഴയുടെ താഴ്ഭാഗങ്ങളിൽ കടുത്ത ജലദൗർലഭ്യം അനുഭവപ്പെടുകയും അത് പുഴയെ ആശ്രയിച്ചുള്ള മുൻ ഉപയോഗങ്ങളിൽ താളപ്പിഴകൾ സൃഷ്ടിക്കുകയും ചെയ്തു. പുഴയിലെ ഒഴുക്കു കുറഞ്ഞതിനാൽ കരാറിനു മുമ്പ് നിലവിലുണ്ടായിരുന്ന ജലസേചന, ജലവൈദ്യുത പദ്ധതികളുടെ കാര്യക്ഷമത കുറയുകയും അതു തരണംചെയ്യാൻ പുതിയ പദ്ധതികൾ വിഭാവനം ചെയ്യുകയുമുണ്ടായി. ഇതിനുപുറമേ ചാലക്കുടി പുഴയിലെ ആദ്യ സംരംഭമായ തുമ്പൂർമൂഴി ജലസേചന പദ്ധതിയുടെ ജലദൗർലഭ്യം പരിഹരിക്കാനായി അതിന്റെ ഇടതു കനാൽ അയക്കട്ട്‌ പൂർണമായും ഇടമലയാർ പദ്ധതിയിലേക്ക് മാറ്റുകയും ചെയ്തു. പുഴയിൽ വെള്ളം കുറഞ്ഞതോടെ ഓരുവെള്ള ഭീഷണി കൂടി അതിനെ മറികടക്കാൻ പുഴ പെരിയാറുമായി ചേരുന്ന കണക്കൻകടവ് പ്രദേശത്ത് ഒരു റെഗുലേറ്ററും പണിയേണ്ടി വന്നു. തുമ്പൂർമൂഴിക്കും കണക്കൻകടവ് റെഗുലേറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിൽ പുഴയിൽനിന്ന് നേരിട്ട്‌ വെള്ളം പമ്പുചെയ്ത്‌ നനച്ചിരുന്ന നൂറു കണക്കിന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ കാര്യക്ഷമത വർധിപ്പിക്കാൻ പമ്പുകൾ തന്നെ മാറ്റി സ്ഥാപിക്കുകയും ജലനിരപ്പ് ഉയർത്താൻ തടയണകൾ കെട്ടുകയും ചെയ്തു.

വർഷകാലത്തിനു ശേഷം ഒഴുക്കു നിലയ്ക്കുന്നതിനാൽ, മത്സ്യ വൈവിധ്യത്തിൽ മഹാനദിയായ ഗംഗയെപ്പോലും വെല്ലുന്ന ഈ ചെറു ചാലക്കുടിയാറിൽ, മത്സ്യജൈവസമ്പത്തിന്ന് നാശോന്മുഖമാണ്. തിരിഞ്ഞു നോക്കുമ്പോൾ 1970-നു ശേഷം ചാലക്കുടിപ്പുഴയിൽ നടപ്പാക്കിയ വികസന പദ്ധതികളെല്ലാംതന്നെ നേരിട്ടോ പരോക്ഷമായോ പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ വേണ്ടിയുള്ളവയായിരുന്നു. 2018-ലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ചാലക്കുടിപ്പുഴയുടെ താഴ്ഭാഗത്തെ പ്രദേശങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ഈ പരസ്പരബന്ധിതമായ വിഭവ ഉപയോഗങ്ങളുടെയും ആഘാതങ്ങളുടെയും തുടർച്ചയാണ്. കാലാവസ്ഥാ വ്യതിയാനവുംകൂടി ഈ സമവാക്യത്തിലേക്കു വരുമ്പോൾ പ്രത്യാഘാതങ്ങൾ രൂക്ഷവും നമ്മുടെ അനുഭവതലങ്ങൾക്കപ്പുറവുമായിരിക്കും.

ജല-ജൈവശാസ്ത്രത്തിന്റെയും പ്രാദേശിക വിജ്ഞാനത്തിന്റെയും സമഗ്രതയിൽ, ക്രിയാത്മകമായ ജനകീയ പങ്കാളിത്തത്തിന്റെ കെട്ടുറപ്പോടെ സമീപിച്ചാലേ കാലാവസ്ഥാവ്യതിയാന കാലത്ത് പുഴകൾ വഴികാട്ടികളാവൂ.

( 'കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും മൂലം ഇന്ത്യൻ നദികൾക്കുണ്ടായിട്ടുള്ള ആഘാതങ്ങൾ’ എന്ന പ്രബന്ധത്തിന് ഐ.ഐ.ടി. ബോംബെയുടെ മികച്ച തീസിസ് പുരസ്കാരം ലഭിച്ച ലേഖകൻ ഇപ്പോൾ, ഇക്വിനോക്ട് കമ്യൂണിറ്റി സോഴ്‌സ്‌ഡ്‌ മോഡലിങ്‌ സൊല്യൂഷൻസിന്റെ ചീഫ് ഏക്സിക്യുട്ടീവ് ഓഫീസറാണ്‌)