image
പ്രതീകാത്മകചിത്രം| Photo: Mathrubhumi 

വേൾഡ് ഇനീക്വാലിറ്റി ലാബ് തയ്യാറാക്കിയ ‘ലോക അസമത്വ റിപ്പോർട്ട്‌-2022’ അസമത്വത്തിന്റെ കാഠിന്യം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നുവ്യക്തമാക്കുന്നു. സമ്പത്ത്, വരുമാനം, ലിംഗവിവേചനം, പരിസ്ഥിതി എന്നീ മേഖലകളിൽ  ആഗോളതലത്തിലും  രാഷ്ട്രങ്ങൾക്കുള്ളിലും സ്ഥിതിചെയ്യുന്ന അസമത്വങ്ങൾ 236 പേജുള്ള റിപ്പോർട്ട് പ്രതിപാദിക്കുന്നു. ഒരവലോകനം...

മ്പത്തിന്റെയും വരുമാനത്തിന്റെയും അനുപാതത്തിൽ ആഗോളതലത്തിലും ദേശരാഷ്ട്രങ്ങൾക്കുള്ളിലും നിലനിൽക്കുന്ന അസമത്വവും അതിന്റെ സ്വാഭാവികഫലങ്ങളായ അനീതികളും കഴിഞ്ഞ നാലുദശകങ്ങൾക്കുള്ളിൽ അസഹനീയമായ നിലയിൽ രൂക്ഷമാകുന്നതായി ഏറ്റവുംപുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ‘മൂലധനം 21-ാം നൂറ്റാണ്ടിൽ’ (Capital in 21-st Century) എന്ന വിഖ്യാത കൃതിയുടെ രചയിതാവും അസമത്വത്തെക്കുറിച്ചുള്ള  പഠനഗവേഷണങ്ങളിൽ വ്യാപൃതനുമായ തോമാ പി​െക്കറ്റിയുടെ നേതൃത്വത്തിലുള്ള വേൾഡ് ഇനീക്വാലിറ്റി ലാബ് തയ്യാറാക്കിയ ‘വേൾഡ്‌ ഇൻഈക്വാലിറ്റി റിപ്പോർട്ട്‌ -2022’ അസമത്വത്തിന്റെ കാഠിന്യം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നുവ്യക്തമാക്കുന്നു.

സമ്പത്ത്, വരുമാനം, ലിംഗവിവേചനം, പരിസ്ഥിതി എന്നീ മേഖലകളിൽ  ആഗോളതലത്തിലും  രാഷ്ട്രങ്ങൾക്കുള്ളിലും സ്ഥിതിചെയ്യുന്ന അസമത്വങ്ങൾ 236 പേജുള്ള റിപ്പോർട്ട് പ്രതിപാദിക്കുന്നു. നാലുവർഷമായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 100 ഗവേഷകർ ചേർന്നുനടത്തിയ പഠനങ്ങളുടെ ഫലമാണ് ‘WIR-22’. 

പാശ്ചാത്യസാമ്രാജ്യത്വം ഉച്ചസ്ഥായിയിൽ നിലനിന്ന 20-ാം നൂറ്റാണ്ടിന്റെ തുടക്കദശകങ്ങളിൽ പ്രകടമായിരുന്ന നിലയിലാണ് ആഗോളതലത്തിലെ ഇപ്പോഴത്തെ അസമത്വമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ധന-വാണിജ്യ മേഖലകളിൽ കഴിഞ്ഞ മൂന്നുദശകത്തിലെ ആഗോളീകരണത്തിനുശേഷമുള്ള അവസ്ഥയാണിതെന്നും അത് വ്യക്തമാക്കുന്നു.

സമ്പത്തിന്റെ അതിതീവ്ര കേന്ദ്രീകരണം  

വ്യക്തിഗതസമ്പത്തിന്റെ കേന്ദ്രീകരണം അതിതീവ്രമായനിലയിൽ എത്തിയെന്നതാണ് റിപ്പോർട്ടിലെ ഒരു പ്രധാന കണ്ടെത്തൽ. ലോകജനസംഖ്യയിലെ പ്രായപൂർത്തിയായ 10 ശതമാനം വ്യക്തികളുടെ കൈകളിലായി സമ്പത്തിന്റെ 60-80 ശതമാനംവരെ കേന്ദ്രീകരിച്ചിരിക്കുന്നു. അതേസമയം, ദരിദ്രരായ 50 ശതമാനത്തിന്റെ പക്കലുള്ള സമ്പത്ത് അഞ്ചുശതമാനത്തിൽതാഴെ മാത്രമാണെന്നും ‘WIR-22’ വെളിപ്പെടുത്തുന്നു.

സമ്പത്തിന്റെ കാര്യത്തിൽ ലോകത്ത് നിലനിൽക്കുന്ന അസമത്വത്തെപ്പറ്റി വർഷംതോറും പഠനറിപ്പോർട്ട് പുറത്തിറക്കുന്ന ‘ക്രെഡിറ്റ് സ്വീസ്’ റിപ്പോർട്ടിലെ നിഗമനങ്ങളെ ശരിവെക്കുന്നതാണ് WIR-22-ലെ കണ്ടെത്തലുകളും. വരുമാനത്തിലെ അസമത്വത്തെക്കാൾ പതിന്മടങ്ങാണ് സമ്പത്തിലെ അസമത്വമെങ്കിലും വരുമാനത്തിലെ അസമത്വവും കുത്തനെ ഉയരുകയാണ്.

ഏറ്റവുംസമ്പന്നരായ 10 ശതമാനം വ്യക്തികൾ ലോകവരുമാനത്തിന്റെ 52 ശതമാനവും കൈക്കലാക്കുമ്പോൾ വെറും എട്ടുശതമാനം മാത്രമാണ് ദരിദ്രരായ 50 ശതമാനത്തിന്റെ പക്കലെത്തുന്ന വരുമാനം. വരുമാനത്തിന്റെ ഏറ്റവുംമുകൾത്തട്ടിലുള്ള 10 ശതമാനത്തിൽപ്പെടുന്ന ഒരു വ്യക്തി 2021-ൽ ശരാശരി 1,22,100 ഡോളർ വരുമാനം നേടിയപ്പോൾ ജനസംഖ്യയുടെ അടിത്തട്ടിലെ 50 ശതമാനത്തിൽവരുന്ന ദരിദ്രവിഭാഗത്തിലെ വ്യക്തിയുടെ വർഷത്തിലെ ശരാശരിവരുമാനം വെറും 3920 ഡോളർ മാത്രമായിരുന്നു. അതായത് ഉയർന്ന 10 ശതമാനത്തിലെ വ്യക്തിയുടെ മുപ്പതിനൊന്ന്‌ മാത്രമാണ്‌ ദരിദ്രവ്യക്തിയുടെ വരുമാനം.

രാജ്യങ്ങൾ സമ്പന്നമാവുകയും സർക്കാരുകൾ ദരിദ്രമാവുകയും ചെയ്യുന്ന പ്രതിഭാസമാണ് റിപ്പോർട്ടിന്റെ ശ്രദ്ധേയമായ മറ്റൊരു വിലയിരുത്തൽ. ‘‘40 വർഷമായി രാജ്യങ്ങൾ ഗണ്യമായി സമ്പന്നമായെങ്കിലും സർക്കാരുകൾ ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കാണുകയാണ്. സമ്പന്നരാജ്യങ്ങളിലെ സമ്പത്തിൽ പൊതുസ്ഥാപനങ്ങളുടെ പക്കലുള്ള പങ്ക് പൂജ്യമോ മൈനസോ നിലയിലാണ്. അതായത് സമ്പത്ത് പൊതുവിൽ സ്വകാര്യകരങ്ങളിലാണെന്നു സാരം’ -WIR-22-ന്റെ മുഖ്യ രചയിതാവായ ലൂക്കാസ് ചാൻസേൽ വ്യക്തമാക്കുന്നു. 

വരുമാനത്തിന്റെ കാര്യത്തിലെന്നപോലെ സമ്പത്തിന്റെ അസമത്വവും 21-ാം നൂറ്റാണ്ടിൽ ഗണ്യമായി ഉയർന്നു. ഭൂമിയിലെ ഏറ്റവുംവലിയ 50 സമ്പന്നരുടെ സമ്പത്ത് 1995-2001 കാലഘട്ടത്തിൽ വർഷംതോറും  ഒമ്പതുശതമാനം വീതം വർധിച്ചപ്പോൾ ഏറ്റവുംസമ്പന്നരായ 500 പേരുടെ സമ്പത്തിലുണ്ടായ വർധന ഏഴുശതമാനമായിരുന്നു. 25  കൊല്ലമായി ആഗോളസമ്പത്തിൽ പുതുതായിവന്ന സമ്പത്തിന്റെ 38 ശതമാനവും പോയത് ഏറ്റവുംസമ്പന്നരായ ഒരുശതമാനത്തിന്റെ പക്കലായിരുന്നു. അതേസമയം, അടിത്തട്ടിലെ 50 ശതമാനത്തിന് ലഭിച്ചത് വെറും രണ്ടുശതമാനം മാത്രമായിരുന്നു.

മഹാമാരിയുടെ രണ്ടുവർഷങ്ങൾ അസമത്വത്തിന്റെ തോത് വീണ്ടുമുയർത്തി. കോവിഡിന്റെ ഒന്നാം തരംഗം അവസാനിക്കുമ്പോൾ ലോകത്തിലെ ശതകോടീശ്വരരുടെ സമ്പത്ത് 3.7 ട്രില്യൺ ഡോളർ വർധന രേഖപ്പെടുത്തി. ലോകത്തിലെ എല്ലാസർക്കാരുകളുംകൂടി മഹാമാരിക്കുമുമ്പ് ആരോഗ്യമേഖലയിൽ ചെലവഴിച്ച തുകയ്ക്ക് തുല്യമായിരുന്നു ശതകോടീശ്വരരുടെ സമ്പത്തിലുണ്ടായ വർധന. കോവിഡിനെത്തുടർന്ന് ഇതേ കാലയളവിൽ 10 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിലേക്ക് തള്ളിമാറ്റപ്പെട്ടതായും കണക്കുകൾ വെളിപ്പെടുത്തുന്നു.       

അസമത്വത്തിൽ ഇന്ത്യക്ക് ഒന്നാംസ്ഥാനം

ലോകത്തിലെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യമായി ഇന്ത്യ മാറിയെന്ന് WIR-22-ന്റെ ആമുഖത്തിൽ നൊബേൽ ജേതാക്കളായ അഭിജിത് ബാനർജിയും എസ്തർ ഡഫ്ളോയും വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രായപൂർത്തിയായ ജനങ്ങളുടെ ശരാശരി ദേശീയ വരുമാനം 2,04,200 രൂപയാണ്. സാമ്പത്തികശ്രേണിയിലെ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ വരുമാനം 53,610 രൂപയും ഉയർന്നശ്രേണിയിലെ 10 ശതമാനത്തിന്റെ വരുമാനം 11,66,520 രൂപയുമാണ്. താഴത്തെശ്രേണിയിലുള്ള 50 ശതമാനത്തിന്റെ വരുമാനത്തെക്കാൾ 20 മടങ്ങ് കൂടുതൽ.

മൊത്തം ദേശീയവരുമാനത്തിന്റെ 57 ശതമാനം ഉയർന്നശ്രേണിയിലെ 10 ശതമാനത്തിന്റെ കൈകളിലാണ്. ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഒരുശതമാനം ദേശീയവരുമാനത്തിന്റെ 22 ശതമാനം കൈവശംവെക്കുമ്പോൾ അടിത്തട്ടിലെ 50 ശതമാനം പേരുടെ ദേശീയവരുമാനത്തിലെ പങ്ക് 13 ശതമാനം മാത്രമാണ്. 

ഇന്ത്യയിലെ ശരാശരി ഗാർഹികസമ്പത്ത് 9,83,010 രൂപയാണ്. എന്നാൽ, അടിത്തട്ടിലുള്ള 50 ശതമാനത്തെ സംബന്ധിച്ചിടത്തോളം ഗാർഹികസമ്പത്ത് ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതിയാണ്. അടിത്തട്ടിലുള്ള 50 ശതമാനത്തിന്റെ ശരാശരി ഗാർഹികസമ്പത്ത് 66,280 രൂപ മാത്രമാണ്; അതായത് മൊത്തം ഗാർഹികസമ്പത്തിന്റെ  ആറുശതമാനം. മൊത്തം ഗാർഹികസമ്പത്തിന്റെ 29.5 ശതമാനംമാത്രം കൈവശമുള്ള മധ്യവർഗവും ഇക്കാര്യത്തിൽ താരതമ്യേന ദരിദ്രരാണ്.

മധ്യവർഗത്തിന്റെ ശരാശരി ഗാർഹികസമ്പത്ത് 7,23,930 രൂപയാണ്. മൊത്തം ഗാർഹികസമ്പത്തിന്റെ 65 ശതമാനവും ഉന്നതശ്രേണിയിലെ 10 ശതമാനത്തിന്റെ പക്കലാണ്. ഏറ്റവും ഉയർന്നശ്രേണിയിലെ  ഒരുശതമാനം അതിസമ്പന്നരുടെ പക്കലാണ് മൊത്തം ഗാർഹിക സമ്പത്തിന്റെ 33 ശതമാനവും. ഉയർന്നശ്രേണിയിലെ 10 ശതമാനത്തിന്റെ ശരാശരി ഗാർഹികസമ്പത്ത് 6,35,4,070 രൂപയും അതിസമ്പന്നരായ ഒരുശതമാനത്തിന്റെ ഗാർഹികസമ്പത്ത് 3,24,49,360 രൂപയുമാണ്.

ലിംഗ അസമത്വം തീവ്രമായി നിലനിൽക്കുന്ന രാജ്യമെന്നപദവിയും ഇന്ത്യക്ക് സ്വന്തമാണ്. തൊഴിലിൽനിന്നുള്ള സ്ത്രീകളുടെ വരുമാനത്തിന്റെ പങ്ക് 18 ശതമാനം മാത്രമാണ്. ഏഷ്യൻ ശരാശരി 21 ശതമാനമാണ്. ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന കാര്യത്തിലും അസമത്വം പ്രകടമാണ്. അടിത്തട്ടിലെ 50 ശതമാനം ശരാശരി ഒരുടൺ കാർബൺഡയോക്സൈഡിന് (tCO2e) തുല്യമായ ഹരിതഗൃഹവാതകങ്ങൾ ബഹിർഗമിപ്പിക്കുമ്പോൾ അതിസമ്പന്നരായ ഒരുശതമാനം ഒമ്പത്‌ tCO2e ബഹിർഗമിപ്പിക്കുന്നു.

കൊളോണിയൽ കാലഘട്ടത്തിന്റെ തനിയാവർത്തനം

ലോക ജനസംഖ്യയുടെ അടിത്തട്ടിലെ 50 ശതമാനത്തോളം വരുന്ന  ജനവിഭാഗങ്ങൾക്ക് ആഗോളവരുമാനത്തിൽ ഇപ്പോൾ ലഭിക്കുന്ന പങ്ക് 1820-ൽ അവർക്ക് ലഭിച്ചിരുന്ന പങ്കിന്റെ പകുതിമാത്രമാണെന്ന് WIR-22 ചൂണ്ടിക്കാണിക്കുന്നു. സാമ്രാജ്യത്വവും കൊളോണിയൽ രാജ്യങ്ങളുമായുള്ള അന്തരം ഗണ്യമായി വർധിച്ച 1820-കൾക്കുശേഷമുള്ള 200 വർഷങ്ങളിലെ അനുഭവം ഒരു സൂചകമായി സ്വീകരിച്ചാൽ ലോകത്തിലെ 50 ശതമാനം ജനങ്ങൾക്കും പ്രത്യക്ഷത്തിലുള്ള കൊളോണിയൽ ഭരണവും ദേശീയശക്തികളുടെ ഭരണവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന അവസ്ഥയാണ്.

സമ്പത്തിന്റെയും വരുമാനത്തിന്റെയും അനുപാതത്തിൽ ആഗോളതലത്തിലും  രാഷ്ട്രങ്ങൾക്കുള്ളിലും നിലനിൽക്കുന്ന അസമത്വത്തിന്റെ തീവ്രത ലഘൂകരിക്കുന്നതിന് ഉതകുന്ന നിർദേശങ്ങളും WIR-22 മുന്നോട്ടുവെക്കുന്നു. ഒരു ഉദാഹരണം ഇവിടെ ചൂണ്ടിക്കാണിക്കാം. ഒരു മില്യൺ ഡോളറിലധികം സമ്പത്തുള്ള 62 ദശലക്ഷത്തോളം വ്യക്തികൾ ലോകമാ​െകയുണ്ട്. അവരുടെ മേൽ ഒരുശതമാനം സമ്പത്ത് നികുതി ചുമത്തുകയാണെങ്കിൽ അത് ആഗോളവരുമാനത്തിന്റെ 1.6 ശതമാനത്തിന് തുല്യമായിരിക്കും. വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കും പരിസ്ഥിതിസംരക്ഷണത്തിനുമായി ഈതുക പുനർനിക്ഷേപം നടത്താനാവുമെന്ന നിർദേശമാണ് മേൽപ്പറഞ്ഞ ഉദാഹരണം. പൂച്ചയ്ക്കാര്‌ മണികെട്ടുമെന്ന ചൊല്ലുപോലെ ആരാണ് ഇത് നടപ്പാക്കുക എന്ന ചോദ്യം ബാക്കി.

(മുതിർന്ന പത്രപ്രവർത്തകനായ ലേഖകൻ മലബാർ ജേണലിന്റെ എക്സിക്യുട്ടീവ് എഡിറ്ററാണ്‌)