പകർച്ചവ്യാധിയല്ല. പക്ഷേ, നിശ്ശബ്ദമായി അതിനെക്കാൾ വലിയ ആരോഗ്യപ്രതിസന്ധിയാണ് പ്രമേഹം സൃഷ്ടിക്കുന്നത്. കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ ഏതാണ്ട് എല്ലാ അവയവങ്ങളെയും തകരാറിലാക്കാൻ അതിന് ശേഷിയുണ്ട്.
ലോകത്ത് 23.2 കോടി പേർ പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയാതെ ജീവിക്കുന്നുവെന്നാണ് അനുമാനം. തിരിച്ചറിയപ്പെടാതെ, കൃത്യമായി ചികിത്സിക്കാതെ പോകുന്ന ഈ അവസ്ഥ ഭാവിയിൽ പ്രമേഹം ഉണ്ടാക്കാവുന്ന വലിയ പ്രത്യാഘാതങ്ങളുടെ സൂചന നൽകുന്നുണ്ട്.
കൂടുന്ന എണ്ണം
കേരളത്തിൽ പ്രമേഹബാധിതരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതിപ്രകാരം നടന്ന സ്‌ക്രീനിങ്ങിന്റെ ഫലം ഇതിന്റെ സൂചനനൽകുന്നു. 2019 വരെയുള്ള ഏഴുവർഷംകൊണ്ട് 8.9 ലക്ഷം പേർക്കാണ് പുതുതായി പ്രമേഹം കണ്ടെത്തിയത്. മറ്റൊരു അപകടകരമായ സാഹചര്യം പ്രമേഹവും അമിത ബി.പി.യും ഒരുമിച്ചുള്ളവരും ധാരാളമുണ്ട് എന്നതാണ്. അങ്ങനെയുള്ള 3.08 ലക്ഷം പേരെയാണ് പുതുതായി കണ്ടെത്തിയത്.
നേരത്തേ എത്തുന്നു
പ്രായമുള്ളവരിലായിരുന്ന നേരത്തേ ടൈപ്പ്-2 പ്രമേഹം കണ്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. ചെറുപ്പക്കാരിൽത്തന്നെ ടൈപ്പ്-2 പ്രമേഹം വന്നെത്തി. കൗമാരത്തിൽ തന്നെ കണ്ടുതുടങ്ങുന്ന അവസ്ഥയും വന്നു. ഈ മാറ്റവും ഗൗരവമായി കാണേണ്ടതാണ്. ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുറ്റുമുണ്ട് കൂട്ടുകെട്ട്
പ്രമേഹത്തിലേക്ക് നയിക്കുന്നതും അതിനെ സങ്കീർണതയിലേക്ക് തള്ളിയിടുന്നതുമായി അപകടഘടകങ്ങളുടെ കൂട്ടുകെട്ട് മലയാളിക്ക് ചുറ്റുമുണ്ട്.
അമിത ബി.പി., അമിതവണ്ണം, ലഹരി ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി, മാനസിക പിരിമുറുക്കം തുടങ്ങി പട്ടിക നീളുന്നു. പ്രമേഹത്തിന്റെ ആഘാതത്തിൽനിന്ന് രക്ഷനേടാൻ ജീവിതശൈലി ആരോഗ്യകരമാക്കിയേ മതിയാകൂ. കൃത്യമായ പരിശോധനയും ആവശ്യമായ സാഹചര്യങ്ങളിൽ ചികിത്സയും സ്വീകരിക്കേണ്ടതുണ്ട്.
ലോക്ഡൗൺ കാലത്ത് കേരളത്തിലെ പ്രമേഹബാധിതരിൽ ഷുഗർ നില കൂടുകയാണ് ഉണ്ടായതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ലോക്ഡൗൺ കാലത്ത് വ്യായാമം കുറഞ്ഞതും ഭക്ഷണരീതിയിൽ ശ്രദ്ധവിട്ടതുമാണ് ഇതിന് പ്രധാന കാരണം
കൊറോണക്കാലത്ത് അറിയാൻ
കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ നിന്നുതന്നെ ഷുഗർ പരിശോധിക്കാം. പരിശോധനഫലം ചികിത്സിക്കുന്ന ഡോക്ടറുമായി പങ്കുവെച്ച് ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കാം.
വീട്ടിൽവെച്ചുതന്നെ വ്യായാമത്തിന് സമയവും സൗകര്യവും കണ്ടെത്തണം. വ്യായാമത്തിൽ വീഴ്ചവരുത്തരുത്. അനുയോജ്യമായ യോഗാസനങ്ങളും ശീലമാക്കാം.
ആശുപത്രിസന്ദർശനം പരമാവധി കുറയ്ക്കാൻ ടെലി മെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്താം.
പ്രമേഹനിയന്ത്രണത്തിൽ ഭക്ഷണക്രമത്തിലും വലിയ പ്രാധാന്യമുണ്ട്. എണ്ണപ്പലഹാരങ്ങളും മറ്റും കുറയ്ക്കണം. ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണരീതി പാലിക്കണം.
മരുന്നിന്റെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഡോക്ടർ നിർദേശിക്കുന്ന തരത്തിൽ ഇൻസുലിൻ എടുക്കേണ്ടതാണ്.
പ്രമേഹദിനം പറയുന്നത്
പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇത്തവണത്തെ ലോക പ്രമേഹദിന സന്ദേശം ഊന്നൽ നൽകുന്നത്. നഴ്‌സും പ്രമേഹവും (The Nurse and Diabetes) എന്ന വിഷയത്തിലാണ് ഇത്തവണത്തെ ബോധവത്കരണം. പ്രമേഹ ബാധിതർക്ക് പ്രമേഹം കൃത്യമായി നിയന്ത്രിച്ച് നല്ലജീവിതം നയിക്കാൻ സഹായിക്കുന്നതിൽ നഴ്‌സുമാരുടെ പങ്കിനെക്കുറിച്ചാണ് ഇത്തവണ പ്രമേഹദിനത്തിൽ ലോകം ചർച്ചചെയ്യുന്നത്.
തയ്യാറാക്കിയത്: സി. സജിൽ