ലോക നൃത്തദിനം ഇന്ന്‌

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഒരു കുറിപ്പോ ചിത്രമോ പങ്കുവെച്ചുകൊണ്ട് ഞാൻ ലോക നൃത്തദിനത്തെ ഓർമിക്കാറുണ്ട്. കഴിഞ്ഞതവണ നൃത്തപരിശീലനത്തിനിടെയുള്ള ഒരു നിമിഷമായിരുന്നു. ചേട്ടനാണത് പകർത്തിയത്. ‘നർത്തകർക്ക് പറക്കാനെന്തിന് ചിറകുകൾ’ എന്നായിരുന്നു ഞാൻ നൽകിയ അടിക്കുറിപ്പ്.

 അത് ലോക്ഡൗണിന്റെ ചങ്ങലപ്പൂട്ടിൽ ലോകം തളച്ചിടപ്പെട്ടുതുടങ്ങിയ നാളുകളായിരുന്നു. ഒട്ടും പരിചിതമല്ലാത്ത അനുഭവം. വീടിനകത്തുനിന്ന് പുറത്തിറങ്ങാൻവയ്യാതെ ശ്വാസംമുട്ടിയപ്പോൾ ഞാൻ നൃത്തത്തെയാണ് കൂട്ടുപിടിച്ചത്. ഷൂട്ടിങ് തിരക്കുകൾമൂലം പലപ്പോഴും മുടങ്ങിപ്പോയിരുന്ന പരിശീലനം പതിവാക്കി. അതിലൂടെ ഞാൻ പുറത്തെ തുറസ്സിലേക്ക് പറന്നു. ആകാശം കണ്ടു.

 ഒരുവർഷത്തിനിപ്പുറം ഇപ്പോൾ നമ്മൾ ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലൂടെ വീണ്ടും കടന്നുപോകുന്നു. ആശ്വാസം എന്ന വാക്കിൽ അഭയംകണ്ടുതുടങ്ങിയിരുന്ന മനുഷ്യനിൽനിന്ന് ശ്വാസം കവർന്നുകൊണ്ട് കൊറോണവൈറസ് പലരൂപത്തിൽ, പലതരത്തിൽ നെഞ്ചിനകത്ത് കൂടുവെക്കുന്നു. പേടിച്ച്, വീടിനകത്തേക്ക് ഒതുങ്ങുകയാണ് പിന്നെയും ജീവിതം.

 പക്ഷേ, പ്രതിസന്ധികളെ അവസരങ്ങളാക്കിമാറ്റാനുള്ള സിദ്ധിയുണ്ട് മനുഷ്യർക്ക്. കൊറോണക്കാലം അത് ഒന്നുകൂടി തെളിയിച്ചു. വീടകങ്ങളിൽ ചിലങ്കകൾ ഏറ്റവും കൂടുതൽ ശബ്ദംകേൾപ്പിച്ച നാളുകൾ എന്ന് ഞാൻ അതിനെ വിളിക്കും. ലോക്ഡൗൺ എന്ന വാക്ക് ഒരു ദിവസം രാത്രി വീട്ടുമുറ്റത്തേക്ക് കടന്നുവന്നപ്പോൾ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നാം അതിനോട് പൊരുത്തപ്പെട്ടു. പലവഴികളിലൂടെ അതിജീവിച്ചു. അതിൽ ഒരുപാടുപേർക്ക് തുണയായത് നൃത്തമായിരുന്നു.

 നൃത്തം പഠിക്കണമെന്ന് ആഗ്രഹിച്ചിട്ടും പലവിധ കാരണങ്ങളാൽ സാധിക്കാതെപോയവർ ഒരുപാടുണ്ട്. എന്റെ അമ്മതന്നെ ഏറ്റവും വലിയ ഉദാഹരണം. ഉള്ളിൽ ആരുമറിയാതെ അമ്മ ഒളിപ്പിച്ചുവെച്ച സങ്കടമായിരുന്നു അത്. അങ്ങനെ കണ്ണീർമുത്തുകൾകൊണ്ട് ചിലങ്കകൾ കൊരുത്തവരിൽ പലരും കഴിഞ്ഞവർഷം നൃത്തംചെയ്യാൻ തുടങ്ങി. സ്വയം അടച്ചിടലിൽനിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു അത് (അമ്മ പക്ഷേ, കൊറോണയ്ക്കുംമുമ്പേ നൃത്തപഠനം എന്ന മോഹം സാക്ഷാത്കരിച്ചു. രണ്ടുവർഷമായി അമ്മ നൃത്തം പഠിക്കുന്നുണ്ട്).

 നർത്തകരാകാൻ ആഗ്രഹിച്ചവരും അല്ലാത്തവരും പലവിധകാരണങ്ങൾകൊണ്ട് നൃത്തപഠനം ഇടയ്ക്കുവെച്ച് മുടങ്ങിപ്പോയവരും നാലുചുമരുകൾക്കുള്ളിൽ സ്വയംമറന്ന് ആടി, പാടി. സ്വീകരണമുറികളും ടെറസുകളും നൃത്തമണ്ഡപങ്ങളായി. സുഹൃത്തുക്കളായ ഒരുപാടുപേർ എനിക്ക് നൃത്തംചെയ്യുന്ന വീഡിയോകൾ അയച്ചുതന്നിരുന്നു, അക്കാലത്ത്.

 മാനസികസമ്മർദം ലഘൂകരിക്കാൻ ഏറ്റവും നല്ല മാർഗമാണ് നൃത്തം. അതിന് ചുവടുകളുടെ വടിവുകൾ ആവശ്യമില്ല. നാട്യശാസ്ത്രത്തിന്റെ വ്യാകരണം വേണ്ടാ. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചുവടുവെക്കുക. നിങ്ങൾതന്നെയാണ് ഗുരുവും ശിഷ്യരുമെല്ലാം. സ്വാഭാവികതയാണ് അതിന്റെ ഭംഗി. ശരീരത്തിനും മനസ്സിനും ഉണർവുണ്ടാകുക എന്നതാണ് പ്രധാനം. കാറ്റിൽ ഉലയുന്ന മരവും നീന്തിത്തുടിക്കുന്ന മത്സ്യവും പാറിപ്പറക്കുന്ന പക്ഷിയുമെല്ലാം അങ്ങനെ നോക്കുമ്പോൾ നൃത്തംചെയ്യുകതന്നെയാണ്.

 ആശുപത്രിമുറിയിലെ രക്തസമ്മർദം കൂട്ടുന്ന ജോലിയിൽനിന്ന് പുറത്തേക്കുവന്നപ്പോൾ ജാനകിക്കും നവീനും തോന്നിയത് നൃത്തംചെയ്യാനാണ്. അവർ സ്വയം ചിട്ടപ്പെടുത്തിയ രീതിയിൽ ചുവടുവെച്ചപ്പോൾ ലോകം കൈയടിച്ചു.
പുരികംചുളിച്ചവർക്കുനേരെ ഒരേശബ്ദത്തിൽ നൃത്തത്തിനെന്ത് മതമെന്ന് ചോദിച്ചു. അതുതന്നെയാണ് സത്യം. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്നുതന്നെയാണ്. അതിൽ വേർതിരിവുകളോ വേലിക്കെട്ടുകളോ ഇല്ല. സനൂപ് കുമാറിന്റെ റാസ്പുട്ടിൻ ഡാൻസിന്റെ ആകർഷണീയതയും അതുതന്നെ. കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല അതിനെ കാണേണ്ടത്, ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ്. മദ്യപിക്കാതെയായിരുന്നു പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്. പ്രൊഫഷണൽ ഡാൻസറായ ആ യുവാവിന്റെ വാക്കുകളിൽത്തന്നെ കാണാം നൃത്തത്തോടുള്ള ആത്മാർഥത: ‘‘നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. പക്ഷേ, ഭയങ്കര ഇഷ്ടമാണ്. ഇനിയും നൃത്തം കളിക്കണം...’’

 നാളെ എന്താകുമെന്നറിയാത്ത നാളുകളാണിത്. ലോക്ഡൗൺ വരാം, വരാതിരിക്കാം. ജീവിതം കൂടുതൽ വരണ്ടുപോയേക്കാം. വീട് മാത്രമായിരിക്കാം സുരക്ഷിത ഇടം. അങ്ങനെയുള്ള അവസ്ഥയിൽ മരവിച്ചുപോകാതിരിക്കാൻ മുന്നിലുള്ള വഴികളിലൊന്ന് നൃത്തമാണ്. അതിലൂടെ നിങ്ങൾക്ക് സ്വയം വീണ്ടെടുക്കാനാകും. വിരസതയെ തോൽപ്പിക്കാനും സാധിക്കും. ഒരുദിവസം കുറച്ചുനേരമെങ്കിലും വെറുതെ ഇഷ്ടമുള്ളതുപോലെ ചുവടുവെക്കുക. പുതിയൊരു ഊർജം ശരീരത്തിൽ നിറയുന്നത് അറിയാനാകും. ഈ ദിവസം അതിനുള്ള തുടക്കമാകട്ടെ.

 കുറച്ചുവർഷംമുമ്പ് നൃത്തദിനത്തിൽ ഞാൻ കുറിച്ച വരികൾ ഒന്നുകൂടി എടുത്തെഴുന്നു: ‘ചിലങ്കകൾ കിലുങ്ങാനുള്ളതാണ്, നിശ്ശബ്ദമായി കരയാനുള്ളതല്ല...’
 നൃത്തംചെയ്യാൻ ചിലങ്ക വേണമെന്നില്ല. നിങ്ങളുടെ മനസ്സാണ് ചിലങ്ക. അതാണ് കിലുങ്ങേണ്ടത്. അതാണ് കരയാതിരിക്കേണ്ടതും...!