ത്തർപ്രദേശിൽ ബെഡ്ഷീറ്റ് നിർമാണത്തിൽ പ്രശസ്തമായ പിൽഖുവ പട്ടണത്തിൽ, കോടികളുടെ വസ്ത്രക്കയറ്റുമതി നടത്തുന്ന കുടുംബത്തിൽനിന്നാണ് സൊണാലി ഗാർഗ് എന്ന പെൺകുട്ടിയുടെ വരവ്. ബിസിനസ് കുടുംബമാണെങ്കിലും സൊണാലിയും സഹോദരനും വ്യത്യസ്തമായ രംഗങ്ങളിൽ മികവു തെളിയിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തില്ല. 

അങ്ങനെ ലഭിച്ച സ്വാതന്ത്ര്യം സൊണാലിയെ എത്തിച്ചത്, ഇത്രകാലവും ആണുങ്ങൾക്കുമാത്രം സാധ്യമെന്ന് മിക്കവരും വിധിയെഴുതിയ ഒരു മേഖലയിലാണ്. കാടുംമലയും കയറി, രാവുംപകലും താണ്ടി, മഴയും മഞ്ഞും കൂസാതെ ജീവലോകത്തെ രഹസ്യങ്ങൾ തേടുന്ന ഉഭയജീവി ഗവേഷണത്തിന്റെ വിശാലലോകത്ത്! കേരളത്തിൽ പശ്ചിമഘട്ടത്തിലെ ദുർഘട വനമേഖലകളിലാണ് ഈ ഗവേഷക ഏറെയും പ്രവർത്തിച്ചത്. 

കൊടുംവനങ്ങളിലും ചതുപ്പുകളിലും വർഷങ്ങളായി അലയുന്ന ഈ മുപ്പത്തിയൊന്നുകാരിയുടെ ക്രെഡിറ്റിൽ ഇതുവരെ നാൽപ്പതോളം പുതിയ തവളയിനങ്ങളുണ്ട്. കൂടാതെ, അന്താരാഷ്ട്ര ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ച 16 പഠനപ്രബന്ധങ്ങളും!   

ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഉഭയജീവി ഗവേഷണത്തിൽ അടുത്തിടെ സൊണാലി പിഎച്ച്.ഡി. കരസ്ഥമാക്കി. ‘‘ലോകത്ത് ഇത്രയേറെ തവളയിനങ്ങളെ തിരിച്ചറിഞ്ഞ മറ്റൊരു ഗവേഷക ഉള്ളതായി അറിവില്ല’’ -ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സൊണാലിയുടെ ഗൈഡും ലോകപ്രശസ്ത ഉഭയജീവി ഗവേഷകനുമായ കൊല്ലം സ്വദേശി പ്രൊഫ. സത്യഭാമദാസ് ബിജു പറയുന്നു. 

‘ശാസ്ത്രരംഗത്തെ സ്ത്രീകൾ’ എന്ന ആശയം മുൻനിർത്തി ഇത്തവണ രാജ്യം ‘ദേശീയ ശാസ്ത്രദിനം’ ആചരിക്കുമ്പോൾ, സൊണാലിയെപ്പോലുള്ള ഗവേഷകർ പുതിയ കാലത്തിന്റെ പ്രതീകമാകുന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ആധുനിക ശാസ്ത്രഗവേഷണരംഗത്ത് കരുത്തുതെളിയിച്ച ഒട്ടേറെ ഇന്ത്യൻസ്ത്രീകളുണ്ട്. ഇ.കെ. ജാനകിഅമ്മാൾ (സസ്യശാസ്ത്രം), അസിമ ചാറ്റർജി (ഓർഗാനിക് കെമിസ്ട്രി), അന്നാ മാണി (കാലാവസ്ഥ), അർച്ചനാ ഭട്ടാചാര്യ (ഭൗതികശാസ്ത്രം), കമലാ സൊഹോണി (ബയോകെമിസ്ട്രി), രാജേശ്വരി ചാറ്റർജി (ഇലക്‌ട്രിക്കൽ എൻജിനിയറിങ്), ടെസ്സി തോമസ് (പ്രതിരോധ ഗവേഷണം) തുടങ്ങിയവർ ഉദാഹരണം. അക്കൂട്ടത്തിൽ സൊണാലിയെപ്പോലുള്ള പുതിയ തലമുറക്കാരും മുൻനിരയിൽ സ്ഥാനമുറപ്പിക്കുന്നു, മറ്റുള്ളവർക്ക് മാതൃകയാകുന്നു. 

ഇതിനൊരു മറുവശമുണ്ട്. ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും നേരിടേണ്ടിവരുന്ന വിവേചനമാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാസ്ത്രരംഗത്ത് സ്ത്രീകൾ കടുത്തവിവേചനം അനുഭവിക്കുന്നു എന്നസത്യം ഈ ശാസ്ത്രദിനത്തിൽ അലോസരമുണ്ടാക്കുന്നു. അന്താരാഷ്ട്രതലത്തിലും വ്യത്യസ്തമല്ല കാര്യങ്ങൾ. 

ശാസ്ത്രരംഗത്തെ ലിംഗവിവേചനം 

ഫെബ്രുവരി 11 ‘ശാസ്ത്രരംഗത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ദിന’മായി ആചരിക്കാൻ യു.എൻ. തീരുമാനിച്ചത് 2015-ലാണ്. കാലം പുരോഗമിച്ചിട്ടും ശാസ്ത്രരംഗത്ത് വിവേചനം ശക്തമാണെന്ന തിരിച്ചറിവിൽനിന്നാണ് ഈ ദിനാചരണം തുടങ്ങിയത്. ഈ പശ്ചാത്തലത്തിൽ, ഇത്തവണ നമ്മുടെ ദേശീയ ശാസ്ത്രദിനം (ഫെബ്രുവരി 28) ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായി ആചരിക്കാൻ രാജ്യം തീരുമാനിച്ചത് ശ്രദ്ധേയമാകുന്നു.

ലോകപ്രശസ്തമായ ശാസ്ത്രസ്ഥാപനമാണ് ലണ്ടനിലെ റോയൽ സൊസൈറ്റി. 1660-ൽ നിലവിൽവന്ന റോയൽ സൊസൈറ്റിയിൽ ഫെലോ ആയി ഒരു സ്ത്രീ എത്താൻ 360 വർഷം വേണ്ടിവന്നു. 1945-ൽ മാത്രമാണ് ഒരു സ്ത്രീ ആദ്യമായി ഫെലോ ആകുന്നത്. 1863-ൽ തുടങ്ങിയ ‘അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസസി’ൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം ലഭിച്ചത് 1925-ൽ മാത്രം! 

ചരിത്രം ഇങ്ങനെയാണ്. വിവേചനത്തിന്റെ തുടർക്കഥകൾ. ശാസ്ത്രവിഷയങ്ങളിൽ നൊബേൽ നേടിയവരുടെ കണക്ക് പരിശോധിച്ചാൽ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകും. 1901-ൽ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു തുടങ്ങിയതുമുതൽ 2019 വരെയുള്ള കഥ നോക്കുക. വൈദ്യശാസ്ത്രത്തിൽ 207 പുരുഷന്മാർ നൊബേലിന് അർഹരായപ്പോൾ, ഈ മേഖലയിൽ വെറും 12 സ്ത്രീകൾക്കാണ് നൊബേൽ ലഭിച്ചത്. രസതന്ത്രത്തിൽ 179 പുരുഷന്മാർ പുരസ്‌കാരം നേടി, സ്ത്രീകൾ വെറും അഞ്ചുപേർ മാത്രം. ഭൗതികശാസ്ത്രത്തിൽ 210 പുരുഷന്മാർ ജേതാക്കളായപ്പോൾ, വെറും മൂന്നുസ്ത്രീകൾ മാത്രമാണ് നൊബേലിന് അർഹരായത്. ശാസ്ത്രത്തിന് ലഭിച്ച നൊബേൽ പുരസ്‌കാരങ്ങളുടെ മൊത്തം എണ്ണം നോക്കിയാൽ ഇങ്ങനെ: പുരുഷന്മാർ 596, സ്ത്രീകൾ 20. 

വിവേചനം രാമന്റെ ലാബിലും 

സി.വി. രാമനും ശിക്ഷ്യനായ കെ. എസ്. കൃഷ്ണനും ചേർന്ന് ‘രാമൻ പ്രഭാവം’ (Raman effect) കണ്ടെത്തിയ കാര്യം ലോകമറിഞ്ഞത് 1928 ഫെബ്രുവരി 28-നാണ്. 1930-ലെ ഭൗതികശാസ്ത്ര നൊബേൽ രാമന് ലഭിച്ചു. ‘രാമൻ പ്രഭാവം’ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ടാണ്, 1986 മുതൽ ദേശീയ ശാസ്ത്രദിനമായി ഫെബ്രുവരി 28 ആചരിക്കാൻ ആരംഭിച്ചത്.  

1934-ൽ സി.വി. രാമന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു കേന്ദ്രമായി നിലവിൽവന്ന ‘ഇന്ത്യൻ സയൻസ് അക്കാദമി’യിൽ, രാമന്റെ ക്ഷണം സ്വീകരിച്ച് 1935-ൽത്തന്നെ ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ഡോ. ഇ.കെ. ജാനകിഅമ്മാൾ അംഗമായി. അതേസമയം, രാമനെന്ന പ്രഗല്‌ഭ ശാസ്ത്രജ്ഞനുകീഴിൽ അധികം പെൺകുട്ടികൾ പഠിക്കാനെത്തിയില്ല. എത്തിയ സ്ത്രീഗവേഷകർക്കോ, അത്ര നല്ല അനുഭവമല്ല ഉണ്ടായതെന്ന്, ഇക്കാര്യം വിശദമായി പഠിച്ച ആഭ സുർ പറയുന്നു (Dispersed Radiance 2011). 

രാമനുകീഴിൽ ആദ്യം പഠനം നടത്തിയ വിദ്യാർഥിനി ലളിതാ ചന്ദ്രശേഖർ ആയിരുന്നു (രാമന്റെ ജ്യേഷ്ഠന്റെ മകനും നൊബേൽ ജേതാവുമായ എസ്. ചന്ദ്രശേഖർ വിവാഹം കഴിച്ചത് ലളിതയെ ആണ്). മഹാരാഷ്ട്രയിലെ കൊങ്കിണിബ്രാഹ്മണ കുടുംബത്തിൽനിന്നുള്ള സുനന്ദ ബായി ആയിരുന്നു രണ്ടാമത്തെ വിദ്യാർഥിനി. കേരളത്തിൽ ഹൈറേഞ്ചിലെ പീരുമേട്ടിൽ മോഡയിൽ കുടുംബത്തിൽ ജനിച്ച അന്നാ മാണി മൂന്നാമത്തെ വിദ്യാർഥിനിയും. 

വർഷങ്ങളെടുത്ത് രാമനുകീഴിൽ മികവോടെ ഗവേഷണം ചെയ്തിട്ടും ചില സാങ്കേതികത്വങ്ങൾ ചൂണ്ടിക്കാട്ടി സുനന്ദാ ബായിക്കും അന്നാ മാണിക്കും മദ്രാസ് സർവകലാശാല പിഎച്ച്.ഡി. ഡിഗ്രി നിഷേധിച്ചു. രാമന്റെ ചെറിയൊരു ഇടപെടൽകൊണ്ട് വേണമെങ്കിൽ പരിഹരിക്കാൻ കഴിയുമായിരുന്ന പ്രശ്‌നമായിരുന്നു അത്. അന്ന പിടിച്ചുനിന്നു, സുനന്ദാ ബായിക്ക് അതിനു കഴിഞ്ഞില്ല. പ്രായോഗിക ഭൗതികശാസ്ത്രത്തിൽ സ്വീഡനിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് പോകാൻ തയ്യാറായിരുന്ന സുനന്ദാ ബായി ജീവനൊടുക്കി. എന്തുകൊണ്ട് അത് സംഭവിച്ചു എന്നകാര്യം ഇപ്പോഴും അറിയില്ല. 

പിഎച്ച്.ഡി. കിട്ടിയില്ലെങ്കിലും ഇംഗ്ലണ്ടിലെത്തി കാലാവസ്ഥാ ഉപകരണങ്ങളെക്കുറിച്ച് പഠിക്കാൻ അന്നാ മാണിക്ക് അവസരം ലഭിച്ചു. തിരികെ ഇന്ത്യയിലെത്തിയ ആ ഗവേഷക, നൂറിലേറെ കാലാവസ്ഥാ ഉപകരണങ്ങൾ രൂപകല്പന ചെയ്തു. കാലാവസ്ഥാ നിരീക്ഷണത്തിന്റെ കാര്യത്തിൽ സ്വതന്ത്രഇന്ത്യയെ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കാൻ സഹായിച്ച ഗവേഷകയാണ് അന്നാ മാണി.

ഒരു പുസ്തകം, 175 ഇന്ത്യൻ സ്ത്രീഗവേഷകർ

അന്നാ മാണിയെപ്പോലുള്ള സ്ത്രീഗവേഷകരെ ഇപ്പോഴും നമുക്കറിയില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി. പുരുഷന്മാരായ ഗവേഷകർക്ക് ലഭിക്കുന്ന ശ്രദ്ധ അപൂർവമായേ സ്ത്രീഗവേഷകർക്ക് ലഭിച്ചിട്ടുള്ളൂ എന്നതാണ് സത്യം. ആരൊക്കെയാണ് ഇന്ത്യയിലെ സ്ത്രീഗവേഷകർ എന്നും ഏതൊക്കെ മേഖലകളിൽ അവർ മികവുപുലർത്തി എന്നുപോലും മിക്കവർക്കുമറിയില്ല. ഈ ദുഃസ്ഥിതിക്ക് ഒരളവുവരെ പരിഹാരമാകാവുന്ന ഒരു പുസ്തകം അടുത്തയിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, അഞ്ജന ചട്ടോപാധ്യായ രചിച്ച ‘വുമൺ സയന്റിസ്റ്റ്‌സ് ഇൻ ഇന്ത്യ’ (2018) എന്ന ഗ്രന്ഥം. 

മെഡിക്കൽ രംഗം ഉൾപ്പെടെ, ആധുനിക ശാസ്ത്രമേഖലയിൽ മികവുതെളിയിച്ച 175 ഇന്ത്യൻ സ്ത്രീഗവേഷകരെ ചട്ടോപാധ്യായ തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. ഡൽഹി പബ്ലിക് ലൈബ്രറി സിസ്റ്റത്തിന്റെ മുൻ ഡയറക്ടർ ജനറലായ അഞ്ജനയുടെ ഈ ഗ്രന്ഥം, ആധുനിക ഇന്ത്യൻ ശാസ്ത്രചരിത്രത്തിലെ ഇരുളടഞ്ഞ ഒരു മേഖലയിലേക്ക് വെളിച്ചംവീശുന്നു. 

ഇതിനകം ഇവിടെ പരാമർശിച്ചവർ കൂടാതെ, അധികമാരും കേട്ടിട്ടുപോലുമില്ലാത്ത ഡസൻ കണക്കിന് സ്ത്രീഗവേഷകർ അഞ്ജനയുടെ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നു. ചാരുസീത ചക്രവർത്തി (തിയററ്റിക്കൽ കെമിസ്ട്രി), ഊർമിൽ യൂലി ചൗധരി (ആർക്കിടെക്ട്‌), രോഹിണി മധുസൂദൻ ഗോഡ്‌ബോൽ (സൈദ്ധാന്തിക ഭൗതികം), വിനോദ് കൃഷാൻ (നക്ഷത്രഭൗതികം), ഡോ. മേരി പുന്നൻ ലൂക്കോസ് (ഗർഭചികിത്സ), മിതലി മുഖർജി (ജനിതകം), രമൺ പരിമള (ഗണിതം), സുദീപ്ത സെൻഗുപ്ത (ഭൗമശാസ്ത്രം) തുടങ്ങിയവർ ഉദാഹരണം.  കഴിഞ്ഞ ശാസ്ത്രദിനത്തെ അപേക്ഷിച്ച് കൂടുതൽ ഇന്ത്യൻ സ്ത്രീഗവേഷകരെ ഇത്തവണ അറിയാമെങ്കിൽ, നമ്മൾ അതിന് കടപ്പെട്ടിരിക്കുന്നത് ഈ ഗ്രന്ഥം തയ്യാറാക്കിയ അഞ്ജനയോടാണ്!

Content Highlights: world science day- women scientists in India