ബ്രഹ്മചര്യവും സേവനവുമെല്ലാം സ്വന്തം വിജയവീഥിയിലെ ചില വേഷങ്ങൾ മാത്രമാകുന്നു! രാവിലെ ചൊല്ലുന്ന കുർബാന ദൈവമഹത്ത്വത്തിനാകാതെ 100 രൂപയ്ക്കോ മറ്റുവല്ല മഹത്ത്വങ്ങൾക്കോ വേണ്ടിയാകുമ്പോൾ വേഷംകെട്ട്‌ പൂർത്തിയാകും. എന്തുചെയ്യുന്നു എന്നതല്ല എന്തിന്‌ ചെയ്യുന്നു എന്നതാണ്‌ പരമപ്രധാനം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നു കേസുകളിലാണ് അടുത്തകാലത്ത്‌ കത്തോലിക്കാ വൈദികർ പ്രതികളായത്. കേരളത്തിലെ 9033 വൈദികരിലും ഇന്ത്യയിലെ 19,946 വൈദികരിലും ഭൂരിപക്ഷത്തിനും വലിയ ആത്മവേദനയ്ക്കും മാനഹാനിക്കും ഈ സംഭവങ്ങൾ വിഷയമായി. മാത്രമല്ല, കേരളീയരുടെ കോപവും വേദനയും പ്രകടിതമായി. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാൻ ആരും ശ്രമിക്കുമെന്നു കരുതുന്നില്ല. ഇത്‌ സഭയിലും സമൂഹത്തിലും ഗൗരവമായ പ്രതിസന്ധിയായി മാറുന്നു.

ഇത്‌ കത്തോലിക്കാസഭയുടെ ഒരു പ്രശ്നവുമാണ്. പാശ്ചാത്യനാടുകളിൽ ശിശുപീഡനത്തിൽ വൈദികർ കേസിൽപ്പെട്ട്‌ ജയിലിലായിട്ടുണ്ട്. അവയൊക്കെ ഒളിച്ചുവെയ്ക്കാൻ സഹായിച്ചു എന്നതിന്റെപേരിൽ പ്രഗല്‌ഭരായ സഭാനേതാക്കൾ രാജിവെച്ച് ഒഴിയേണ്ടിവന്നിട്ടുമുണ്ട്. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസ് ഇക്കാര്യത്തിൽ വളരെ ദൃഢമായ സമീപനമാണ്‌ സ്വീകരിക്കുന്നത്. പീഡകരെയല്ല പീഡിതരെയാണ്‌ സഭ സംരക്ഷിക്കേണ്ടതെന്ന് അർഥശങ്കയില്ലാതെ മാർപാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. എന്തുകൊണ്ട് ഇതുണ്ടാകുന്നു എന്നതിന്‌ വളഞ്ഞുകെട്ടി ന്യായീകരണങ്ങൾ നിരത്താനല്ല ഇതെഴുതുന്നത്.

ഹെർമൻ ഹെസ്സെയുടെ ‘സിദ്ധാർഥ’ എന്ന നോവലിൽ സിദ്ധാർഥൻ താപസഗേഹത്തിൽ നിന്നിറങ്ങി നേരേ പോയത്‌ കച്ചവടക്കാരനായ കാമസ്വാമിയുടെ അടുക്കലേക്കാണ്. ‘തന്നെ കച്ചവടത്തിൽ ചേർക്കണ’മെന്ന അഭ്യർഥനയോട്‌ പ്രതികരിച്ചുകൊണ്ട്‌ കാമസ്വാമി ചോദിച്ചു: ‘‘നിനക്ക്‌ മുതൽമുടക്കാൻ എന്തുണ്ട്?’’ സിദ്ധാർഥൻ പറഞ്ഞു -‘‘എനിക്ക്‌ ചിന്തിക്കാനാവും. എനിക്ക് ഉപവസിക്കാനാവും. എനിക്ക്‌ കാത്തിരിക്കാനാവും.’’ കച്ചവടത്തിന്റെ വിജയത്തിനുവേണ്ടി ചിന്തിക്കാനും ഉപവാസമനുഷ്ഠി ക്കാനും ക്ഷമയോടെ കാത്തിരിക്കാനും സമർഥനായ ഒരാളെ കിട്ടുകയെന്നത്‌ നിസ്സാരകാര്യമല്ലല്ലോ. കാമസ്വാമി സിദ്ധാർഥനെ കച്ചവടത്തിലെടുത്തു. 

ആത്മീയമണ്ഡലത്തിൽ വന്നുഭവിക്കുന്ന ഒരു പ്രതിസന്ധിയുടെ കഥയുമാണിത്. ഉദ്ദേശ്യശുദ്ധി എന്ന വൈദിക സന്ന്യാസജീവിതത്തിന്റെ ആന്തരികതയിൽ മായം ചേരുന്നെന്ന വലിയപ്രശ്നമാണിവിടെ ചൂണ്ടിക്കാണിക്കുന്നത്. ലക്ഷ്യം പിഴയ്ക്കുന്നത്‌ മനസ്സിലാകാതെ പോകുകയാണോ? ഇപ്പോൾ ദൈവം എവിടെയോ ഗ്രഹണബാധയിലാണ്. ചിലർക്ക് എല്ലാം സ്വന്തം മഹത്ത്വത്തിനായി മാറുന്നു. പോൾ റിക്കർ എഴുതി: ‘ദൈവത്തിന്റെ പര്യായങ്ങളിൽ ഒന്നല്ല വിജയം.’ ആധുനികലോകം വിജയത്തെ ദൈവികമാക്കിയിരിക്കുന്നു. കുരിശിൽ മരിച്ചവൻ വിജ യത്തിന്റെ ദൈവമല്ല. ഇവിടെയാണ്‌ പൗരോഹിത്യവും സന്ന്യാസവും വഴിതെറ്റുന്നതിന്റെ മൂലം കാണേണ്ടത്. 

ബ്രഹ്മചര്യവും സേവനവുമെല്ലാം സ്വന്തം വിജയവീഥിയിലെ ചില വേഷങ്ങൾ മാത്രമാകുന്നു! രാവിലെ ചൊല്ലുന്ന കുർബാന ദൈവമഹത്ത്വത്തിനാകാതെ 100 രൂപയ്ക്കോ മറ്റുവല്ല മഹത്ത്വങ്ങൾക്കോ വേണ്ടിയാകുമ്പോൾ വേഷംകെട്ട്‌ പൂർത്തിയാകും. എന്തുചെയ്യുന്നു എന്നതല്ല എന്തിന്‌ ചെയ്യുന്നു എന്നതാണ്‌ പരമപ്രധാനം. ഇവിടെയാണ്‌ ടി.എസ്. എലിയറ്റ്‌ ‘കത്തിഡ്രലിലെ കൊലപാതക’ത്തിൽ പറയുന്ന ‘അന്ത്യപ്രലോഭന’ത്തിന്റെ പ്രസക്തി. ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിന്‌ ചെയ്യാനുള്ള പ്രലോഭനമാണ് അന്ത്യപ്രലോഭനം. ഈ പ്രലോഭനത്തിൽ വീണാൽപിന്നെ പ്രലോഭനമേ ഉണ്ടാകില്ല; തഴക്കദോഷത്തിന്റെ വെറും ആവർത്തനങ്ങൾമാത്രം. സോറൻ കീർക്കെഗോർ എഴുതി: ‘ആളുകൾ ക്രൈസ്തവികതയുടെ മർമം മറന്നിരിക്കുന്നു-ആത്മനിഗ്രഹം’ അദ്ദേഹം കൂട്ടിച്ചേർത്തു: ‘ലൂഥർ കൊവേന്തയിലേക്ക്‌ മടങ്ങണം.’ കാപട്യംകാണിക്കുന്ന ഭക്തരേക്കാൾ സത്യസന്ധരായ നിരീശ്വരരാണ്‌ മെച്ചമെന്ന്‌ ഫ്രാൻസിസ് മാർപാപ്പ പറയുന്നത്‌ സ്വന്തം സഭയെ നോക്കിയാണ്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വൈദികരെക്കുറിച്ച്‌ പഠനംനടത്തിയ ഫിലിപ്പ്‌ പി. ജെൻകിൻ എഴുതിയ പുസ്തകമാണ്‌ ‘Paedophilia and Priests: Anatomy Of a Contemporory Crisis.’ 1950-2000 കാലഘട്ടത്തിലാണ്‌ പാശ്ചാത്യനാടുകളിൽ പുരോഹിതരിൽ ഈ പ്രവണത പ്രധാനമായും കണ്ടത്. അതിനുമുമ്പുമല്ല, പിമ്പുമല്ല. എന്തുകൊണ്ട്? ലൈംഗികവിപ്ലവവും ഉപഭോഗസംസ്കാരവും പാശ്ചാത്യസംസ്കാരത്തെ പൊളിച്ചെഴുതിയ കാലമാണിത്. 
ഈ സംസ്കാരത്തിൽ കത്തോലിക്കാ വൈദികരേക്കാൾ കൂടുതൽ പ്രൊട്ടസ്റ്റന്റ് വൈദികർ ഈ പ്രതിസന്ധിയിൽപ്പെട്ടു.

വിവാഹിതരായ പുരുഷന്മാരിലും കത്തോലിക്കാ വൈദികരേക്കാൾ കൂടുതൽ വീഴ്ചകളുണ്ടായി. ഈ വിശദാംശങ്ങൾ മറ്റാരെയും കുറ്റപ്പെടുത്തി കത്തോലിക്കാ വൈദികർക്ക് ആശ്വസിക്കാനല്ല, മറിച്ച് ഇതൊക്കെ സാംസ്കാരിക പ്രശ്നവുമാണെന്ന്‌ ചൂണ്ടിക്കാണിക്കാനാണ്. നമ്മുടെ സമൂഹത്തിന്റെ മാധ്യമമുകുരത്തിൽ അനുദിനം പ്രതിഫലിക്കുന്നതും ഇതുതന്നെയല്ലേ? ഇവിടെ ഏറെ വേദനാജനകമായത് ഉപഭോഗസംസ്കാരത്തെ ആത്മീയത ചെറുത്തുനിൽക്കുന്നില്ലെന്ന്‌ മാത്രമല്ല, ആത്മീയതയെ കാപട്യത്തിന്റെ വൈശികതന്ത്രം പൊളിച്ചെഴുതുന്ന ഭീകരദുരന്തവും സംഭവിക്കുന്നു എന്നതാണ്.

(എഴുത്തുകാരനും ചിന്തകനും എറണാകുളം -അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപത്തിന്റെ (ഇംഗ്ളീഷ്‌) പത്രാധിപരുമാണ്‌)