കെ.പി. പ്രവിത  
 
ആധുനിക സാങ്കേതികത സ്ത്രീകൾക്കായി തുറന്നിട്ട പൊതു ഇടങ്ങളിലൊന്നാണ് സാമൂഹിക മാധ്യമങ്ങളെന്ന് വിളിപ്പേരുള്ള സൈബറിടങ്ങൾ. ലിംഗഭേദമെന്ന വേർതിരിവില്ലാതെ ഇവിടെ സൗഹൃദങ്ങൾ സ്ഥാപിക്കാം, നിലനിർത്താം. സ്വപ്നങ്ങളും പ്രതീക്ഷകളും കനൽകണക്കെ എരിയുന്ന നൊമ്പരങ്ങളുമെല്ലാം പങ്കുവയ്ക്കാം. ചുറ്റും ആരൊക്കെയോ ഉള്ളപ്പോഴും അവൾക്ക് ഒറ്റയ്ക്കിരിക്കാം.
സൈബറിടത്തിന്റെ മാസ്മരികതയിലേക്ക് അവളെ (അവനെയും) ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്. എന്നാൽ, സോഷ്യൽ മീഡിയയും സ്ത്രീകൾക്ക് അന്യമാവുകയാണോ... പെണ്ണ് മിണ്ടിയാൽ വാളെടുക്കുന്നവർ കൂടുകയാണെന്ന് ചില സമീപകാല സംഭവങ്ങൾ  ഓർമിപ്പിക്കുന്നു. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞ നടിയെ അപമാനിച്ചത് ഫെമിനിച്ചിയെന്ന വിളിപ്പേരിലാണ്. പൊരിച്ച മീൻ വിഷയത്തിലും പ്രമുഖ നടിക്ക്‌ സഹിക്കേണ്ടിവന്നത് അപമാനംതന്നെ.

ഈ പശ്ചാത്തലത്തിലാണ് തികച്ചും വ്യത്യസ്തമായൊരു ഉദ്യമത്തിന് മാതൃഭൂമി തുടക്കമിട്ടത്. അഭിപ്രായസ്വാതന്ത്ര്യം സ്ത്രീകൾക്ക് അന്യമാവുകയാണോ എന്നാണ് വനിതാദിനത്തിന്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ കാമ്പയിനിലൂടെ മാതൃഭൂമി വിലയിരുത്തിയത്. ഒരേകാര്യം അത് സ്ത്രീയും പുരുഷനും പറയുമ്പോഴുള്ള പ്രതികരണം എങ്ങനെയെന്നാണ് പരിശോധിച്ചത്. യാത്രയിലുൾപ്പെടെ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് ആർ.ജെ. അരുണും സ്മൃതി പരുത്തിക്കാടും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. സ്വന്തം പേജുകളിലായിരുന്നു രണ്ടുപേരും വീഡിയോ പോസ്റ്റ്ചെയ്തത്. മാതൃഭൂമിയെക്കുറിച്ചോ ഡിജിറ്റൽ കാമ്പയിനിനെക്കുറിച്ചോ സൂചനകളൊന്നുമില്ലായിരുന്നു.

യാത്രകളിലുൾപ്പെടെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചാണ് രണ്ടുപേരും സംസാരിച്ചത്.
അരുണിന്റെ വീഡിയോയ്ക്ക് നാലുലക്ഷത്തിലധികം ലൈക്കുകളും 3000-ലധികം ഷെയറുകളും കിട്ടി. ലഭിച്ച 500 പ്രതികരണങ്ങളിൽ ഭൂരിഭാഗവും പിന്തുണയ്ക്കുന്നതായിരുന്നു. എന്നാൽ, സ്മൃതിയുടെ വീഡിയോയ്ക്ക് മോശം പ്രതികരണമാണ് ലഭിച്ചത്. സ്ത്രീവിരുദ്ധമെന്നുതന്നെ വിശേഷിപ്പിക്കാം പ്രതികരണങ്ങളെ. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്നുതുടങ്ങി മോശം വാക്കുകളിലേക്കുവരെ നീണ്ടു കമന്റുകൾ. പരിഹാസങ്ങളും ഏറെ. ഫെമിനിച്ചിയെന്നും വിളിക്കുന്നുണ്ട്. വേണ്ടാത്ത കാര്യം പറഞ്ഞാൽ ട്രോളുമെന്നുമുണ്ട് ഭീഷണി.

അവളുടെ  വാക്കുകൾ അവഗണിക്കപ്പെടുകയാണെന്നാണ് ഈ ഉദാഹരണം വ്യക്തമാക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്ന പുരുഷനെ ഇരുകൈയുംനീട്ടി സ്വീകരിക്കുന്നവർ അതേ കാര്യത്തിനുവേണ്ടി നിലകൊള്ളുന്നത് സ്ത്രീയാണെങ്കിൽ അവളെ ആക്ഷേപിക്കുന്നു. ഈ വനിതാദിനത്തിൽ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് മധുരമോ ആശംസകളോ ഒന്നുമല്ല. അഭിപ്രായസ്വാതന്ത്ര്യമാണ്. അവളെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസ്സാണ്. അറയ്ക്കുന്ന, തിളയ്ക്കുന്ന, പുളിക്കുന്ന വാക്കുകൾ, ട്രോളുകൾ അവളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടാതിരിക്കട്ടെ.

*************************
ഇവളല്ലേ ശരിക്കും മാലാഖ?
 

കെ.വി. കല

 

Nargis Beegam
നര്‍ഗീസ് ബീഗം
കിടപ്പുരോഗിക്കൊപ്പം

ഹംസയും രവിയും ഡിസ്ച്ചാർജാണ്. ഫെബ്രുവരി 15-ന് ബില്ലടയ്ക്കാൻ ഇരുപതിനായിരം രൂപ വേണം. ആരാ സഹായിക്കുക...? എന്റെ നമ്പർ 81139 82906, 99616 10145... സി.എ.യ്ക്ക് പഠിക്കുന്ന നമ്മുടെ മോന് സെമസ്റ്റർ ഫീസ് അടയ്കാൻ 14,980 രൂപവേണം... മാർച്ച് മാസത്തെ മരുന്നിന് നാലായിരം രൂപകൂടി വേണം... പലചരക്കുകടയിലെ പറ്റ് തീർക്കണം...സഹായം വേണംട്ടോ...(നർഗീസ് ബീഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽനിന്ന്‌) ചില മനുഷ്യരുണ്ട്... സ്നേഹമായി, ഭക്ഷണമായി, വസ്ത്രമായി, മരുന്നായി, പണമായി അവർ മുന്നിലെത്തും

കോഴിക്കോട് രാമനാട്ടുകര സ്വദേശി നർഗീസ് ബീഗം എന്ന റോസ്‌ന പ്രിയപ്പെട്ടവർക്കിടയിൽ ഇതെല്ലാമാണ്. വയനാട് സുൽത്താൻ ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഡോറയെന്ന ജീവകാരുണ്യസംഘടനയുടെ ഡയറക്ടറായ 36-കാരി നർഗീസിന്റെ ജീവിതം അക്ഷരങ്ങളിൽ ഒതുക്കാവുന്നതല്ല.

മാരകരോഗങ്ങളിൽ വേദനതിന്നുന്നവർ, വിശപ്പുകൊണ്ട് ഭ്രാന്ത് പിടിക്കുന്നവർ, അപകടങ്ങൾ ശരീരം തളർത്തിയവർ, ജീവിതവഴിയിൽ തനിച്ചായിപ്പോയവർ... സ്നേഹവും സഹായവും  തേടുന്ന നൂറുകണക്കിന് പേരുടെ അത്താണിയാണ് നർഗീസ്.

ഫെയ്‌സ്ബുക്ക് എന്ന സൗഹൃദ കൂട്ടായ്മയെ ജീവകാരുണ്യപ്രവർത്തനത്തിന്റെ വലിയ ശൃംഖലയായി വളർത്തിയാണ് നർഗീസ് പലരുടെയും കണ്ണീർ ഒപ്പുന്നത്. സഹായം തേടുന്ന ഓരോരുത്തരെയും നേരിൽക്കണ്ട് അവരുടെ ആവശ്യങ്ങൾ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെക്കും. കിട്ടിയ സഹായങ്ങൾ അപ്പപ്പോൾ പോസ്റ്റ്‌ചെയ്ത് സുതാര്യത ഉറപ്പാക്കും. സഹായങ്ങൾ കൈമാറുമ്പോൾ ഫോട്ടോ സഹിതം നന്ദിയും സ്നേഹവും പങ്കുവെക്കും.

തിരുവനന്തപുരം ശാസ്തമംഗലത്തുനിന്ന് വസ്ത്രങ്ങളും ചെരുപ്പുകളും മറ്റുമായി ആറുവലിയ പെട്ടി കഴിഞ്ഞദിവസം നർഗീസിന്റെ വിലാസം തേടിയെത്തി. മലപ്പുറത്തുള്ള ഷഹനാസ്‌ എന്ന പെൺകുട്ടി നാലുജോഡി വിലയേറിയ വിവാഹവസ്ത്രങ്ങൾ നർഗീസ് ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചുപോയത്‌ രണ്ട്‌ ദിവസം മുമ്പാണ്‌.

നർഗീസ് അഡോറയുടെ ഭാഗമായിട്ട് രണ്ട് വർഷമായി. നർഗീസിന്റെ ഏറെക്കാലത്തെ സ്വപ്നമായ സൗജന്യ വസ്ത്രക്കടയായ എയ്ഞ്ചൽസ് ഫെബ്രുവരി 18-ന് ഒരുവർഷം പിന്നിട്ടു. ഇവിടെ  പാവങ്ങൾക്ക് സൗജന്യമായി ഇഷ്ടവസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഒരുതവണ ഉപയോഗിച്ച് അലമാരയിൽ വിശ്രമിക്കുന്ന വിവാഹവസ്ത്രങ്ങൾ നർഗീസ് ശേഖരിക്കും. ഇത് എയ്ഞ്ചൽസ് വഴി പാവപ്പെട്ട പെൺകുട്ടികൾക്ക് സമ്മാനിക്കും. നർഗീസിന്റെ ഭാഷയിൽ അവ പാവപ്പെട്ട മാലാഖമാർക്ക് അവകാശപ്പെട്ടതാണ്. ഒരു വർഷത്തിനിടെ 94 പെൺകുട്ടികൾ എയ്ഞ്ചൽസ് സമ്മാനിച്ച വിവാഹവസ്ത്രങ്ങളണിഞ്ഞ് പുതുജീവിതത്തിലേക്ക് കടന്നു. 

എയ്ഞ്ചൽസിന്റെ വാർഷികത്തിന് ഒരുക്കിയ സൗജന്യ ഷോപ്പിങ് എക്സ്‌പോയിലേക്ക് കേരളത്തിന്റെ പല ഭാഗത്തുനിന്നും വസ്ത്രങ്ങളെത്തി. സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ഇനി അയക്കേണ്ടെന്ന് നർഗീസിന് ഫെയ്‌സ്ബുക്ക് പോസ്റ്റിടേണ്ടി വന്നു. തമിഴ്‌നാട്ടുകാരിയായ ഒരു ചേച്ചി അയച്ച കണ്ടെയ്‌നർ ലോറിയിലാണ് ഈ വസ്ത്രങ്ങളത്രയും സുൽത്താൻ ബത്തേരിയിൽ എത്തിച്ചത്.

14 വർഷമായി ഫറോക്ക് കോയാസ് ആസ്പത്രിയിലെ നഴ്‌സാണ് നർഗീസ്. രാത്രി ഡ്യൂട്ടിയും പകൽ സഹജീവികൾക്ക് സാന്ത്വനംപകരാനുള്ള അലച്ചിലും. എട്ടിലും മൂന്നിലും പഠിക്കുന്ന രണ്ട് ആൺമക്കളുടെ അമ്മ കൂടിയായ നർഗീസിന് അവരെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തതിന്റെ വിഷമം ഉണ്ട്. അവരെക്കാൾ തന്റെ സാന്നിധ്യം ആവശ്യമുള്ളവർക്കിടയിലാണ് താനെന്ന് സ്വയം ആശ്വസിക്കുന്നു.

മരുന്നിനും ആസ്പത്രിച്ചെലവിനും പലചരക്കുകടയിലെ പറ്റ് തീർക്കുന്നതിനുമൊക്കെയായി മാസം 35,000 രൂപയോളം നർഗീസിനും അഡോറയ്ക്കും വേണം. അയ്യായിരത്തോളം എഫ്.ബി. സുഹൃത്തുകളും 31,000 ഫോളോവേഴ്‌സും അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി വലിയ നിര പിന്തുണയുമായുണ്ട്. 

കിടപ്പുരോഗികളുടെ പുനരധിവാസത്തിനായി ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള തുറന്ന വീടാണ് ഇപ്പോൾ നർഗീസിന്റെ സ്വപ്നം.
വയനാട്ടിൽ സ്ഥലത്തിന് അഡ്വാൻസും നൽകി. പലരിൽനിന്നായി ഇതിനകം രണ്ട് ലക്ഷം രൂപ കിട്ടി. ഇരുനൂറ് സുഹൃത്തുക്കൾകൂടി രണ്ടായിരം രൂപ വീതംതന്നാൽ സ്ഥലം വാങ്ങാമെന്നാണ് പ്രതീക്ഷ. ഇത്രയേറെ മനുഷ്യസ്നേഹികളുണ്ടായിരിക്കെ, തന്റെ സ്വപ്നം വെറുതെയാവില്ലെന്ന് നർഗീസ് പറയുന്നു.