ഇക്കഴിഞ്ഞമാസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ വന്ന ഒരു ഹർജി ബിഹാർ സ്വദേശിനിയായ ഇസ്രത്ത് ജഹാൻ എന്ന മുസ്‌ലിം സ്ത്രീയുടേതായിരുന്നു. അവരുടെ ഭർത്താവ് ദുബായിൽ െവച്ച് ഫോൺ വഴി ഒറ്റശ്വാസത്തിൽ മൂന്ന് തലാക്കും ഒന്നിച്ചുചൊല്ലി അവരെ വിവാഹ മോചിതയാക്കിയതിനെ ചോദ്യംചെയ്താണ് അവർ കോടതിയിലെത്തിയിട്ടുള്ളത്. 1937-ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് ഇന്ത്യയിലെ മുസ്‌ലിംസ്ത്രീകളുടെ മൗലികാവകാശത്തിനുനേരേയുള്ള വെല്ലുവിളിയായതിനാൽ ആ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭരണഘടനാവിരുദ്ധമായി റദ്ദ് ചെയ്യണമെന്നതാണ് ഹർജിയുടെ കാതൽ. അഥവാ മുത്തലാക്ക്‌ ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് സ്ത്രീവിരുദ്ധവും ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, അന്തസ്സാർന്ന ജീവിതം എന്നിവ നിഷേധിക്കുന്നതുമാണ്. ഹർജിയുടെ ഗൗരവം ഉൾക്കൊണ്ട സുപ്രീംകോടതി ഈ വിഷയത്തെ സംബന്ധിച്ച് അഭിപ്രായങ്ങൾ ബോധിപ്പിക്കാൻ കേന്ദ്രസർക്കാർ, ദേശീയ വനിതാകമ്മിഷൻ തുടങ്ങിയവർക്ക് നോട്ടീസയച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ രാജ്യത്ത് പൊതു സിവിൽനിയമം നടപ്പാക്കുന്നതിന്റെ സാധ്യത ആരാഞ്ഞ് ലോ കമ്മിഷനെ സമീപിച്ചതുമുതൽ പ്രധാന ചർച്ചാ വിഷയം പൊതു സിവിൽനിയമമാണ്. ഭരണഘടനയുടെ അനുച്ഛേദം 44 ഇത്തരമൊരു സാധ്യതയെക്കുറിച്ച് രാജ്യത്തെ ബോധവാന്മാരാക്കുന്നുമുണ്ട്. മൗലികാവകാശങ്ങൾപോലും ഉറപ്പുവരുത്താൻ സാധിക്കാത്ത ഭരണകൂടം നിർദേശകതത്ത്വങ്ങളിൽ അപ്രധാനമായ ഒന്ന് നടപ്പാക്കാൻ ഊന്നൽ നൽകുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ മാത്രമാണ്. നമ്മുടെ രാജ്യംപോലെ വൈവിധ്യം നിറഞ്ഞതും സങ്കീർണമായ ആചാരങ്ങളും സമ്പ്രദായങ്ങളും നിലവിലുള്ളിടത്ത് തീർത്തും അപ്രായോഗികമാണ് പൊതു സിവിൽ നിയമം. രാജ്യത്തെ ഉദ്ഗ്രഥനം പൊതു സിവിൽ നിയമം കൊണ്ടല്ല സാധ്യമായതെന്ന് കഴിഞ്ഞ 70 വർഷങ്ങൾകൊണ്ട് നമുക്ക് ബോധ്യമായതാണ്.

എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന മുസ്‌ലിം സമുദായത്തെ സംബന്ധിച്ച സിവിൽ നിയമങ്ങളിൽ അപാകങ്ങളും അസമത്വവുമുണ്ട്. കൂടാതെ പല നിയമങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട് എന്നുള്ളതും വസ്തുതയാണ്. ഇതുസംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരുമ്പോൾ ഉന്നയിക്കാറുള്ള പ്രധാന തടസ്സവാദം ‘മത വിശ്വാസങ്ങൾക്കുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം’ നടത്തുന്നു എന്നതാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള സമീപനം ആരും കൈക്കൊള്ളാറില്ല.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകളുടെ നിസ്സഹായാവസ്ഥ ഒരു യാഥാർഥ്യമാണ്. വിവിധകോടതികളിൽ നിലനിൽക്കുന്ന കേസുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമുക്കീ വിഷയത്തിലെ ഭയാനകത ബോധ്യമാകും. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് പൊതു സിവിൽ നിയമത്തിനുള്ള മുറവിളി ഉയരുന്നത്. ഇതിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധം ഉയർത്തുന്നത് മുസ്‌ലിം സമുദായക്കാരാണ്. ബഹുസ്വരത സംരക്ഷിക്കപ്പെടണം എന്ന ആവശ്യം അംഗീകരിക്കുന്നതിനോടൊപ്പം തന്നെ നിലവിൽ ‘പ്രാക്ടീസ്’ ചെയ്യുന്ന നിയമങ്ങളിലെ ലിംഗ അസമത്വവും പുരുഷമേധാവിത്വവും പരിഹരിക്കുന്നതിനായി സമുദായത്തിനകത്തുനിന്ന് തന്നെ നിർദേശങ്ങൾ ഉയർന്നുവരേണ്ടത് അനിവാര്യമായിരിക്കുന്നു എന്നതാണ് കോടതികളിലെത്തുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം ബോധ്യപ്പെടുത്തുന്നത്.

മുസ്‌ലിമായി ജനിച്ച ഒരാളുടെ വിവാഹം, വിവാഹമോചനം, സംരക്ഷണം, പിന്തുടർച്ചാവകാശം, ദത്ത് തുടങ്ങിയ സിവിൽ നിയമങ്ങൾ സങ്കീർണമാണ്. അവയിൽ ക്രോഡീകരിച്ചവയും ക്രോഡീകരിക്കാത്തവയുമുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് ഖുർ ആനും സുന്നത്തും (പ്രവാചകചര്യ) ആണ്. വ്യത്യസ്ത വ്യാഖ്യാതാക്കൾ പല തലങ്ങളിൽ വ്യാഖ്യാനിച്ച് രൂപപ്പെടുത്തിയതാണ് നിലവിലുള്ള ‘പ്രാക്ടീസിങ് ലോ’. രാജ്യം സ്വതന്ത്രമാകുന്നതിനുമുമ്പുതന്നെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അപ്ലിക്കേഷൻ നിയമം, 1937 നിലവിൽ വന്നതോടെയാണ് ബ്രിട്ടീഷ് കോടതികളിൽ ഈ നിയമത്തിന് അംഗീകാരം ലഭിക്കുന്നത്. പ്രസ്തുത നിയമത്തിലെ വകുപ്പ് രണ്ട് പ്രകാരം മുസ്‌ലിങ്ങളായ രണ്ടാളുകൾ തമ്മിലുള്ള വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം, രക്ഷാകർതൃത്വം, മഹർ, സമ്മാനങ്ങൾ, വഖഫ് തുടങ്ങിയ എല്ലാ കൃത്യങ്ങളിലും ബാധകമാവുന്നത് മുസ്‌ലിം നിയമങ്ങളാണ്. 1986-ൽ നമ്മുടെ പാർലമെന്റ് അംഗീകരിച്ച മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചന സംരക്ഷണനിയമം ആണ് ഈ ശ്രേണിയിൽ അവസാനത്തേത്.

1937-ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് നിലവിൽവന്നതോടെ മുസ്‌ലിങ്ങളെ സംബന്ധിച്ച് മറ്റെല്ലാ സിവിൽ നിയമങ്ങളും അപ്രസക്തമാവുകയായിരുന്നു. എന്നാൽ, ലക്ഷദ്വീപ് പോലെ ചില പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന മാപ്പിള മരുമക്കത്തായ സമ്പ്രദായം തുടങ്ങിയവ ഇപ്പോഴും ആചാരങ്ങളാൽ ബന്ധിതമായതിനാൽ നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ സ്വാധീനമില്ലാതിരുന്ന ഗോവ പോലുള്ള പ്രദേശങ്ങളിലും ഈനിയമം ബാധകമല്ല. അഥവാ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് കോടതികളിൽ പിന്തുടരാത്ത പ്രദേശങ്ങളിലും ഇസ്‌ലാം മത വിശ്വാസികൾ മതാനുഷ്ഠാനങ്ങളോടെ ജീവിക്കുന്നുണ്ട്; ജീവിച്ചിരുന്നു.

നമ്മുടെ ഭരണഘടനയുടെ അന്തസത്ത നിലകൊള്ളുന്നത് ജാതി, മത, വർണ, ലിംഗ വ്യത്യാസമില്ലാതെയുള്ള തുല്യതയ്ക്കുള്ള അവകാശമായ അനുച്ഛേദം 14-ലും അന്തസ്സാർന്ന ജീവിതം ഉറപ്പു നൽകുന്ന അനുച്ഛേദം 21-ലൂടെയുമാണ്. ലിംഗവ്യത്യാസമില്ലാതെ എല്ലാ മത വിശ്വാസങ്ങളിൽപ്പെട്ട സ്ത്രീ-പുരുഷന്മാർക്കും തുല്യത ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. എന്നാൽ, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഓരോ പൗരനും ലഭിക്കുന്ന അവകാശവും ഭരണഘടനയിലെ മൗലിക അവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ്.

ഒരു സമൂഹത്തിന്റെ സാംസ്കാരികത്തനിമ നിലനിർത്തേണ്ടത് ഇന്ത്യപോലുള്ള നാനാത്വത്തിൽ ഏകത്വം അടിസ്ഥാനപ്രമാണമായി ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് പരമപ്രധാനമാണ്. സംസ്കാരങ്ങളെ നിലനിർത്തുന്നതിൽ നിയമങ്ങൾക്ക് വലിയ പ്രസക്തിയുമുണ്ട്. തീർച്ചയായും നമ്മുടെ രാജ്യത്തെ കോടതികളിൽ നടന്നുവരുന്ന ‘മുഹമ്മദൻ ലോ’ മുസ്‌ലിം സഹോദരിമാരോട് കടുത്ത വിവേചനവും അനീതിയും കാണിക്കുന്നു എന്ന പരാതി വ്യാപകവും അടിസ്ഥാനമുള്ളതുമാണ്. മുത്തലാക്ക്‌, ജീവനാംശം, അനന്തരാവകാശം, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് ഹാനി തട്ടാതെ കാലഘട്ടം പ്രതീക്ഷിക്കുന്ന പരിഷ്കാരത്തിന് സമുദായ നേതൃത്വം തയ്യാറെടുക്കേണ്ടതുണ്ട്.

വിവാഹത്തെക്കാൾ വേഗത്തിൽ ഭർത്താവ് ഒരു കേടുപാടുമില്ലാതെ നടത്തുന്ന സംഗതിയാണ് തലാക്ക്‌ (ഡിവോഴ്‌സ്). എന്നാൽ, ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള മൊഴിചൊല്ലാനുള്ള അവകാശം ഇസ്‌ലാം പുരുഷന് വകവെച്ചുകൊടുത്തിട്ടുണ്ടോ? എസ്.എം.എസ്., വാട്ട്‌സാപ്പ്, എഫ്.ബി., ടെലിഫോൺ, ഇ-മെയിൽ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചു പോലും വിവാഹബന്ധം വേർപിരിക്കുന്ന ഒരു സമീപനം വ്യാപകമായിട്ടുണ്ട്. ഇത് അനുവദിച്ചുകൊടുക്കുന്നത് സ്ത്രീ സംരക്ഷണത്തിനുനേരേയുള്ള വലിയ വെല്ലുവിളിയാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി ഇത്തരം തലാക്കുകളെ പാടേ നിരാകരിക്കുന്ന ഒരു സമീപനമാണ് 2002-ൽ പുറപ്പെടുവിച്ച ഷമീം അറ Vs സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് എന്ന കേസിൽ സ്വീകരിച്ചിട്ടുള്ളത്.

1968-ൽ ഷമീം, അബ്രാറിനെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ നാല് ആൺ മക്കളുണ്ടായി. 1979-ൽ തനിക്കും പ്രായപൂർത്തിയാവാത്ത മക്കൾക്കും നിത്യചെലവ് ലഭിക്കുന്നതിനായി ഷമീം അറ കോടതിയിലെത്തി. കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ 1987-ൽ അബ്രാർ ഷമീം അറയെ മുത്തലാക്ക്‌ ചൊല്ലി ബന്ധം വേർപിരിച്ചതായി കോടതിയെ അറിയിക്കുന്നു. തുടർന്ന് ഷമീം അറയ്ക്ക് നിത്യചെലവ് ലഭിക്കാൻ അവകാശമില്ലെന്ന കീഴ്‌ക്കോടതിയുടെ കണ്ടെത്തലിനെതിരെ ഷമീം അറ ഹൈക്കോടതിയെ സമീപിച്ചു.  1987-ൽ തലാക്ക്‌ നടന്നിട്ടില്ലെന്നും എന്നാൽ, അബ്രാർ ’90-ൽ കോടതിയെ തലാക്ക്‌ അറിയിച്ചിട്ടുണ്ടെന്നും ആയതിനാൽ നിത്യചെലവിനുള്ള അവകാശംഅവർക്കില്ലെന്നും പറഞ്ഞ് ഹൈക്കോടതിയും കേസ് തീർപ്പാക്കി. ആ വിധിക്കെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു. ഒടുവിൽ, 23 വർഷത്തിനുശേഷം ബഹുമാനപ്പെട്ട സുപ്രീംകോടതി കണ്ടെത്തിയത് തലാക്ക്‌ ഭാര്യ കേൾക്കേ ഉച്ചരിക്കണമെന്നും ഭാര്യ എതിർത്താൽ തലാക്ക്‌ കോടതിയിൽ തെളിയിക്കേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്വമാണ് എന്നുമാണ്. എന്നാൽ, കേസ് നടക്കുന്നതിനിടയിൽ കോടതിയിൽ സമർപ്പിക്കുന്ന രേഖകൾ നിയമപരമായ തലാക്കല്ലെന്നും ഇസ്‌ലാം അനുശാസിക്കുന്ന രീതി അതല്ല എന്നും കാരണമില്ലാതെ തലാക്ക്‌ ചൊല്ലാൻ പാടില്ല എന്നും തലാക്കിന് മുൻപ് നിരന്തരമായ ചർച്ചകൾ മധ്യസ്ഥരുടെ മുമ്പാകെ നടത്തി വൈരം ശമിപ്പിച്ച് തർക്കം പറഞ്ഞുതീർക്കാനുള്ള അവസാനശ്രമം നടത്തേണ്ടതുണ്ടെന്നുമാണ്. ഇങ്ങനെ ഇസ്‌ലാം നിഷ്‌കർഷിക്കുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകാതെ നേരേ മൂന്നു തലാക്കും ഒന്നിച്ചുചൊല്ലുന്നതിന്റെ നിയമസാധുത ഷമീം അറ കേസിലൂടെ സുപ്രീംകോടതിതന്നെ  ഇല്ലാതാക്കിയിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ, സമുദായനേതാക്കൾ ഈ നിലപാട് അതുപോലെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് വിഷമവൃത്തത്തിൽ അകപ്പെട്ടുപോകുന്നതും സ്ത്രീകളാണ്. 
പാസ്പോർട്ടുകളിൽ ഇണയുടെ പേര് മാറ്റുന്നതിനും ഇദ്ദ കാലയളവ് കൃത്യമായി പാലിക്കുന്നതിനും 1986-ലെ മുസ്‌ലിം വിവാഹമോചനസംരക്ഷണ നിയമപ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിനും വിവാഹമോചന കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കുന്നതിന് ഏറെ സഹായകരമാകും.

വിവാഹം സംബന്ധിച്ച് നിലവിലുള്ള സമ്പ്രദായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത് മഹല്ലുകളിലോ ഖാസി ഹൗസുകളിലോ ആണ്. എന്നാൽ, മഹർ, പരസ്പരം കൈമാറ്റംചെയ്യുന്ന മറ്റ് സമ്മാനങ്ങൾ, ആഭരണങ്ങൾ, തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു രീതി ഇപ്പോൾ നിലവിലില്ല. ഭർത്താവോ വീട്ടുകാരോ അത് ദുരുപയോഗം ചെയ്താൽ അവ തിരിച്ചുലഭിക്കാൻ സ്ത്രീകൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇത് സംബന്ധമായി കൃത്യമായ മാർഗരേഖ ഉണ്ടാക്കേണ്ടതുണ്ട്. മഹല്ലുകളിൽ വിവാഹം രജിസ്റ്റർചെയ്യുന്നത് നിർബന്ധമാക്കണം. അതോടൊപ്പം മഹല്ലുകളിലെ വിവാഹരജിസ്റ്ററിന്റെ ആധികാരികത ഉറപ്പു വരുത്തേണ്ടതുമുണ്ട്. വഖഫ് ബോർഡിനോ തദ്ദേശസ്വയംഭരണ സ്ഥപനങ്ങൾക്കോ ആധികാരികത ഉറപ്പു വരുത്താൻ അധികാരം നൽകാവുന്നതാണ്.
അനിയന്ത്രിതമായ ബഹുഭാര്യത്വം സ്ത്രീകളിലേല്പിക്കുന്ന വൈകാരിക സമ്മർദവും സാമൂഹികമായ ഒറ്റപ്പെടലും അപമാനവും ഏറെ വലുതാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ സ്ത്രീയെ സംബന്ധിച്ച് ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടാവുന്നത് താങ്ങാവുന്നതിനപ്പുറമുള്ള വൈകാരിക അനുഭവമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വത്തിന്കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാത്തയാൾ രണ്ടാംവിവാഹം കഴിക്കുന്നത് ഒരു സാമൂഹികപ്രശ്നം കൂടിയാണ്. ലില്ലി തോമസ് Vs യൂണിയൻ ഓഫ് ഇന്ത്യ (2000), ജാവേദ് Vs ഹരിയാണ (2003) എന്നീ കേസുകളിൽ സുപ്രീംകോടതി എടുത്ത നിലപാട് മുസ്‌ലിം പുരുഷന് നാലു സ്ത്രീകളെവരെ വിവാഹം ചെയ്യാം എന്നാണ്‌. എന്നാൽ, നാലുവരെ വിവാഹം എന്നുപറഞ്ഞതുകൊണ്ടോ വിലക്കേർപ്പെടുത്തിയതുകൊണ്ടോ ഒരു മതാചാരം ഒരിക്കലും അസന്ദിഗ്‌ധമായി പ്രഖ്യാപിക്കപ്പെട്ട ഒരു തത്ത്വമായി അല്ലെങ്കിൽ ഒരു നിയമമായി മാറുന്നില്ല. മാത്രമല്ല ആവാം എന്നതുകൊണ്ടുമാത്രം മതത്തിന്റെ അംഗീകാരം അതിനുണ്ടെന്ന് അവകാശപ്പെടാൻ സാധ്യമല്ല എന്നുമാണ്. കൂടാതെ മുസ്‌ലിം നിയമം ബഹുഭാര്യത്വം നിരുപാധികമായി അംഗീകരിച്ചിട്ടില്ലെന്നും ബഹുമാനപ്പെട്ട കോടതി ഓർമപ്പെടുത്തുന്നു. പല ഇസ്‌ലാമിക രാജ്യങ്ങളിൽപ്പോലും നിരുപാധികമായ രണ്ടാംവിവാഹം സാധ്യമല്ല. മൗലികമായ മാറ്റം വരുത്താതെ സ്ത്രീപക്ഷപരമായ കാലികമാറ്റം ഈ കാര്യത്തിലും അനിവാര്യമായിരിക്കുന്നു.

പീഡനമനുഭവിക്കുന്ന മുസ്‌ലിം സ്ത്രീകൾ അവകാശങ്ങൾക്കായി കോടതിയിൽ എത്തിച്ചേർന്നിരിക്കുന്നു. അവരുടെ അവകാശങ്ങൾ നിഷേധിക്കാനും കണ്ണടയ്ക്കാനും സാധ്യമാവുകയില്ല. എന്നാൽ, ദില്ലിയിലെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾ പലപ്പോഴും തീർത്തും നിഷേധാത്മകമായ സമീപനമാണ് മുസ്‌ലിംസ്ത്രീകളുടെ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്നത്. വർത്തമാനയാഥാർഥ്യങ്ങളോട് മുഖം തിരിച്ച് ഒരു നേതൃത്വത്തിനും മുന്നോട്ട് പോകാൻ സാധ്യമല്ല. രണ്ടാഴ്ച മുൻപ് സുപ്രീംകോടതി മുമ്പാകെ സ്വമേധയാ എടുത്ത സിവിൽ പെറ്റീഷൻ 2/2015-ൽ മുസ്‌ലിംസ്ത്രീകളുടെ മൗലികാവകാശത്തെ സംബന്ധിച്ച കേസിൽ സ്വമേധയാ മൂന്നാം എതിർകക്ഷിയായി അവരോധിച്ചു കൊണ്ട് സമർപ്പിച്ച സത്യവാങ്മൂലം ഞെട്ടലുളവാക്കുന്നതാണ്. കാലികമല്ലാത്തതും സ്ത്രീകളെ പാടേ അവഗണിക്കുന്നതും പരസ്പരവിരുദ്ധവുമായ കാര്യങ്ങളാണ് സുദീർഘമായ സത്യവാങ്മൂലത്തിലുള്ളത്. പല ഇസ്‌ലാമികരാജ്യങ്ങളും വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ മുത്തലാക്ക്‌ വിലക്കിയപ്പോൾ ഇവർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് മുത്തലാക്ക്‌ അനുവദിച്ചില്ലെങ്കിൽ ഭാര്യ കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടാവും എന്നതാണ്. %തീർത്തും പുരുഷപക്ഷത്തുള്ള പേഴ്‌സണൽ ലോ ബോർഡിന്റെ സമീപനം ഇന്ത്യയിലെ മുസ്‌ലിംസമുദായത്തിന്റെ പരിച്ഛേദമായി കണ്ടുകൂടാ. അവരിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ അഭിപ്രായമുള്ള നിരവധി മുസ്‌ലിംസംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. സുപ്രീംകോടതി മുമ്പാകെയുള്ള ബഹുഭാര്യത്വത്തെയും മുത്തലാക്കിനെയും ചോദ്യംചെയ്ത് ഹർജി സമർപ്പിച്ചിട്ടുള്ളത് മുസ്‌ലിം സഹോദരിമാർ തന്നെയാണ്.

മൗലികമായി ഇസ്‌ലാം മത വിശ്വാസത്തിനെതിരാകാത്തവിധത്തിൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ബഹുഭാര്യത്വം തുടങ്ങിയവയിൽ പ്രായോഗികതലത്തിൽ മുസ്‌ലിം സ്ത്രീകളനുഭവിക്കുന്ന ലിംഗ അസമത്വവും അരക്ഷിതാവസ്ഥയും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാമുദായിക സംഘടനകളുടെയും മത പണ്ഡിതന്മാരുടെയും നിയമരംഗത്ത് പ്രവർത്തിക്കുന്നവരുടെയും കൂട്ടായ പരിശ്രമത്തിനുള്ള ഒരു പരിഷ്കരണം അനിവാര്യമാണ്.
സ്ത്രീസുരക്ഷയും സ്ത്രീയുടെ അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതും ഒരു സംസ്കൃത സമൂഹത്തിന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാൻ ഇന്ത്യയിലെ മുസ്‌ലിംസമൂഹം പ്രാപ്തമാണ്. ഇങ്ങനെ കാലാനുസൃതമായി അടിസ്ഥാന തത്ത്വങ്ങളിൽ മാറ്റംവരുത്തി സ്ത്രീ വിവേചനത്തിന്റെപേരിൽ പൊതു സിവിൽനിയമം വേണമെന്ന് മുറവിളികൂട്ടുന്നവരെ നിശ്ശബ്ദരാക്കാം, ലോകത്തെ ഇതര മുസ്‌ലിം സമൂഹത്തോടൊപ്പം ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് മുന്നേറ്റം സാധ്യമാണെന്ന് ബോധ്യപ്പെടുത്തുകയുമാവാം.

(എം.ജി. വാഴ്‌സിറ്റി പ്രൊ വി.സി.യാണ്‌ ലേഖിക)