ര്‍ത്താവില്‍ നിന്ന് ജീവനാശം ലഭിക്കാന്‍ വീടിന് മുന്നില്‍ കൈക്കുഞ്ഞുമായി സമരം ചെയ്ത കോഴിക്കോട് പള്ളിക്കണ്ടിയിലെ അഫ്‌സാനയും ഭര്‍ത്താവ് പ്രവേശനം നിഷേധിച്ച വീടിന് മുന്നില്‍ മകനുമായെത്തി ധര്‍ണ നടത്തിയ അലിഗഡ് സ്വദേശി രഹ്നയും നമ്മളില്‍ നിന്ന് ഇനിയും മാഞ്ഞ്‌പോയിട്ടില്ല. ശരീ അത്ത് വ്യക്തി നിയമത്തില്‍ മുസ്ലിം സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ക്കുള്ള മുന്‍തൂക്കം തന്നെയായിരുന്നു ഇരുവരെയും ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ എത്തിച്ചത്. മൂന്ന് തവണ തലാഖ് ചൊല്ലി ഒരു സുപ്രഭാതത്തില്‍ വേണ്ടെന്ന് വെക്കുകയും ജീവനാംശത്തിന് മൂന്നു ആര്‍ത്തവകാലം (90 ദിവസം) മാത്രം കാലാവധിയും വെക്കുമ്പോള്‍ അതില്‍ പുരുഷന്റെ മേല്‍ക്കോയ്മ തന്നെയാണുള്ളത്. എന്നാല്‍ മുത്തലാഖ് നിരോധിച്ച ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി ഇസ്ലാമില്‍ മുസ്ലിം സ്ത്രീക്ക് തുല്ല്യപദവി എന്ന ശക്തമായ കാഴ്ച്ചപ്പാടാണ് രാജ്യത്തിന് മുന്നില്‍വെച്ചത്. 

സൈറാ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, ഫര്‍ഹി ഫായിസ്... മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള വിധിയില്‍ ഈ അഞ്ച് സ്ത്രീകളുടെ പോരാട്ടത്തെ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. പക്ഷേ അതിനപ്പുറം, അതിനേക്കാള്‍ മുന്നേ നമ്മള്‍ ഓര്‍ത്തെടുക്കേണ്ട ഒരു പേരുണ്ട്. ഷാ ബാനു. സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയ സ്ത്രീയാണ് ഷാ ബാനു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നിവാസിയായിരുന്ന ഷാ ബാനുവിനെ (62) ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ 1978 ല്‍ തലാഖ് ചൊല്ലുമ്പോള്‍ അവര്‍ അഞ്ചു കുട്ടികളുടെ ഉമ്മയായിരുന്നു. 1932 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് 14 വര്‍ഷം കഴിഞ്ഞപ്പോള്‍ സമ്പന്നനും അഭിഭാഷകനുമായ മുഹമ്മദ് അഹമ്മദ് ഖാന്‍ പ്രായംകുറഞ്ഞ മറ്റൊരു സ്ത്രീയെ കൂടി വിവാഹംചെയ്തു. ഇരു ഭാര്യമാരും അഹമ്മദ് ഖാനും 32 വര്‍ഷം ഒരുമിച്ച് താമസിച്ചു. 

എന്നാല്‍ 1978ല്‍ 62 വയസ്സുള്ള ഷാബാനുവിനെയും അഞ്ച് കുട്ടികളെയും ഒരിറ്റു മനുഷ്യത്വം പോലും കാണിക്കാതെ മുഹമ്മദ് അഹമ്മദ് ഖാന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. 200 രൂപ പ്രതിമാസം സഹായം ചെയ്യാമെന്ന വാഗ്ദാനത്തിന്റെ പുറത്ത്. എന്നാല്‍ പിന്നീട്, ഷാബാനുവിനും കുട്ടികള്‍ക്കും സ്വന്തംനിലയില്‍ വരുമാനം ഉണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഹമ്മദ് ഖാന്‍ 200 രൂപ നല്‍കുന്നത് നിര്‍ത്തി. അവിടെ നിന്നാണ് ഷാ ബാനു തന്റെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.

sha banu

തനിക്കും കുട്ടികള്‍ക്കും പ്രതിമാസം 500 രൂപ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാ ബാനു ഭര്‍ത്താവിനെതിരെ ഇന്‍ഡോര്‍ പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 125 പ്രകാരമായിരുന്നു കേസ്. എന്നാല്‍ ഷാ ബാനുവിനെ തലാഖ് ചൊല്ലി ഔദ്യോഗികമായി ഒഴിവാക്കുക എന്ന തന്ത്രമാണ് മുഹമ്മജ് അഹമദ് ഖാന്‍ ഉപയോഗിച്ചത്. ഇതോടെ മൂന്നു മാസത്തെ കാലയളവില്‍ (ഇദ്ദ ഇരിക്കുന്ന കാലം) മാത്രമേ ഷാ ബാനുവിന് ജീവനാശം കൊടുക്കേണ്ടതുള്ളു എന്ന നിയമപരിരക്ഷ ഉപയോഗിക്കുകയായിരുന്നു മുഹമ്മദ് അഹമ്മദ് ഖാന്റെ ലക്ഷ്യം. 

പ്രതിമാസം 25 രൂപ വെച്ച് ഷബാനുവിന് സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇന്‍ഡോര്‍ പ്രാദേശിക കോടതി കേസ് തീരുമാനമാക്കി. എന്നാല്‍ 1980 ജൂലായ ഒന്നിന് ഷാബാനു വിധിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ജീവനാംശ തുക 179 രൂപ 20 പൈസ ആയി വര്‍ധിപ്പിച്ച് ഉത്തരവിട്ടു. എന്നാല്‍ ഈ വിധി അംഗീകരിക്കാന്‍ ഖാന്‍ തയ്യാറായിരുന്നില്ല. തന്റെ അസംതൃപ്തി വ്യക്തമാക്കിയ ഖാന്‍ ശരീഅത്ത് നിയമപ്രകാരം മൊഴിചൊല്ലപ്പെട്ട ഭാര്യക്ക് മൂന്ന് മാസത്തിനപ്പുറം ജീവനാംശം കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചു.

muslim women

ഏഴു വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1985ല്‍ സുപ്രീംകോടതി സി.ആര്‍.പി.സി 125 പ്രകാരം വിധി പ്രസ്താവിച്ചു. അത് ചരിത്രപ്രധാനമായ വിധിയായിരുന്നു. വിവാഹമോചിതയായ, പരാശ്രയമില്ലാതെ ജീവിക്കാനാവാത്ത, രാജ്യത്തെ ഏതൊരു സ്ത്രീക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ഒപ്പം ഏകീകൃത വ്യക്തി നിയമം രാജ്യത്ത് നടപ്പാക്കത്തില്‍ കോടതി പരിതപിക്കുകയും ചെയ്തു. ഇതോടെ ചരിത്രപ്രധാനമായ വിധിയിലേക്ക് സുപ്രീം കോടതിയെ നയിച്ച ഷാ ബാനു പോരാട്ട നായികയായി മാറി. 

എന്നാല്‍ ഷാ ബാനുവിന്റെ വിജയം സ്ത്രീകളെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് പിന്നീട് കണ്ടത്. സുന്നി നേതാവായ ഒബൈദുള്ള ഖാന്‍ അസ്മിയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ഷിയ വ്യക്തിനിയമ ബോര്‍ഡ് പോലുള്ള ചിലര്‍ മാത്രമേ ആ വിധിയെ സ്വാഗതം ചെയ്തുള്ളൂ. എന്നാല്‍ ഷിയകള്‍ എണ്ണത്തില്‍ കുറവും സുന്നികള്‍ കൂടുതലുമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന് മേലുള്ള സമ്മര്‍ദം വര്‍ധിച്ചു വന്നു. ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. മുസ്ലിം യാഥാസ്ഥികരുടെ പ്രതിഷേധത്തില്‍ വീണുപോയ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രിംകോടതി വിധി ദുര്‍ബലപ്പെടുത്തിക്കൊണ്ട് മുസ്ലിം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്ലിം വിവാഹമോചന നിയമം Muslim Women (Protection of Rights on Divorce) Act, 1986 പാസ്സാക്കി. 

ഈ നിയമം അനുസരിച്ച് വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീക്ക് മൂന്ന് ആര്‍ത്തവകാലത്തേക്ക് മാത്രമേ മൊഴി ചൊല്ലിയ മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ഇദ്ദ അനുഷ്ഠിക്കേണ്ട കാലഘട്ടമാണിത്. 90 ദിവസം ആയാണ് ഈ കാലാവധി ബില്ലില്‍ നിജപ്പെടുത്തിയിട്ടുള്ളത്. ഈ കാലഘട്ടം കഴിയുന്നതോടെ മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് വേറെ വിവാഹം ചെയ്യാമെന്നതിനാലാണ് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അര്‍ഹതയില്ലാത്തത്. പുനര്‍വിവാഹം നടന്നാലും ഇല്ലെങ്കിലും അതാണ് അവസ്ഥ. ഇതോടെ അവസാന വിജയം മുഹമ്മദ് അഹമ്മദ് ഖാന്റേതായി. അനുകൂലമായ വിധി സമ്പാദിച്ചിട്ടും ഷാ ബാനു അപമാനിതയായി. ഇന്ന് മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ അത് ഷാ ബാനുവിന്റെ വിജയമെന്ന് കൂടി ചേര്‍ത്തുവായിക്കാം. 

muslim women

ഇനി ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന വാദം ഇസ്ലാമിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ പരിഷ്‌കരണം നടത്തണമെന്നും മറിച്ച് ശരീഅത്ത് ഇല്ലാതാക്കി ഏകീകൃത വ്യക്തിനിയമം കൊണ്ടുവരികയല്ല വേണ്ടതെന്നുമാണ്.  മൂന്നു തവണ കൃത്യമായ ഇടവേള നല്‍കിയാണ് മുത്തലാഖ് ഇസ്ലാം അവതരിപ്പിച്ചിരിക്കുന്നതെന്നതും അള്ളാഹു അനുവദിച്ചു തന്നതില്‍ അവനേറ്റവും അനിഷ്ടകരമായിട്ടുള്ളതാണ് വിവാഹമോചനമെന്നും പ്രവാചകന്‍ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടെന്നതും ശരിതന്നെ. ആദ്യത്തെ തലാഖിന് ശേഷം മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാം തലാഖ് അനുവദിച്ചിട്ടുള്ളതും ആ മൂന്ന് മാസം ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടികളോടൊപ്പമാണ് ഭാര്യ കഴിയേണ്ടത് എന്നതും ആ 'പ്രൊബേഷന്‍' കാലഘട്ടത്തില്‍ ഇരുവര്‍ക്കും ഒന്നിച്ചു പോവാന്‍ ചിലപ്പോള്‍ തോന്നിയേക്കാമെന്ന ചിന്തയില്‍ നിന്നാണ് മൂന്ന് മാസത്തെ കാലയളവ് കൊടുത്തതെന്നതും ശരി തന്നെ. പക്ഷേ ഇവിടെ തലാഖിന്റെ എണ്ണമല്ല പ്രശ്‌നം. തലാഖ് തന്നെയാണ്. ഒരുമിച്ച് പറയുന്നതുകൊണ്ടോ കൃത്യമായ ഇടവേളക്ക് ശേഷം പറയുന്നതുകൊണ്ടോ സ്ത്രീകള്‍ക്കെതിരായ നീതി നിഷേധത്തിന് പരിഹാരമാവുന്നില്ല. കാരണം തലാഖ് ചൊല്ലുമ്പോള്‍ പുരുഷന് അത് ആരോടും ബോധിപ്പിക്കേണ്ട ആവശ്യമില്ല. 

ഇനി ഇസ്ലാമിന്റെ ചട്ടക്കൂടില്‍ നിന്ന് തന്നെ തലാഖ് തോന്നിയതുപോലെ ഉപയോഗിക്കുന്നതിനെതിരെ പോരാടാം എന്ന് പറയുന്നതില്‍ ഒരു ന്യായവും കാണാനാവില്ല. കാരണം ചട്ടക്കൂടില്‍ നിന്ന് പോരാടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീക്ക് അനുകൂലമായ തരത്തിലുള്ള നീതിയിലേക്ക് തലാഖ് വന്നിട്ടില്ല. സ്ത്രീക്ക് മെഹര്‍ നല്‍കി വേണം പുരുഷന്‍ വിവാഹം ചെയ്യേണ്ടതെന്ന് ഇസ്ലാം പറയുമ്പോള്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന മുസ്ലിം പെണ്‍കുട്ടികളുണ്ടാകുന്നതു പോലെത്തന്നെയാണ് ഇക്കാര്യവും.