യാത്ര സൗകര്യങ്ങള്‍ എത്ര ഉണ്ടായാലും ഒരിടത്തും കൃത്യസമയത്ത് എത്താതിരിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. ബസ് വൈകിയതിനെ കുറിച്ചും റോഡിലെ ഗതാഗതക്കുരുക്കിനെ കുറിച്ചും നമ്മള്‍ വാചകമടിക്കും. അങ്ങനെയാണ് ഒരു ശരാശരി മലയാളി. പക്ഷേ ചൈനയിലെ ഈ കുട്ടികളുടെ കഷ്ടപ്പാട് കണ്ടാല്‍ നമ്മുടെ പരാതികളെല്ലാം തീരും. 

2600 അടിയിലധികം ഉയരമുള്ള കുത്തനെയുള്ള ഒരു മല കയറി വേണം സിച്ചുവാനിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. 6 വയസ്സ് മുതല് 15 വയസ്സ് വരെ പ്രായമുള്ള ഒരു ഡസനിലധികം കുട്ടികളാണ് ഇത്തരത്തില്‍ മല കയറി സ്‌കൂളിലെത്തുന്നത്. 

cliff

ഒരു ഗോവണി വഴിയാണ് കുട്ടികളുടെ മലകയറ്റം. കോണി കയറി മുകളിലെത്താന്‍ ഇവര്‍ക്ക് ഒന്നര മണിക്കൂര്‍ എങ്കിലും വേണം. ഇറങ്ങുകയാണെങ്കില്‍ ഒരുമണിക്കൂര്‍ കൊണ്ട് താഴെയെത്തും. ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കുട്ടികളുടെ മലകയറ്റം. കുട്ടികള്‍ക്കൊപ്പം ഊഴം വച്ച് രക്ഷിതാക്കളും മല കയറും.

ഒരിക്കല്‍ സ്‌കൂളിലെത്തിച്ചേര്‍ന്നാല്‍ പിന്നെ രണ്ടാഴ്ച അവിടെ തങ്ങിയതിന് ശേഷമേ തിരികെ മലയിറങ്ങൂ. നീളമേറിയ ഈ ഗോവണിക്ക് ഹെവന്‍ ലാഡര്‍ എന്നാണ് ഗ്രാമവാസികള്‍ പേരിട്ടിരിക്കുന്നത്. 

cliff

'ഓരോ കയറ്റവും ഇറക്കവും മരണവും ചുമലില്‍ തൂക്കിക്കൊണ്ടുള്ളതാണ്' ബെയ്ജിംഗ് ന്യൂസിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയ ചെന്‍ ജീ പറയുന്നു. കുട്ടികള്‍ മാത്രമല്ല ഗ്രാമവാസികളെല്ലാം ഇത്തരത്തില്‍ മലകയറിയാണ് ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുന്നത്. ഇങ്ങനെ മലകയറുന്നതിനിടയില്‍ താഴെ വീണ് എട്ടു പേര്‍ മരണപ്പെട്ടിട്ടുണ്ട്. ചിത്രങ്ങള്‍ ലോകം കാണുന്നതോടെ കുട്ടികളുടെ ഈ കഷ്ടപ്പാടിന് എന്തെങ്കിലും മാറ്റം വരുമെന്നാണ് ഫോട്ടോഗ്രാഫര്‍ ചെന്‍ ജീ യുടെ പ്രതീക്ഷ