sister
സിസ്റ്റർ മരിയാർമൽ

അന്ധതയെന്നാൽ കാഴ്ചശക്തി ഇല്ലാതാവുകയല്ല, കാഴ്ചയുടെ സ്ഥാനം മാറുന്നതാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ജീവിതത്തെ അറിയണോ? അതാണ് സിസ്റ്റർ മരിയാർമൽ. 83 വയസ്സുള്ള പൂർണ അന്ധയായ മരിയാർമൽ 26 വയസ്സുള്ളപ്പോഴാണ് സ്വന്തം രാജ്യമായ ഫ്രാൻസ് വിട്ട് കേരളത്തിലെത്തുന്നത്. അവരൊറ്റയ്ക്കായിരുന്നില്ല. കൂടെ രണ്ടു സിസ്റ്റർമാർകൂടിയുണ്ടായിരുന്നു. ഈ യുവതികൾ കേരളത്തിൽ ടൂറിസ്റ്റുകളായി വരുകയായിരുന്നില്ല. 1964 മുതൽ ഈയടുത്തകാലത്ത് ഒരു വീഴ്ചപറ്റി കിടപ്പിലാവുന്നതുവരെയുള്ള സുദീർഘകാലം പിരപ്പൻകോട് സെയ്‌ന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജിൽ കുഷ്ഠരോഗികളെ ചികിത്സിക്കുകയായിരുന്നു അവർ. ശരീരമാസകലം പഴുത്തുചീഞ്ഞും അസഹ്യമായ അസ്വസ്ഥതകളും അപമാനവും സഹിച്ച് പുറത്തിറങ്ങാൻ മടിച്ചവരായിരുന്നു ഭൂരിഭാഗവും. വിശേഷിച്ചും ദരിദ്രജനവിഭാഗങ്ങൾ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നപ്പോൾ മരിയാർമൽ എന്ന ഫ്രഞ്ചുയുവതി തന്റെ സഹപ്രവർത്തകർക്കൊപ്പം കുഷ്ഠരോഗികളെ അവരുടെ വീടുകൾ സന്ദർശിച്ച് ശുശ്രൂഷിക്കുകയും മരുന്നുനൽകുകയും ചെയ്തു.

സഹചാരിയായ സിസ്റ്റർ ഏലിയാമ്മയുടെ സഹായത്തോടെ പിരപ്പൻകോട്ടെ പച്ചപുതച്ച ഒരു റബ്ബർത്തോട്ടത്തിന്റെ ഓരത്ത് ഒരു കൊച്ചുവീട്ടിലാണ് അവർ താമസിക്കുന്നത്. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ തുടങ്ങിയ ചെറിയ അന്ധത ഇപ്പോൾ അവരുടെ കാഴ്ചയെ തീർത്തും വിഴുങ്ങിക്കഴിഞ്ഞു. മനോഹരമായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്ന മരിയാർമൽ ഇപ്പോഴും മെഡിക്കൽ വില്ലേജിലെ ലെപ്രസി സാനിറ്റോറിയത്തിലെത്തുന്നു. കാഴ്ചയില്ലെങ്കിലും വാർത്തകൾ കേട്ടും കാണാനെത്തുന്നവരോട് ഹൃദയം തുറന്ന് സംസാരിച്ചും അവർ ഓരോ ദിനത്തെയും ധന്യമാക്കുന്നു.  ബെംഗളൂരുവിലെ കമനഹള്ളിയിലുള്ള ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ജീസസ്’ എന്ന സംഘടനയുടെ സഭാമന്ദിരത്തിലാണ് മലയാളത്തിന്റെ ഈ ‘മദർ തെരേസ’ ഇപ്പോഴുള്ളത്. ആദ്യമായാണ് സിസ്റ്റർ മരിയാർമൽ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.

 സിസ്റ്റർ മരിയാർമലിന്റെ കുട്ടിക്കാലത്തെപ്പറ്റി ഒന്നു പറയാമോ  ഞാൻ ജനിച്ചത് മധ്യഫ്രാൻസിലെ ലിയോൺ എന്ന പട്ടണത്തിലാണ്. പട്ടണമാണെങ്കിലും പകുതി ഗ്രാമമായിരുന്നു ലിയോൺ. അച്ഛനും അമ്മയും തികഞ്ഞ ക്രിസ്തുമത വിശ്വാസികൾ. അച്ഛൻ ഒരു വർക്‌ഷോപ്പിലെ അക്കൗണ്ടന്റായിരുന്നു. ഞങ്ങൾ ഒൻപതു മക്കളായിരുന്നു. പലരും മരിച്ചുപോയി. മൂത്ത ജ്യേഷ്ഠൻ, ഞങ്ങളുടെ കുഞ്ഞാഞ്ഞ ഇന്നും ജീവിച്ചിരിപ്പുണ്ട്. 94 വയസ്സായി.

 ഏതു കാലത്തായിരുന്നു കേരളത്തിലേക്കുള്ള വരവ്
 1964 ജനുവരി​യുടെ തുടക്കത്തിലായിരുന്നു. അന്നെനിക്ക്‌ പ്രായം 26. എന്നെ സംബന്ധിച്ചിടത്തോളം അപൂർവമായ ഒരു ഭാഗ്യമായിരുന്നു അത്. അന്നിവിടെ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.

 അന്ന് സിസ്റ്റർ ഏറ്റെടുത്ത ദൗത്യമെന്തായിരുന്നു
 കുഷ്ഠരോഗം പടർന്നുപിടിച്ച കാലമായിരുന്നു അത്. കുഷ്ഠരോഗികളെ ആളുകൾ അറപ്പോടെയും അവഗണനയോടെയുംകണ്ട കഷ്ടകാലം. ശരീരമാകെ പൊട്ടിയൊലിച്ച് കണ്ണും മൂക്കും വരെ രോഗം കാർന്നുതിന്ന പാവപ്പെട്ട മനുഷ്യർ. അവരുടെയിടയിലേക്കാണ് ഞങ്ങൾ ഇറങ്ങിയത്. മാറാരോഗമാണ് കുഷ്ഠം എന്നായിരുന്നു അവരുടെ വിശ്വാസം. അത് ഞങ്ങൾ മാറ്റിയെടുത്തു. മരുന്നുനൽകി. ഏതാണ്ടെല്ലാവർക്കും രോഗം പൂർണമായും ഭേദമായി. ദൈവകടാക്ഷമായിരുന്നു അതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അല്ലായിരുന്നെങ്കിൽ അങ്ങു ദൂരെ ഫ്രാൻസിൽനിന്നും അജ്ഞാതമായ ഒരു രാജ്യത്തെത്താനും കർമം ചെയ്യാനും എന്തു കാരണമായിരുന്നു ഉണ്ടായിരുന്നത്. രോഗം മാറിയതോടെ അവരുടെ മുഖത്തെ അതിരറ്റ ആഹ്ലാദവും ആനന്ദവും ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു. ഞങ്ങളുടെ ജീവിതം ധന്യമായി എന്ന തോന്നൽ ഞങ്ങളുടെ ഉള്ളിൽ പ്രകാശം ചൊരിഞ്ഞു.

 പിരപ്പൻകോട് ആശുപത്രിയിൽ അന്നു ചികിത്സയുണ്ടായിരുന്നില്ലേ
  ഉണ്ടായിരുന്നു. പേരുകേട്ട ലാറി ബേക്കർ പണിത ആദ്യത്തെ ആശുപത്രി കെട്ടിടം ഇന്നും ഇവിടെയുണ്ട്. പക്ഷേ, എല്ലാവരും ആശുപത്രിയിൽ വരില്ല. നടക്കാൻ വയ്യാത്തവർ, വൃദ്ധജനങ്ങൾ, ഗർഭിണികൾ...
ഇവരെയെല്ലാം ഞങ്ങൾ നേരിട്ടുപോയി ശുശ്രൂഷിക്കണമായിരുന്നു. 1964 മുതൽ 2005 വരെ എത്രയോ  വീടുകളിൽ സന്ദർശനം നടത്തി രോഗികളെ ശുശ്രൂഷിച്ചു. ഞങ്ങൾ നഴ്‌സുമാരായിരുന്നെങ്കിലും ഞങ്ങൾക്ക് മാർഗനിർദേശം നൽകാൻ ഡോക്ടർമാരുണ്ടായിരുന്നു. 2005-നുശേഷം ഞങ്ങളുടെ സേവനം ഏതാണ്ട് ആശുപത്രിയിൽ തന്നെയായി.

 കുഷ്ഠരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞിരുന്നോ
 കുഷ്ഠരോഗം ഏതാണ്ട് പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞിരുന്നു. അസുഖത്തിന്റെ തുടക്കത്തിൽത്തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമായിരുന്നു. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം അസുഖം മാറിയെങ്കിലും ചില ശാരീരിക വൈകല്യങ്ങൾ ബാക്കിവരുമായിരുന്നു. അസുഖം ബാധിച്ച ശരീരകോശങ്ങളിൽ അണുബാധയുണ്ടായതിന്റെ ഫലമായിരുന്നു അത്. അത്തരക്കാർക്ക് ചില ശരീരഭാഗങ്ങളിൽ സംവേദനശേഷി നഷ്ടമായിരുന്നു.

ഇന്ന് പക്ഷേ, രോഗം പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയുന്ന
സംവിധാനമുണ്ട്. ഈ രോഗം പൂർണമായും ഭൂമുഖത്തുനിന്ന്‌ നിർമാർജനം ചെയ്യപ്പെട്ടു എന്നു പറയുന്നുണ്ടെങ്കിലും രോഗബാധ നിലനിൽക്കുന്നുണ്ട്. പ്രശസ്ത ശില്പിയായിരുന്ന ലാറി ബേക്കറിന്റെ ഭാര്യ ഒരു ഡോക്ടറെന്ന
നിലയിൽ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.  

കാഴ്ചശക്തി ജന്മനാ നഷ്ടപ്പെട്ടതാണോ  അല്ല. കുറച്ചുവർഷങ്ങളായി
കുറേശ്ശെ കുറേശ്ശേ ഇല്ലാതാവുകയായിരുന്നു. ഇപ്പോൾ തീർത്തും ഇരുട്ടാണ്. പക്ഷേ, മനസ്സിൽ ഇരുട്ടില്ല കേട്ടോ (ചിരിച്ചുകൊണ്ട്). കണ്ണിലെ വെളിച്ചം എന്റെ മനസ്സിലേക്ക് സ്ഥാനം
മാറിയതാണ്. രോഗികളെയും അഭയാർഥികളെയും ലാളിച്ച കണ്ണുകളിലെ വെളിച്ചം അതിനെ സൃഷ്ടിച്ച ഉടമയുടെ സ്നേഹവാത്സല്യം നുകരാൻ മനസ്സിലേക്ക് ചേക്കേറിയതാവും. കണ്ണിലെ വെളിച്ചം നശിച്ചതല്ല, അതെന്നിൽത്തന്നെയുണ്ട്.

 മദർ തെരേസയെ കണ്ടുമുട്ടുന്നത് എപ്പോഴാണ്
 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്താണ് ഞങ്ങൾ കൊൽക്കത്തയിലെ അഭയാർഥികേന്ദ്രത്തിൽ എത്തുന്നത്. ആയിരക്കണക്കിനുവരുന്ന അഭയാർഥികളുണ്ടായിരുന്നു അവിടെ. പലരും പലവിധ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായവർ.
പലതരം രോഗങ്ങൾക്ക് അടിപ്പെട്ടവർ. അവരെ ശുശ്രൂഷിക്കാനും സാന്ത്വനിപ്പിക്കാനുമായിരുന്നു കൊൽക്കത്തയിലെത്തിയത്. അവിടെ ക്യാമ്പിൽവെച്ചാണ് മദറിനെ കാണുന്നത്. അത്യപൂർവമായ ഒരു നിമിഷമായിരുന്നു
അത്. മദർ ഞങ്ങൾക്കുവേണ്ട മാർഗനിർദേശങ്ങൾ തന്നു. ഞങ്ങളോടൊപ്പം പ്രവർത്തിച്ചു. ഞങ്ങൾക്ക് സ്വർഗീയമായ പ്രചോദനം നൽകി. അവരുടെ മന്ദഹാസത്തിന്റെ കാന്തവലയം ഇപ്പോഴും ഞങ്ങളെപ്പോലുള്ളവരിലുണ്ട്. രണ്ടുമാസമാണ് അവിടെ ചെലവഴിച്ചത്.  
 കൊൽക്കത്ത കൂടാതെ മറ്റേതെല്ലാം സ്ഥലങ്ങളിലാണ് സിസ്റ്റർ സേവനമനുഷ്ഠിച്ചത്  
 മുംബൈയിൽ ഉണ്ടായിരുന്നു. 1980-82ൽ, മൂന്നുവർഷം മുംബൈയിലെ കുഷ്ഠരോഗികളെ പരിചരിച്ചിരിക്കുകയായിരുന്നു. അത് ഇവിടത്തെപ്പോലെയല്ല. മുംബൈയിലെ ചേരിപ്രദേശങ്ങളിലെല്ലാംതന്നെ ഈ മഹാവ്യാധി പടർന്നുപിടിച്ചിരുന്നു. ദുസ്സഹമായിരുന്നു അവിടത്തെ അന്തരീക്ഷം. ശുദ്ധജലംപോലും കുഷ്ഠരോഗികൾക്ക് നൽകാൻ മടിച്ചിരുന്ന കാലം. ശ്രമകരമായിരുന്നു അവിടത്തെ സേവനം.

 അൻപത്തിയഞ്ചുവർഷത്തിലധികമായി സിസ്റ്റർ അശരണർക്കായി ജീവിക്കുന്നു. സ്വന്തം നാട്ടിൽനിന്നും സിസ്റ്ററെ കാണാൻ ആരും വന്നിട്ടില്ലേ
 ഉവ്വ്. എന്റെ പല സുഹൃത്തുക്കളും ആശുപത്രിയിൽ വന്നു താമസിച്ചിട്ടുണ്ട്. ഇന്നും ഞാൻ നാട്ടിലുള്ളവരുമായി സംസാരിക്കാറുണ്ട്. ഞാനിപ്പോൾ ഇന്ത്യൻ പൗരത്വമുള്ളവളാണല്ലോ.