നമ്മുടെ ക്രിമിനൽ ജുഡീഷ്യൽ സിസ്റ്റത്തിൽ സുപ്രീംകോടതിവിധി പുനഃപരിശോധിച്ച ചരിത്രം ഇല്ലെന്നുതന്നെ പറയാം. സുപ്രീംകോടതി വിധിപറഞ്ഞാൽ ആ കേസിൽ അത്‌ അവസാനവാക്കാണ്‌; പുനഃപരിശോധനാഹർജിക്കുള്ള സാധ്യത വളരെ പരിമിതവും.
എന്നാൽ, സുപ്രീംകോടതിക്ക്‌ സ്വയം കീഴ്‌വഴക്കങ്ങളുണ്ടാക്കാം. അനിവാര്യമായ ഘട്ടങ്ങളിൽ സുപ്രീംകോടതി അതു ചെയ്യുകതന്നെ ചെയ്യും. നമ്മുടെ ജുഡീഷ്യൽ സമ്പ്രദായം ബ്രിട്ടീഷ്‌ ഭരണകാലത്തേതിന്റെ തുടർച്ചയാണ്‌. കോമൺവെൽത്ത്‌ രാജ്യങ്ങളിൽ ഇപ്പോഴും ഇതേരീതിയാണ്‌ തുടരുന്നത്‌. പാകിസ്താനടക്കമുള്ള രാജ്യങ്ങളിൽ നമ്മുടെ ശിക്ഷാനിയമത്തിനു സമാനമായ നിയമവും ക്രിമിനൽ നടപടിച്ചട്ടവുമാണ്‌ നിലവിലുള്ളത്‌.

Soumyaപാകിസ്താൻ സുപ്രീംകോടതി മുക്താരൻമയി ബലാത്സംഗക്കേസിലെ ആറു പ്രതികളിൽ അഞ്ചുപേരെ കുറ്റക്കാരല്ലെന്നുകണ്ട്‌ 2011 ഏപ്രിൽ 11-നു വെറുതെവിട്ടു. സാധാരണഗതിയിൽ ആ കേസ്‌ അവിടെ തീരേണ്ടതാണ്‌. എന്നാൽ, ബലാത്സംഗത്തിനിരയായ സ്ത്രീ 2011 മെയ്‌മാസത്തിൽ, സുപ്രീംകോടതി തീർപ്പാക്കിയ കേസിൽ, അതേ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. ആ ഹർജിയിൽ അവരുന്നയിച്ച ആവശ്യം ആദ്യവിധി തിരിച്ചുവിളിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യണമെന്നാണ്‌. കൂടുതൽ ജഡ്ജിമാരുള്ള മറ്റൊരു ബെഞ്ച്‌ രൂപവത്‌കരിച്ച്‌ വീണ്ടും വാദംകേൾക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ ആവശ്യത്തിനു നിദാനമായി പറഞ്ഞത്‌, വസ്തുതകൾ പരിശോധിക്കുന്നതിൽ സുപ്രീംകോടതിക്കു വീഴ്ചപറ്റിയെന്നാണ്‌. അഥവാ കോടതിമുമ്പാകെയുള്ള തെളിവുകൾ ശരിയാംവണ്ണം പരിശോധിക്കാതെ പറഞ്ഞ വിധി അവർക്ക്‌ നീതിനിഷേധത്തിനു കാരണമായെന്നാണ്‌. അവരുടെ ഹർജിയിൽ വാദംകേൾക്കാൻപോലും സുപ്രീംകോടതി താത്‌പര്യം കാണിച്ചില്ല. എന്നാൽ, 2016 ഏപ്രിലിൽ അവരുടെ അഭിഭാഷകൻ വിശദമായ വാദം നടത്തി കോടതിമുമ്പാകെ നേരത്തേ സംഭവിച്ച വീഴ്ചകൾ ബോധ്യപ്പെടുത്തി. അതോടെ അവരുടെ വാദം കേൾക്കാൻ കോടതി തയ്യാറാവുകയും നേരത്തേ കുറ്റവിമുക്തരാക്കിയ അഞ്ചുപേർക്ക്‌ നോട്ടീസയയ്ക്കുകയും മുഴുവൻ കീഴ്‌ക്കോടതി റെക്കോഡുകളും തിരിച്ചുവിളിക്കുകയും ചെയ്തിരിക്കുകയാണ്‌. പാകിസ്താൻ സുപ്രീംകോടതിയുടെ ചരിത്രത്തിലെ അപൂർവസംഭവമായിട്ടാണ്‌ മാധ്യമങ്ങൾ ഇതു റിപ്പോർട്ടുചെയ്തത്‌.

സൗമ്യവധക്കേസിന്‌ വളരെമുമ്പ്‌ 1979-ൽ 16 വയസ്സുള്ള മഹാരാഷ്ട്രക്കാരി ദളിത്‌ കുട്ടിയെ മൂന്നു പോലീസുകാർ ബലാത്സംഗംചെയ്ത കേസിൽ വിചാരണക്കോടതി അവരെ വെറുതെവിട്ടു. എന്നാൽ, ഹൈക്കോടതി ശിക്ഷിച്ചു. പക്ഷേ, സുപ്രീംകോടതി ദുർബലമായ കാരണങ്ങൾ പറഞ്ഞ്‌ വെറുതെവിട്ടു. രാജ്യം അന്നുവരെ കാണാത്ത ശക്തമായ പ്രതിഷേധം പലഭാഗത്തും ഉയർന്നു.
 
നിയമരംഗത്തെ വിദഗ്‌ധരായ ഡോ. ഉപേന്ദ്ര ബക്ഷി, ലോതിക സർക്കാർ തുടങ്ങിയവർചേർന്ന്‌ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസിനു കത്തെഴുതി. ഡൽഹിയിൽ നിയമവിദ്യാർഥികൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന്‌ നിയമരംഗത്ത്‌ വലിയ ചലനങ്ങളുണ്ടായി. നിയമത്തിലെ, ബലാത്സംഗവുമായി ബന്ധപ്പെട്ട ചില വകുപ്പുകളിൽ കാതലായ മാറ്റംവരുത്തി. സുപ്രീംകോടതി കേസുകളിൽ തെറ്റായ നിഗമനങ്ങളിലെത്തുന്നതും പ്രതിഷേധമുയരുന്നതും ആദ്യത്തെ സംഭവമല്ല. മിക്കപ്പോഴും അത്തരം കേസുകളിലെ ഇരകൾ സ്ത്രീകളോ ദളിതരോ ന്യൂനപക്ഷങ്ങളോ ആകും. അതും യാദൃച്ഛികം!

സൗമ്യ കേസിൽ, ബലാത്സംഗത്തിനുള്ള തെളിവുകളിൽ കോടതി തൃപ്തരാണ്‌. കൊലപാതകമാണ്‌ സംശയം. എന്നാൽ, കോടതിമുമ്പാകെയുള്ള തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയതെളിവുകളും പരിശോധിച്ചാൽ, തെളിവുകൾ മുഖവിലയ്ക്കെടുക്കുന്നതിൽ, സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിൽ, വീഴ്ചവന്നിട്ടുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടതാണെന്ന്‌ ശാസ്ത്രീയതെളിവുകളിലൂടെ ഫൊറൻസിക്‌ വിദഗ്‌ധർ വിശദീകരിച്ചിട്ടുണ്ട്‌. വിഷയത്തിൽ പ്രാവീണ്യമുള്ളവരുടെ തെളിവുകൾ കോടതിക്ക്‌ നിസ്സാരമായി തള്ളിക്കളയാൻ സാധിക്കുമോ? രണ്ടാം ക്ളാസ്‌ പാസഞ്ചർ ട്രെയിനിൽ ജീവിതത്തിലൊരിക്കലെങ്കിലും യാത്രചെയ്യുകയോ കയറുകയോ ചെയ്യാത്ത ഒരാൾക്ക്‌, ട്രെയിൻവാതിലിലൂടെ ഒരാളെ തള്ളിയിടുന്നതും ചാടുന്നതും മറ്റൊരാൾക്കും കാണാൻ കഴിയില്ലെന്നു പറഞ്ഞാൽ എങ്ങനെ മനസ്സിലാവാനാണ്‌. അക്കാര്യം സുപ്രീംകോടതി മുമ്പാകെ എന്തുകൊണ്ട്‌ ബോധിപ്പിക്കാൻ സാധിച്ചില്ല. 

ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും കൃത്യമായി ബോധ്യപ്പെടുത്തുന്ന ഒരു കേസിൽ അജ്ഞാതനായ നാല്പതുകാരന്റെ മൊഴിക്ക്‌ എന്തു പ്രസക്തിയാണുള്ളത്‌? ഇനി ആ നാല്പതുകാരൻ, സൗമ്യ ചാടിയതാണ്‌ എന്നുപറഞ്ഞാൽത്തന്നെ കോടതിക്കു മുമ്പാകെയുള്ള ശാസ്ത്രീയതെളിവുകളുടെ പ്രസക്തി ഇല്ലാതാവുമോ? ആളുകൾ കള്ളം പറയും, സാഹചര്യങ്ങൾ കള്ളം പറയില്ല. നിയമങ്ങളിലെ ചട്ടങ്ങൾക്കപ്പുറം സൗമ്യക്കും അമ്മയ്ക്കും നീതിലഭിക്കണം. വധശിക്ഷയുടെ ധാർമികതയെക്കുറിച്ചും നൈതികതയെക്കുറിച്ചും പിന്നീട്‌ തർക്കിക്കാം. കൊലപാതകത്തിനുകാരണം ഗോവിന്ദച്ചാമിയാണെന്ന്‌ നമുക്കു ബോധ്യപ്പെടേണ്ടേ?

സുപ്രീംകോടതി സൗമ്യയുടെ അമ്മയുടെ ഹർജിപ്പുറത്ത്‌ ക്രിമിനൽ അപ്പീൽ (അല്ലെങ്കിൽ സ്പെഷൽ ലീവ്‌ പെറ്റീഷൻ) വീണ്ടും മറ്റൊരു വലിയ ബെഞ്ചിലേക്ക്‌ തീർപ്പുകല്പിക്കാൻ വിടട്ടെ. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടേണ്ട. പക്ഷേ, കുറ്റവാളി ശിക്ഷിക്കപ്പെടുകതന്നെ വേണം. 

(ലേഖകൻ കാസർകോട്‌ പബ്ളിക്‌ പ്രോസിക്യൂട്ടറാണ്‌)