ഈ ഭൂമി മനോഹരമാണ്‌. മനുഷ്യൻ എത്രശ്രമിച്ചിട്ടും അതിനെ പാടേ നശിപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ ഭൂമിയിൽ ജീവിക്കാൻ ഗോവിന്ദച്ചാമിയെപ്പോലുള്ളവർക്ക്‌ അവകാശമുണ്ടോ എന്നാണെനിക്കു ചോദിക്കാനുള്ളത്‌. ഈ മഴയും കാറ്റും വെയിലും കടലും പ്രകൃതിയുടെ അനന്തലാവണ്യവുമെല്ലാം ഈവിധമുള്ള കരാളജീവികൾക്കുവേണ്ടി വിനിയോഗിക്കണോ? നാം ദുഷ്ടമൃഗങ്ങളെന്നുപറയുന്ന കടുവയും പുലിയുമെല്ലാം വിശപ്പിനല്ലാതെ കൊല്ലാറില്ല. ഇണചേരുംകാലത്തല്ലാതെ പെണ്ണിനെ തൊടില്ല. ചെറിയ കുഞ്ഞുങ്ങളെ ബലാത്സംഗംചെയ്ത്‌ കൊന്നുകളയാറില്ല. കാരണം അവ മൃഗങ്ങളാണ്‌. മനുഷ്യരല്ല.

കാടൊക്കെ മുടിയുമ്പോൾ വിശന്നുവലഞ്ഞ്‌ അവ നാട്ടിലിറങ്ങി ഒരാടിനെയോ കന്നുകാലിയെയോ പിടിച്ചാൽ നാം കൊല്ല്‌, കൊല്ല്‌ എന്ന്‌ ആക്രോശിക്കും. വെടിവെക്കൂവെന്ന്‌ ഭരണാധികാരികൾ കല്പിക്കും. അവ മിക്കവാറും കൊല്ലപ്പെടും. കാരണം അവയ്ക്കുവേണ്ടി വാദിക്കാൻ ആളൂർമാരില്ല. നീതിദേവതയുടെ കണ്ണുകൾ നിരാലംബരുടെ കാര്യത്തിൽ മിക്കവാറും മൂടിക്കെട്ടപ്പെട്ടിരിക്കുന്നു. അങ്ങനെ ജ്യോതിക്ക്‌ (നിർഭയ), സൗമ്യയ്ക്ക്‌, ജിഷയ്ക്ക്‌ അർഹിക്കുന്ന നീതികിട്ടുന്നില്ല. വ്യക്തമായ തെളിവുനൽകാൻ ആളില്ല. കോടതിക്ക്‌ തെളിവുകൾ മാത്രമാണ്‌ ആധാരം.

തെളിവുകളോ? ‘തെളിയിക്കാൻ സാധിച്ചിട്ടില്ല’ എന്ന തന്റെ കേസുകളിലെ ആദ്യവിധി കേട്ടപ്പോൾ വിതുര പെൺകുട്ടി എന്നോട്‌ നിലവിളിച്ചുകൊണ്ട്‌ ചോദിച്ചതോർക്കുന്നു: ‘‘എന്തു തെളിവ്‌ അമ്മാ? ആ മുറിയിൽ ഞാനും ആ ദുഷ്ടനും പടച്ചോനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ തെളിവുകൊടുക്കും?’’

സൗമ്യയെ ബലാത്സംഗം ചെയ്തുവെന്നതിന്‌ തെളിവുണ്ട്‌. തള്ളിയിട്ടോ ചാടിയോ എന്നതേയുള്ളോ സംശയം? ചാടിയതാണെങ്കിൽ അത്‌ പ്രാണഭയം കൊണ്ടാവില്ലേ? വെറുതെ ഒരു യുവതി കല്യാണനിശ്ചയംകഴിഞ്ഞ്‌ സ്വന്തം വീട്ടിലേക്ക്‌ സന്തോഷത്തോടെ പോകുന്നവൾ - ചുമ്മാതങ്ങു ട്രെയിനിൽനിന്ന്‌ ചാടുമോ? ഭ്രാന്തുണ്ടായിരുന്നോ അവൾക്ക്‌? പ്രാണഭയംകൊണ്ട്‌ ചാടിയതാണെങ്കിൽ അത്‌ പ്രേരണാക്കുറ്റമല്ലേ?

മനസ്സിലാവുന്നില്ല. തലയിൽ കഠിനമായ ചതവുകൾ ഉണ്ടായിരുന്നു. പരിഭ്രമിച്ച്‌ ചെറുക്കാൻ ശ്രമിച്ചപ്പോൾ കതകിൽ തലയിടിച്ച്‌ ചതച്ചതാവാമെന്നും (പോസ്റ്റുമോർട്ടം റിപ്പോർട്ട്‌) അവൾ വീണപ്പോൾ പിറകെ ചാടിയിറങ്ങി പാളത്തിലെ കൂർത്ത കല്ലുകളിലൂടെ വലിച്ചിഴച്ച്‌ കുറേദൂരെക്കൊണ്ടുപോയി ക്രൂരമായി ഉപയോഗിച്ചതാണെന്നുമായിരുന്നല്ലോ ആദ്യത്തെ നിരീക്ഷണങ്ങൾ. ചോദ്യങ്ങൾ പലതാവാം. അവർ തമ്മിൽ പൂർവവൈരാഗ്യം വല്ലതുമുണ്ടോ? നമുക്കറിഞ്ഞുകൂടാ? സൗമ്യ നേരത്തേ ആത്മഹത്യാപ്രവണത വല്ലതും കാട്ടിയിട്ടുണ്ടോ? അറിഞ്ഞുകൂടാ. ഇടയ്ക്കിടെ ഇങ്ങനെ ചാടാറുണ്ടോ?  അറിഞ്ഞുകൂടാ. ഒരു യുവതിക്ക്‌ സ്വയം ബലാത്സംഗംചെയ്ത്‌ കൊല്ലാൻ സാധിക്കുമോ? അറിഞ്ഞുകൂടാ. അവൾ നിലവിളിക്കാത്തതെന്തുകൊണ്ട്‌? ശരി, അതിനു നമുക്ക്‌ ഉത്തരംപറയാം. ഉത്തരമിതാണ്‌, അവിടെയുണ്ടായിരുന്നവർ മലയാളികളായതുകൊണ്ട്‌. ചുരുക്കത്തിൽ തൃപ്തികരമായ ഒരൊറ്റ ഉത്തരം മാത്രമേ നമുക്ക്‌, പ്രതിഭാഗത്തെ സാങ്കല്പിക വക്കീലിന്റെ ചോദ്യങ്ങൾക്ക്‌ മറുപടിയായി പറയാൻ സാധിച്ചിട്ടുള്ളൂ. പ്രതി പഴയ കുറ്റവാളിയാണെന്നോ ഒന്നും പറഞ്ഞിട്ടുകാര്യമില്ല. മാത്രമല്ല, ഒറ്റക്കൈയനായതിനാൽ അയാൾ നമ്മുടെ സിമ്പതിയർഹിക്കുകയും ചെയ്യുന്നു. അതിനാൽ നമുക്കയാളെ മറ്റൊന്നും ചെയ്യണ്ട. സുഖമായി തീറ്റിപ്പോറ്റുക. കുറച്ചുവർഷം കഴിയുമ്പോൾ നല്ലനടത്തയ്ക്ക്‌ ശിക്ഷ ഇളവുകൊടുത്തുവിടുക.
ഹാ! എത്ര ആശ്വാസം! കേരളത്തിലെ പെണ്ണുങ്ങളേ, നിങ്ങൾ പീഡനക്കേസുകൾ വായ്‌മൂടി സഹിച്ചുകൊള്ളുവിൻ. പുറത്തുപറയാതിരിക്കുന്നത്‌ നിങ്ങൾക്കുനന്ന്‌. അല്ലെങ്കിൽ ചോദിക്കൂ, സൂര്യനെല്ലി പെൺകുട്ടിയോട്‌, വിതുര പെൺകുട്ടിയോട്‌ (അവളിപ്പോൾ ജീവിച്ചിരിപ്പുണ്ട്‌. മറ്റുള്ള പലരും പൊയ്ക്കഴിഞ്ഞു). 15-ഉം 16-ഉം വയസ്സിലുണ്ടായ ഒരത്യാപത്തിന്‌ അവർക്ക്‌ 35-ഉം 36-ഉം വയസ്സായാൽപ്പോലും  അറുതിയുണ്ടാവില്ലെന്നതിന്‌ അവർ സാക്ഷി. അവരുടെ മാതാപിതാക്കളുടെ കണ്ണുനീരും ഉയരെ ജ്വലിച്ചുനിൽക്കുന്ന സൂര്യനും സാക്ഷി.


പ്രതിയുടെ മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുന്നവരേ, ഞാനൊരു ബലാത്സംഗത്തിനിരയായ ഒന്നരവയസ്സായ പെൺകുഞ്ഞിനെ കണ്ടിട്ടുണ്ട്‌. അവളുടെ വയറുവരെ പിളർന്നുപോയിരുന്നു. കുഞ്ഞിച്ചുണ്ടുകളും കവിളുകളും കടിച്ചുപറിച്ചിരുന്നു. ആ കുഞ്ഞ്‌ ഒരു ദിവസം മുഴുവൻ എസ്‌.എ.ടി. ആസ്പത്രിയിൽ കിടന്നിട്ടാണ്‌ മരിച്ചത്‌. പ്രതിയെ ആർക്കുമറിഞ്ഞുകൂടാ. അവളും കിടന്നിരുന്നത്‌ രാത്രിയിലൊരു റെയിൽപ്പാളത്തിലാണ്‌. പ്രതിയെ കിട്ടിയിട്ടില്ല. സാക്ഷികളില്ല. ഒരു ക്ഷീണചന്ദ്രൻമാത്രം ആകാശത്തിൽനിന്ന്‌ ഇതിനു സാക്ഷിയായി. 

നമുക്കീ ജല്പനം നിർത്തുക, പെണ്ണുങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. കരുത്തുള്ളവരാവുക. കൊലയാളിയോട്‌ തിരിഞ്ഞുനിന്ന്‌ പടവെട്ടാനും കൊല്ലാനും ചാവാനും മനക്കരുത്തും മെയ്‌ക്കരുത്തുമുള്ളവരാവുക. ആരും നിങ്ങളോട്‌ കരുണകാണിക്കാൻ പോകുന്നില്ല. നിങ്ങളല്ലാതെ.