mukesh
മുകേഷ് അമ്മ വിജയകുമാരിയോടൊപ്പം.
ഫോട്ടോ: സി ആര്‍ ഗിരീഷ്‌കുമാര്‍.

‘‘കേരള സർവകലാശാല കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാംസ്ഥാനം കിട്ടിയപ്പോൾ പലരും ചോദിച്ചു. നിനക്ക് ഈ ഹാസ്യം എവിടെനിന്ന്‌ കിട്ടി. അച്ഛൻ ഒ. മാധവനെ എല്ലാവർക്കും അറിയാം. നാടകത്തിൽ സീരിയസ് വേഷങ്ങളിൽമാത്രം അഭിനയിക്കുന്ന നടൻ. ‘ബോയിങ്‌ ബോയിങ്‌’ പോലെയുള്ള  സിനിമകളിൽ ഹാസ്യം  കൈകാര്യംചെയ്തപ്പോഴും ആളുകൾ ഇതേ ചോദ്യം ആവർത്തിച്ചു. ഇതിന് ഒരു ഉത്തരമേയുള്ളൂ. എന്റെ അമ്മ  അഭിനയിക്കുന്ന നാടകങ്ങൾ കണ്ടുനോക്കണം. സ്വതസ്സിദ്ധമായ ശൈലിയിൽ തമാശ  കൈകാര്യംചെയ്യുന്നതിൽ അമ്മയെ വെല്ലാൻ മറ്റൊരു നടി ഉണ്ടാവില്ല. അമ്മയിൽനിന്നുതന്നെയാണ് ഈ കഴിവ്‌ കിട്ടിയത്’’ -നടനും എം.എൽ.എ.യുമായ മുകേഷ് പറയുന്നു. ഇത്‌ മനസ്സിലാക്കിയാണ് അമ്മയെ രഞ്ജിത്ത് ‘നന്ദന’ത്തിലും ‘മിഴിരണ്ടി’ലും അഭിനയിപ്പിച്ചത്. അമ്മയുടെ ഊർജം, ആത്മവിശ്വാസം, മണ്ടത്തരം ഇതെല്ലാം തന്നെ എന്നും അദ്‌ഭുതപ്പെടുത്തുന്നു.
അച്ഛൻ നാടകനടൻ, സംവിധായകൻ, രാഷ്ട്രീയപ്രവർത്തകൻ, പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ആളാണ്. എന്നാൽ, അമ്മയ്ക്ക് നാടകവേദികളും ഡയലോഗുകളും അല്ലാതെ ഈ ലോകത്തെക്കുറിച്ച് മറ്റൊന്നും അറിയില്ല. നാടകത്തിൽ ഇംഗ്ലീഷിലും ഹിന്ദിയിലും സാഹിത്യഭാഷയിലും ഒക്കെയുള്ള ഡയലോഗുകൾ ആത്മാർഥമായി അഭിനയിച്ചുഫലിപ്പിക്കുന്നത് കാണുമ്പോൾ എന്റെ അമ്മ തന്നെയാണോ ഈ പറയുന്നതെന്ന് ഞാൻ അദ്‌ഭുതപ്പെട്ടുപോയിട്ടുണ്ട്. ഡയലോഗുകളുടെ  അർഥവ്യാപ്തിയോ ചിന്തയോ ഒന്നുംഅറിയാതെയാണ് അത് വളരെ സ്വാഭാവികമായി അവതരിപ്പിക്കാൻ അമ്മയ്ക്ക് കഴിയുന്നത് .

ഗംഭീരമായ മണ്ടത്തരങ്ങൾ  കാണിക്കുന്ന ആൾകൂടിയാണ് എന്റെ അമ്മ. കുറച്ചുകാലംമുമ്പ് അനിയത്തി സന്ധ്യാ രാജേന്ദ്രൻ ടൗണിൽ നിൽക്കുമ്പോൾ മൊബൈൽ ഫോണിൽ അമ്മയുടെ വിളി -സന്ധ്യേ നീ ഫോൺ എടുത്തിട്ടുണ്ടോ. ഇല്ലമ്മേ ഞാൻ എടുത്തില്ല എന്ന് അനിയത്തിയുടെ കുസൃതികലർന്ന മറുപടി. ‘‘നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടില്ലേ. പുറത്തുപോകുമ്പോൾ ഫോൺ എടുത്തുകൊണ്ടുപോകണമെന്ന്. നീ വേഗം വീട്ടിലോട്ട് വാ, എനിക്ക് അത്യാവശ്യമായിട്ട് ഒരുകാര്യം പറയാനുണ്ട്’’ -ഇതാണ് അമ്മ. ഇങ്ങനെ  അദ്‌ഭുതപ്പെടുത്തുന്ന മണ്ടത്തരങ്ങളും അമ്മയുടെ കൈവശമുണ്ട് .

മുമ്പൊരിക്കൽ നാടകത്തിന്റെ വാൻ കള്ളുഷാപ്പിനുമുന്നിലുള്ള റോഡിൽ നിർത്തിയിട്ട് ഒരാളെ കാത്തുകിടക്കുകയാണ്. ഷാപ്പിലെ ബോർഡിൽ ‘കള്ള്’ എന്നതിനുതാഴെ ഇംഗ്ലീഷിൽ ‘ടോഡി’ എന്നും എഴുതിയിട്ടുണ്ട്. വണ്ടിയിലിരുന്ന്  അമ്മ വായിച്ചത് ഇങ്ങനെ: ‘‘കള്ള് ടുഡേ. ഇന്നത്തെ കള്ളാണെന്ന്  എഴുതിയിരിക്കുകയാ. നല്ലതായിരിക്കുമെന്ന്’’ -നിഷ്കളങ്കമായ ഈ ഡയലോഗ് ഉറക്കെയാണ് പറയുന്നത്. വാനിലുള്ളവർ  മുഴുവൻ ചിരിച്ചുമറിഞ്ഞു. പക്ഷേ,  വേദിയിൽ അന്ന് അമ്മ ജഡ്ജിയാണ്.

ഇപ്പോൾ അമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചെറിയ തലകറക്കമുണ്ട്. പക്ഷേ, ഏതെങ്കിലും സിനിമയിൽ ഒരു ചെറിയ വേഷം ഉണ്ടെന്നോ ഏതെങ്കിലുമൊരു യോഗത്തിൽ പങ്കെടുക്കണമെന്നോ പറഞ്ഞ് ആരെങ്കിലുംവന്നാൽ അമ്മ അപ്പോൾ റെഡിയാണ്. ട്രെയിനിലായാലും ടാക്സിയിലായാലും എവിടെ പോകാനും തയ്യാർ. ആ തലമുറയുടെ ചിന്ത അതായിരുന്നു. നമ്മളെ ആവശ്യമുള്ള സ്ഥലത്ത് നമ്മൾ എത്തുകതന്നെ വേണമെന്ന ചിന്ത.

കഴിഞ്ഞമാസം ബന്ധുവിന്റെ കല്യാണവിരുന്ന് അസമിൽ നടന്നിരുന്നു.  ക്ഷണിക്കാൻ വന്നപ്പോൾ പോകാൻ ആദ്യംതന്നെ തയ്യാറായത് അമ്മയാണ്. ദൂരമാണ്. വിമാനത്തിൽ കൊൽക്കത്തയിൽ ഇറങ്ങണം. അവിടെനിന്ന് ഗുവാഹാട്ടിയിൽ പോകണം. പിന്നീട് ടാക്സിയിൽ രണ്ടുമണിക്കൂർ യാത്രചെയ്യണം എന്നൊക്കെ പറഞ്ഞ്‌ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എ.സി.യും ഒന്നുമില്ലാത്ത ഒരു കുടുസ്സുവാനിൽ 40-45 വർഷം വിശ്രമമില്ലാതെ യാത്രചെയ്തിട്ടുള്ള ആളാണ് ഞാൻ. എനിക്കാണോ യാത്രചെയ്യാൻ പ്രയാസം -അമ്മ എന്നെ പരിഹസിച്ചു.  

സ്ത്രീശാക്തീകരണത്തിനുവേണ്ടി മുന്നിട്ടിറങ്ങുന്നവരോട് എനിക്കുപറയാനുള്ളത്, എന്റെ വീട്ടിൽ ഒരാൾ ഉണ്ട്. വന്നുകണ്ടിട്ട് പോകൂ എന്നാണ്. അമ്മ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എതിർക്കാൻവന്നവരെ നോക്കി അമ്മൂമ്മ കൈയിൽ വെട്ടുകത്തിയെടുത്ത് എന്റെ മകൾ അഭിനയിക്കുമെന്നുപ്രഖ്യാപിച്ച്  കെ.പി.എ.സി.യുടെ വാനിൽ കയറ്റിവിട്ടതാണ്. ഇക്കാലമത്രയും അമ്മ അഭിനയിച്ചു. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്ക് ജോലിചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് എന്റെ അമ്മ -മുകേഷ് പറഞ്ഞു.