കൈക്കുഞ്ഞിനെ അമ്മ നോക്കുന്നില്ല, കുഞ്ഞിന്റമ്മയ്ക്ക് എപ്പോഴും ഒരേ സങ്കടമാ, എല്ലാത്തിനോടും മടുപ്പ്... കുഞ്ഞുവാവകളുള്ള വീടുകളിൽനിന്നും ഏറിയും കുറഞ്ഞും കുറ്റപ്പെടുത്തലുകളായി പുറത്തുവരുന്നത് അമ്മയുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള സൂചനകളാവാം. ആ സൂചനകളിൽനിന്ന് അമ്മയുടെ മാനസികാരോഗ്യത്തിന് കൈത്താങ്ങാവാൻ ‘അമ്മമനസ്സ്’ എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് ആരോഗ്യവകുപ്പ്. ഗർഭാവസ്ഥയിലും പ്രസവാനന്തരവും സ്ത്രീകളിലുണ്ടാവുന്ന മാനസികപ്രശ്നങ്ങളെ (postpartum depression) കണ്ടെത്തി ചികിത്സിക്കുന്നതും ഇതുസംബന്ധിച്ച് സാമൂഹികാവബോധം വളർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ 232 സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും പരിശീലനപരിപാടി സംഘടിപ്പിച്ചു. ആശാവർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, പബ്ലിക് ഹെൽത്ത് നഴ്‌സ്, പബ്ലിക് ഹെൽത്ത് നഴ്‌സ് സൂപ്പർവൈസർ, ഡോക്ടർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്.
പരിശീലനം സിദ്ധിക്കുന്ന ആശാവർക്കർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സും വീടുകളിൽ ഗർഭിണികളെ സന്ദർശിച്ച് അവരുടെ മാനസികാരോഗ്യനില പരിശോധിക്കണം. ഇതിനായി പത്ത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങൾ ഇവർ നേരിടുന്നുവെന്ന് സർവേയിലൂടെ വ്യക്തമായാൽ ചികിത്സ ലഭ്യമാക്കണം. ജൂണിൽ ഔദ്യോഗികമായി പദ്ധതി ഉദ്ഘാടനം ചെയ്യും.

മാനസികപ്രശ്നങ്ങൾ
ഗർഭാവസ്ഥയിൽ അമ്മമാരുടെ ആരോഗ്യവും ഭക്ഷണകാര്യങ്ങളും നോക്കുന്ന അത്രയുംതന്നെ ശ്രദ്ധ അവരുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും വേണം. ഗർഭിണികളിൽ അമിത ഉത്‌കണ്ഠ, ഗർഭാവസ്ഥയുമായി പൊരുത്തപ്പെടാനാവാത്ത അവസ്ഥ, കുടുംബവും ജോലിയും ഗർഭകാല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാവുന്ന സമ്മർദം, ശാരീരികമാറ്റങ്ങൾ ഉണ്ടാക്കുന്ന സമ്മർദം ഇതെല്ലാം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വിഷാദരോഗം, രമ്യതയിൽ പോവാനുള്ള പ്രയാസം, താത്‌പര്യമില്ലായ്മ, ഉറക്കക്കുറവ്, ഭാരക്കുറവ്, ആത്മഹത്യാപ്രവണത എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. ചിലരിൽ ഗർഭിണിയായിരിക്കുമ്പോൾ തന്നെ മാനസികപ്രയാസങ്ങളുണ്ടാവും. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ഇത് നീണ്ടുനിൽക്കും. ചുരുക്കം ചിലരിൽ പോസ്റ്റ്പാർട്ടം സൈക്കോസിസിലേക്ക് ഇത് നയിക്കും. മിഥ്യാധാരണകൾ െവച്ചുപുലർത്തുന്ന അവസ്ഥയാണിത്.

അവബോധം ഉണ്ടാവണം
സംസ്ഥാനത്തെ മാതൃമരണനിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് അമ്മമ്മാരിലെ ആത്മഹത്യനിരക്കിൽ മാറ്റമുണ്ടാവാത്തത് ശ്രദ്ധിക്കുന്നത്. മാതൃമരണത്തിന് കാരണമാകുന്ന മറ്റു ഘടകങ്ങൾ കുറഞ്ഞുവരുമ്പോഴും ആത്മഹത്യനിരക്ക് 6.95 ശതമാനമായി തുടരുകയാണ്. ഇതിനുപിന്നിലെ പ്രധാനകാരണം പ്രസവാനന്തര മാനസികപ്രശ്നങ്ങൾ (postpartum depression) ആകാമെന്ന സൂചനയിലാണ് അമ്മമനസ്സ് ആവിഷ്കരിക്കുന്നത്. അമ്മയുടെ മാനസികാരോഗ്യം കുഞ്ഞിനെയും ബാധിക്കും. കേരളത്തിൽ ഇനിയും പഠനങ്ങൾ നടത്തുകയും സാമൂഹികാവബോധം ഉണ്ടാവുകയും ചെയ്യേണ്ട മേഖലയാണിത്.
-ഡോ. പി.എസ്. കിരൺ
സംസ്ഥാന നോഡൽ ഓഫീസർ,
മാനസികാരോഗ്യം.