‘‘ചോറുണ്ട് കളിക്കാനായി പോയതാണവൻ. ഷർട്ടുകൊണ്ട് മുഖംതുടച്ചുകടന്നുപോകുന്നതാണ് ഞാൻ കണ്ട അവസാന കാഴ്ച. അവൻ വരും വരാതിരിക്കില്ല. അതല്ലേ ആരുമില്ലാഞ്ഞിട്ടും ഞാനും മകളും  ഇവിടെത്തന്നെ താമസിക്കുന്നത്.’’- മിനിയെന്ന അമ്മമഴക്കാറിൽനിന്നും കണ്ണീർപൊടിഞ്ഞു.

 കഴിഞ്ഞ 14 വർഷമായി ഈ അമ്മയ്ക്ക് ജീവിതമെന്നാൽ പ്രതീക്ഷയാണ്. അവൻ വരണമെന്ന പ്രാർഥനയാണ് ഈ അമ്മയ്ക്ക് ജീവിതം.

ഈ അമ്മയുടെ മകനെ അറിയാത്തവരായി കേരളക്കരയിൽ ആരുമുണ്ടാകില്ല. ആലപ്പുഴ ആശ്രാമം വാർഡിൽ രാഹുൽ. അതെ, കഴിഞ്ഞ 14 വർഷമായി രാജ്യമെമ്പാടും തന്റെ മകനെ തിരയുകയാണ് മിനിയെന്ന അമ്മ.  ഈ മാസം പതിനെട്ടാകുമ്പോൾ 14 വർഷമാകുന്നു അവൻ നഷ്ടപ്പെട്ടിട്ട്. അവന്റെ സമപ്രായക്കാരെ കാണുമ്പോൾ നെഞ്ചുരുകുകയാണ്. ഏഴരവയസ്സിൽ കാണാതായ രാഹുലിന് ഇന്ന് 21 വയസ്സുണ്ടാകണം.  

2005 മേയ് 18-നാണ് രാഹുലിനെ കാണാതാകുന്നത്. വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ പകൽവെളിച്ചത്തിൽ പെട്ടെന്ന് കാണാതാകുന്നു. തൊട്ടുമുമ്പുവരെ രാഹുലിനെ പലരും കണ്ടതാണ്. എല്ലാവരെയും ഞെട്ടിച്ചു ആ തിരോധാനം. നാട്ടിലാകെ പല കഥകൾ പ്രചരിച്ചു. തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരെയായി കഥകൾ.

നാടിനെ ഞെട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു തുമ്പും കിട്ടിയില്ല. ലോക്കൽ പോലീസിനുശേഷം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. ഒന്നും കണ്ടെത്തിയില്ല. പിന്നീട് സി.ബി.ഐ. വരെ കേസേറ്റെടുത്തെങ്കിലും അവരും പരാജിതരായി.

എല്ലാവരും അന്വേഷണം അവസാനിപ്പിച്ചെങ്കിലും മകൻ വരുമെന്ന പ്രതീക്ഷയിലാണ് അമ്മ. ഭർത്താവ് രാജു വിദേശത്താണ്. മകന്റെ തിരോധാനത്തിനുശേഷം പിറന്ന ശിവാനി എന്ന പത്തു വയസ്സുകാരി മകളുമായി താമസിക്കുകയാണ് മിനി. സമീപത്ത്‌ ബന്ധുജനങ്ങളൊന്നുമില്ല. വീടുവിറ്റ് ബന്ധുക്കൾ ഉള്ളയിടത്ത് താമസിക്കാൻ പലരും പറഞ്ഞെങ്കിലും മകൻ എന്നെങ്കിലും ഇവരെത്തേടി ഇവിടെതന്നെയെത്തുമെന്ന പ്രതീക്ഷയിൽ ഇൗ അമ്മ വഴിക്കണ്ണുമായി കാത്തിരിപ്പാണ്.

രാഹുൽ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം ഇവരുടെ വീട്ടിൽ നിന്നാൽ കാണാം. ആ സ്ഥലം ആകെ മാറിപ്പോയി. രാഹുലിനെ കാണാതായ മൈതാനത്ത് ഇന്നൊരുവീടാണ്.

രാഹുലിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ ഒരാൾ എത്തിയിട്ടുപോലും ഈ അമ്മയുടെ വിശ്വാസത്തെ തകർക്കാൻ സാധിച്ചില്ല. അന്വേഷണഭാഗമായി രാഹുലിന്റെ  മൃതദേഹത്തിനായി വീടിന് സമീപമുള്ള പ്രദേശത്ത് ജെ.സി.ബി. ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഈ അമ്മയുടെ മനക്കരുത്തിനെ തളർത്തിയില്ല.

‘‘എല്ലാവരും എന്റെ മകനെ മറന്നു. ഞങ്ങൾക്ക്  മറക്കാൻ പറ്റില്ലല്ലോ... അവൻ ആകെ  മാറിക്കാണും.’’- അവന്റെ പഴയ ചിത്രം നോക്കി ആ അമ്മ പറയുന്നു. ഇപ്പോൾ കണ്ടാൽ  തിരിച്ചറിയുമോയെന്നും സംശയം. എന്നാലും കാത്തിരിപ്പിനും പ്രതീക്ഷയോടും വിടപറയില്ലെന്ന് ഈ അമ്മ പറയുന്നു. പരിചയമില്ലാത്ത നമ്പറിൽനിന്നും ഒരു ഫോൺ വിളിവരുന്നതുവരെ ഈഅമ്മയ്ക്ക് പ്രതീക്ഷയാണ്.