‘‘ഇരുപത്തിയെട്ട് മക്കളാണ് എനിക്ക്. 15 പെണ്ണും 13 ആണും.  14 പേർ വിവാഹിതരായി. 19 പേരക്കുട്ടികളുമുണ്ട്. ഒൻപത് പെൺമക്കൾ നഴ്‌സുമാരാണ്. അബുദാബിയിലുള്ള ടീന രണ്ടാമത് ഗർഭിണിയാണ്. ഡിസംബറിലായിരിക്കും പ്രസവം. അന്ന് ഒരുമാസം അവൾക്കൊപ്പം പോയിനിൽക്കണം’’ -സോണിയയുടെ വാക്കുകളിൽ തുളുമ്പുന്ന മാതൃവാത്സല്യം അനുഭവിച്ചറിയാമായിരുന്നു. ആലുവ എടത്തലയിലെ എസ്.ഒ.എസ്. ചിൽഡ്രൻസ് വില്ലേജിലെ പതിനഞ്ച് അമ്മമാരിൽ ഒരാളാണ് അവർ.

ജിവിതത്തിൽ അച്ഛന്റെയും അമ്മയുടെയും തണൽ നഷ്ടപ്പെട്ടവരാണ് കുട്ടികളുടെ വില്ലേജിലുള്ളത്. പല പ്രായത്തിൽ, പലസാഹചര്യത്തിൽനിന്ന് വന്നവർ. അവർക്കായാണ് ഇവിടെ വീടൊരുക്കിയിരിക്കുന്നത്. എടത്തലയിൽ 15 വീടുകളുണ്ട്. ഒരു വീട്ടിൽ എട്ട് കുട്ടികൾ. അവിടെ അവരെ സ്നേഹിച്ചും ശാസിച്ചും വളർത്താൻ ഒരമ്മയും. ആകെ 109 കുട്ടികളാണ് ഇപ്പോഴുള്ളത്.

കുട്ടികളുടെ എല്ലാകാര്യങ്ങളിലും ഈ അമ്മമാരുടെ കണ്ണെത്തും. ഭക്ഷണം തയ്യാറാക്കുന്നതും പഠനകാര്യങ്ങൾ ശ്രദ്ധിക്കുന്നതും ഒക്കെ ഈ അമ്മമാരാണ്. ഒരോ വീടും ഒരു കുടുംബമാണിവിടെ. മുപ്പതുവർഷത്തിലേറെയായി കുട്ടികളുടെ ഗ്രാമത്തിലുള്ളവരാണ് സോണിയയും  റോസിലിയുമൊക്കെ.

റോസിലിക്ക് മക്കൾ 29 പേരാണ്. 17 പെണ്ണും 12 ആണും. മൂത്തവൻ ആന്റണിക്ക് 36 വയസ്സായി. കീഴ്മാടിൽ വർക്ക്‌ഷോപ്പ് നടത്തുകയാണ്. എട്ടുവയസ്സുള്ള അയറിനും ആൽബിയുമാണ് ഇളയകുട്ടികൾ.

അമ്പിളി, ആൻസമ്മ, ലളിത, നിഷ, ശാന്ത, അസ്മിന, മീന... കുട്ടികളുടെ ഗ്രാമത്തിലെ അമ്മമാർക്കൊക്കെ മക്കളെക്കുറിച്ച് വാത്സല്യത്തോടെ പറയാൻ ഒട്ടേറെ കഥകളുണ്ട്. ആരുടെയും പെറ്റമ്മമാരല്ല അവർ.   അമ്മയെന്ന സ്നേഹം അവർ അനുഭവിച്ചറിയുന്നത് അവരിലൂടെയാണ്.

പത്തുവയസ്സുവരെ ആൺകുട്ടികളും പെൺകുട്ടികളും വീട്ടിൽ ഒന്നിച്ചാണ് താമസിക്കുന്നത്. പത്തു വയസ്സുകഴിഞ്ഞാൽ ആൺകുട്ടികളെ ബോയ്‌സ് ഹോമിലേക്ക് മാറ്റും. അവർക്ക് അവധിദിവസങ്ങളിൽ വീട്ടിലേക്ക് എത്താം. പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സുവരെ അമ്മമാർക്കൊപ്പം താമസിക്കാം. കുട്ടികളുടെ പഠനച്ചെലവ് എസ്.ഒ.എസ്. വഹിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകുന്നതെന്ന് എസ്.ഒ.എസ്. ഡയറക്ടർ പി. ശ്രീകുമാർ പറഞ്ഞു. പഠിച്ച് ജീവിതത്തിന്റെ വിവിധതുറകളിലെത്തിയ ഒട്ടേറെ കുട്ടികളുണ്ടിവിടെ. അവരെക്കെ അമ്മമാരെ കാണാൻ അവസരം കിട്ടുമ്പോഴൊക്കെ എത്തും. 

എന്താണ് എസ്.ഒ.എസ്.
ഹെർമാൻ മൈനർ എന്ന ഓസ്ട്രിയക്കാരൻ 1946-ൽ രണ്ടാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ചതാണ് എസ്.ഒ.എസ്. എന്ന കുട്ടികളുടെ വില്ലേജ്. അച്ഛനും അമ്മയും നഷ്ടപ്പെട്ടകുട്ടികൾക്കു വേണ്ടിയായിരുന്നു ഇത്. 1964-ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തൃശ്ശൂരും കുട്ടികളുടെ വില്ലേജ് പ്രവർത്തിക്കുന്നു. അച്ഛനമ്മമാർ ഇല്ലാത്ത കുട്ടികളെ വീടിന്റെ അന്തരീക്ഷത്തിൽ പരിപാലിക്കുക എന്നതാണ് ഈ സന്നദ്ധസംഘടന മുന്നോട്ടുെവക്കുന്ന ആശയം.


അമ്മക്കടം വീടാക്കടം

# സി. രാധാകൃഷ്ണൻ
തനിക്ക് എന്തെങ്കിലുമൊന്ന് വേണമെന്ന് എന്റെ അമ്മ ജീവിതത്തിലൊരിക്കലും എന്നോടുപറഞ്ഞിട്ടില്ല. ഞങ്ങൾ കുട്ടികൾക്കു വിളമ്പിത്തരാൻ തികയാത്തതോർത്തേ അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുള്ളൂ. എല്ലാവരുടേതും കഴിയുമ്പോൾ പാത്രത്തിൽ തനിക്കായി ഒന്നും ബാക്കിയില്ലെന്നുകാണുന്നേരം സന്തോഷിക്കുകമാത്രം ചെയ്തു. ആ സന്തോഷത്തിന്റെ ഉറവിടമെന്തെന്ന് ആരും അറിയാതിരിക്കാനും പാടെത്രപെട്ടു എന്ന് അമ്മയ്ക്കേ അറിയൂ.

ഐവർമഠം ശ്മശാനത്തിലാണ് അമ്മയെ സംസ്കരിച്ചത്. ഈറനോടെ തുറന്ന ജീപ്പിൽ കയറി തിരികെവരുമ്പോൾ ഭാരതപ്പുഴയിൽനിന്നുള്ള തണുത്ത കാറ്റേറ്റ് തളർന്നുമയങ്ങി ഞാനൊരു സ്വപ്നം കണ്ടു -എരിയുന്ന ചിതയുടെ അരികിൽ ഞാൻ നിൽക്കുന്നു. നടു അറ്റ് വേർപെടുമ്പോൾ വെള്ളം കൊടുക്കുക എന്ന ചടങ്ങിനുനിൽക്കുകയാണ്. കൈ ചിതയിൽനിന്നു പുറത്തേക്കുനീട്ടി വിലക്കി വീശി അമ്മ പറയുന്നു: ‘‘ഇത്ര അടുത്തേക്ക് വരണ്ട. ഇത് നല്ല ചൂടാ! ഇത്തിരി അങ്ങട് മാറിനിന്നോളൂ, തല വെയർക്കും!’’
എത്ര ജന്മംകൊണ്ട് അമ്മക്കടംവീട്ടും എന്നുകണക്കാക്കാൻ ഞാൻ പഠിച്ച ഉന്നതഗണിതം ഒട്ടും മതിയാകുന്നില്ല.