സ്ത്രീധനപീഡനനിയമങ്ങളെയും സ്ത്രീപീഡനനിയമങ്ങളെയും വ്യാഖ്യാനിച്ചുകൊണ്ട് അടുത്ത ദിവസങ്ങളിൽ സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും പുറപ്പെടുവിച്ച വിധിന്യായങ്ങൾ ചരിത്രപരമാണ്. സ്ത്രീസുരക്ഷാനിയമങ്ങളുടെ വർധിച്ചുവരുന്ന ദുരുപയോഗത്തിനെതിരെ വിരൽചൂണ്ടുന്ന പ്രഖ്യാപനങ്ങളാണിത്. 
 
1983-ൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർക്കപ്പെട്ട സ്ത്രീധനപീഡന വകുപ്പാണ് സെക്ഷൻ 498A. ഒരു സ്ത്രീയെ ആത്മഹത്യയിലേക്കോ മുറിവേൽപ്പിക്കുന്നതിനോ പ്രേരകമാകുന്ന സ്ത്രീധനത്തിനുവേണ്ടിയുള്ള പീഡനങ്ങളെ ഗുരുതരകുറ്റകൃത്യമാക്കുന്ന വകുപ്പ്.   ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സ്ത്രീകളുടെ അതിദാരുണമായ അവസ്ഥയെ ഇല്ലാതാക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവെപ്പായിരുന്നു ഇത്. കാലക്രമേണ ഈ നിയമം  പലപ്പോഴും ഭർത്താവിനെയും കുടുംബാംഗങ്ങളെയും വേട്ടയാടുന്നതിനുള്ള മാരകബോംബുകളായി മാറി.    
 
27.07.2017-ന്‌ സുപ്രീംകോടതി രാജേഷ് ശർമ Vs. സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം നിയമത്തിന്റെ ദുരുപയോഗത്തെ കുറച്ചെങ്കിലും ഇല്ലാതാക്കും. ഇനിമുതൽ സ്ത്രീധനപീഡനപരാതി ഒരു കോടതിയിലോ പോലീസ്‌സ്റ്റേഷനിലോ എത്തുകയാണെങ്കിൽ ഒരു ജില്ലാതലകുടുംബക്ഷേമസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടികൾ പാടുള്ളൂ എന്ന് സുപ്രീംകോടതി സുവ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ഈ ജില്ലാതല കുടുംബക്ഷേമസമിതി ജില്ലാനിയമസഹായസമിതി രൂപവത്കരിക്കുകയും അതിൽ സാമൂഹികപ്രവർത്തകർ, സമൂഹത്തിലെ പ്രധാനവ്യക്തികൾ തുടങ്ങി മൂന്നിൽ കവിയാത്ത അംഗങ്ങൾ ഉണ്ടായിരിക്കുകയും വേണം. ഈ സമിതിയെ ഒരു മാസത്തിനകംതന്നെ രൂപവത്കരിക്കണമെന്നും സമിതിയുടെ പ്രവർത്തനം ജില്ലാജഡ്ജി സമയാസമയങ്ങളിൽ അവലോകനം ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജില്ലാതല കുടുംബക്ഷേമസമിതി അനുരഞ്ജനശ്രമങ്ങൾ ഉൾപ്പെടെ നടത്തി ഒരു റിപ്പോർട്ട് ഒരുമാസത്തിനകംതന്നെ ബന്ധപ്പെട്ട കോടതിയിലും പോലീസിനും നൽകണം.
 
 ഈ റിപ്പോർട്ടിനെത്തുടർന്ന് മാത്രമേ തുടർനടപടികളും അറസ്റ്റും പാടുള്ളൂ എന്നും വിധി നിഷ്കർഷിക്കുന്നു. ജാമ്യഹർജികൾ അന്നേദിവസംതന്നെ തീർപ്പാക്കേണ്ടതാണെന്നും പാസ്പോർട്ട് മുതലായ യാത്രാരേഖകൾ പ്രതികൾ കോടതിയിൽ സമർപ്പിക്കണമെന്നുമുള്ള ജാമ്യവ്യവസ്ഥകൾ നിർബന്ധമാക്കരുതെന്നും കോടതി വ്യക്തമാക്കി. എന്നാൽ, സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് ശാരീരികക്ഷതങ്ങളോ മരണമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ വിധിയിലെ നിർദേശങ്ങൾ  ബാധകമല്ല എന്നും സാധാരണ ക്രിമിനൽ നടപടിക്രമം തന്നെ പിന്തുടരണമെന്നും കോടതി വ്യക്തമാക്കുന്നു. പ്രത്യേകം പരിശീലനം നൽകപ്പെട്ട അന്വേഷണോദ്യോഗസ്ഥരെ ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഒരുമാസത്തിനകംതന്നെ നിയോഗിക്കണമെന്നും കോടതി ഊന്നിപ്പറയുന്നുണ്ട്. 
 
മറ്റൊരു​ കോടതി നിരീക്ഷണം
 
ഏറെ  ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വകുപ്പാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്ന നിയമം. ഉഭയസമ്മതപ്രകാരം ലൈംഗികത ആസ്വദിച്ചതിനുശേഷം വിവാഹവാഗ്ദാനലംഘനമുണ്ടായി എന്നാരോപിക്കുന്ന പരാതികളെ ഡൽഹി ഹൈക്കോടതി ജൂലായ് 27-ന് പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ അതിനിശിതമായി വിമർശിച്ചിരിക്കുകയാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർക്കപ്പെട്ട 354A മുതലുള്ള വകുപ്പുകൾ പ്രകാരം പുരുഷന്റെ സമീപത്തിലുള്ള സ്ത്രീയുടെ സാന്നിധ്യംപോലും പുരുഷന് ഒരു അപായസൂചനയായി മാറിയിരിക്കുകയാണ്.
 
പിന്തുടരൽ (Stalking) എന്ന കൃത്യത്തിനുള്ള നിർവചനം വായിച്ചാൽ രാവിലെ വീട്ടിൽനിന്നിറങ്ങുമ്പോൾ മുതൽ ഏതുനിമിഷവും ഒരു പുരുഷനുമേൽ ലൈംഗിക അതിക്രമക്കുറ്റം ചുമത്തപ്പെടാനുള്ള സാധ്യത സജീവമായി നിലനിൽക്കുന്നതായി കാണാം. 
ഒരു വർഷത്തിനുമുൻപ് പുറപ്പെടുവിച്ച ഡൽഹി ഹൈക്കോടതിയുടെ മറ്റൊരുവിധിയിൽ (Rohit Tiwari & others Vs State (decided on 24.5.2016) ബലാത്സംഗക്കുറ്റവും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധവും കൂട്ടിക്കുഴയ്ക്കുന്നതിനെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്‌.
 
പ്രായപൂർത്തിയായതും വിവാഹിതയുമായ സ്ത്രീ വിവാഹിതനായ മറ്റൊരു പുരുഷനുമായി വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗികബന്ധം പുലർത്തിയതിനുശേഷം പിന്നീട് ബന്ധം തകരുമ്പോൾ ബലാത്സംഗം ആരോപിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്നും അതിനെ അഴിഞ്ഞാട്ടം (Promiscutiy) എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ രണ്ടുവിധികളും പുറപ്പെടുവിച്ചിട്ടുള്ളത് വനിതകളായ ന്യായാധിപരാണെന്നുള്ളതാണ്  സവിശേഷത. 2016-ലെ വിധി ജസ്റ്റിസ് സുനിത ഗുപ്തയും ഇപ്പോഴത്തെ വിധി ജസ്റ്റിസ് പ്രതിഭാറാണിയും ആണ് പുറപ്പെടുവിച്ചിട്ടുള്ളത്.