‘‘പെറ്റമ്മയോടെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇനിയൊരാളോടും ഇങ്ങനെ ചെയ്യരുത്’’  -പറയുന്നത് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കൊലചെയ്യപ്പെട്ട ധനരാജിന്റെ ഭാര്യ സജിനി.  ‘‘വീട്ടുമുറ്റത്തിട്ടിറ്റല്ലേ അവരെ വെട്ടിയത്. ധനരാജേട്ടനെ കൊന്ന കുട്ടികള് ചെറ്താണ്. അതിൽ ഒരമ്മയുടെ രണ്ടുമക്കളൂണ്ട്. കല്ലും മണ്ണും പേറി മക്കളെ പോറ്റ്ന്ന അമ്മമാരോടെങ്കിലും സ്നേഹമുണ്ടെങ്കിൽ അവരത് ചെയ്യൂലാരുന്നു. ആ അമ്മയും ഞാനുമനുഭവിക്കുന്നത് ഒരുപക്ഷേ, ഒരേ വേദനയായിരിക്കും. തിരിച്ചറിയാൻ പോയപ്പോ ഞാനവരോട് ചോദിച്ചിരുന്നു. എന്തിനാണങ്ങനെ ചെയ്തതെന്ന്, ജന്മം മറക്കില്ലാന്ന്. ആദ്യായിട്ടാ എനിക്ക് ശത്രുക്കളുണ്ടാകുന്നത്. അതവരാണ്. അവരാണെന്നെ ശത്രുക്കളുള്ളവളാക്കിയത്. അവരുടെ മുഖത്ത് ഒട്ടും പതർച്ചയോ കുറ്റബോധമോ ഇല്ലായിരുന്നു. ധീരകൃത്യം ചെയ്തതുപോലെയാണ്‌അവരെന്നെ നോക്കിയത്. പക്ഷേ, പ്രതികാരദാഹമുള്ളവരായി എന്റെ മക്കളെ ഞാൻ വളർത്തില്ല. ഞാനെന്റെ മകനോട് പറയാറുണ്ട് ഓരോ ദിവസവും, നമുക്ക് പോകാനുള്ളത് പോയി. ഇനിയാർക്കും നമ്മുടെ വിധിയുണ്ടാകരുത്. ആരോടും പ്രതികാരത്തിന് പോകരുത്. അത് ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് പരമാവധി ശിക്ഷകിട്ടണം. ശിക്ഷിക്കപ്പെടണം. ഇനിയാരോടും അവരങ്ങനെ ചെയ്യരുത്. ചെറിയ കുട്ടികളല്ലേ അവരൊക്കെ. ഓർക്കുമ്പോ പേടിയാകുന്നു. ആർക്കും ഉള്ളില് കലയില്ല, കവിതയില്ല, എഴുത്തില്ല, ആർക്കും ആരോടും സ്നേഹവുമില്ല. ഒരു വീട്ടില്തന്നെ എത്ര പാർട്ടിക്കാരുണ്ട്, അവരെല്ലാം പരസ്പരം കൊല്ലാറാണോ പതിവ്? എത്ര പാർട്ടിക്കാരുടെ വീട്ടിൽ നമ്മള് മരിപ്പിനും കല്യാണത്തിനും ഒക്കെ പോകുന്നുണ്ട്. സംവാദമല്ലേ വേണ്ടത്. എന്തിനാണിങ്ങനെ കൊന്നുകളയുന്നത്. നമ്മുടെ വേദന വലുതാണ്. അതിനി മരണംവരെ മാറില്ല.  രണ്ടാംക്ലാസിൽ പഠിക്കുന്ന എന്റെ മകൻ ചോദിച്ച അതേ ചോദ്യമാണ് എനിക്കും ചോദിക്കാനുള്ളത്. പറഞ്ഞുതീർക്കാമായിരുന്നില്ലേ? പറഞ്ഞുതീർക്കാമായിരുന്നതിനല്ലേ കൊന്നുതീർത്തത്.’’ ധനരാജിന്റെ അമ്മയ്ക്കും ചോദിക്കാനുള്ളത് അതുതന്നെയായിരുന്നു, എന്തിനാണ് നമ്മളെ അനാഥരാക്കിക്കളഞ്ഞതെന്ന്. 

ധനരാജ് കൊല്ലപ്പെട്ട അന്നുരാത്രിതന്നെ പയ്യന്നൂരിലെ അന്നൂരിൽ ഓട്ടോത്തൊഴിലാളിയായിരുന്ന സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടു. ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് വീടിന്റെ നടുമുറിയിലിട്ടാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. രാമചന്ദ്രന്റെ ഭാര്യ രജനി, അച്ഛനും അമ്മയ്ക്കും ഒറ്റമോളായിരുന്നു. രാമചന്ദ്രനും രജനിക്കും  12 വർഷം കാത്തിരിക്കേണ്ടിവന്നു  കുഞ്ഞുങ്ങളുണ്ടാകാൻ. ഇരട്ടകളായ കുട്ടികളടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത് രാമചന്ദ്രൻ ഓട്ടോ ഓടിച്ചുകിട്ടുന്നതുകൊണ്ടും വീടിനോട് ചേർന്നുള്ള വളരെ ചെറിയൊരു കടയിൽനിന്ന്‌ കിട്ടുന്ന വരുമാനംകൊണ്ടുമായിരുന്നു. വളരെ സാധാരണക്കാർ. രജനി പറയുന്നു, ‘‘എനിക്കാരൂല്ലാണ്ടാക്കീല്ലേ അവര്? എനിക്കാകെയുള്ളത് ബൈപ്പാസൊക്കെ കഴിഞ്ഞ് നിക്കുന്നൊരച്ഛനാണ്. അമ്മ കഴിഞ്ഞവർഷം മരിച്ചു. ഇവിടെ ഇപ്പോ ഇളയമ്മയൊക്കേണ്ട്. എന്നാലും എനിക്കൊന്നും പങ്കുെവക്കാൻപോലും ആരുമില്ലാണ്ടായി. എന്റെ മക്കള് അനാഥരെപ്പോലെയായി. അത്രയ്ക്ക് സ്നേഹാരുന്നു അച്ഛന് മക്കളോട്. വല്ല പനിയോ മറ്റോ വന്നാല് അവര് അച്ഛനെയാ വിളിക്കുക. എന്നെയല്ല. ഇനിയാരൂല്ല നമുക്ക്. ഈ മുറീലിട്ടാ കൊന്നത്. അതിലെനിക്ക് അറിയുന്നൊരു കുട്ടിയുണ്ടാരുന്നു. അവനോട് ഞാൻ പറഞ്ഞു, ചെയ്യല്ലാന്ന് പറാന്ന്. അവൻ പറഞ്ഞാൽ അവരുകേൾക്കുമല്ലോന്ന് വെച്ചിട്ടാണ് ഞാൻ അവനോട് പറഞ്ഞത്. അവനെന്റെ കഴുത്തീന്ന് താലിമാല വലിച്ചുപൊട്ടിക്കുകയാ ചെയ്തത്. എന്റെ നൈറ്റീം വലിച്ചുകീറി. ഞാനവനെ തിരിച്ചറിഞ്ഞപ്പോ അവര് പറഞ്ഞു, എനിക്ക് ഭ്രാന്താണെന്ന്. എന്റെ കഴുത്തീന്ന് താലി വലിച്ചുപൊട്ടിച്ചവനെ ഈ ജന്മം എനിക്ക് മറക്കാനാകൂല്ല. എന്റെ എട്ടാംക്ലാസില് പഠിക്കുന്ന കുഞ്ഞിമക്കളെ മുമ്പിലിട്ടിട്ടല്ലേ അവരത് ചെയ്തത്. എന്റെ മക്കളെപ്പോഴെങ്കിലും മറക്കുവോ അത്?’’ പറഞ്ഞുതീരുമ്പോഴേക്കും രജനി കരഞ്ഞുതുടങ്ങിയിരുന്നു.

നാദാപുരത്ത് തൂണേരിയിൽ കൊലചെയ്യപ്പെടുമ്പോൾ ഷിബിന് വെറും 20 വയസ്സായിരുന്നു. ഷിബിന്റെ അമ്മ പറയുന്നു, ‘‘മറക്കാനാക്വോ? ഒറക്കമില്ല.’’ കൊല്ലപ്പെട്ട വാണിമേൽ മുഹമ്മദ് അസ്‌ലമിന്റെ ഉമ്മ സുബൈദയും ചോദിക്കുന്നത് ഇതേ ചോദ്യമാണ് മറക്കാനാകുമോയെന്ന്. സുബൈദ പറയുന്നു, ‘‘പോയോലിക്ക് പോയീന്നല്ലാണ്ട് മറ്റുള്ളോർക്കെന്താന്. ഈട ഭയങ്കര കഷ്ടപ്പാടാണ്. ഓന്റെ ഉപ്പ പണ്ടേ മരിച്ചതാണ്. ഒരാണായിറ്റ് ഓനാണുണ്ടായിരുന്നത്. ആരൂല്ലാ എനിക്കൊന്നിനൂപ്പം. ഇത് വാടകവീടാണ്‌. ഷിബിന്റെ അമ്മേടെ വേദനയും ഇതെന്നെയായിരിക്കൂല്ലേ. രാഷ്ട്രീയെല്ലും വേണം. പക്ഷേ, എന്തിനാണിങ്ങനെ കൊല്ലൂം ചാകൂം ചെയ്യ്‌ന്ന്‌? കൊല്ലുകയും വേണ്ട, ചാവുകയും വേണ്ട. പിന്നെ ഒരു കാര്യൂംകൂടി. കൊല്ലാൻ വിചാരിച്ചാല് നിങ്ങളെന്തായാലും കൊല്ലും. എന്തിനാണിങ്ങനെ കൊത്തിക്കൊത്തി നുറുക്കുന്നത്? നമ്മക്കാരൂല്ലാണ്ടായീന്നല്ലാണ്ട്, പോയോലിക്ക് പോയീന്നല്ലാണ്ട് എന്തു പറയാൻ?’’

(തുടരും)

നാളെ:  ഇനിവേണ്ട അരുംകൊലകൾ