ചോരപൊടിയും കണ്ണുള്ള അമ്മമാർ-2

‘‘എന്റെ നെഞ്ചിൽ ആ കത്തി, എന്റെ ഭർത്താവിനെയും മകനെയും കൊന്ന അതേ കത്തി കുത്തിയിറക്കാൻ നേതാക്കൾക്കാകുമോ? ഇനിയെനിക്കാരൂല്ല, ഇനിയെനിക്കൊന്നൂല്ല. അതോണ്ടാണ് ചോദിക്കുന്നത്’’ -തലശ്ശേരി പിണറായിയിലെ രമിത്തിന്റെ അമ്മ നാരായണി പറയുന്നു.  

ഒക്ടോബർ 10-ന് കെ. മോഹനൻ, അദ്ദേഹം ജോലിചെയ്തിരുന്ന പിണറായി വാളാങ്കിച്ചാലിലെ കള്ളുഷാപ്പിൽവെച്ച്, യാതൊരു പ്രകോപനവുംകൂടാതെ കൊലചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയ്ക്കുമാത്രമല്ല, മക്കൾക്കുമാത്രമല്ല, ആ നാട്ടുകാർക്കാർക്കുംതന്നെ മോഹനന്റെ മരണം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, ഒരുറുമ്പിനെപ്പോലും നോവിക്കാനാകാത്തയാളായിരുന്നു മോഹനനെന്ന് അയൽക്കാർ പറയുന്നു. അവർക്കൊക്കെ അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. അടുത്തവീട്ടിലെ പെൺകുട്ടിയുടെ കല്യാണത്തിന് സാമ്പത്തികമായും മറ്റും എല്ലാ സഹായങ്ങളുമായി മുന്നിൽനിന്നയാളായിരുന്നു മോഹനൻ. എന്നാൽ, കല്യാണമെത്തുംമുമ്പ് അദ്ദേഹം കൊലചെയ്യപ്പെട്ടു. ആ നടുക്കത്തിൽനിന്ന് ആ കുടുംബത്തിനും മോചനം കിട്ടുന്നില്ല.

പിറ്റേദിവസമാണ് രമിത്ത് കൊലചെയ്യപ്പെടുന്നത്. രമിത്തിന്റെ അമ്മ രണ്ടാംതവണയും കൊലപാതകരാഷ്ട്രീയത്തിന്റെ ഇരയായി മാറി. 2002-ൽ അവരുടെ ഭർത്താവ് ഉത്തമൻ കൊലചെയ്യപ്പെട്ടതും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിലായിരുന്നു. അന്ന് രമിത്തിന് 11 വയസ്സായിരുന്നു. തുന്നൽപ്പണിചെയ്താണ് രമിത്തിനെയും അനിയത്തി രമിഷയെയും നാരായണി വളർത്തിയത്. ഉത്തമന്റെയും രമിത്തിന്റെയും മരണം നാരായണിയുടെ വീടിനെ നാഥനില്ലാത്തതാക്കി.  ‘‘അവന്റെ അച്ഛനെ കൊല്ലുമ്പോൾ അവന് 11 വയസ്സ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ പത്രമിട്ടും പച്ചക്കറി കൊണ്ടുക്കൊടുത്തുമാണ് അവനവന്റെ അനിയത്തിയെ പഠിപ്പിച്ചത്. ഞാനൊരുപാട് കഷ്ടപ്പെട്ടു. ഈ കുഞ്ഞുവീടുണ്ടാക്കാൻ. മോളെ കല്യാണം കഴിച്ചയച്ചതിന്റെ കടവുമുണ്ട് ഒരുപാട്. ഇനിയെനിക്കിത്തിരി വെള്ളം വെച്ചുതരാൻ, ഒന്നുതാങ്ങാൻ ആരാണുള്ളത്? എന്റെ വീട്ടിൽ എനിക്കാകെയുണ്ടായിരുന്നൊരു ആൺതരിയെ കൊന്ന് വലിച്ചിട്ടില്ലേ എന്റെ മുന്നിലേക്ക്? കൊന്നവര് എനിക്ക് മറുപടിതന്നേ തീരൂ.’’ 

രമിത്തിന്റെ സഹോദരി രമിഷയ്ക്ക് കണ്ണീരുതോരുന്നില്ല: ‘‘എന്റെ അമ്മയെ മുപ്പതാമത്തെ വയസ്സിലവര് വിധവയാക്കിയതാണ്. ഇപ്പോ അവരുടെ മോനേം കൊന്നുകളഞ്ഞു. ചോറുണ്ണുന്ന ബുദ്ധിയുള്ള ആരെങ്കിലും എന്റമ്മയോടിത് ചെയ്യുവാരുന്നോ?’’
ഉത്തമന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജീപ്പിനുനേരേയുണ്ടായ ബോംബാക്രമണത്തിൽ അമ്മു അമ്മ എന്ന 70-കാരിയും ഷിഹാബ് എന്ന ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. അമ്മു അമ്മയാണ് കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന്റെ ആദ്യത്തെ വനിതാരക്തസാക്ഷി. കഴിഞ്ഞ ഫിബ്രവരി 27-ന് പിണറായിയിൽ വീടിനുനേരേയുണ്ടായ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സരോജിനിയമ്മ എന്ന 63-കാരിയും മരിച്ചിരുന്നു. അവരും ബോംബുരാഷ്ട്രീയത്തിന്റെ ഇരയായി.

ധർമടം സ്വാമിമുക്കിനടുത്ത് കൗസു എന്നൊരമ്മയുണ്ട്. അവരുടെ കണ്ണുകളിലെ തീരാവേദന പറയും, ബോംബുരാഷ്ട്രീയം ഒരു കുടുംബത്തെ എങ്ങനെ തകർത്തുകളയുമെന്ന്. സജീവൻ കൊല്ലപ്പെടുന്നത് ബോംബുസ്ഫോടനത്തിലാണ്. ആർക്കോവേണ്ടി ആരോവെച്ച ബോംബായിരുന്നു. പക്ഷേ, അത് കവർന്നത് പറമ്പിൽ ഓലവലിക്കാൻപോയ സജീവന്റെ ജീവൻ. സജീവനും അമ്മയും സഹോദരിയുടെ മകൾ ജോഷ്‌നയും ഒരുമിച്ചായിരുന്നു താമസം. ഒരുവയസ്സുമുതൽ ജോഷ്‌നയ്ക്ക് എല്ലാം മാതൃസഹോദരനായ സജീവനായിരുന്നു. ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഭാഗമായുള്ള പരിശീലനത്തിന് െബംഗളൂരുവിൽ പോകാൻ തയ്യാറെടുത്തിരിക്കയായിരുന്നു ജോഷ്‌ന. എന്നാൽ, ആ സമയത്താണ് സജീവൻ കൊല്ലപ്പെടുന്നത്. ആ ആഘാതത്തിൽ ജോഷ്‌ന ആത്മഹത്യക്ക് ശ്രമിച്ചു. പരിശീലനത്തിനും പോയില്ല. പിന്നീട് നഴ്‌സറി ടീച്ചർ ട്രെയ്‌നിങ് കോഴ്‌സിന്‌ ചേർന്നു. മത്സ്യത്തൊഴിലാളിയായിരുന്നു സജീവൻ. ആ വീടിന്റെ അത്താണി. 

നിറഞ്ഞ കണ്ണുകളോടെ നോക്കിയതല്ലാതെ കൗസു ഒന്നും മിണ്ടിയില്ല. സജീവന്റെ സഹോദരി അനിത പറഞ്ഞു,  ‘‘അമ്മയ്ക്കിപ്പോളും ഓന്റെ വിചാരംതന്നെ. പുറത്തോട്ടൊന്നും വരൂല്ല. ആകെ കുടിക്കുക രണ്ടുസ്പൂൺ കഞ്ഞിയാണ്. അന്നവന് കഞ്ഞി വിളമ്പിവെച്ചിരിക്കയായിരുന്നു. പക്ഷേ, ആ കഞ്ഞികുടിക്കാൻ അവൻ വന്നില്ല. ആരെയോ കൊല്ലാൻ ആരോ വെച്ചതാണോലും. എന്നാലും എന്തിനാണിങ്ങനെയെല്ലാം? ഒരു വർഷമാകുന്നു സജീവൻ കൊല്ലപ്പെട്ടിട്ട്. ധർമടത്തെ ആ പഴയവീട്ടിൽ കൗസുവും ജോഷ്‌നയും ഇപ്പോഴും ആ ആഘാതത്തിൽനിന്ന് മുക്തരാകാതെയിരിക്കയാണ്.

(തുടരും)
നാളെ: പെറ്റമ്മയോട് സ്നേഹമുണ്ടെങ്കിൽ ഒരാളോടും ഇനിയിങ്ങനെ ചെയ്യരുത്