മ്മ അങ്ങനെയാണ്‌. പറ്റാത്തതുകണ്ടാൽ ആരോടും ഞങ്ങൾ മക്കളോടും എന്തിന്‌, ബാപ്പയോടും പറയും. വേലക്കാരോടും അയൽക്കാരോടും നാട്ടുകാരോടും എന്നു പിന്നെ പറയേണ്ടതില്ലല്ലോ.
ഉമ്മയ്ക്ക്‌ കാര്യമായ പഠിപ്പില്ല, അഞ്ചാംതരംവരെയേ പോയിട്ടുള്ളൂ. പഴയ
കാലമല്ലേ, കൊല്ലപ്പരീക്ഷയാകുംമുമ്പ്‌ 12-ാം വയസ്സിൽ കെട്ടിച്ചു.  ഏഴുപെറ്റു. മൂന്നെണ്ണം ശേഷിച്ചില്ല.  വലിവിന്റെ സുഖക്കേടുള്ള പുതിയാപ്പിളയുടെയും തടിക്ക്‌ ആഫിയത്ത്‌ കുറഞ്ഞ നാലു മക്കളുടെയും കാര്യം നോക്കണം. 

ചില്ലറ നെല്ലും പുല്ലും കുറച്ച്‌ അടയ്ക്കയും തേങ്ങയുമൊക്കെയായി നോക്കിനടത്താൻ വേറെയും വീട്ടുകാര്യങ്ങളുണ്ട്‌. ഇതിനിടയിലും അവർ നാട്ടുകാര്യങ്ങൾക്ക്‌  കാതുകൊടുത്തിരുന്നു.
ഏഴാംതരം പാസായ ബാപ്പ, ഗാന്ധിജിയെയും നെഹ്രുവിനെയും ബഹുമാനിച്ചിരുന്ന കോൺഗ്രസുകാരനായതിനാൽ മാതൃഭൂമി കടലാസ്‌ വീട്ടിൽവരുത്തി വായിച്ചിരുന്നു. ചില്ലറ പരിഷ്കാരിയായതിനാൽ  റേഡിയോ വാങ്ങി വാർത്ത കേട്ടിരുന്നു.

ഉമ്മ കടലാസ്‌ വായിക്കുകയില്ല,  തലക്കെട്ടൊക്കെ ഒന്ന്‌ നോക്കിയാലായി. കൗതുകം തോന്നിയാൽ ‘ദൊന്ന്‌ ബായിച്ചാ’ എന്ന്‌ ഞങ്ങളോടാരോടെങ്കിലും പറഞ്ഞ്‌ വായിപ്പിക്കും.  രാവിലെയും മോന്തിനേരത്തും മുറ്റവും കോലായും അടിച്ചുവാരുമ്പോഴാണ്‌ റേഡിയോ കേൾക്കുന്നത്‌. പിന്നെ, ബാപ്പയും ചങ്ങാതിമാരും പറയുന്ന വർത്തമാനത്തിൽനിന്ന്‌ കുറേ  തിരിഞ്ഞുകിട്ടും. നാട്ടുകിസ്സകളെപ്പറ്റിയൊക്കെ ഉമ്മയ്ക്ക്‌ എന്തെങ്കിലും  പറയാനുണ്ട്‌.

ജാസ്തി പറയുക  കൊല്ലിനെയും കൊലയെയും പറ്റിയാണ്‌. അതൊന്നും കണ്ടുകൂടാ. അവർ ഉരുൾപൊട്ടൽ, ബസ്സപകടം, വെള്ളപ്പൊക്കം മുതലായ കെടുതികളെപ്പറ്റി മേലെയായ റബ്ബിനോട്‌ ആവലാതി പറഞ്ഞു. വെടിവെപ്പ്‌,  കൊള്ള, കൊല മുതലായ അക്രമങ്ങളെപ്പറ്റി നാട്ടുകാരെ ചീത്ത പറഞ്ഞു.

‘തോണിമറിഞ്ഞ്‌ നാലാൾ മരിച്ചു, ഒരാളെ കാണാനില്ല’ എന്നു വായിച്ചുകേട്ടാൽ ഉമ്മ ‘പടച്ചറബ്ബേ’ എന്ന്‌ വ്യസനിക്കും. പിറ്റേന്ന്‌  വെളുപ്പിന്‌ കടലാസ്‌ വരുന്നതും കാത്തുനിൽക്കും. വന്ന ഉടനെ അടുത്തുള്ള ആരോടെങ്കിലും പറയും: ‘യ്യി അദൊന്ന്‌ നോക്ക്യാ അദിനെ കണ്ടോന്ന്‌’ ഇത്തരം ബേജാറുകളിലൂടെയാണ്‌ അവരുടെ ചോദ്യങ്ങൾ മുന്നോട്ടുപോവുന്നത്‌.

കുറ്റവും കുറവും മുഖത്തുനോക്കിപ്പറയുന്ന വകയിൽ ഉമ്മ ആരോടും പിണങ്ങാറില്ല; ആരും ഉമ്മയോടും പിണങ്ങിക്കണ്ടിട്ടില്ല. ഇഷ്ടം ഉള്ളതുകൊണ്ട്‌ പറയാതിരിക്കില്ല, പറഞ്ഞതുകൊണ്ട്‌ ഇഷ്ടം ഇല്ലാതിരിക്കില്ല എന്നാണ്‌ കണക്ക്‌. സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും പോന്നുപോരായ്‌മകൾ ചൂണ്ടിപ്പറയാൻ തനിക്കെന്തോ അധികാരം ഉണ്ടെന്ന്‌ വിചാരിക്കുമ്പോലെയാണ്‌ അവർ പെരുമാറിയിരുന്നത്‌.

അന്ന് രാവിലെ ഞാൻ എന്തോ കാര്യത്തിന് മുക്കിലെ പീടികയിൽ പോയി മടങ്ങിവരുമ്പോൾ ഉമ്മ കിണറ്റിൻകരയിൽവെച്ച്  അയൽക്കാരി ഇമ്മുവിനെ ചീത്ത പറയുകയാണ്. പുതിയാപ്പിളയുടെ വീട്ടിൽനിന്ന് അവൾ രാവിലെ എത്തിയതേയുള്ളൂ.

എത്തിയപാട് ഉമ്മ വിളിപ്പിച്ചു: തലേന്ന് വൈകുന്നേരം ഉമ്മ അവളുടെ ഉമ്മച്ചിയുടെ ദീനംകാണാൻവേണ്ടി ആ വീട്ടിൽ പോയിരുന്നു. ചെന്ന് നോക്കുമ്പോഴത്തെ ഹാല് എന്താണെന്നോ-വയസ്സ് കൊണ്ടും രോഗംകൊണ്ടും വലയുന്ന ആ സാധുസ്ത്രീ മൂത്രത്തിൽകുതിർന്ന പായിൽ കിടക്കുകയാണ്. അടുത്തെങ്ങും ആരുമില്ല. ഉമ്മയാണ് അതൊക്കെ വെടിപ്പാക്കിയത്.
അഞ്ച് പെൺമക്കളുടെ തള്ളയാണ്! ആൺമക്കൾ കെട്ടിക്കൊണ്ടുവന്ന മരുമക്കൾ മൂന്നെണ്ണം വേറേം. പറഞ്ഞിട്ടെന്താ, മൂത്രപ്പായയിലെ നജീസ് വെടിപ്പാക്കാൻ ആർക്കും നേരമില്ല. നിങ്ങൾക്കൊക്കെ എന്താ തിരക്ക്, എന്താ പണി എന്നാണ്‌ ഉമ്മ കുത്തിക്കുത്തി ചോദിക്കുന്നത്.

‘‘ഞാനിതൊന്നും അറിഞ്ഞില്ല’’ എന്ന മറുപടി ഉമ്മയെ ഈറ പിടിപ്പിച്ചു- വയസ്സും പ്രായവും ആയ പെറ്റതള്ള ദീനംപിടിച്ച് കിടക്കുമ്പോൾ അത് ചെവിടോർക്കണ്ടേ എന്ന് വിചാരണ തുടർന്നു.
എന്നെ കണ്ടിട്ടൊന്നും ഉമ്മ നിർത്തിയില്ല. അവൾ എന്റെ രണ്ടു വയസ്സിന് മൂത്തതാണ്. ഇക്കാക്കയുടെ കൂടെ പഠിച്ചവൾ. ഞാൻ ഇടപെട്ടു: ‘‘അവള് വന്നല്ലോ. ഇനി ചീത്ത പറയുന്നതെന്തിനാ?’’
ഉമ്മ എന്നെയുംകൂടി ഉദ്ദേശിച്ചാവണം, ഒരു നാട്ടുമൊഴി ഉദ്ധരിച്ചു: ‘‘ഇമ്മിം ബാപ്പീം, ചക്കീം മാങ്ങീം എപ്പളും ണ്ടാവൂലാ. ഓള് വരല്‌ നൂറാന്തിയാ?’’‘‘ഞാമ്പിന്നെ വരാം’’ എന്ന് ഇമ്മു നടന്നു.

ഉമ്മയുടെ രോഷപ്രകടനം കുറച്ചുകൂടിപ്പോയി എന്നെനിക്ക് തോന്നി. തലേന്ന് കണ്ട രംഗം നേർവിപരീതമായിരുന്നല്ലോ എന്ന് ഞാനോർത്തു. ഞങ്ങളുടെ വീട്ടിൽനിന്ന് കുറച്ചകലെയുള്ള, വളരെ പാവപ്പെട്ട വീട്ടിലെ ബീവി എന്നു പേരായ ചെറുപ്പക്കാരി ഉമ്മയെ കാണാൻ വന്നിരുന്നു. ആരും ഒരിക്കലും അവളെ നിക്കാഹ് കഴിച്ചിരുന്നില്ല.  എങ്കിലും ബീവി മൂന്ന് പെറ്റു! ഉമ്മ ഒന്നും കൊടുക്കാതെ, ചീത്ത പറഞ്ഞ് കണ്ണുപൊട്ടിക്കും എന്നും അവളെ ആട്ടിയോടിക്കും എന്നും ആണ് ഞാൻ വിചാരിച്ചിരുന്നത്. ഉണ്ടായത് മറിച്ചാണ്. പതിവ് സൗമ്യസ്വരത്തിലാണ് ഉമ്മ സംസാരിച്ചത്. അവൾക്ക് ആഹാരം കൊടുത്തു, കുറച്ച് അരി കൊടുത്തു, ഒരുമുറി തേങ്ങകൊടുത്തു, പിന്നെ എന്തോ പൈസയും.

ഇമ്മുവിനു വേണ്ടി ഉമ്മയെ കുറ്റംപറയാനുള്ള ഉത്സാഹത്തിൽ ഞാൻ ചോദിച്ചു: ‘‘നിങ്ങള് പെഴച്ച് പെറ്റ ആ ബീവിയോട് ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ. അവൾക്ക് വേണ്ടതൊക്കെ കൊടുക്കുകയും ചെയ്തു.’’
എനിക്ക് ഇത്ര കൊല്ലമായിട്ടും പിടികിട്ടിയിട്ടില്ലാത്ത ഏതോ അഗാധഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഉമ്മ പറഞ്ഞു: ‘‘ഒര് ഇണതുണയില്ലാതെ മൂന്നെണ്ണത്തിനെ പെറ്റുപോറ്റിയോളാ ബീവി. അദിന്റെ ദുരിതം നിങ്ങക്ക് ആണ്ങ്ങക്ക് പറഞ്ഞാ തിരിയൂലാ.’’