ദുണ്ടിഗലിൽ (ഹൈദരാബാദ്) ഞാൻ സാക്ഷ്യംവഹിച്ചത് ഒരു ചരിത്ര മുഹൂർത്തത്തിനായിരുന്നു. വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ച് മൂന്നു വനിതാ പൈലറ്റുമാർ ആദ്യമായി പോർവിമാനങ്ങൾ പറത്തിയ അഭിമാനകരമായ നിമിഷത്തിന്.  

ഹൈദരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ 150 മണിക്കൂറുകളോളം വിമാനംപറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയശേഷമാണ് അവർ പാസിങ് ഔട്ട് പരേഡിനെത്തിയത്. ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിങ് എന്നീ മൂന്നു പെൺകുട്ടികൾ. ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ തിളങ്ങുന്ന നാമധേയങ്ങളായി ഒരുദിവസം കൊണ്ട് അവർ മാറി. 

അവരുടെ സ്വപ്നതുല്യമായ അരങ്ങേറ്റം കമ്മിഷൻ ചെയ്യാൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറും വ്യോമസേനാ മേധാവി അരൂപ് രാഹയും നേരിട്ടെത്തിയത് തീർച്ചയായും ആ മുഹൂർത്തത്തിന്റെ പ്രാധാന്യം അറിഞ്ഞുതന്നെയാവണം. 

എല്ലാവരും ആഹ്ലാദത്തിമിർപ്പിലായിരുന്നു. ചടങ്ങിനുശേഷം വ്യോമസേനാ മേധാവി അരൂപ് രാഹയോട് സംസാരിക്കാൻ അവസരവും ലഭിച്ചു. അപ്പോൾ മറ്റൊന്നും ചോദിക്കാൻ തോന്നിയില്ല. തോന്നിയത് ഇതായിരുന്നു. ഭാവിയിൽ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ (ഐ.എ.എഫ്.) തലപ്പത്ത് ഒരു വനിത എത്തുന്ന സാഹചര്യം ഉണ്ടാവുമോ?
 ഒരു നിമിഷം പോലും ആലോചിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇവർ നല്ല പ്രകടനം കാഴ്ചവച്ചാൽ അങ്ങനെയൊരു സാധ്യത എനിക്കു തള്ളിക്കളയാനാവില്ല. ഫ്ളൈയിങ് ബ്രാഞ്ചിൽ നിന്നുള്ളവരാണ് സാധാരണയായി എയർഫോഴ്‌സ് തലപ്പത്ത് വരാറുള്ളത്. ഇവരിപ്പോൾ ത്തന്നെ ഫ്ളൈയിങ് ബ്രാഞ്ചിലാണുള്ളത്. അവരുടെ നിയമനം സ്ഥിരപ്പെടുകയാണെങ്കിൽ ഭാവിയിൽ എന്തുകൊണ്ട് ഈ സേനയുടെ തലപ്പത്ത് ഇവർ എത്തിക്കൂടാ. അരൂപ് രാഹ ചോദിച്ചു. 

ഇതൊരു വിപ്ലവകരമായ ചുവടുവെപ്പാണ്. ഇനിയും കൂടുതൽ പേരെ സേനയിലെടുക്കാൻ ആലോചനയുണ്ട്. വനിതകളുടെ സ്വപ്നങ്ങളും പരിഗണിക്കപ്പെടും അദ്ദേഹം പറഞ്ഞു. ഇപ്പോൾ യുദ്ധവിമാനം പറത്തുന്ന വിഭാഗത്തിലാണ് അവരെ ചേർത്തിട്ടുള്ളത്.
എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫും ഹെഡ്ക്വാർട്ടേഴ്‌സ് ട്രെയിനിങ് കമാൻഡന്റുമായ എയർ മാർഷൽ എസ്.ആർ.കെ. നായരും ആവേശഭരിതനായിരുന്നു. അദ്ദേഹമാണ് ഈ സ്വപ്നസാഫല്യത്തിനു വേണ്ടി ഏറെ പരിശ്രമിച്ചവരിൽ ഒരാൾ. 

എന്തുകൊണ്ടില്ല, തീർച്ചയായും നടക്കും. അവരെ അത്തരത്തിൽ പരിശീലിപ്പിച്ചെടുക്കുകയാണെങ്കിൽ, അവരുടെ കഴിവുകൾക്കനുസരിച്ച് അവർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയാണെങ്കിൽ, തീർച്ചയായും ഭാവിയിൽ ഐ.എ.എഫിന് ഒരു വനിതാ മേധാവി ഉണ്ടാവും. എസ്.ആർ.കെ. നായർ പറഞ്ഞു. 

തിരക്കുകൾക്കൊടുവിൽ അവരെയും കണ്ടു സംസാരിച്ചു. ചരിത്രം കുറിച്ച വനിതാപൈലറ്റുമാരെ. ഐ.എ.എഫിന്റ തലപ്പത്ത് എത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഫ്ളൈയിങ് ഓഫീസർ മോഹനാ സിങ്ങാണ് മറുപടി പറഞ്ഞത്. ഞങ്ങളിപ്പോൾ ചേർന്നിട്ടല്ലേയുള്ളൂ. സ്വപ്നങ്ങൾ വലുതാണ്. അവയെല്ലാം നടക്കുമെന്നുതന്നെയാണ് വിശ്വാസം. എന്തിനും അവസരങ്ങളുണ്ടല്ലോ. 

മോഹനയുടെ കുടുംബത്തെയും ഞാൻ കണ്ടു സംസാരിച്ചു. അഭിമാനത്തോടെ നിൽപ്പുണ്ടായിരുന്നു അവർ. തങ്ങളുടെ കുടുംബത്തിൽ നിന്ന് വ്യോമസേനയിൽ ചേരുന്ന മൂന്നാംതലമുറയിലെ അംഗമാണ് മോഹന. അമ്മ മഞ്ജുവിന്റെ കണ്ണുകൾ അഭിമാനത്താൽ  തിളങ്ങി. ‘‘ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം അവൾ കാത്തുസൂക്ഷിച്ചു. അതിലെനിക്ക് അഭിമാനമുണ്ട്.’’- മഞ്ജു പറഞ്ഞു. മോഹനയുടെ അപ്പൂപ്പൻ ഫ്ളൈറ്റ് ഗണ്ണറായിരുന്നു, അച്ഛൻ ഇപ്പോഴും വ്യോമസേനയിലാണ്. 

ഇത് ഒരു തുടക്കം മാത്രമാണ്. എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാവുന്ന തുടക്കം. 
ഒരു പക്ഷേ, സ്വപ്നമെന്ന് ഇപ്പോൾ കരുതുന്ന ആ നിമിഷവും നാളെ പിറക്കില്ലെന്നാരു കണ്ടു?  ഇന്ത്യൻ സൈന്യത്തെ നയിക്കാൻ ഒരു പെൺമേധാവിയെത്തുന്ന ദിവസം...? 

(വ്യോമയാന- പ്രതിരോധകാര്യ മാധ്യമപ്രവർത്തകനാണ് ലേഖകൻ)