പൊതുനിരത്തിൽ കൃത്യമായ ഒരു സാമൂഹികലക്ഷ്യത്തോടെ, ഉയർന്നസ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട്  പെൺകുട്ടികൾ നൃത്തം ചെയ്യുമ്പോൾ അവരോട് പാരമ്പര്യവാദികൾ പുലർത്തുന്ന നീചമായ അസഹിഷ്ണുതയ്ക്ക് ഈ തലമുറ കണക്കു ചോദിക്കുകതന്നെ ചെയ്യും

ഉമ്മാച്ചുവിന് അറുപത്തിമൂന്നു വയസ്സായിരിക്കുന്നു. ഖസാക്കിലെ മൈമൂന അൻപതിനോടടുത്തു. ഇതിനിടയിൽ ലോകം ഒരുപാട്‌ മാറി.
ആയിരത്തിത്തൊള്ളായിരത്തി അൻപത്തിനാലിൽ ഉമ്മാച്ചു സഞ്ചരിച്ച വഴികളോ, അതിനേതാണ്ട് പതിനഞ്ചു വർഷത്തിനു ശേഷം മൈമൂന സഞ്ചരിച്ച വെളിമ്പറമ്പുകളോ ഇന്നില്ല. നിരക്ഷരരായ ആ തെറിച്ച പെണ്ണുങ്ങൾ കാലുറപ്പിച്ചുനടന്നുപോയ വഴികൾ തേടി പുതുതായി നേടിയ സ്വാതന്ത്ര്യത്തിന്റെ അനുഭവങ്ങളുമായി ഒരാത്മസഞ്ചാരം നടത്തുന്നവർക്ക് ആ വഴിത്താരകൾ കാണാനാവില്ല.  അവിടെയുണ്ടായിരുന്ന പള്ളികൾ, ക്ഷേത്രങ്ങൾ, വീടുകൾ തുടങ്ങി അനുഭവങ്ങളുടെ പഴയ അടയാളങ്ങളെല്ലാം ഇന്ന് മൂല്യം നഷ്ടപ്പെട്ട വെറും ചിഹ്നങ്ങൾ മാത്രമായി മാറിക്കഴിഞ്ഞു. സ്വയം നവീകരിക്കാനായി നമുക്ക് ഉമ്മാച്ചുവിനെയും മൈമൂനയെയും പോലെയുള്ള മതാതീത വ്യക്തിത്വങ്ങളെ ഓർത്തെടുക്കേണ്ടതുണ്ട്. ആ സ്ത്രീകൾ അനുഭവിച്ച സർഗാത്മക സ്വാതന്ത്ര്യം ഇന്നത്തെ സാക്ഷരയും പരിഷ്കാരിയുമായ ഏതെങ്കിലും ഒരു പെണ്ണിന്  സാധ്യമാണോ? കാറ്റും മഴയും കാലവും ഇരമ്പിപ്പോയ വഴികളിൽ നിരക്ഷരരായ ഉമ്മാച്ചുവും മൈമൂനയും അനുഭവിച്ച സുരക്ഷിതത്വവും സർഗാത്മകസ്വാതന്ത്ര്യവും അടക്കംചെയ്യപ്പെട്ടു പോകാതിരിക്കാനുള്ള പുതിയ തലമുറയിലെ പെൺകുട്ടികളുടെ ശ്രമങ്ങളെ െെകയടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കടമ നമുക്കുണ്ട്.

നിങ്ങൾ എന്തിനു ഭയക്കുന്നു?

പൊതു നിരത്തിൽ കൃത്യമായ ഒരു സാമൂഹികലക്ഷ്യത്തോടെ , ഉയർന്നസ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട്  പെൺകുട്ടികൾ നൃത്തം ചെയ്യുമ്പോൾ അവരോട് പാരമ്പര്യവാദികൾ പുലർത്തുന്ന നീചമായ അസഹിഷ്ണുതയ്ക്ക് ഈ തലമുറ കണക്കു ചോദിക്കുകതന്നെ ചെയ്യും. ഹാദിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അയുക്തികമായി വാദിച്ചവരുടെ, ഉള്ളിലെ യഥാർഥ അശ്ളീലം തിരിച്ചറിയുന്ന ഒരു തലമുറയാണ് പൊതുനിരത്തിലെ നൃത്തച്ചുവടുകളിലൂടെ നിങ്ങളുടെ സ്വർഗമല്ല ഞങ്ങളുടെ സ്വർഗമെന്നു പ്രഖ്യാപിച്ചത്.  ആത്മീയമായ സാക്ഷരത എന്തെന്നറിയാത്ത മതവാദികളേ, നിങ്ങൾക്ക് ഒരിക്കലും സങ്കല്പിക്കാൻ പോലുമാകാത്ത അദൃശ്യ ശക്തികളുമായാണ് ഈ പുതിയ പെൺകുട്ടികളുടെ മാനസികലോകങ്ങൾ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ കാഴ്ചകളുടെ സൗന്ദര്യങ്ങളെ കെടുത്തിക്കളയാൻ അവരിനിമേൽ നിങ്ങൾക്ക് അനുവാദം തന്നില്ലെന്നിരിക്കും. അവരുടെ തീരുമാനങ്ങളിൽ നിങ്ങളുടെ ശാസനകൾക്ക് ഒരു വിലയും കിട്ടിയില്ലെന്നിരിക്കും. പുതിയ കാലഘട്ടത്തിലെ സ്ത്രീകൾ നേടാനാഗ്രഹിക്കുന്ന മതാതീതമായ സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്ന പെൺകുട്ടികളെയാണ് നിങ്ങൾ തെരുവിൽ കണ്ട് വിറളിയെടുത്തത്. പൗരോഹിത്യ മേധാവിത്വത്തിന്റെയോ പുരുഷമേധാവിത്വത്തിന്റെയോ കുടുക്കുകളിൽപ്പെടാൻ മനസ്സില്ലെന്ന കൂസലില്ലായ്മയാണ് നിങ്ങളെ ഇങ്ങനെ ഭയപ്പെടുത്തുന്നത്.

ഉടുത്തൊരുങ്ങി ചന്തത്തിൽ നൃത്തംചെയ്യുന്ന ആ പെൺകുട്ടികളെക്കണ്ട് ഇഷ്ടപ്പെടാൻ നിങ്ങൾ ഇനിമേൽ ശീലിക്കേണ്ടിയിരിക്കുന്നു. അവരെ നാലാൾ പ്രശംസിക്കുമ്പോൾ നിങ്ങൾ അതിൽ അഭിമാനം കൊള്ളാൻ പാകത്തിൽ സ്വയം നവീകരിച്ചേ മതിയാകൂ. ദേഹത്ത് ‘മീൻ ചെകരോളം’ പോലും പൊന്നുവേണ്ട ഇന്നവൾക്ക്.  അവൾ ഒന്നനങ്ങിയാൽ മതി. അതൊരു ശബ്ദമായിക്കഴിഞ്ഞിരിക്കും. ഖസാക്കിലെ മൈമൂനയെ ഒന്നെടുത്തു പിതാവിന്‌ വായിക്കാൻ കൊടുക്കണമെന്ന്  ആഗ്രഹമുണ്ടെന്ന് എന്റെ ഒരു വിദ്യാർഥിനി  ഇടക്കിടെ പറയാറുണ്ട്. സാറാ ജോസഫിന്റെ ഒതപ്പ് എന്ന നോവൽ ഞാനവൾക്കു വായിക്കാൻ കൊടുത്തതിന്റെ പിറ്റേന്ന് മുഖത്തു കറുത്ത കണ്ണട വെച്ചു വന്ന അവളുടെ മുഖത്തെ അടിയുടെ പാടുകൾ എനിക്കു മറക്കാനാവില്ല.  ഖസാക്കിലെ മൈമൂനയെ പോലെ ആകാനാണ് തനിക്കാഗ്രഹമെന്ന് ഖസാക്കിന്റെ ഇതിഹാസം ചേർത്തു പിടിച്ച് അവൾ പറയുമായിരുന്നു. ഇഷ്ടപ്പെട്ട ഭാഗം അവൾ ക്ലാസിൽ ഉറക്കെ വായിച്ചു. 'അവൾ ക്കാണെങ്കിൽ ദേഹത്ത് മീൻ ചെകരോളം പൊന്നില്ല. ആ ഉടലിന്റെ ധാരാളിത്തത്തിന് പൊന്നു വേണ്ടെന്നു ഖസാക്കുകാർ പറഞ്ഞു. മൈമൂന തന്റെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തു വെച്ചു കരിവളകൾ തെറുത്തു കെട്ടി നിർത്തി. ആൺകുട്ടികളോട് വായാടാൻ നിന്നു. ഖസാക്കിലെ യാഗാശ്വമായി അവൾ നടുപ്പറമ്പു മുഴുവൻ നടന്നു. തട്ടം തലയിൽ നിന്ന് ഊർന്നു പോയാൽ അവൾ കയറ്റിയിടാൻ കൂട്ടാക്കിയില്ല. അവൾ അടുത്തു കൂടി പോകുമ്പോൾ ആണുങ്ങളുടെ ഹൃദയതാളം തെറ്റി .അതവൾ അറിയുന്നുമുണ്ടായിരുന്നു. അങ്ങനെ ഈറൻ ചുറ്റി നടന്ന മൈമൂന കാലിൽ കാരമുള്ളുകൾ തറയ്ക്കുന്നത് പോലും അറിയുന്നുണ്ടായിരുന്നില്ല'.

അത്‌ ആന്ത​രികോത്സവം

മൗലികമായ സ്വാതന്ത്ര്യത്തിലേക്ക് കടന്നുപോവുക എന്നതിനർഥം മാനസികമായി പറക്കാൻ കഴിയുക എന്നു തന്നെയാണ്. അതാണ് ഇന്ന് നമ്മുടെ പെൺകുട്ടികൾ ചെയ്തു കൊണ്ടിരിക്കുന്നത്.  അകൃത്രിമമായ സ്വാഭാവിക സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് ഇന്ന് ആ പെൺകുട്ടികൾ. നിങ്ങളുടെ വിധ്വംസകമായ പുരുഷബോധം ഇനിമേൽ അവർക്ക് ഭീഷണിയാകുന്നില്ല. അവർ ഇനിമേൽ നിങ്ങളെ ആദരിക്കുകയോ നിരസിക്കുകയോ, നിങ്ങളുടെ നിയമങ്ങളെ അനുസരിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത് പുറംലോകത്തിന്റെ നിർബന്ധങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങിയായിരിക്കില്ല. അവരുടെ ബോധത്തിന്റെ വെളിച്ചത്തിലായിരിക്കും.  സ്വാതന്ത്ര്യം എന്നത് ഒരു ആന്തരികോത്സവം കൂടിയാണെന്നു  തിരിച്ചറിഞ്ഞ ഒരു ധൈഷണിക സ്ത്രീനിർമിതി ഇന്ന് സാധ്യമായിട്ടുണ്ട്. ആ പെണ്ണുങ്ങൾ പുരുഷന്റെ കാഴ്ചബോധത്തിനനുസരിച്ചു വേഷമിടുന്നവരോ വേഷം അഴിക്കുന്നവരോ അല്ല. അവന്റെ രുചിഭേദങ്ങൾക്കനുസരിച്ച്  പാചകമുറികളിലും കിടപ്പുമുറികളിലും പ്രത്യക്ഷപ്പെടുന്നവരോ പുരുഷന്റെ അടുക്കളയിൽ വേവുന്നവരോ മാത്രമല്ല. സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീയവസ്ഥകളിൽനിന്ന് വ്യത്യസ്തമായി സ്വയം സർഗാത്മക സ്വാതന്ത്ര്യം അനുഭവിക്കുന്ന ചില സ്ത്രീ പ്രതിനിധാനങ്ങൾ എന്ന് ഇവരെ തിരിച്ചറിഞ്ഞേ പറ്റൂ.
(എഴുത്തുകാരിയും സാമൂഹിക വിമർശകയുമാണ്‌ ലേഖിക)