boston attack

ചെചന്‍ തീവ്രവാദ ആക്രമണത്തില്‍  ബോസ്റ്റണ്‍ സ്‌കൂളില്‍ 330 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബന്ദികളെ മോചിപ്പിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. എന്നാല്‍ റഷ്യ ഈ പ്രസ്താവനയെ നിഷേധിച്ചു. ആക്രമണത്തില്‍ മകള്‍ നഷ്ടപ്പെട്ട അനീറ്റ എന്ന അമ്മയുടെ കഥ ദുരന്തത്തോടൊപ്പം ചേര്‍ത്ത് എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ബിബിസി അനീറ്റയെകുറിച്ച് ചെയ്ത ഫീച്ചര്‍ സ്റ്റോറി ആരുടെയും കരളലിയിപ്പിക്കുന്നതാണ്. അനീറ്റയുടെ കഥയിലൂടെ ബോസ്റ്റൺ കൂട്ടക്കൊലയെ ഓർക്കുമ്പോൾ... 

'ഓരോ സ്ത്രീക്കും ഒരു കുഞ്ഞിനെ മാത്രമെടുത്ത് പുറത്ത് പോകാം... ഞാന്‍ ആവര്‍ത്തിക്കുന്നു, കൈക്കുഞ്ഞിനെ മാത്രം'. എന്നാണ് ചെചന്‍ തീവ്രവാദികള്‍ ബന്ദികളോട് ആജ്‍ഞാപിച്ചത്.

ഇളയ കുഞ്ഞിനെയും കൈയിലേന്തി  വെറും 9 വയസ്സ് മാത്രം പ്രായമുള്ള മൂത്ത കുട്ടിയെ തീവ്രവാദികള്‍ക്കിടയിലാക്കി മടങ്ങുമ്പോഴും ആ അമ്മയുടെ ഹൃദയത്തില്‍ അവളെ താന്‍ വീണ്ടും കാണുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു.  എന്നാല്‍ താന്‍ ഒമ്പത് വര്‍ഷം ഓമനിച്ച് വളര്‍ത്തിയ തന്റെ പിഞ്ചോമനയുടെ മുഖം ആ അമ്മയ്ക്ക് പിന്നീട് ജീവനോടെ കാണാന്‍ കഴിഞ്ഞില്ല. തീവ്രവാദികള്‍ ബന്ദികളാക്കിയ ആയിരത്തോളം പേരില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ ആ കുഞ്ഞു മുഖവുമുണ്ടായിരുന്നു.

2004 സെപ്തംബര്‍ 3 ലോകം അത്രപ്പെട്ടെന്ന് മറക്കാനിടയുള്ള ദിനമല്ല. റഷ്യയിലെ ബെല്‍സാന്‍ സ്‌കൂള്‍ ചെചന്‍ തീവ്രവാദികള്‍ ചോരക്കളമാക്കിയ ഏറ്റവും കറുത്ത ദിനമാണത്. 2004 സെപ്തംബര്‍ ഒന്നിനാണ് റഷ്യയിലെ നോര്‍ത്ത് ഒസെഷ്യ നഗരമായ ബെല്‍സാനിലെ സ്‌കൂളില്‍ തീവ്രവാദികള്‍ കടന്നുകയറി പ്രൈമറി സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരെ മൂന്നുദിവസം ബന്ദികളാക്കിയത്. 

സ്‌കൂളില്‍ പ്രവേശനോത്സവമായിരുന്നു അന്ന്. പുതിയപഠിതാക്കള്‍ക്കൊപ്പം രക്ഷിതാക്കളുമെത്തിയിരുന്നു. എന്നാല്‍ പൊടുന്നനെയാണ് തീവ്രവാദികള്‍ സ്‌കൂളിനെ വളഞ്ഞത്. കുട്ടികളും മുതിര്‍ന്നവരുമായി 1200 പേരെ അവര്‍ ബന്ദികളാക്കി. അവരില്‍ യൂനിവേഴ്‌സിറ്റി അധ്യാപികയായ അനീറ്റ ഗദിയേവയും അവരുടെ ഒമ്പതും ഒന്നും വയസ്സ് പ്രായമുള്ള അലേനയും മിലേനയുമുണ്ടായിരുന്നു. 

alena and milena
അലാനയും മിലേനയും

ഒരു കുഞ്ഞിനെയുമെടുത്ത് അമ്മമാര്‍ എത്രയും പെട്ടെന്ന് ഇറങ്ങണം എന്ന് തീവ്രവാദികള്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഒരമ്മയും നേരിടാത്ത നിര്‍ബന്ധിത തിരഞ്ഞെടുപ്പിലൂടെയാണ് അനീറ്റയ്ക്ക് കടന്നു പോകേണ്ടി വന്നത്. മരിച്ചാല്‍ പോലും മറക്കാന്‍ കഴിയുന്നതല്ല അനീറ്റയ്ക്കാ ദിനം. പകരം വെക്കാനില്ലാത്ത ആ വേദനകളിലൂടെ....

പ്രവേശനോത്സവം കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കളെ സംബന്ധിച്ചും വലിയ ആഘോഷമാണ് റഷ്യയില്‍. ആദ്യമായി സ്‌കൂളില്‍ ചേരുന്ന കുട്ടിക്കൊപ്പം ഒരു കുടുംബം മുഴുവന്‍ കൂട്ടമായെത്തും. ബലൂണുകളും പൂക്കളുമെല്ലാമായി ആനന്ദകരമായ അന്തരീക്ഷം. അലേനയുടെ അധ്യാപികയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് പെട്ടെന്ന് ഒരു മെഷീന്‍ഗണ്‍ ശബ്ദം കേള്‍ക്കുന്നത്. അല്ലാഹു അക്ബര്‍ എന്ന് ആര്‍ത്തു വിളിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ തോക്കുമായി കുതിക്കുകയായിരുന്നു അയാള്‍. രക്ഷപ്പെടാന്‍ ഞാന്‍ വഴി തിരയുകയായിരുന്നു. പക്ഷെ, സ്‌കൂള്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അലേനയെ ഓര്‍ത്ത് ഞാനെങ്ങോട്ടും ഓടി മറഞ്ഞില്ല. അവള്‍ക്കരികിലേക്ക് ഓടുമ്പോള്‍ ഒരുക്കൂട്ടമാളുകള്‍ ഭയന്നോടി ഞങ്ങള്‍ക്കെതിര്‍ ദിശയിലേക്ക് ഓടുകയായിരുന്നു. ഒരു വയസ്സുമുള്ള മകളോടൊപ്പം ഞാന്‍ ചവിട്ടിമെതിക്കപ്പെടുമെന്നായി. ആരോ ഒരു കൈ സഹായവുമായെത്തി. അപ്പോഴും അലേനയായിരുന്നു എന്റെ മനസ്സില്‍. 

തോക്കുധാരികള്‍ ഞങ്ങളെ ജിമ്മിനുള്ളിലേക്കാക്കി. ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അതാ ജിമ്മിനുള്‍വശമാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു എനിക്കത്.

ആയിരത്തി ഇരുന്നൂറോളം പേര്‍ ഒരു ജിമ്മിനികത്ത്. ഒന്നു കാല്‍ നീട്ടിവെക്കാന്‍ പോലുമാവില്ല. എന്റെ കയ്യിലാണെങ്കിൽ ഒരു പൊടിക്കുഞ്ഞും. അലേനയ്ക്ക് വേണ്ടി കരയുകയായിരുന്നു അപ്പോഴും ഞാന്‍. പക്ഷെ മുറിയുടെ ഒരു മൂലയില്‍ ഞാനവളെ കണ്ടെത്തി.തീവ്രവാദികളുടെ കണ്ണുവെട്ടിച്ച് ഞാന്‍ അവള്‍ക്കരികിലെത്തി. 

alena
അലേന

ഞങ്ങളോട് പ്രാദേശിക ഭാഷയില്‍ സംസാരിച്ച ഒരു മനുഷ്യനെ തീവ്രവാദികള്‍ പിന്നില്‍ നിന്ന് ആ നിമിഷം വെടിവെച്ച് വീഴ്ത്തി. സ്‌കൂളിലെ ആണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു തീവ്രവാദികള്‍ ബോംബുകള്‍ ജിമ്മിനു ചുറ്റും തൂക്കിയത്. ആ കുട്ടികളോരോരുത്തരും കരഞ്ഞ് കൊണ്ടാണത് ചെയ്തത്.

ഏത് നിമിഷവും ബോംബുകള്‍ പൊട്ടുമെന്ന ഭയാധിക്യത്താല്‍ എന്റെ രണ്ട് മക്കളെ ഞാന്‍ എന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു, അവര്‍ക്കേല്‍ക്കുന്ന പൊള്ളലിന്റെ ശക്തി കുറയുമെന്ന പ്രതീക്ഷയില്‍.

പിന്നീട് അമ്മമാരെയും മൂന്ന് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയും മറ്റൊരു മുറിയിലാക്കി. പക്ഷെ ഞാന്‍ അലേനയെയും എനിക്കൊപ്പം കൂട്ടി. അതിദയനീയമായിരുന്നു ആ മുറി. കുഞ്ഞുങ്ങളെല്ലാം മൂത്രത്തില്‍ കുളിച്ച് കരഞ്ഞ് നിലവിളിച്ചു കൊണ്ടേയിരുന്നു. വെള്ളത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന  ഭയത്താല്‍ അത് കുടിക്കാന്‍ ഞങ്ങള്‍ ഭയപ്പെട്ടു.

രണ്ടാം ദിനം ഉച്ചയ്ക്ക് ശേഷം തീവ്രവാദികളിലൊരാള്‍ ' കൈക്കുഞ്ഞിനെ മാത്രമെടുത്ത കൊണ്ട്  അമ്മമാർക്ക് സ്ഥലം വിടാം' എന്ന് ഞങ്ങളോടാജ്ഞാപിച്ചു. അലേനയെയും സഹോദരിയെയും പറഞ്ഞ് വിട്ട് ഞാനിവിടെ നിന്നോളം എന്ന് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല.. പക്ഷെ ഒന്നിനും സമയമുണ്ടായിരുന്നില്ല. പാലുട്ടുന്ന കുഞ്ഞും അമ്മയും മാത്രം എന്ന് അവര്‍ ശഠിച്ചു. ചിന്തിക്കാന്‍ പോലും അവര്‍ സമയം നല്‍കിയില്ല. അലേനയോട് കൂട്ടുകാരിക്കൊപ്പം നില്‍ക്കാന്‍ പറഞ്ഞ് മിലേനയെയും കൊണ്ട് ഞാനിറങ്ങി.

11 അമ്മമാരും 15 കൈക്കുഞ്ഞുങ്ങളുമടക്കം 26 പേരെ മോചിപ്പിച്ചു. എന്നെപ്പോലെ പലര്‍ക്കും അവരുടെ മൂത്ത കുട്ടികളെ തനിച്ചാക്കി മടങ്ങേണ്ടി വന്നു. ഫാത്തിമ മാത്രം വന്നില്ല. ഇളയ കുട്ടിയെ മറ്റൊരാളെ ഏല്‍പിച്ച് അവള്‍ അവളുടെ രണ്ട് കുട്ടികള്‍ക്കൊപ്പം അവിടെത്തന്നെയിരുന്നു. എനിക്കും അവിടെ തന്നെ നില്‍ക്കാമായിരുന്നെന്ന് തോന്നിപ്പോയി. ആ തോന്നല്‍ എന്റെ ഹൃദയം തകര്‍ത്തു.

പോകരുതെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് എന്റെ കാല്‍ക്കല്‍ വീണ് കരഞ്ഞ എന്റെ മകളുടെ മുഖം എന്നെ എല്ലാം നഷ്ടപ്പെവളാക്കി. ഞാന്‍ കൂടുതല്‍ ദുര്‍ബലയായി. കുറ്റബോധത്താല്‍ ഞാൻ ഉലഞ്ഞു.അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല.

മൂന്നാം ദിനം കുട്ടികളെ മോചിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഞാന്‍ സ്‌കൂളിനരികിലേക്ക് നടന്നു. അപ്പോഴാണ് തുടര്‍ച്ചയായുള്ള സ്‌ഫോടനങ്ങളുണ്ടായത്. രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ ഓരോന്നായി സ്‌കൂളില്‍ നിന്ന് പുറത്തേക്കോടി. പക്ഷെ ഒന്നിലും ഞാനെന്റെ അലേനയുടെ മുഖം കണ്ടില്ല. മോര്‍ച്ചറിയിലേക്ക് ഞാന്‍ നോക്കിയതുപോലുമില്ല. കുട്ടികളെപ്പോലും ഇത്ര ക്രൂരമായി കൊല്ലാന്‍ കഴിയുന്നവരുണ്ടോ എന്ന് ഞാന്‍ തേങ്ങി.

എന്റെ ഭർത്താവ് സെയ്ഫില്‍ എനിക്കരികിലേക്ക് വന്ന് എന്നോട് പറഞ്ഞു 'ജിമ്മില്‍ ഇനിയാരും ബാക്കിയില്ല. എല്ലാവരും വെന്തു മരിച്ചിരിക്കുന്നു'.

പക്ഷെ മറ്റ് ഹോസ്പിറ്റലുകളിലെല്ലാം അലേനയെ തേടി ഞങ്ങള്‍ നടന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ എന്റെ ബന്ധു അവളിട്ട വസ്ത്രങ്ങളുടെ അടയാളവും കമ്മലിന്റെ രൂപവുമെല്ലൊം എന്നില്‍ നിന്ന് മനസ്സിലാക്കി അലേനയുടെ ദേഹത്തെ തിരിച്ചറിഞ്ഞു. അപ്പോഴാണ് അലേന, എന്റെ പൊന്നു മോള്‍ ഇനിയീ ലോകത്തില്ല  എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു.

എന്നെപ്പോലെ ഒട്ടനേകം അമ്മമാരുണ്ടായിരുന്നു. ഫാത്തിമയും മൂത്ത മകളും കൊല്ലുപ്പെട്ടു. ആ സംഭവത്തിന് ശേഷം അലേന മാത്രമായിരുന്നു എന്റെ മനസ്സില്‍. മിലേനയെ പരിപാലിക്കാനുള്ള മനക്കരുത്തുപോലും എന്നില്‍നിന്ന് ചോര്‍ന്നു പോയി. ഞങ്ങൾ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ 38 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മിലേനയുടെ മുഖം എന്നെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ചു. 2005 മെയ് മാസം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 25 കിമി  അകലേയ്ക്ക് ഞങ്ങൾ വീട് മാറി. കുട്ടികളുടെ മുഖം എന്നെ പലതും ഓർമ്മിപ്പിച്ചു. അതിനാൽ അധ്യാപന ജീവിതം ഞാന്‍ മതിയാക്കി. ഇപ്പോൾ മിലേനയിലൂടെ അലേനയെ ഞാൻ കാണാൻ ശ്രമിക്കുന്നു.

 2004 സപ്തംബര്‍ മൂന്നിന് റഷ്യാ സേന വിമതരെ കീഴടക്കുമ്പോള്‍ ബന്ദികളില്‍ 334 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ 186 പേര്‍ കുട്ടികളായിരുന്നു. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളൊഴികെ 32 പേരും കൊല്ലപ്പെട്ടു. 

വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ബി.ബി.സി.