സാമൂഹികവ്യവസ്ഥയ്ക്ക്‌ അനുയോജ്യമല്ലാത്തരീതിയിൽ പെരുമാറുന്നതിനെയാണ്‌  പെരുമാറ്റപ്രശ്നങ്ങൾ എന്നുപറയുന്നത്‌. വിരൽകുടി, വിക്ക്‌, നഖംകടി, അമിതമായ പിരുപിരുപ്പ്‌, പൈക്ക (ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരങ്ങൾ കഴിക്കുക),  മാതാപിതാക്കളെ പിരിഞ്ഞുനിൽക്കാനുള്ള പേടി, പല്ലുകടിക്കൽ, ദീർഘനേരം ശ്വാസംപിടിച്ചുവെക്കൽ, തല തുടിക്കൽ മുതലായവ ഇതിനുദാഹരണങ്ങളാണ്‌.
ഇന്നത്തെ അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക്‌ കൂട്ടുകുടുംബങ്ങളിലെ കുഞ്ഞുങ്ങളെക്കാൾ പെരുമാറ്റപ്രശ്നങ്ങൾ ഉണ്ടാകുന്നു. പാരമ്പര്യഘടകങ്ങളും  ശരിയായവിധത്തിലല്ലാത്ത രക്ഷാകർത്തൃത്വവുമാണ്‌ ബഹുഭൂരിഭാഗം കുഞ്ഞുങ്ങളെയും ഇത്തരം സ്വാഭാവരീതിയിലേക്ക്‌ നയിക്കുന്നത്‌. 

ഏകദേശം ഒരുവയസ്സാകുമ്പോൾ മിക്ക കുഞ്ഞുങ്ങളും മാതാപിതാക്കൾ  അടുത്തില്ലെങ്കിൽ ബുദ്ധിമുട്ടുപ്രകടിപ്പിക്കാറുണ്ട്‌.  ഇത്‌ ശിശുവികസനത്തിന്റെ ഭാഗമായിട്ടുള്ള ഒരു സാധാരണപ്രക്രിയയാണ്‌. നാലുവയസ്സുവരെയുള്ള കുട്ടികൾ മാതാപിതാക്കളിൽനിന്ന്‌ അകന്നുനിൽക്കുമ്പോൾ കരയുകയോ ദേഷ്യം, വാശി തുടങ്ങിയവ കാണിക്കുന്നതോ ഒരുപ്രശ്നമായി കണക്കാക്കേണ്ടതില്ല. അമിതലാളനയാൽ വളരുന്ന കുഞ്ഞുങ്ങളിൽ വാശിയും ദേഷ്യവും അധികമായിരിക്കും. കുട്ടികളിൽ ഈപ്രശ്നം നാലുവയസ്സിനുമേലെ  നിലനിൽക്കുകയാണെങ്കിൽ ശിശുരോഗവിദഗ്‌ധന്റെയോ  മാനസികാരോഗ്യവിദഗ്‌ധന്റെയോ ഉപദേശം തേടേണ്ടതാണ്‌.

 വിരൽകുടി : നവജാതശിശുക്കളിലും കുട്ടികളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരുശീലമാണ്‌ വിരൽകുടി. പിന്നീട്‌ മുതിർന്നകുട്ടിയായി മാറിക്കഴിയുമ്പോൾ വിശക്കുമ്പോഴോ ബോറടിക്കുമ്പോഴോ ഉറക്കംവരുമ്പോഴോ സ്വന്തമായി പ്രചോദനം കിട്ടാൻവേണ്ടി കുട്ടികൾ ഇത്‌ തുടർന്നുപോകാറുണ്ട്‌. ചിലകുട്ടികൾ സ്വയമേ വിരൽകുടി നിർത്തിയാലും ഏതെങ്കിലും അസുഖത്തിന്റെ ഭാഗമായി  ആശുപത്രിയിൽ കിടക്കേണ്ടിവന്നതിനുശേഷമോ അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും ദുരന്തമുണ്ടായതിനുശേഷമോ ഈ ശീലം തുടരുന്നതായി കണ്ടുവരാറുണ്ട്‌.
തുടർച്ചയായി വിരൽകുടിക്കുന്ന കുട്ടികളുടെ പല്ലുകൾ കാലക്രമേണ നിരനെറ്റിയും പൊങ്ങിയും വരാറുണ്ട്‌.  കൈ സ്ഥിരമായി വായിൽവെക്കുന്നതുമൂലം കുട്ടിയുടെ വിരലിന്‌ തേയ്‌മാനംസംഭവിക്കുകയും അതോടൊപ്പം അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. 

പരിഹാരമാർഗങ്ങൾ : കുഞ്ഞിനെ എപ്പോഴും എന്തെങ്കിലും പ്രവൃത്തികളിൽ മുഴുകാൻ പ്രേരിപ്പിക്കുക. പ്രത്യേകിച്ച് കൈകൾ ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ. കുഞ്ഞ് കൈവിരൽ കുടിക്കാതിരിക്കുമ്പോൾ അവനെ പ്രശംസിക്കാൻ മറക്കാതിരിക്കുക. എപ്പോഴെങ്കിലും കുഞ്ഞ് കൈവിരൽ കുടിക്കുന്നതുകണ്ടാൽ അവന്റെ ശ്രദ്ധതിരിക്കാൻ ശ്രമിക്കുക. ഇതൊരു ദുശ്ശീലമാണ് എന്നിരുന്നാൽത്തന്നെ അതിനായി അവനെ ശിക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

 ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കഴിക്കൽ
ഇത്തരം സാഹചര്യം സാധാരണ ‘പൈക്ക’ എന്നാണറിയപ്പെടുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ തുടർച്ചയായി ഒരുമാസത്തോളം വായിൽവെക്കുകയോ കഴിക്കുകയോ ചെയ്യുന്നതാണിത്. രണ്ടുവയസ്സുവരെ ഇതൊരു സാധാരണ സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

കാരണങ്ങൾ :  • നാഡീസംബന്ധമായ തകരാറുള്ളവർ  • സാമ്പത്തികനിലവാരം കുറഞ്ഞവർ • മാതാപിതാക്കളുടെ അവഗണന 
നേരിടുന്നവർ • സ്നേഹംകിട്ടാതെ വരുന്നവർ  • പോഷകാഹാരപ്രശ്നമുള്ളവർ (പ്രത്യേകിച്ച് ഇരുമ്പുസത്ത് കുറവുള്ളവർ)  • ശിഥിലമായ കുടുംബാന്തരീക്ഷമുള്ളവർ  • സാധാരണമായി ഇത്തരം കുട്ടികൾ മണ്ണാണ് തിന്നാറുള്ളത്(Geophobia) എങ്കിലും മുടി, പെൻസിൽ, പേപ്പർ, പെയിന്റ് മുതലായവയും ചിലപ്പോൾ കഴിക്കാറുണ്ട്. 

വാശി (Tempertantrum)
സാധാരണ ഒന്നരവയസ്സുമുതൽ മൂന്നുവയസ്സിനുള്ളിൽ എല്ലാകുട്ടികളും ഇത് പ്രകടിപ്പിക്കാറുണ്ട്. ഇത് ശിശുവികാസത്തിന്റെ ഒരുഭാഗമാണ്. എന്നാൽ, മാതാപിതാക്കൾ ഈലക്ഷണങ്ങൾക്ക് അമിതമായ പരിഗണന നൽകുന്നതുമൂലം ഇതൊരു പെരുമാറ്റപ്രശ്നമായി രൂപപ്പെടാറുണ്ട്.
പരിഹാരമാർഗങ്ങൾ : ആദ്യം രക്ഷിതാക്കൾത്തന്നെ നല്ല മാതൃകകളാവാൻ ശ്രദ്ധിക്കണം. കുട്ടിക്ക് ആവശ്യമായ ശ്രദ്ധകിട്ടുന്നുണ്ടെന്ന് അവനെ/അവളെ ബോധ്യപ്പെടുത്തുക.
കുട്ടിയോടൊപ്പം പ്രയോജനപ്രദമായ രീതിയിൽ സമയം ചെലവഴിക്കുക.

(തിരുവനന്തപുരം സി.ഡി.സി.യിലെ ഡെവലപ്മെന്റ് തെറാപ്പിസ്റ്റാണ് ലേഖിക)