ആരോരുമില്ലാതെ അമ്പലപ്പുഴയിലെ റെയിൽവേ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാനെത്തിയ വൃദ്ധയായ അന്തർജനത്തിന് റസിയ എന്ന മുസ്ലിം യുവതി തുണയായപ്പോൾ ഇവർക്ക് കൈത്താങ്ങായത് കല്പനയാണെന്നുള്ള പത്രവാർത്തയാണ് ഞങ്ങളുടെ ബന്ധത്തിന് തുടക്കമായത്. റസിയയെ സഹായിക്കാനുള്ള കല്പനയുടെ നല്ല മനസ്സിന് പിന്തുണയേകാനാണ് ഞാൻ ഫോണിൽ ആദ്യമായി ബന്ധപ്പെട്ടത്. 2011-ലെ ഒരു ഓണക്കാലത്ത് റസിയയുടെ കുഞ്ഞുവീട്ടിലേക്ക് കല്പനയും ഒന്നിച്ച് ആദ്യമായി ഞങ്ങൾ പോയി. മതങ്ങൾ അതിരുതീർക്കാത്ത അവിടത്തെ സ്നേഹസംഗമം എന്നെ വല്ലാതെ ഉലച്ചു. ലക്ഷ്മി അന്തർജനവും റസിയയും കല്പനയും അമ്മയും മക്കളും എന്നപോലെ ഒരേ മനസ്സോടെ അവിടെ ചെലവിട്ട നിമിഷങ്ങൾ ഇപ്പോഴും ഹൃദയത്തിൽനിന്ന് മാഞ്ഞിട്ടില്ല. മനസ്സിൽത്തട്ടിയ ആ നിമിഷങ്ങളാണ് ‘തനിച്ചല്ല ഞാൻ’ എന്ന സിനിമയെടുക്കാൻ എനിക്ക് പ്രേരണയായത്. 

സിനിമയുടെ കാമ്പ് മനസ്സിൽ മൊട്ടിട്ടപ്പോൾത്തന്നെ റസിയയെ അവതരിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യ കല്പനയാണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഈ വിവരം അവരെ വിളിച്ചറിയിച്ചപ്പോൾ സ്നേഹപൂർവം ക്ഷണം നിരസിക്കുകയായിരുന്നു. തമാശകഥാപാത്രങ്ങൾമാത്രം അവതരിപ്പിക്കുന്ന തനിക്ക് ഇത്തരം സീരിയസ് വേഷങ്ങൾ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്ക അറിയിച്ചു. ഇതിനായി സഹോദരി ഉർവശിയുടെ പേര് നിർദേശിക്കുകയും ചെയ്തു. എന്നാൽ, റസിയയുടെ ജീവിതം അടുത്തറിയാവുന്ന കല്പനയ്ക്കുമാത്രമേ ഈ വേഷത്തിന്റെ പൂർണത കൈവരിക്കാനാവൂ എന്നുള്ള എന്റെ സ്നേഹപൂർവമായ ഉപദേശം ഉൾക്കൊള്ളുകയായിരുന്നു അവർ.

റസിയയുടെ വേഷത്തിൽ കല്പന ജീവിക്കുകയായിരുന്നു. 20 ദിവസംകൊണ്ട് പൂർത്തിയാക്കിയ ചിത്രം കല്പനയുടെ കരിയറിൽ സുവർണമുദ്രകളും ചാർത്തിക്കൊടുത്തു. സിനിമാലോകം ഏറെ ചർച്ചചെയ്ത ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള 2012-ലെ അവാർഡ് ലഭിച്ചപ്പോൾ കല്പനയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭ്യമായി. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച കല്പന ഇതിനായുള്ള പ്രതിഫലവും കൈപ്പറ്റിയിരുന്നില്ല.

നാലുമാസംമുമ്പായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. ഏറെ സന്തോഷവതിയായാണ് അന്നവർ മടങ്ങിയത്.