സബര്‍മതിയുടെ തീരത്താണ് ദര്‍പ്പണ കലാകേന്ദ്രം. കേരളീയമാതൃകയിലുള്ള പടിപ്പുര.  പടിപ്പുരകടന്നെത്തിയാല്‍ ചിലങ്കയും വീണയും മൃദംഗവുമെല്ലാം തീര്‍ക്കുന്ന നിലയ്ക്കാത്ത നാദധാര. അവിടെ നിവര്‍ത്തിപ്പിടിച്ച കുടയുമായി, നിറഞ്ഞ ചിരിയുമായി മൃണാളിനി സാരാഭായിയുണ്ടാകും. അക്ഷരാര്‍ഥത്തില്‍ എന്റെ വളര്‍ത്തമ്മയാണവര്‍. 
അമ്പതാണ്ടിന്റെ ബന്ധമാണ് ഞങ്ങള്‍തമ്മില്‍. ദര്‍പ്പണയില്‍ മൃണാളിനിയുണ്ടെന്നു തിരിച്ചറിയുന്നത് കുടയും ചെരിപ്പും കണ്ടിട്ടാണ്. നൃത്ത-സംഗീതപഠനത്തിന് മൃണാളിനിയുണ്ടെങ്കില്‍ കുറേക്കൂടി ഗൗരവം കൈവരും. കടുത്തനിറമുള്ള വസ്ത്രങ്ങളണിഞ്ഞ്്്, മുല്ലപ്പൂവിന്റെ സുഗന്ധം നിറച്ച് അവര്‍ എല്ലായിടത്തുമെത്തും. എല്ലാവരിലും ഊര്‍ജം നിറയ്ക്കും. 
  നൃത്തപരിശീലനം ചിട്ടയോടെ വേണമെന്ന് മൃണാളിനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. വേദികളിലും തികഞ്ഞ അച്ചടക്കം പാലിക്കണം. നൃത്തത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ വലിച്ചെറിയാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. ആവശ്യമില്ലാത്ത ചലനങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദേശിക്കും. വേദിയില്‍ ഉപയോഗിക്കേണ്ട സ്ഥലംമാത്രമേ ഉപയോഗിക്കാവൂ. വശങ്ങളില്‍നിന്നുള്ള ബഹളങ്ങളൊഴിവാക്കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. 
 1972-ല്‍ രാഷ്ട്രപതിഭവനില്‍ നടന്ന നൃത്തപ്രകടനങ്ങള്‍ക്കിടെയാണ് ഞാന്‍ മൃണാളിനി സാരാഭായിയെ പരിചയപ്പെടുന്നത്. ബംഗ്ലാദേശ് രാഷ്ട്രപതിയായിരുന്ന മുജീബ് റഹ്മാന് സ്വീകരണം നല്‍കുന്ന ചടങ്ങ്. കഥകളി അവതരിപ്പിക്കാന്‍ എനിക്കാണ് അവസരം ലഭിച്ചത്. 
കഥകളിവേഷങ്ങള്‍ വാങ്ങാനുള്ള പണം കൈയിലില്ലാത്തതിനാല്‍ മേല്‍മുണ്ട് ധരിച്ച് അരങ്ങിലെത്തി. കലാമണ്ഡലം ഹൈദരാലിയുടെ പദങ്ങളടങ്ങിയ കാസറ്റ് തന്നത് എം.കെ.കെ.നായരായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ ''അസ്സലായി കുട്ടീ...'' എന്ന് ചുമലില്‍ത്തട്ടി അഭിനന്ദിച്ചു മൃണാളിനി സാരാഭായി. അവരും അന്ന്്് നൃത്തമവതരിപ്പിക്കാനെത്തിയതായിരുന്നു.
    വിശദമായ പരിചയപ്പെടലിനുശേഷമാണ് എന്നെ ദര്‍പ്പണയിലേക്കു ക്ഷണിക്കുന്നത്. ചെറുപ്പത്തില്‍ കുറച്ചുകാലംമാത്രമേ ഞാന്‍ എന്റെ അമ്മയോടൊപ്പമുണ്ടായിരുന്നുള്ളൂ. ഒമ്പതുവര്‍ഷം കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ പഠിച്ചു. കഥകളികൊണ്ടു ജീവിക്കാന്‍ കഴിയില്ലെന്നു തോന്നിയപ്പോഴാണ് നാടുവിട്ട് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍നിന്ന്്്്് ദര്‍പ്പണയിലെത്താനുള്ള യാത്രച്ചെലവ് മൃണാളിനി അയച്ചുതന്നു. ദര്‍പ്പണയിലെ കലാപഠനമാണ് എന്നെ ഞാനാക്കിയത്. 
ഗുരുവും അമ്മയും സുഹൃത്തുമെല്ലാമായി മൃണാളിനി എപ്പോഴുമുണ്ടാകും. എല്ലാക്കാര്യങ്ങളിലും മൃണാളിനിക്ക്്് പ്രത്യേക ചിട്ടതന്നെയുണ്ടായിരുന്നു. അമേരിക്കയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഫെസ്റ്റിവലിലാണ് ഞങ്ങളൊരുമിച്ച് ആദ്യമായി നൃത്തമവതരിപ്പിക്കുന്നത്. രാധാ-കൃഷ്ണവേഷങ്ങളില്‍ ഞങ്ങള്‍ അരങ്ങിലെത്തി. ഋഗ്വേദവും കഥകളിരൂപത്തില്‍ അവതരിപ്പിച്ചു.
    ദക്ഷിണേന്ത്യന്‍ കലകളെ ലോകത്തിനുമുന്നിലെത്തിക്കാന്‍ മൃണാളിനി എപ്പോഴും പ്രയത്‌നിച്ചു. ശാസ്ത്രീയമായ നൃത്തരീതികളില്‍നിന്നു വ്യതിചലിക്കാതെ നൃത്തത്തില്‍ പുതുമകൊണ്ടുവരാനുള്ള നിരന്തരശ്രമങ്ങളും നടത്തി. വിദേശരാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ എപ്പോഴും ദര്‍പ്പണയിലുണ്ടാകും. അവര്‍ക്കായി ശില്പശാലകളും നടത്തും. വിദേശനൃത്തങ്ങളില്‍നിന്നുള്ള നല്ലവശങ്ങള്‍ സ്വാംശീകരിക്കാനും ശ്രദ്ധിച്ചിരുന്നു. 
56 രാജ്യങ്ങളില്‍ മൃണാളിനി നൃത്തമവതരിപ്പിച്ചു. 45 രാജ്യങ്ങളില്‍ അവരോടൊപ്പം ഞാനുമുണ്ടായിരുന്നു. സംഘാംഗങ്ങള്‍ക്ക് കരുത്തുപകരുന്ന നര്‍ത്തകിയായിരുന്നു അവര്‍. വേദിയിലെത്തുംമുമ്പ് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സമയബോധത്തെപ്പറ്റി എപ്പോഴും ഓര്‍മിപ്പിക്കും. അരങ്ങിന്റെ സംസ്‌കാരമെന്താണെന്നു പഠിപ്പിക്കും.    
    സമൂഹതിന്മകള്‍ക്കെതിരെ നൃത്തം ഫലപ്രദമായി ഉപയോഗിച്ചതിലാണ് മൃണാളിനിയുടെ മഹത്ത്വം. സൈലന്റ്് വാലിയിലെ വനനശീകരണവും സ്ത്രീധനത്തിന്റെ ദോഷവശങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമവും ജലമലിനീകരണവുമെല്ലാം കഥകളിയും ഭരതനാട്യവുമായി അവതരിപ്പിച്ചു. ഇന്ദിരാഗാന്ധിയെപ്പോലുള്ള പ്രമുഖര്‍ ഈ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രരഹസ്യങ്ങളുടെ പൊരുളുകളും  'സെലിബറേഷന്‍ ഓഫ് ഇന്ത്യന്‍ സയന്‍സ്' എന്നപേരില്‍ നൃത്തരൂപത്തിലാക്കി. ഇതിനായി  ഏറെ പ്രയത്‌നിച്ചു. ബാബിലോണിയന്‍ സംസ്‌കാരത്തെപ്പറ്റിയും കഥളി അവതരിപ്പിച്ചിട്ടുണ്ട്്്. ഉപനിഷത്തുക്കളെ അരങ്ങിലെത്തിക്കാന്‍ പ്രത്യേക താത്പര്യം കാട്ടി.
 മണ്ണിനെ ചൂഷണംചെയ്യുന്നതിനെതിരായ സന്ദേശമായിരുന്നു ഈശാവാസ്യോപനിഷത്തിന്റെ നൃത്തരൂപം നല്‍കിയത്. ലത്തൂരിലെ ഭൂകമ്പത്തോടുകൂടി ആ സന്ദേശത്തിനു പ്രസക്തിയേറി. മനുഷ്യന്റെ ജനനംമുതല്‍ മരണംവരെയുള്ള അവസ്ഥകളും  അരങ്ങിലെത്തിച്ചു. അവരെഴുതിയ നൃത്തത്തെപ്പറ്റിയുള്ള പുസ്തകം നാടകമാക്കിയിട്ടുമുണ്ട്. 
    വലിയൊരു പുസ്തകശാലയുണ്ടായിരുന്നു ദര്‍പ്പണയില്‍. വായിച്ചശേഷം അതേപ്പറ്റി പറയാനാവശ്യപ്പെടും. കലാപഠനത്തോടൊപ്പം വായനയുടെ പ്രാധാന്യത്തെപ്പറ്റിയും പറഞ്ഞുതരും. തുച്ഛമായ ഫീസാണ് ദര്‍പ്പണയില്‍ ഈടാക്കിയിരുന്നത്. എല്ലാവരുടെയും അരികില്‍ അവരുണ്ടാകും. പഠിതാക്കളോട്, നിങ്ങള്‍ ചെയ്യൂ എന്നല്ല പറയാറ്, നിങ്ങള്‍ക്കതു കഴിയും എന്നാണ്. താന്‍ പഠിപ്പിക്കുന്നതുതന്നെ വേദിയില്‍ അവതരിപ്പിക്കണമെന്നു നിര്‍ബന്ധമില്ല. മനോധര്‍മമുപയോഗിച്ച്്് നന്നായി ചെയ്യാന്‍ ഉപദേശിക്കും. ലോകനേതാക്കളും നൃത്തപഠിതാക്കളും സന്ദര്‍ശകരുമെല്ലാം ചേര്‍ന്ന്്് ദര്‍പ്പണയില്‍ എപ്പോഴും തിരക്കായിരിക്കും. ആരെയും ബുദ്ധിമുട്ടിക്കാതെ, കാത്തിരിപ്പിന്റെ മടുപ്പറിയിക്കാതെ അമ്മ ഓടിനടക്കും. തുടക്കത്തില്‍ നൃത്തക്കാരിയെന്നു വിളിച്ച് അവരെ അപമാനിച്ചിരുന്നു പലരും. പിന്നീട് അമ്മയുടെ ശിഷ്യരാകാന്‍ കുട്ടികള്‍ മത്സരിച്ചു. 
    വള്ളുവനാടന്‍ മലയാളത്തിന്റെ മധുരവും അവരില്‍നിന്നു പകര്‍ന്നുകിട്ടി. നഷ്ടപ്പെട്ടെന്നുകരുതിയ പഴയ വാക്കുകള്‍ അവര്‍ പറയുന്നതുകേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും. കേരളീയഭക്ഷണത്തോട് അവര്‍ക്കു പ്രത്യേക താത്പര്യമുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രധാരണരീതിയും ഏറെ ഇഷ്ടപ്പെട്ടു. 
ഗുജറാത്തിലെയും കേരളത്തിലെയും പഴയകാല വസ്ത്രധാരണരീതികള്‍ പിന്തുടര്‍ന്നു. മൃണാളിനിയുടെ മകള്‍ മല്ലിക, മല്ലികയുടെ മകള്‍ അനാഹത എന്നിവരോടൊപ്പം ഞാന്‍ ഒട്ടേറെ വേദികളിലെത്തിയിട്ടുണ്ട്. മല്ലികയുടെ മകന്‍ രേവന്ദ് സാരാഭായിയും നല്ല നര്‍ത്തകനാണ്. പാലക്കാട്ടെ ആനക്കര വടക്കത്ത് തറവാട്ടില്‍ 2013-ല്‍ എത്തുമ്പോള്‍ കോട്ടയ്ക്കലുള്ള എന്റെ വീട്ടിലും മൃണാളിനി വന്നിരുന്നു. ഒരുദിവസം ചെലവഴിച്ച്് സന്തോഷം പങ്കിട്ടാണ് അന്നു മടങ്ങിയത്. 
    പട്ടുസാരി ധരിച്ച്, വട്ടപ്പൊട്ടുതൊട്ട്്, സബര്‍മതീതീരത്ത് നൃത്തംചെയ്യുന്ന മയിലുകള്‍ക്കരികിലൂടെ അവര്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.