അരനൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം 191 പുരുഷന്മാര്‍ക്ക് 100 സ്ത്രീകള്‍ എന്നായി മാറുമെന്നാണ് പഠനങ്ങള്‍ പ്രവചിക്കുന്നത്. സ്ത്രീജീവിതം അസാധ്യമാക്കുന്ന പെണ്‍ഭ്രൂണഹത്യകളും ബലാത്സംഗങ്ങളും ഈ നാടിനെ എന്തുതരം നാണക്കേടിലേക്കാണ് നയിക്കുന്നത്?
 
ഇതാണ് ആണത്തമെങ്കില്‍ ആ ആണത്തത്തെ ഞങ്ങള്‍ക്കു വെറുപ്പാണ്, അറപ്പാണ്, പുച്ഛമാണ്. ഇങ്ങനത്തെ ആണത്തമുള്ള മക്കള്‍ ഇനി ഒരു സ്ത്രീയുടെ വയറ്റിലും ജനിക്കാതെപോകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു

അന്നു നിങ്ങള്‍ പറഞ്ഞു, ആണ്‍കുട്ടികളുടെ കൂടെ ചുറ്റാന്‍പോകുന്ന പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുമെന്ന്. ഇന്നിതാ അമ്മയ്ക്കും അനിയനുമൊപ്പം പോയവള്‍ മരണത്തിലേക്കു വലിച്ചെറിയപ്പെട്ടിരിക്കുന്നു.
അന്നു നിങ്ങള്‍ പറഞ്ഞു, മോശപ്പെട്ട പെണ്‍കുട്ടികളാണ് സിനിമകാണാന്‍ പോകുന്നതെന്ന്. ഇന്നിതാ ആരാധനാലയത്തില്‍ പോയവള്‍ക്ക് സ്വന്തം മാനംകാക്കാന്‍ മരണത്തിലേക്കെടുത്തുചാടേണ്ടിവന്നിരിക്കുന്നു.

അന്നു നിങ്ങള്‍ പറഞ്ഞു, അസമയത്ത് ചുറ്റിനടക്കാന്‍ പെണ്‍കുട്ടികള്‍ക്കെന്തുകാര്യമെന്ന്. ഇന്നിതാ അസമയത്തൊന്നുമല്ലാതെ നടന്നവളുടെ ജീവന്‍ പിച്ചിച്ചീന്തിയിരിക്കുന്നു. അന്നു നിങ്ങള്‍ പറഞ്ഞു, 23 വയസ്സുള്ളവളെ കറങ്ങാന്‍വിട്ട മാതാപിതാക്കളാണു കുറ്റക്കാരെന്ന്. ഇന്ന് 14 വയസ്സുള്ളവളെ രക്ഷിക്കാന്‍കഴിയാതെ ഒരമ്മ നീറിനീറി ജീവിക്കുന്നു. അന്നു നിങ്ങള്‍ പറഞ്ഞു, ഇനി ഇങ്ങനെവരാതെ ഞങ്ങള്‍ നോക്കും. ഇന്നു നിങ്ങള്‍ പറയുന്നു, സംഭവിച്ചതൊക്കെ ദൈവഹിതം, ഇനി ഞങ്ങള്‍ ശ്രദ്ധിക്കാം.

അന്നും ഇന്നും നിങ്ങള്‍ പറഞ്ഞ ഒരുകാര്യത്തില്‍ മാറ്റമില്ല, ആണുങ്ങളായാല്‍ ഇങ്ങനെയൊക്കെ ചെയ്യും; അത് ആണത്തം. 
ഇതാണ് ആണത്തമെങ്കില്‍ ആ ആണത്തത്തെ ഞങ്ങള്‍ക്കു വെറുപ്പാണ്, അറപ്പാണ്, പുച്ഛമാണ്. ഇങ്ങനത്തെ ആണത്തമുള്ള മക്കള്‍ ഇനി ഒരു സ്ത്രീയുടെ വയറ്റിലും ജനിക്കാതെപോകട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പൊലിഞ്ഞു പോയത് 14വയസ്സു മാത്രമുള്ള ഒരു കുഞ്ഞുപൂവാണ്. പാവക്കുട്ടികളെയും പൂമ്പാറ്റകളെയും കളിക്കൂട്ടുകാരാക്കുന്ന പ്രായം കഴിഞ്ഞിട്ടില്ല അവള്‍ക്ക്. സ്വന്തം ശരീരം തനിക്ക് ഏറ്റവുംവലിയ ബാധ്യതയാണെന്ന് അവള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. നിറമുള്ള ദുപ്പട്ടകളും കിലുങ്ങുന്ന കുപ്പിവളകളും അവള്‍ കൊതിച്ചിട്ടുണ്ടാവും. നന്നായി പഠിക്കാനും നല്ല ജോലിനേടാനും അവള്‍ മോഹിച്ചിട്ടുണ്ടാവും. അച്ഛന്റെയും അമ്മയുടെയും വാത്സല്യവും അനിയന്റെ കുട്ടിക്കുറുമ്പുകളും അവള്‍ ആസ്വദിച്ചിട്ടുണ്ടാവും. കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടാനും നൃത്തംചെയ്യാനും അവള്‍ക്കിഷ്ടമായിരുന്നിരിക്കും. കേരളത്തിലായാലും പഞ്ചാബിലായാലും ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ ഒരുപോലെയല്ലേ... 

ആണത്തത്തിന്റെ ക്രൂരകാമനകളെക്കുറിച്ച് മുന്‍കരുതലെടുക്കാനുള്ള തിരിച്ചറിവായിട്ടില്ല അവള്‍ക്ക്. ഏതു കൊടുങ്കാറ്റിലുമിളകാത്ത വന്‍മരമായി അച്ഛനും അമ്മയും തന്നെ കാത്തുകൊള്ളുമെന്ന് അവള്‍ വിശ്വസിച്ചിരിക്കും. കാലിലൊരു മുള്ളുകൊണ്ടാല്‍പ്പോലും അമ്മേയെന്നുവിളിച്ച് കരഞ്ഞിരിക്കും. പക്ഷേ, അവളുടെ അമ്മ നിസ്സഹായായിപ്പോയി; കൊമ്പുമുളച്ച ചെകുത്താന്മാരില്‍നിന്ന് തന്റെ പൊന്നുമോളെ രക്ഷിക്കാന്‍ ആ പാവത്തിനു കഴിഞ്ഞില്ല. ഓമനിച്ചും കൊഞ്ചിച്ചും ഇത്രയുംകാലം വളര്‍ത്തിയ മകളുടെ ചേതനയറ്റ ശരീരം നീതിക്കുവേണ്ടിയുള്ള സമരത്തിനുപാധിയാക്കേണ്ട ഗതികേടിലായിരുന്നു അവളുടെ അച്ഛന്‍. 
ഇതാണു ഭാരതം. രാജസദസ്സില്‍ പാഞ്ചാലിയുടെ ചേലയുരിഞ്ഞിട്ടും മൗനംപാലിച്ച ഗുരുവര്യന്മാരുടെ നാട്. ചെയ്യാത്ത കുറ്റത്തിന് സീതയെ കാട്ടിലുപേക്ഷിച്ചിട്ടും അരുതെന്നു പറയാതിരുന്ന പണ്ഡിതരുടെ നാട്. അഹല്യയുടെയും ശീലാവതിയുടെയും അംബയുടെയും നാട്. തീയില്‍ച്ചാടി ജീവനൊടുക്കാന്‍ നിര്‍ബന്ധിതരായ ആയിരക്കണക്കിന് രജപുത്രവനിതകളുടെയും ഭര്‍ത്താവിന്റെ ചിതയിലേക്കു വലിച്ചെറിയപ്പെട്ട രൂപ്കന്‍വറിന്റെയും നാട്. കാലചക്രം എത്രതിരിഞ്ഞിട്ടും മനസ്സുകള്‍ മാറുന്നില്ല. അഴിച്ചിട്ടും അഴിച്ചിട്ടും അഴിയാത്ത ചേല സമ്മാനിക്കാന്‍ ഒരു കൃഷ്ണനും പ്രത്യക്ഷപ്പെടുന്നു